1934– ൽ പ്രസിദ്ധീകരിച്ച, ഈ.വീ. കൃഷ്ണപിള്ള രചിച്ച ബി.ഏ. മായാവി എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
1934 – ബി.ഏ. മായാവി – ഈ.വീ. കൃഷ്ണപിള്ള
അഭ്യസ്തവിദ്യരായ യുവാക്കളുടെ ഇടയിൽ ഉണ്ടായിരുന്ന രൂക്ഷമായ തൊഴിലില്ലായ്മ പ്രശ്നത്തെ ആധാരമാക്കി എഴുതിയിട്ടുള്ള ഒരു പ്രഹസനമാണ് ഈ പുസ്തകം. വിദ്യാഭ്യാസവും സാമൂഹികമാന്യതയും ചുറ്റിപ്പറ്റിയുള്ള മനുഷ്യരുടെ പൊങ്ങച്ചങ്ങളെയും കപടതകളെയും നർമ്മത്തിൻ്റെ മേമ്പൊടിയോടെ അവതരിപ്പിക്കുന്ന കൃതി. ചിരിപ്പിക്കുന്നതിനൊപ്പം അന്നത്തെ സാമൂഹികജീവിതത്തിലെ ചില വൈരുധ്യങ്ങളെ പറ്റി ചിന്തിപ്പിക്കുകയും ചെയ്യുന്ന രചനയായി ഇതിനെ കാണാം.
തിരുവനന്തപുരം ജില്ലയിലെ മലയിൻകീഴ് ശ്രീകൃഷ്ണ വിലാസം ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമായത്
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.
1947 – ൽ പ്രസിദ്ധീകരിച്ച, കെ.സി. കേശവപിള്ള രചിച്ച കേശവീയം – സ്യമന്തകാപരപര്യായം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
കേശവീയം മഹാകാവ്യത്തിൻ്റെ ഒന്നാം സർഗമായ “ഭാമാനിവേദനം” ആണ് ഈ പുസ്തകത്തിൻ്റെ ഉള്ളടക്കം. ശ്രീകൃഷ്ണൻ്റെ ദ്വാരകാ ജീവിതവും സത്രാജിത്തിൻ്റെ പുത്രിയായ സത്യഭാമയുടെ വിവാഹാഭിലാഷവുമായി ബന്ധപ്പെട്ട സംഭവങ്ങളുമാണ് ഈ സർഗത്തിൻ്റെ പ്രമേയം. കവി ആദ്യം തൻ്റെ ഗുരുക്കന്മാരെയും കവികളെയും സ്മരിച്ചുകൊണ്ട് കാവ്യരചനയ്ക്ക് അനുഗ്രഹം അഭ്യർത്ഥിക്കുന്നു. തുടർന്ന് ദ്വാരകയുടെ അതിമനോഹരമായ നഗരവൈഭവം വിശദമായി വർണ്ണിക്കുന്നു. സ്വർണമതിലുകളും രത്നമാളികകളും സ്ഫടികപ്പടവുകളുള്ള കുളങ്ങളും മനോഹരമായ ഉദ്യാനങ്ങളും നിറഞ്ഞ ദ്വാരകയെ കവി അത്യന്തം ഭംഗിയായി അവതരിപ്പിക്കുന്നു. അവിടെ ധർമ്മനിഷ്ഠയോടെ ശ്രീകൃഷ്ണൻ ഭരണം നടത്തുന്നതായും വിവരിക്കുന്നു.
