1949 – ശ്മശാനത്തിലെ തുളസി – ചങ്ങമ്പുഴ കൃഷ്ണപിള്ള

1949 – ൽ പ്രസിദ്ധീകരിച്ച, ചങ്ങമ്പുഴ കൃഷ്ണപിള്ള രചിച്ച ശ്മശാനത്തിലെ തുളസി എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1949 – ശ്മശാനത്തിലെ തുളസി – ചങ്ങമ്പുഴ കൃഷ്ണപിള്ള

മലയാളത്തിൻ്റെ പ്രിയ കവി ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ കാവ്യപ്രതിഭയുടെ ആഴം അളക്കുന്ന ഒരു അമൂല്യ ശേഖരമാണ് ശ്മശാനത്തിലെ തുളസി എന്ന ഈ പുസ്തകം. കേവലം വാക്കുകളുടെ ഭംഗിയല്ല, മറിച്ച് മനുഷ്യജീവിതത്തിൻ്റെ ആഴത്തിലുള്ള വിങ്ങലുകളും ദാർശനിക ചിന്തകളുമാണ് ഇതിലെ ഓരോ വരിയും. ശ്മശാനത്തിലെ തുളസി എന്ന കവിതയിലൂടെ മരണത്തിന്റെ നിശബ്ദതയിൽ ഒളിഞ്ഞിരിക്കുന്ന സത്യങ്ങളെ കവി വായനക്കാരിലേക്ക് എത്തിക്കുന്നു. ആഡംബരങ്ങളുടെയും അഹങ്കാരങ്ങളുടെയും ലോകം അവസാനിക്കുന്ന ശ്മശാനത്തെ ഒരു പാഠപുസ്തകമായി കവി ഇവിടെ അവതരിപ്പിക്കുന്നു.

ഈ സമാഹാരത്തിലെ മറ്റു കവിതകളായ തിരസ്കാരം, സഹതപിക്കുന്നു ഞാൻ എന്നിവ വ്യക്തിപരമായ വേദനകളെ ആവിഷ്കരിക്കുമ്പോൾ, ചിത്രയുഗത്തിലെ സുപ്രഭാതം പോലുള്ള വരികൾ സാമൂഹിക മാറ്റത്തിൻ്റെ കാഹളം മുഴക്കുന്നു. പ്രകൃതിയും പ്രണയവും മരണവും ഒരേപോലെ ഇഴചേർന്ന ഈ പുസ്തകം, വായനക്കാരെ ഒരേസമയം ആനന്ദിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്നു. കാലമെത്ര കഴിഞ്ഞാലും മലയാളിയുടെ ഹൃദയത്തോട് ചേർന്നുനിൽക്കുന്ന ഈ വരികൾ ചങ്ങമ്പുഴ എന്ന നക്ഷത്രകവിയുടെ അനശ്വരമായ ഓർമ്മപ്പെടുത്തലുകളാണ്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: ശ്മശാനത്തിലെ തുളസി
  • പ്രസിദ്ധീകരണ വർഷം: 1949
  • അച്ചടി: മംഗളോദയം ലിമിറ്റഡ്, തൃശൂർ
  • താളുകളുടെ എണ്ണം: 70
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1945 – സഭാപ്രവേശം – പറയൻ തുള്ളൽ

1945 ൽ പ്രസിദ്ധീകരിച്ച, സഭാപ്രവേശം – പറയൻ തുള്ളൽ എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1945 - സഭാപ്രവേശം - പറയൻ തുള്ളൽ
1945 – സഭാപ്രവേശം – പറയൻ തുള്ളൽ

