നീലഗിരിയിലെ കളക്ടറായിരുന്ന പെർസി മാക്വീൻ 1940 മുതൽ1945 വരെ എഴുതിയ 11 മലയാളം കൈയെഴുത്തുപുസ്തകങ്ങളുടെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1940-1945- പെർസി മാക്വീൻ കൈയെഴുത്തുപ്രതി പുസ്തകങ്ങൾ
പെർസി മക്വീൻ 1936 മുതൽ 1940 വരെ നീലഗിരിയിലെ കളക്ടറായിരുന്നു. മദ്രാസ്, തിരുച്ചി, തിരുനെൽവേലി തുടങ്ങിയ സ്ഥലങ്ങളിലും അദ്ദേഹം സേവനം അനുഷ്ഠിച്ചു. തമിഴ്നാട് ആർക്കൈവുകളുടെ നവീകരണത്തിന് വലിയ സംഭാവന നൽകിയതിനാൽ അദ്ദേഹം അതിൻ്റെ ശില്പിയായി അറിയപ്പെടുന്നു.
1883 നവംബർ 13-ന് ജനിച്ച മക്വീൻ 1970 മാർച്ച് 8-ന് അന്തരിച്ചു. മദ്രാസ് റെക്കോർഡ് ഓഫിസിൻ്റെ ക്യൂറേറ്ററായിരുന്ന അദ്ദേഹം ദക്ഷിണേന്ത്യയിൽ 38 വർഷം ചെലവഴിക്കുമ്പോൾ തമിഴ്, മലയാളം, ബഡഗ ഭാഷകളിലെ നാടോടി കവിതകളും പാട്ടുകളും ശേഖരിച്ചു, പിന്നീടവ കേംബ്രിഡ്ജ് സർവകലാശാല ലൈബ്രറിക്ക് സമർപ്പിച്ചു.
അക്കാദമിക് യോഗ്യത ഇല്ലായിരുന്നെങ്കിലും ചരിത്ര ഗവേഷണത്തോടും ആർക്കൈവുകളെ ശാസ്ത്രീയമായും ഗവേഷണയോഗ്യമായും നിലനിർത്താനുള്ള ശ്രമങ്ങളോടും അദ്ദേഹം ഗൗരവമായ താൽപര്യം പുലർത്തി. മലയാളവും തമിഴും ഉൾപ്പെടെ പല ദ്രാവിഡഭാഷകളിലും പ്രാവീണ്യം നേടിയിരുന്ന അദ്ദേഹം റവന്യു, ആർക്കൈവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ പ്രസിദ്ധമായ പ്രസംഗങ്ങൾ നടത്തി. 1932-ൽ നിയമസഭാംഗമായി നാമനിർദ്ദേശം ചെയ്യപ്പെട്ടത് ഭരണപരവും ബൗദ്ധികവുമായ കഴിവുകൾക്ക് ലഭിച്ച അംഗീകാരമായിരുന്നു.
1939-ൽ അദ്ദേഹം രചിച്ച “തൊടലാൻഡ്” എന്ന 250 വരികളുള്ള കവിത നീലഗിരിയുടെ പുരാതനകാലം മുതൽ ബ്രിട്ടീഷ് ഭരണകാലം വരെയുളള ചരിത്രം കവിതാസ്വഭാവത്തിലൂടെ അവതരിപ്പിക്കുന്നു.
പെർസി മക്വീൻ മദ്രാസ് പ്രസിഡൻസിയിലെ 3,000-ലധികം നാടൻ പാട്ടുകൾ ശേഖരിച്ചു, തൊഴിലാളികൾക്കും ഗ്രാമീണർക്കും ഓരോ വരിയ്ക്ക് ഒരു അണ വീതം നല്കിയിരുന്നു . ഈ ശേഖരം തമിഴ് പണ്ഡിതൻ ജഗനാഥൻ എഡിറ്റ് ചെയ്ത് തഞ്ചാവൂർ സരസ്വതി മഹൽ ലൈബ്രറി 1958-ൽ ‘മലയരുവി’ എന്ന പേരിൽ പ്രസിദ്ധീകരിച്ചു.
മാക്വീൻ തമിഴ്നാട് ആർക്കൈവുകളെ ഒരു സാധാരണ ഭരണരേഖശേഖര കേന്ദ്രത്തിൽ നിന്ന് ഗവേഷണകേന്ദ്രമാക്കി മാറ്റിയ വ്യക്തിയായിരുന്നു. രേഖകളുടെ ക്രമീകരണം, സംരക്ഷണം, ആക്സസ് സാധ്യമാക്കൽ എന്നിവയിലൂടെ അദ്ദേഹം ആധുനിക ആർക്കൈവൽ സിസ്റ്റത്തിന് അടിത്തറയിട്ടു. ജില്ലാതല രേഖകൾക്കായി ഗൈഡുകൾ, കാറ്റലോഗുകൾ, കലണ്ടറുകൾ എന്നിവ തയ്യാറാക്കി ഗവേഷകർക്ക് ആവശ്യമായ വിവരങ്ങൾ എളുപ്പത്തിൽ ലഭ്യമാക്കി. 1820 മുതൽ 1857 വരെയുള്ള പ്രധാന കളക്ടറേറ്റ് രേഖകൾ കേന്ദ്ര ആർക്കൈവിലേക്ക് മാറ്റണമെന്നു അദ്ദേഹം നിർദ്ദേശിച്ചു. കളക്ടർമാർക്ക് ചരിത്രപരമായ അറിവ് പോരെന്നു ചൂണ്ടിക്കാട്ടി അവർക്ക് രേഖകൾ തിരഞ്ഞെടുക്കാൻ അനുവാദം നൽകരുതെന്ന നിലപാട് എടുത്തു. രേഖകളുടെ സുരക്ഷയ്ക്കായി തീനാശനിരോധന സംവിധാനങ്ങൾ സ്ഥാപിച്ചു. രേഖകൾക്ക് ശാശ്വതമായ മൂല്യമുണ്ടെന്ന് ഉറപ്പിച്ച് അവ നശിപ്പിക്കുന്നതിനെ എതിർത്തു. അദ്ദേഹത്തിന്റെ പരിഷ്കരണങ്ങൾ തമിഴ്നാട് ആർക്കൈവുകൾ ഒരു ആധുനിക ഗവേഷണ സ്ഥാപനമായി വളരാൻ കാരണമായി.ഇവയെല്ലാം തന്നെ ജേണൽ ഓഫ് എമർജിംഗ് ടെക്നോളജീസ് ആൻഡ് ഇന്നൊവേറ്റീവ് റിസർച്ച് എന്ന ലേഖനത്തിൽ പറയുന്നു.