ഇതിനിടയിൽ ഒരു മഹീസുരൻ (ബ്രാഹ്മണൻ) ശ്രീകൃഷ്ണനെ സന്ദർശിക്കുന്നു. സത്രാജിത്തിൻ്റെ പുത്രിയായ സത്യഭാമയുടെ ദുഃഖമാണ് അദ്ദേഹത്തിൻ്റെ സന്ദർശനത്തിൻ്റെ ഉദ്ദേശ്യം. സത്യഭാമയ്ക്ക് ശ്രീകൃഷ്ണനോട് ആഴത്തിലുള്ള പ്രണയമുണ്ടെങ്കിലും, അവളുടെ പിതാവ് അവളെ ശതധന്വാവിന് നൽകാൻ ആഗ്രഹിക്കുന്നു. പിതാവിൻ്റെ ആജ്ഞ ലംഘിക്കാൻ കഴിയാത്തതും, ഇഷ്ടമില്ലാത്ത പുരുഷനെ വിവാഹം കഴിക്കുന്നതിനെക്കാൾ മരണമാണു നല്ലതെന്നുമുള്ള അവളുടെ വേദന ബ്രാഹ്മണൻ ശ്രീകൃഷ്ണനോട് അറിയിക്കുന്നു.സത്യഭാമയുടെ സങ്കടം കേട്ട ശ്രീകൃഷ്ണൻ അവളെ ആശ്വസിപ്പിക്കാനും അവളുടെ പിതാവിൻ്റെ മനസ്സിനെ അനുയോജ്യമായ രീതിയിൽ മാറ്റാനും താൻ ശ്രമിക്കാമെന്ന് ഉറപ്പുനൽകുന്നു. തുടർന്ന് ബ്രാഹ്മണൻ സത്യഭാമയുടെ അടുക്കലെത്തി ശ്രീകൃഷ്ണൻ്റെ വാക്കുകൾ അറിയിക്കുന്നു. അത് കേട്ട് സത്യഭാമയ്ക്ക് പ്രതീക്ഷയും ആശ്വാസവും ലഭിക്കുന്നു.അങ്ങനെ, സത്യഭാമയുടെ പ്രണയവും വിവാഹാഭിലാഷവും അവൾ അനുഭവിക്കുന്ന മാനസിക സംഘർഷവും അവതരിപ്പിച്ചുകൊണ്ടാണ് ഒന്നാം സർഗം അവസാനിക്കുന്നത്.
1936-ൽ കാഞ്ഞിരംപാറെ രാമുണ്ണി നായർ എഡിറ്റ് ചെയ്തു പ്രസിദ്ധീകരിച്ച, ശ്രീപാർവ്വതീസ്വയംവരം – പാന എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
1936 – ശ്രീപാർവ്വതീസ്വയംവരം – പാന
ഈ പാന നാലു പാദങ്ങളായിട്ടാണു് രചിച്ചിട്ടുള്ളത്. പ്രഥമപാദത്തിൽ കാമദേവനും ഇന്ദ്രനും തപോനിഷ്ഠയിലിരിക്കുന്ന മഹേശ്വരനെ പാർവ്വതിയുടെ ഭർത്താവാക്കി, അവരുടെ വിവാഹത്തിലുളവാകുന്ന സന്താനംകൊണ്ടു താരകാസുരവധം സാധിയ്ക്കുവാനാലോചിയ്ക്കുന്നു. രണ്ടാംപാദത്തിൽ കാമദേവൻ ശിവൻ്റെ തപസ്സിന്നു വിഘ്നം വരുത്തുന്നതും, അതുകണ്ടു കുപിതനായ കപാലി കാമനെ തൻ്റെ മുന്നാം തൃക്കണ്ണിൽ ദഹിപ്പിക്കുന്നതും, ഭർത്തൃനാശം കണ്ട് രതി വിലപിക്കുന്നതും വിവരിച്ചരിക്കുന്നു. പശു ചത്താലും മോരിലെ പുളി പോകയില്ലെന്നു പറയുന്നതുപോലെ കാമൻ മരിച്ചാലും കാമൻ്റെ പ്രയോഗം നിഷ്ഫലമായില്ലെന്നു തെളിയിക്കുന്ന കഥാഭാഗം മൂന്നാംപാദത്തിൽ വിവരിച്ചിരിക്കുന്നു. ശിവൻ്റെ പ്രണയസൂചനയും, വേഷം മാറി പാവ്വതിയുമായുള്ള സംഭാഷണവും വളരെ ഹൃദ്യമായരിതിയിൽ വണ്ണിച്ചിട്ടുണ്ട്. നാലാംപാദത്തിൽ ശിവൻ്റെ ഇഷ്ടപ്രകാരം സപ്തർഷിമാരും ദേവന്മാരും ഹിമവാനെക്കണ്ടു ചെയ്യുന്ന വിവാഹാലോചനയും പാർവ്വതീപരമേശ്വരരുടെ വിവാഹവും വർണ്ണിച്ചിരിക്കുന്നു.