കുഞ്ചൻ നമ്പ്യാർ രൂപം നൽകിയ തുള്ളൽ പ്രസ്ഥാനത്തിലെ ഏറ്റവും ഗൗരവമേറിയതും മന്ദഗതിയിലുള്ളതുമായ വിഭാഗമാണ് പറയൻ തുള്ളൽ. പുരാണകഥകളെ പശ്ചാത്തലമാക്കി സാമൂഹിക വിമർശനം നടത്താൻ ഏറ്റവും അനുയോജ്യമായ ഈ കലാരൂപം മല്ലതാളത്തിലാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്. ഇതിന് ഉത്തമ ഉദാഹരണമാണ് പാണ്ഡവർക്കായി മയൻ നിർമ്മിച്ച അത്ഭുത സഭയുടെ കഥ പറയുന്ന സഭാപ്രവേശം. അർജ്ജുനൻ രക്ഷിച്ച മയൻ എന്ന അസുരശില്പി പാണ്ഡവർക്കായി നിർമ്മിച്ച സഭയുടെ മാന്ത്രിക ഭംഗിയും, അത് കാണാൻ എത്തുന്ന ദുര്യോധനൻ്റെ മാനസികാവസ്ഥയുമാണ് ഇതിലെ പ്രധാന പ്രമേയം. ലളിതമായ മലയാളമാണ് സാധാരണക്കാർക്ക് പഥ്യം എന്ന നിലപാടുള്ള നമ്പ്യാർ, സഭയിലെ അത്ഭുതങ്ങളെ അതീവ രസകരമായി ഇതിൽ വർണ്ണിക്കുന്നു. ജലം നിലമായും നിലം ജലമായും തോന്നിക്കുന്ന സഭയുടെ മായയെക്കുറിച്ച് കേട്ടറിഞ്ഞ ദുര്യോധനൻ അസൂയയോടെ അവിടേക്ക് പുറപ്പെടുന്നു. യാത്രയുടെ വിവരണത്തിനിടയിൽ അന്നത്തെ പടയാളികളുടെ മടിയെയും ആഡംബരപ്രിയത്തെയും നമ്പ്യാർ തൻ്റെ തനതായ ഹാസ്യശൈലിയിൽ പരിഹസിക്കുന്നുണ്ട്. പാണ്ഡവരുടെ പ്രതാപത്തെ പുച്ഛിക്കുമ്പോഴും ഉള്ളാലെ അസൂയ പൂണ്ട് ദുര്യോധനനും സംഘവും ഇന്ദ്രപ്രസ്ഥത്തിൽ എത്തുന്നതോടെയാണ് ഈ ഭാഗം സമാപിക്കുന്നത്.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.

  • പേര്: സഭാപ്രവേശം – പറയൻ തുള്ളൽ
  • പ്രസിദ്ധീകരണ വർഷം: 1945
  • അച്ചടി: ധർമ്മകാഹളം പ്രസ്സ്, എറണാകുളം,വിശ്വനാഥ് പ്രസ്സ്, എറണാകുളം
  • താളുകളുടെ എണ്ണം: 124
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

 

 

1952 – പൗരധർമ്മം ആറാം ഫാറത്തിലേക്ക്

1952 ൽ പ്രസിദ്ധീകരിച്ച, പൗരധർമ്മം – ആറാം ഫാറത്തിലേക്ക് എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

തിരുവിതാംകൂർ-കൊച്ചി പ്രദേശത്ത് ആറാം ഫാറത്തിൽ (ഇന്നത്തെ പത്താം ക്ലാസ്സിനു സമാനം) പഠിച്ചവർ സിവിക്സ് പാഠപുസ്തകമായി ഉപയോഗിച്ച പുസ്തകമാണിത്. ജനാധിപത്യ ഭരണക്രമങ്ങളെക്കുറിച്ചുള്ള വിശദമായ പഠനമാണ് ഈ പുസ്തകം ലക്ഷ്യമിടുന്നത്. പ്രജായത്ത രാഷ്ട്രങ്ങളുടെ സ്വഭാവം, ഏകായത്ത (Unitary), സംയുക്ത (Federal) ഭരണരീതികൾ, ഇന്ത്യ, ഇംഗ്ലണ്ട്, അമേരിക്ക, സ്വിറ്റ്സർലണ്ട്, കാനഡ തുടങ്ങിയ രാജ്യങ്ങളിലെ ഭരണഘടനകൾ, കക്ഷിഭരണം, രാഷ്ട്രീയ കക്ഷികൾ (കോൺഗ്രസ്, സോഷ്യലിസ്റ്റ്, കമ്മ്യൂണിസ്റ്റ് കക്ഷികൾ), തിരഞ്ഞെടുപ്പ് രീതികൾ, ക്യാബിനറ്റ് ഭരണസമ്പ്രദായവും അതിന്റെ പ്രവർത്തനങ്ങളും, ജനാധിപത്യത്തിൽ പത്രങ്ങൾക്കുള്ള സ്ഥാനവും ചുമതലകളും എന്നിവ പുസ്തകത്തിൽ ചർച്ച ചെയ്യുന്നു. തിരുവിതാംകൂർ-കൊച്ചിയിലേയും ഭാരതത്തിലേയും ഭാവി പൗരന്മാരെ പൗരജീവിതത്തിന് പ്രാപ്തരാക്കുക എന്നതാണ് ഈ പഠനത്തിൻ്റെ പ്രധാന ലക്ഷ്യം. ലോകത്തിലെ വിവിധ ജനാധിപത്യ മാതൃകകളെ പരിചയപ്പെടുത്തുന്നതിലൂടെ സർവ്വലോക സാഹോദര്യം വളർത്തുക എന്നതും ഇത് വിഭാവനം ചെയ്യുന്നു.