1925-ൽ അദ്ദേഹം എഴുതിയ The Pudukottai Portraits എന്ന പുസ്തകം പുതുക്കോട്ടൈ രാജാക്കന്മാരുടെ ജീവിതത്തെക്കുറിച്ചുള്ള വിലപ്പെട്ട വിവരങ്ങൾ നൽകുന്നു. അക്കാദമീഷ്യൻ അല്ലെങ്കിലും ചരിത്ര ഗവേഷണത്തിന് അദ്ദേഹം ശക്തമായ പിന്തുണ നൽകി.ലിങ്ക്
പെർസി മക്വീൻ്റെ പിൻഗാമികളായ ഫ്രാങ്ക് ജെയിംസ്, ജെയിംസ്, ആനി എന്നിവർ അദ്ദേഹത്തിൻ്റെ പാരമ്പര്യവുമായി ബന്ധപ്പെട്ട വ്യക്തിഗത ഗവേഷണയാത്രക്കായി ഊട്ടി സന്ദർശിച്ചു. അവർ നീലഗിരിയെക്കുറിച്ചുള്ള മക്വീൻ ശേഖരിച്ച അപൂർവ രേഖകളിൽ ചിലത് നീലഗിരി ഡോക്യുമെൻറ്റേഷൻ സെൻ്ററിന് കൈമാറി. Deccan chronicle ഇവരുടെ സന്ദർശനത്തെകുറിച്ചുള്ള വാർത്ത നൽകിയിരിന്നു.അതിൻ്റെ ലിങ്ക്.
ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്ന മലയാളം കൈയെഴുത്തുപ്രതികൾ ആദ്യമായാണ് പുറം ലോകം കാണുന്നത്. മാത്രമല്ല ഈ കൈയെഴുത്തുപ്രതികൾ ഇതുവരെ പഠിക്കപ്പെട്ടിടുണ്ടെന്ന് തോന്നുന്നില്ല. തച്ചോളിപ്പാട്ടുകൾ, പച്ചമലയാളം വാക്കുകൾ, നിഘണ്ടു, പ്രാദേശികഭാഷാ ഭേദങ്ങൾ തുടങ്ങി നൂറുകണക്കിനു വിഷയങ്ങൾ ഈ കൈയെഴുത്തുപ്രതികളിൽ ഇടകലർന്ന് കിടക്കുന്നു. ഇതിൽ കൈകാര്യം ചെയ്യുന്ന വിഷയങ്ങളിൽ കൂടുതൽ ഗവേഷണപഠനങ്ങൾ നടക്കേണ്ടതുണ്ട്.
പെർസി മക്വീൻ്റെ തമിഴ് ഭാഷയിലുള്ള കൈയെഴുപ്രതികൾ എല്ലാം തന്നെ തമിഴ് ഡിജിറ്റൽ ലൈബ്രറിയിൽ ഡിജിറ്റൈസ് ചെയ്തു സൂക്ഷിച്ചിട്ടുണ്ട്. അതിൻ്റെ ബ്ലോഗ് പോസ്റ്റ് ലിങ്ക് ഇവിടെ.
മദ്രാസ് യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയുടെ ഭാഗമായാണ് ഈ കൈയെഴുത്തു രേഖകൾ ഡിജിറ്റൈസ് ചെയ്തത്. ഈ കൈയെഴുത്തു രേഖകൾ ഡിജിറ്റൈസ് ചെയ്യാനായി ലഭ്യമാക്കിയത് ഗ്രന്ഥപ്പുരയുടെ സുഹൃത്തുകൂടായ ശ്രീ. ചിത്താനൈ (തമിഴ് ഡിജിറ്റൽ ലൈബ്രറി) ആണ്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ, മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന Download PDF എന്നതിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)
- പേര്: പെർസി മാക്വീൻ കൈയെഴുത്തുപ്രതി പുസ്തകങ്ങൾ
- രചന: പെർസി മാക്വീൻ
- വർഷം: 1940-1945
- പുസ്തകങ്ങളുടെ എണ്ണം: 11 
 
- സ്കാൻ ലഭ്യമായ ഇടം: കണ്ണി