കേരളത്തിൻ്റെ ഹൃദയം പ്രതിബിംബിക്കുന്നതായ ഇതിലെ ശുദ്ധമലയാളഭാഷാശൈലി ഇതിൻ്റെ മൂലകർത്താവ് എഴുത്തച്ഛൻ, നമ്പ്യാർ, പൂന്താനം എന്നീ മഹാകവികളുടെ ജന്മദേശമായ മദ്ധ്യകേരളത്തിൽ ജീവിച്ചിരുന്ന ഒരു മഹാനാണെന്നു വിളിച്ചുപറയുന്നുണ്ട്.
1963-ൽ പ്രസിദ്ധീകരിച്ച, കോട്ടയത്തു തമ്പുരാൻ എഴുതിയ കിർമ്മീരവധം ആട്ടക്കഥ എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
1963 – കിർമ്മീരവധം ആട്ടക്കഥ – കോട്ടയത്തു തമ്പുരാൻ
മഹാഭാരതത്തിലെ ഒരു ചെറിയ സംഭവത്തെ ആസ്പദമാക്കി വീര്യം, പ്രതികാരം, ധർമ്മം, അധർമ്മം എന്നിവയുടെ സംഘർഷം ശക്തമായി അവതരിപ്പിക്കുന്ന ആട്ടക്കഥയാണ് കോട്ടയത്തു തമ്പുരാൻ്റെ കിർമ്മീരവധം. കിർമ്മീരൻ്റെ ക്രൂരതയ്ക്കെതിരെ ഭീമൻ നടത്തുന്ന പോരാട്ടവും ഒടുവിലെ വിജയവും കൃതിയുടെ പ്രധാന ആകർഷണമാണ്.ഭീമൻ്റെ അസാമാന്യമായ ശൗര്യത്തെ ഉയർത്തിക്കാട്ടുന്നതോടൊപ്പം, പ്രതിസന്ധികൾക്കു മുന്നിൽ തളരാതെ ധൈര്യത്തോടെ നിലകൊള്ളണമെന്ന സന്ദേശവും കിർമ്മീരവധം നൽകുന്നു. അതുകൊണ്ടുതന്നെ മലയാള ആട്ടക്കഥാ സാഹിത്യത്തിലെ ശ്രദ്ധേയമായ കൃതികളിലൊന്നായി ഇത് വിലയിരുത്തപ്പെടുന്നു.
1944 – ൽ പ്രസിദ്ധീകരിച്ച, ബാബു ദ്വിജേന്ദ്രലാൽ റായി രചിച്ച് സി. ഗോവിന്ദക്കുറുപ്പ് പരിഭാഷപ്പെടുത്തിയ ഭാരതരമണിഎന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
1944 – ഭാരതരമണി – ബാബു ദ്വിജേന്ദ്രലാൽ റായി
ബംഗാളി സാഹിത്യകാരനും നാടകകൃത്തുമായ ദ്വിജേന്ദ്രലാൽ റായിയുടെ കൃതിയുടെ മലയാള പരിഭാഷയായി പ്രസിദ്ധീകരിക്കപ്പെട്ടതാണ് ഭാരതരമണി. പരിഭാഷ നിർവ്വഹിച്ചിരിക്കുന്നത് മഹാകവി വള്ളത്തോളിൻ്റെ നാലാമത്തെ പുത്രനായ സി. ഗോവിന്ദക്കുറുപ്പാണ്. ചരിത്രബോധം, സ്ത്രീത്വം, സാമൂഹിക മൂല്യങ്ങൾ, അനാചാരങ്ങൾക്കെതിരെയുള്ള പ്രതിരോധം തുടങ്ങിയ വിഷയങ്ങൾ നാടകത്തിൻ്റെ പ്രമേയത്തിൽ പ്രതിഫലിക്കുന്നു. വ്യക്തിജീവിതത്തിലെ വികാരങ്ങളും രാജ്യത്തോടുള്ള കടമയും തമ്മിലുള്ള സംഘർഷമാണ് കഥയുടെ പ്രധാന സവിശേഷത. സ്ത്രീയെ വെറും കുടുംബകേന്ദ്രിതമായ കഥാപാത്രമായി കാണാതെ, ധീരതയും തീരുമാനശേഷിയും ദേശബോധവും ഉള്ള വ്യക്തിത്വമായി അവതരിപ്പിക്കുന്നതാണ് കൃതിയുടെ ശ്രദ്ധേയമായ വശം.