തിരുവനന്തപുരം ജില്ലയിലെ മലയിൻകീഴ്  ശ്രീകൃഷ്ണ വിലാസം ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമായത്

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

    • പേര്: പൗരധർമ്മം ആറാം ഫാറത്തിലേക്ക്
    • പ്രസിദ്ധീകരണ വർഷം: 1952
    • അച്ചടി: Government Central Press, Trivandrum
    • താളുകളുടെ എണ്ണം: 74
    • സ്കാൻ ലഭ്യമായ ഇടം: കണ്ണി

 

1920 – ഗദ്യമഞ്ജരി – മൂർക്കോത്തു കുമാരൻ

1920 – ൽ പ്രസിദ്ധീകരിച്ച, മൂർക്കോത്തു കുമാരൻ രചിച്ച  ഗദ്യമഞ്ജരി എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

 

1920 - ഗദ്യമഞ്ജരി - മൂർക്കോത്തു കുമാരൻ
1920 – ഗദ്യമഞ്ജരി – മൂർക്കോത്തു കുമാരൻ

മലയാള ഗദ്യസാഹിത്യത്തിന് ആധുനികമായ അടിത്തറ പാകിയ കൃതിയാണിത്. സൗന്ദര്യത്തെ കേവലം അളവുകളല്ല, മറിച്ച് വാക്കുകൾക്ക് അപ്പുറമുള്ള മുഖശ്രീ എന്ന ചൈതന്യമായാണ് ഇതിൽ വിശേഷിപ്പിക്കുന്നത്. കല പ്രകൃതിയുടെ അനുകരണമാണെന്നും, ഒരു കവിക്ക് വേണ്ടത് ഓർമ്മശക്തിയെക്കാൾ ഉപരി ബുദ്ധിയിലധിഷ്ഠിതമായ ഭാവനാശക്തി ആണെന്നും ഗ്രന്ഥകാരൻ സമർത്ഥിക്കുന്നു. കാളിദാസൻ്റെ ഉപമകളെ വിശകലനം ചെയ്യുന്നതിലൂടെ കവിതയിലെ അലങ്കാരങ്ങളുടെ പ്രാധാന്യം ഇതിൽ വ്യക്തമാക്കുന്നു. ഭാഷാപരമായി, സംസ്കൃതത്തെ പൂർണ്ണതയിലെത്തിയ മൃതഭാഷയായും മലയാളത്തെ വളർന്നുകൊണ്ടിരിക്കുന്ന ജീവൽഭാഷയായും ലേഖകൻ കാണുന്നു. മലയാളം തമിഴിൻ്റെ സഹോദരിയും സംസ്കൃതത്തിൻ്റെ വധുവുമാണെന്ന ഭാഷാബന്ധം ഇതിൽ എടുത്തുപറയുന്നു. പ്രബന്ധങ്ങളെ ആഖ്യാനം, വർണ്ണനം, വിവരണം, ഉപപാദനം എന്നിങ്ങനെ നാലായി തരംതിരിക്കാം. മലയാളത്തിലെ ആദ്യകാല നോവലുകളായ കുന്ദലത, ഇന്ദുലേഖ എന്നിവയുടെ ചരിത്രപരമായ സ്ഥാനവും, ചന്തുമേനോൻ്റെവിയോഗം മൂലം ശാരദ അപൂർണ്ണമായതിലെ നഷ്ടവും രേഖപ്പെടുത്തിക്കൊണ്ടാണ് ഈ കൃതി വികസിക്കുന്നത്.

തിരുവനന്തപുരം ജില്ലയിലെ മലയിൻകീഴ്  ശ്രീകൃഷ്ണ വിലാസം ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമായത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: ഗദ്യമഞ്ജരി
  • രചന: മൂർക്കോത്തു കുമാരൻ
  • പ്രസിദ്ധീകരണ വർഷം: 1920
  • അച്ചടി: വിദ്യാഭിവർദ്ധിനി പ്രസ്സ്, കൊല്ലം
  • താളുകളുടെ എണ്ണം: 116
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1928 – സ്വാതന്ത്ര്യം – പി. മാധവൻ നായർ

1928 – ൽ പ്രസിദ്ധീകരിച്ച, പി. മാധവൻ നായർ രചിച്ച സ്വാതന്ത്ര്യം  എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1928 - സ്വാതന്ത്ര്യം - പി. മാധവൻ നായർ
1928 – സ്വാതന്ത്ര്യം – പി. മാധവൻ നായർ

1928-ൽ പി. മാധവൻ നായർ രചിച്ച സ്വാതന്ത്ര്യം എന്ന ഈ കൃതി, കേവലം രാഷ്ട്രീയമായ വിമോചനത്തിനപ്പുറം മനുഷ്യൻ്റെ ചിന്താസ്വാതന്ത്ര്യത്തെയും വിവേകത്തെയുമാണ് യഥാർത്ഥ സ്വാതന്ത്ര്യമായി അടയാളപ്പെടുത്തുന്നത്. ചരിത്രപരമായി രാജാക്കന്മാരും പുരോഹിതന്മാരും അടിച്ചേൽപ്പിച്ച അടിമത്തത്തെയും അന്ധവിശ്വാസങ്ങളെയും നിശിതമായി വിമർശിക്കുന്ന അദ്ദേഹം, സ്വന്തം ബുദ്ധി ഉപയോഗിക്കാനും ചോദ്യങ്ങൾ ചോദിക്കാനും തയ്യാറാകാത്തവൻ തന്നോടും സമൂഹത്തോടും ദ്രോഹം ചെയ്യുന്നുവെന്ന് വാദിക്കുന്നു. ഭയത്തിലധിഷ്ഠിതമായ ശിക്ഷാസമ്പ്രദായങ്ങളെ എതിർത്തുകൊണ്ട്, കുട്ടികളെ സ്നേഹത്തിലൂടെയും തുല്യമായ അവകാശങ്ങൾ നൽകിയും വളർത്തണമെന്ന വിപ്ലവകരമായ നവോത്ഥാന ചിന്തകളാണ് അദ്ദേഹം പങ്കുവെക്കുന്നത്. ചുരുക്കത്തിൽ, അറിവില്ലായ്മയുടെ ശൃംഖലകൾ പൊട്ടിച്ചെറിഞ്ഞ്, ഭീരുത്വം വെടിഞ്ഞ്, സ്വതന്ത്രമായ അന്വേഷണബുദ്ധിയോടെ മനുഷ്യൻ ചിന്തിച്ചു തുടങ്ങുന്നിടത്താണ് യഥാർത്ഥ സ്വാതന്ത്ര്യം.