1939 ൽ പ്രസിദ്ധീകരിച്ച, കെ.എസ്സ്.എൻ. ഉണ്ണി എഴുതിയ ടിപ്പണത്തോടു കൂടിയ സഭാപ്രവേശം – പറയൻ തുള്ളൽ എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
1939 – സഭാപ്രവേശം – പറയൻ തുള്ളൽ
ഇന്ദ്രപ്രസ്ഥത്തിൽ വിചിത്രമായ ഒരു സഭാഗൃഹമുണ്ടായിരുന്നു. രാജസൂയയാഗത്തിന് ശേഷം അതിൽ ഒരു പ്രധാന ഭാഗക്കാരനായിരുന്ന ദുര്യോധനൻ കുറെദിവസംകൂടി ഇന്ദ്രപ്രസ്ഥത്തിൽതന്നെ താമസിക്കുകണ്ടായി. അകാലത്തൊരിക്കൽ ദുര്യോധനൻ സഭാഗൃ ഹം കാണുന്നതിനായി അതിന്നുള്ളിൽ കടന്നു ശില്പചാ തുരികൾ നോക്കി നടന്നു. കാഴ്ചക്കാരിൽ സ്ഥലജലഭ്രാന്തിയുണ്ടാക്കിത്തീർക്കുക എന്നുള്ളതായിരുന്നു ആ ഗൃഹത്തിൻ്റെ പ്രധാന ഗുണം. തന്മൂലം ദുര്യോധനൻ സ്ഥലത്തിൽ ജലമുണ്ടെന്നു ഭ്രമിച്ചു വസ്ത്രം ഉയർത്തിപ്പിടിച്ചു കൊണ്ടു നടക്കുകയും ജലമുള്ള സ്ഥലഭ്രമം മൂലം ചാടി കഷ്ടപ്പെടുകയും ചെയ്തു. ഇതെല്ലാം കണ്ടുകൊണ്ടിരുന്ന ഭീമസേനൻ തുടങ്ങിയുള്ളവർ കൈകൊട്ടി ചിരിച്ചതിനാൽ കോപവും സങ്കടവും ലജ്ജയും നിമിത്തം മനം നൊന്തിരുന്ന ദുര്യോധനൻ ഉടനെ ഹസ്തിനപുരത്തേക്കു തിരിച്ചു പോയി. ഇതാണ് ഈ കഥയുടെ ബീജം. മഹാഭാരതത്തിലെ ഈ കഥ അല്പമായ വ്യത്യാസത്തോടുകൂടിയാണ് മൂലകൃതിയുടെ കർത്താവായ കുഞ്ചൻ നമ്പ്യാർ തൻ്റെ കവിതയ്ക്ക് വിഷയമാക്കിയിട്ടുള്ളത്.
1935 ൽ പ്രസിദ്ധീകരിച്ച, കെ. ശങ്കരപ്പിള്ള എഴുതിയ വ്യാഖ്യാനത്തോടും നിരൂപണത്തോടും കൂടിയ ത്രിപുരദഹനം – പറയൻ തുള്ളൽ എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
1935 – ത്രിപുരദഹനം – പറയൻ തുള്ളൽ
ത്രിപുരദഹനം പുരാണകഥയെ ആസ്പദമാക്കിയുള്ള ഒരു പറയൻ തുള്ളൽ കൃതിയാണ്. ത്രിപുരാസുരന്മാരുടെ അഹങ്കാരവും അധർമ്മവും മൂലം ദേവന്മാരും ലോകവും ദുരിതത്തിലാകുന്നതാണ് കഥയുടെ പശ്ചാത്തലം. അസുരന്മാരുടെ ഉപദ്രവം അവസാനിപ്പിക്കാൻ ദേവന്മാർ ശിവനെ അഭയം പ്രാപിക്കുന്നു. തുടർന്ന് ശിവൻ ത്രിപുരങ്ങളെ നശിപ്പിക്കുന്നതും അധർമ്മത്തിനുമേൽ ധർമ്മം വിജയം നേടുന്നതുമാണ് കൃതിയുടെ പ്രധാന പ്രമേയം.