തിരുവനന്തപുരം ജില്ലയിലെ മലയിൻകീഴ്  ശ്രീകൃഷ്ണ വിലാസം ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമായത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

    • പേര്: സ്വാതന്ത്ര്യം
    • രചന: പി. മാധവൻ നായർ
    • പ്രസിദ്ധീകരണ വർഷം: 1928
    • അച്ചടി: V.V. Press, Thiruvananthapuram
    • താളുകളുടെ എണ്ണം: 26
    • സ്കാൻ ലഭ്യമായ ഇടം: കണ്ണി

 

 

 

1965 – ശാസ്ത്രം, സ്വാതന്ത്ര്യം, സമാധാനം – ആൾഡസ് ഹക്സ്‌ലി

1965 – ൽ പ്രസിദ്ധീകരിച്ച, ആൾഡസ് ഹക്സ്‌ലി രചിച്ച ശാസ്ത്രം, സ്വാതന്ത്ര്യം, സമാധാനം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1965 - ശാസ്ത്രം, സ്വാതന്ത്ര്യം, സമാധാനം - ആൾഡസ് ഹക്സ്‌ലി
1965 – ശാസ്ത്രം, സ്വാതന്ത്ര്യം, സമാധാനം – ആൾഡസ് ഹക്സ്‌ലി

പാശ്ചാത്യ ചിന്തകനായ ആൾഡസ് ഹക്സ്‌ലിയുടെ സൈദ്ധാന്തികമായ കാഴ്ചപ്പാടുകൾ വിശദീകരിക്കുന്ന ഗ്രന്ഥമാണ് ഇത്. ഒരു സമൂഹത്തിൻ്റെ സാംസ്കാരിക സാമ്പത്തിക പുരോഗതിയെ കുറിക്കുന്ന പ്രധാന ഘടകങ്ങളെ കുറിച്ച് ഈ പുസ്തകത്തിൽ അദ്ദേഹം വിശദീകരിക്കുന്നു. പ്രായോഗിക ശാസ്ത്രത്തിൻ്റെ പ്രാധാന്യം ഇതിൽ വിവരിക്കുന്നുണ്ട്. ശാസ്ത്രവും സാങ്കേതികവിദ്യയും തലമുറകളായി പല രാഷ്ട്രത്തലവന്മാരും അവരുടെ ശക്തി കേന്ദ്രങ്ങളായി കരുതി പോരുന്നു. പ്രഭുത്വത്തിൻ്റെ അപചയത്തിൽ സ്വാതന്ത്ര്യത്തിനും സമാധാനത്തിനും പുതിയ നിർവചനങ്ങൾ തയ്യാറാക്കുകയാണ് ഈ ഗ്രന്ഥം.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: ശാസ്ത്രം, സ്വാതന്ത്ര്യം, സമാധാനം
  • പ്രസിദ്ധീകരണ വർഷം: 1965
  • അച്ചടി: ഇന്ത്യ പ്രസ്സ്, കോട്ടയം
  • താളുകളുടെ എണ്ണം: 118
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1968 – തത്വവും നയവും

1968 – ൽ പ്രസിദ്ധീകരിച്ച, തത്വവും നയവും എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1968 - തത്വവും നയവും
1968 – തത്വവും നയവും

ഭാരതീയ ജനസംഘത്തിൻ്റെ തത്വവും നയവും ക്രോഡീകരിച്ചിട്ടുള്ള ലഘു പുസ്തകത്തിൻ്റെ മൂന്നാം പതിപ്പാണിത്. ഭാരതീയ തത്വചിന്തയുടെ അടിസ്ഥാനത്തിൽ സ്വർഗ്ഗീയ ദീനദയാൽ ഉപാദ്ധ്യായ കണ്ടെത്തിയ ഏകാത്മ മാനവതാ സിദ്ധാന്തമാണ് ജനസംഘത്തിൻ്റെ തത്വ നയങ്ങളുടെ ആധാരം. ഈ പുസ്തകത്തിലെ സിദ്ധാന്തപരമായ ഭാഗങ്ങൾ കുറച്ചു ഗഹനമാണ്. ഉചിതമായ രീതിയിൽ ചിന്തിച്ചു മനസ്സിലാക്കേണ്ടവയാണ്.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: തത്വവും നയവും
  • പ്രസിദ്ധീകരണ വർഷം: 1968
  • അച്ചടി: ജയഭാരത് പ്രിൻ്റിംഗ് പ്രസ്സ്, കോഴിക്കോട്
  • താളുകളുടെ എണ്ണം: 66
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1948 – ഇന്ത്യയുടെ സാമ്പത്തികപ്രശ്നം – കെ. ദാമോദരൻ