1932-ൽ പ്രസിദ്ധീകരിച്ച, പി. കൃഷ്ണൻ നായർ വ്യഖ്യാനം നിർവ്വഹിച്ച നിവാതകവചകാലകേയവധം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
1932 – നിവാതകവചകാലകേയവധം
പി.കൃഷ്ണൻ നായർ സവ്യാഖ്യാനം എഴുതിയ ഈ ഗ്രന്ഥം മഹാഭാരതത്തിലെ അർജുനൻ്റെ വീരകൃത്യങ്ങളെ ആസ്പദമാക്കിയുള്ള ആട്ടക്കഥാ കൃതിയാണ്. നിവാതകവചകാലകേയവധം മഹാഭാരതത്തിലെ വനപർവവുമായി ബന്ധപ്പെട്ട അർജുനൻ്റെ ദിവ്യയാത്രയും അസുരന്മാരുമായുള്ള യുദ്ധവും പ്രമേയമാക്കിയ ആട്ടക്കഥയാണ്. കഥകളിയുടെ വേദിയിൽ അവതരിപ്പിക്കാവുന്ന രീതിയിൽ വീരരസത്തിനും യുദ്ധരംഗങ്ങൾക്കും പ്രാധാന്യം നൽകിയാണ് കഥ വികസിക്കുന്നത്.
അർജുനൻ പാണ്ഡവരുടെ വനവാസകാലത്ത് കഠിനമായ തപസ്സും ആയുധവിദ്യാഭ്യാസവും നടത്തി ദിവ്യാസ്ത്രങ്ങൾ നേടുന്നു. ഇന്ദ്രൻ്റെ അനുഗ്രഹത്താൽ സ്വർഗ്ഗലോകത്ത് എത്തുന്ന അർജുനന് വിവിധ ദിവ്യാസ്ത്രങ്ങളും യുദ്ധവിദ്യകളും ലഭിക്കുന്നു. അക്കാലത്ത് നിവാതകവചർ എന്ന അതിശക്തരായ അസുരന്മാർ ദേവന്മാർക്ക് വലിയ ഭീഷണിയായിരുന്നു. അവരുടെ ശരീരത്തെ സംരക്ഷിക്കുന്ന ശക്തമായ കവചം കാരണം സാധാരണ ആയുധങ്ങൾ കൊണ്ട് അവരെ പരാജയപ്പെടുത്തുക വളരെ പ്രയാസമായിരുന്നു. ഇന്ദ്രൻ്റെ നിർദ്ദേശപ്രകാരം അർജുനൻ അവരോടു യുദ്ധം ചെയ്യുന്നു. തുടർന്ന് കാലകേയന്മാരുമായും അർജുനന് ഏറ്റുമുട്ടേണ്ടിവരുന്നു. അനേകം അസുരന്മാർ ഒന്നിച്ചെത്തി അർജുനനെ ആക്രമിക്കുന്ന ശക്തമായ യുദ്ധരംഗങ്ങളാണ് കഥയിലെ പ്രധാന ഭാഗം. അർജുനൻ തൻ്റെ ഗാണ്ഡീവവും ദിവ്യാസ്ത്രങ്ങളും ഉപയോഗിച്ച് ശത്രുസൈന്യത്തെ നേരിടുന്നു.ഒടുവിൽ അർജുനൻ്റെ അസാമാന്യമായ വീര്യം, ആയുധപാടവം, ഏകാഗ്രത, ദൈവികശക്തി എന്നിവയുടെ മുന്നിൽ നിവാതകവചന്മാരും കാലകേയന്മാരും പരാജയപ്പെടുന്നു. അവരുടെ വധത്തോടെ ദേവന്മാർക്ക് ഉണ്ടായിരുന്ന വലിയ ഭീഷണി അവസാനിക്കുന്നു.ഇതാണ് പുസ്തകത്തിലെ പ്രധാന പ്രമേയം.
രവിശങ്കർ നായർ തിരുവനന്തപുരം ശേഖരത്തിൽ നിന്നും ലഭിച്ച 1876 ൽ പ്രസിദ്ധീകരിച്ച ഇതേ പേരിലുള്ള തുള്ളൽ കഥ 2023 നവംബർ 8 നു റിലീസ് ചെയ്തിരുന്നു.( https://gpura.org/blog/1876-nivathakavacha-kalakeyavadham-thullalkadha/)
1918-ൽ പ്രസിദ്ധീകരിച്ച, കെ. കൊച്ചുണ്ണി തമ്പുരാൻ വ്യഖ്യാനം നിർവ്വഹിച്ച പൗണ്ഡ്രകവധം കഥകളി എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
1918 – പൗണ്ഡ്രകവധം കഥകളി
പൗണ്ഡ്രകവധം ശ്രീകൃഷ്ണൻ്റെ ജീവിതത്തിലെ ഒരു പ്രധാന പുരാണകഥയെ ആസ്പദമാക്കിയുള്ള കഥകളി ആട്ടക്കഥയാണ്. കെ. കൊച്ചുണ്ണി തമ്പുരാൻ്റെ ആഖ്യാനത്തോടു കൂടിയുള്ള ഈ കൃതി. പൗണ്ഡ്രകൻ കരൂശദേശത്തെ രാജാവായിരുന്നു. താനാണ് യഥാർത്ഥ വാസുദേവൻ എന്ന് അവകാശപ്പെട്ടിരുന്ന അദ്ദേഹം ശ്രീകൃഷ്ണൻ്റെ രൂപവും ചിഹ്നങ്ങളും അനുകരിക്കുകയും ചെയ്തു. കൃഷ്ണൻ്റെ ശംഖ്, ചക്രം, ഗദ, പീതാംബരം തുടങ്ങിയവ തനിക്കും വേണമെന്നായിരുന്നു അദ്ദേഹത്തിൻ്റെ അഹങ്കാരപൂർണമായ അവകാശവാദം. പൗണ്ഡ്രകൻ തൻ്റെ ദൂതനെ ദ്വാരകയിലേക്ക് അയച്ച് ശ്രീകൃഷ്ണനോട് ഇങ്ങനെ ആവശ്യപ്പെടുന്നു: താനാണ് യഥാർത്ഥ വാസുദേവൻ; കൃഷ്ണൻ തൻ്റെ വ്യാജമായ വാസുദേവചിഹ്നങ്ങൾ ഉപേക്ഷിക്കണം. കൃഷ്ണൻ ഈ സന്ദേശം കേട്ട് പൗണ്ഡ്രകൻ്റെ അഹങ്കാരത്തെ പരിഹസിക്കുകയും യുദ്ധത്തിന് തയ്യാറാവുകയും ചെയ്യുന്നു. തുടർന്ന് ശ്രീകൃഷ്ണനും പൗണ്ഡ്രകനും തമ്മിൽ യുദ്ധം നടക്കുന്നു. പൗണ്ഡ്രകൻ കൃഷ്ണനെ അനുകരിച്ചിരുന്നെങ്കിലും യഥാർത്ഥ ദൈവികശക്തി അദ്ദേഹത്തിനില്ലായിരുന്നു. യുദ്ധത്തിൽ കൃഷ്ണൻ പൗണ്ഡ്രകനെ പരാജയപ്പെടുത്തി സുദർശനചക്രം ഉപയോഗിച്ച് വധിക്കുന്നു. പൗണ്ഡ്രകൻ്റെ പക്ഷത്തുണ്ടായിരുന്ന കാശിരാജാവും കൃഷ്ണനെതിരെ യുദ്ധത്തിനിറങ്ങുന്നു. കൃഷ്ണൻ അദ്ദേഹത്തെയും പരാജയപ്പെടുത്തുന്നു. പുരാണകഥയുടെ തുടർച്ചയിൽ കാശിരാജാവിൻ്റെ തല കാശിയിലേക്ക് എറിഞ്ഞെത്തിക്കുന്നതായും തുടർന്ന് കാശിനഗരവുമായി ബന്ധപ്പെട്ട സംഭവങ്ങൾ അരങ്ങേറുന്നതായും വിവരിക്കുന്നു. ഈ കഥയുടെ കേന്ദ്രവിഷയം അഹങ്കാരവും ദൈവികസത്യവും തമ്മിലുള്ള സംഘർഷം ആണ്. പൗണ്ഡ്രകൻ ശ്രീകൃഷ്ണൻ്റെ പുറംചിഹ്നങ്ങൾ അനുകരിച്ചെങ്കിലും, ദൈവികതയെ അനുകരിക്കാൻ കഴിയില്ല എന്നതാണ് കഥ നൽകുന്ന സന്ദേശം.