1948 – ൽ പ്രസിദ്ധീകരിച്ച, കെ. ദാമോദരൻ രചിച്ച ഇന്ത്യയുടെ സാമ്പത്തികപ്രശ്നം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1948 - ഇന്ത്യയുടെ സാമ്പത്തികപ്രശ്നം - കെ. ദാമോദരൻ
1948 – ഇന്ത്യയുടെ സാമ്പത്തികപ്രശ്നം – കെ. ദാമോദരൻ

സ്വാതന്ത്ര്യത്തിനുശേഷം ഇന്ത്യയിൽ രൂപപ്പെട്ട സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ച് വിശദമായ പഠനം നടത്തുന്ന ഗ്രന്ഥമാണിത്. സ്വാതന്ത്ര്യത്തിനു ശേഷവും ബ്രിട്ടീഷ് ഭരണത്തിൻ്റെ സ്വാധീനം നമ്മുടെ സാമ്പത്തിക മേഖലയിൽ പ്രകടമായിരുന്നു. അതിനെ അതിജീവിക്കാനുള്ള പരിശ്രമങ്ങളാണ് കാലാകാലങ്ങളായി നടന്നുകൊണ്ടിരിക്കുന്നത്. വൻകിട കുത്തക കമ്പനികളുടെ കടന്നുവരവ് രാജ്യത്തെ സാമ്പത്തിക വിതരണത്തെ കാര്യമായി ബാധിച്ചു. കൃഷിയിൽ അധിഷ്ഠിതമായ രാജ്യമായതുകൊണ്ട് തന്നെ കാർഷിക മേഖലയിലുള്ള പ്രതിസന്ധികൾ എല്ലാകാലത്തും രാജ്യത്തെ ഉലച്ചു കൊണ്ടിരിക്കുന്നു. രാജ്യം പിന്തുടർന്ന് പോരുന്ന സാമ്പത്തിക നയവും കുറ്റമറ്റത് അല്ലാത്ത അവസ്ഥയിൽ പലവിധത്തിൽ സാമ്പത്തിക പ്രതിസന്ധി രാജ്യത്തെ പ്രതികൂലമായി ബാധിക്കുന്നു. ഇതിനുള്ള പരിഹാരങ്ങൾ തേടിയുള്ള ചർച്ചയും ഈ പുസ്തകത്തിൻ്റെ ഭാഗമാണ്.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: ഇന്ത്യയുടെ സാമ്പത്തികപ്രശ്നം
  • പ്രസിദ്ധീകരണ വർഷം: 1948
  • അച്ചടി: അരുണോദയം പ്രസ്സ്, വടക്കാഞ്ചേരി
  • താളുകളുടെ എണ്ണം: 78
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1912 – സുചരിതകൾ

1912-ൽ പ്രസിദ്ധീകരിച്ച, സുചരിതകൾ എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

ലോകപ്രശസ്തരായ മഹദ് വനിതകളെക്കുറിച്ചുള്ള ജീവചരിത്രമാണ് ‘സുചരിതകൾ’. കെ. നാരായണമേനോൻ പത്രാധിപരായിരുന്ന ‘ശാരദ’ മാസികയിൽ പ്രസിദ്ധീകരിച്ചിരുന്നവയാണ് ഇതിലെ ലേഖനങ്ങളിൽ പലതും. മഹദ്‌വ്യക്തികളുടെ സ്വഭാവഗുണങ്ങൾ വായനക്കാർക്ക്, പ്രത്യേകിച്ച് വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തുക എന്നതാണ് പുസ്തകത്തിൻ്റെ ലക്ഷ്യം.

അന്നത്തെ കാലത്ത് ചിത്രങ്ങളോടു കൂടിയ (ഛായകളോടു കൂടിയ എന്നാണ് മുൻ കവറിൽ കൊടുത്തിരിക്കുന്നത്) പതിപ്പിന് 1 രൂപ 2 അണയും, ചിത്രങ്ങളില്ലാത്ത പതിപ്പിന് 1 രൂപയുമായിരുന്നു വില. പ്രസാധകനായ കെ. നാരായണ മേനോൻ്റെ പേരിനു പുറമേ പ്രകടനാധികൃതൻ എന്ന് കൂടി ആദ്യ പേജിൽ കാണുന്നുണ്ട്. ഇത് രണ്ടും ഒരാൾ തന്നെയാണോ എന്നു സംശയമുണ്ട്

തിരുവനന്തപുരം ജില്ലയിലെ മലയിൻകീഴ്  ശ്രീകൃഷ്ണ വിലാസം ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമായത്

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

    • പേര്: സുചരിതകൾ
    • പ്രസിദ്ധീകരണ വർഷം: 1912
    • അച്ചടി: Bharathavilasam Achukootam, Thrissur
    • താളുകളുടെ എണ്ണം: 232
    • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1913 – ആരോഗ്യരക്ഷ

1913-ൽ പ്രസിദ്ധീകരിച്ച, ആരോഗ്യരക്ഷ (Hygiene) എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

തിരുവിതാംകൂർ ടെക്സ്റ്റ് ബുക്ക് കമ്മിറ്റി 5, 6, 7 ക്ലാസ്സുകളിലെ ഹയർ ഗ്രേഡ് എലിമെൻ്ററി വിദ്യാർത്ഥികൾക്കായി പുറത്തിറക്കിയ പാഠപുസ്തകമാണിത്. ആരോഗ്യവും സൗന്ദര്യവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചാണ് പുസ്തകത്തിൻ്റെ ആദ്യ ഭാഗങ്ങളിൽ ചർച്ച ചെയ്യുന്നത്. സൗന്ദര്യത്തെ ‘യോജിപ്പ്’ അല്ലെങ്കിൽ ‘ചേർച്ച’ എന്ന് ഗ്രന്ഥകാരൻ വിശേഷിപ്പിക്കുന്നു. ശരീരശാസ്ത്രജ്ഞനായ വാർക്കറിൻ്റെ അഭിപ്രായമനുസരിച്ച് മുഖസൗന്ദര്യം ഓരോ അവയവങ്ങളുടെയും ആകൃതിയെയും അവ തമ്മിലുള്ള ചേർച്ചയെയും ആശ്രയിച്ചിരിക്കുന്നു. ആരോഗ്യം സൗന്ദര്യത്തിൻ്റെ അടിസ്ഥാനമാണെന്നും ആരോഗ്യം നശിക്കുമ്പോൾ സൗന്ദര്യവും ഇല്ലാതാകുന്നുവെന്നും ഇതിൽ സമർത്ഥിക്കുന്നു. തൊലിയിലുള്ള ദശലക്ഷക്കണക്കിന് സുഷിരങ്ങളെക്കുറിച്ചും അവ രക്തത്തെ ശുദ്ധീകരിക്കുന്നതിൽ വഹിക്കുന്ന പങ്കിനെക്കുറിച്ചും പുസ്തകം വിശദീകരിക്കുന്നു. ശരിയായ ആഹാരം, ശുദ്ധവായു, വ്യായാമം, കൃത്യമായ ഉറക്കം എന്നിവയുടെ അഭാവം ആരോഗ്യത്തെയും ത്വക്കിൻ്റെ നിറത്തെയും ബാധിക്കുന്നു. പൊതുവായ ആരോഗ്യ പരിപാലനത്തിലൂടെ എങ്ങനെ ഒരു വ്യക്തിക്ക് ശാരീരികവും മാനസികവുമായ സൗന്ദര്യം നിലനിർത്താം എന്നതിനെക്കുറിച്ചുള്ള ഒരു സമഗ്രമായ മാർഗരേഖയാണ് ഈ പുസ്തകം

തിരുവനന്തപുരം ജില്ലയിലെ മലയിൻകീഴ്  ശ്രീകൃഷ്ണ വിലാസം ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമായത്

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

    • പേര്:  ആരോഗ്യരക്ഷ
    • രചന: പി. ഗോവിന്ദമേനോൻ
    • പ്രസിദ്ധീകരണ വർഷം: 1913
    • അച്ചടി: Kerala Chinthamany Press, Thrissur
    • താളുകളുടെ എണ്ണം: 150
    • സ്കാൻ ലഭ്യമായ ഇടം: കണ്ണി