ഇന്ന് (2026 സെപ്തംബർ 03 ) ഗ്രന്ഥപ്പുരയെ സംബന്ധിച്ചിടത്തോളം ഒരു ചരിത്രദിനമാണ്. ഗ്രന്ഥപ്പുരയിലൂടെ പൊതുജനങ്ങൾക്ക് സൗജന്യമായി ലഭ്യമാക്കിയ, ഡിജിറ്റൈസ് ചെയ്ത ഡോക്കുമെൻ്റുകളുടെ എണ്ണം പതിനായിരം പിന്നിട്ടിരിക്കുന്നു. ബെംഗളൂരു ധർമ്മാരാം കോളേജ് ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്ന് നമുക്ക് ലഭിച്ച കെ. കൊച്ചുണ്ണി തമ്പുരാൻ്റെ അഖ്യാനത്തോടുകൂടിയ പൗണ്ഡ്രകവധം എന്ന പുസ്തകത്തിൻ്റെ സ്കാൻ റിലീസ് ചെയ്തതൊടെയാണ് പതിനായിരം എന്ന നാഴികക്കല്ല് ഗ്രന്ഥപ്പുര പിന്നിട്ടത്.
1925 – ൽ പ്രസിദ്ധീകരിച്ച, ത്രിപുരദഹനം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
1909 – ത്രിപുരദഹനം
ഹൈന്ദവ പുരാണത്തിലെ ത്രിപുരദഹനകഥയെ ആസ്പദമാക്കിയുള്ള തുള്ളൽ പാട്ടാണ് ഈ കൃതി. ത്രിപുരാസുരന്മാരായ താരകാക്ഷൻ, കമലാക്ഷൻ, വിദ്യുന്മാലി എന്നിവർ നിർമ്മിച്ച മൂന്ന് പുരങ്ങളെ ശിവൻ സംഹരിക്കുന്നതാണ് ഇതിലെ പ്രധാന ഇതിവൃത്തം. അസുരന്മാർക്ക് ലഭിച്ച വരത്തിൻ്റെ ശക്തിയിൽ അവർ മൂന്നു പുരങ്ങൾ സ്ഥാപിച്ച് ദേവന്മാരെയും ലോകത്തെയും ഉപദ്രവിക്കുന്നു. അവരുടെ അതിക്രമങ്ങൾ അവസാനിപ്പിക്കാൻ ദേവന്മാർ ശിവനെ സമീപിക്കുന്നു. തുടർന്ന് ശിവൻ ദിവ്യമായ രഥത്തിൽ കയറി ഒറ്റ അമ്പുകൊണ്ട് ത്രിപുരങ്ങളെ ദഹിപ്പിക്കുന്നു. അങ്ങനെ അധർമ്മത്തിനുമേൽ ധർമ്മത്തിൻ്റെ വിജയം സ്ഥാപിക്കപ്പെടുന്നതാണ് കഥയുടെ അന്ത്യം.
തിരുവനന്തപുരം ജില്ലയിലെ മലയിൻകീഴ് ശ്രീകൃഷ്ണ വിലാസം ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമായത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.