1947 – ൽ പ്രസിദ്ധീകരിച്ച, സീത എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
1947 – സീത
പ്രശസ്ത ബംഗാളി സാഹിത്യകാരനായ ദ്വിജേന്ദ്രലാൽ റായ് രചിച്ച പൗരാണിക നാടകത്തിൻ്റെ മലയാള വിവർത്തനമാണ് സീത. പ്രമുഖ സാഹിത്യകാരൻ ആർ. നാരായണപ്പണിക്കർ മലയാളത്തിലേക്ക് മൊഴിമാറ്റം നടത്തിയ ഈ പുസ്തകത്തിൽ വനവാസത്തിനു ശേഷമുള്ള അയോധ്യയുടെ കഥയാണ് അവതരിപ്പിക്കുന്നത്. ഉത്തമനായ ഒരു രാജാവെന്ന നിലയിൽ ജനങ്ങളുടെ നിർബന്ധത്തിന് വഴങ്ങി, ജീവനുതുല്യം സ്നേഹിച്ച സീതാദേവിയെ ഉപേക്ഷിക്കേണ്ടി വരുന്ന ശ്രീരാമൻ്റെ മാനസിക വിങ്ങലുകളും അതനുബന്ധിച്ചുണ്ടാകുന്ന വൈകാരിക സംഭവവികാസങ്ങളുമാണ് ഈ കൃതിയുടെ അന്തസ്സത്ത.
1971 – ൽ പ്രസിദ്ധീകരിച്ച, ഹിന്ദുനിയമ പരിഷ്കാരം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
1971 – ഹിന്ദുനിയമ പരിഷ്കാരം
പഴയ ആചാരങ്ങളെയും നിയമങ്ങളെയും പൊളിച്ചെഴുതിക്കൊണ്ട് സമൂഹത്തിൽ വലിയൊരു മാറ്റത്തിന് വഴിയൊരുക്കിയ നിയമപരിഷ്കാരമാണ് ഹിന്ദു കോഡ്. പഴയ നിയമങ്ങളിൽ പുരുഷന്മാർക്കുണ്ടായിരുന്ന മേധാവിത്വം അവസാനിപ്പിച്ച് സ്ത്രീക്കും പുരുഷനും തുല്യാവകാശങ്ങൾ ഉറപ്പാക്കിയ ഈ പരിഷ്കാരം, വിൽപത്രമില്ലാതെ മരിക്കുന്നവരുടെ സ്വത്ത് അകന്ന ബന്ധുക്കൾക്ക് പകരം അടുത്ത ശേഷക്കാർക്ക് ലഭിക്കാനും, വൈവാഹിക ജീവിതത്തിൽ ഇരുവർക്കും തുല്യതയും വിവാഹമോചനത്തിനുള്ള സ്വാതന്ത്ര്യവും നൽകാനും സഹായിച്ചു. ഇതിനോടൊപ്പം തന്നെ, എല്ലാ സമുദായങ്ങൾക്കും ബാധകമായ രീതിയിൽ 1961-ൽ പ്രാബല്യത്തിൽ വന്ന സ്ത്രീധന നിരോധന നിയമം വഴി വിവാഹത്തിന് പ്രതിഫലമായി പണമോ സ്വത്തോ ചോദിച്ചുവാങ്ങുന്ന അനാചാരം പൂർണ്ണമായും നിരോധിച്ചു. ചുരുക്കത്തിൽ, പഴയ അനിശ്ചിതത്വങ്ങളും കുഴപ്പങ്ങളും പരിഹരിച്ച് നിയമത്തെ കൂടുതൽ ലളിതവും വ്യക്തവും ആധുനിക കാലത്തിന് അനുയോജ്യവുമാക്കി മാറ്റാൻ ഈ വിപ്ലവകരമായ പരിഷ്കാരങ്ങൾക്ക് കഴിഞ്ഞു.
1937 – ൽ പ്രസിദ്ധീകരിച്ച, ശ്രീമഹാഭാരതം ഭീഷ്മപർവ്വം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
1937 – ശ്രീമഹാഭാരതം – ഭീഷ്മപർവ്വം
1937-ൽ പ്രസിദ്ധീകരിച്ച ഈ ഗ്രന്ഥം, തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛൻ്റെ ശ്രീമഹാഭാരതം കിളിപ്പാട്ടിലെ ഭീഷ്മപർവ്വവും അതിൻ്റെ സമഗ്രമായ സാഹിത്യപഠനവുമാണ്. കുരുക്ഷേത്രയുദ്ധത്തിലെ ആദ്യ പത്തുദിവസങ്ങളിൽ ഭീഷ്മപിതാമഹൻ കാഴ്ചവെച്ച യുദ്ധവീര്യവും, അർജ്ജുനൻ്റെ വിഷാദയോഗവും അതിനെത്തുടർന്ന് ഭഗവാൻ ശ്രീകൃഷ്ണൻ നൽകിയ ഗീതോപദേശവും, ഒടുവിൽ ഭീഷ്മർ ശരശയ്യയിലാകുന്നതുവരെയുള്ള കഥാസന്ദർഭങ്ങളുമാണ് ഈ കൃതിയുടെ പ്രമേയം. കാവ്യത്തിലെ അപൂർവ്വവും പ്രാചീനവുമായ പദപ്രയോഗങ്ങൾ എളുപ്പത്തിൽ മനസ്സിലാക്കാൻ സഹായിക്കുന്ന വിശദമായ കുറിപ്പുകളും വ്യാഖ്യാനങ്ങളും ഈ ഗ്രന്ഥത്തിൻ്റെ സവിശേഷതയാണ്.
1928, 1929വർഷങ്ങളില്‍ പ്രസിദ്ധീകരിച്ച അരുണോദയം മാസികയുടെ ലഭ്യമായ 12 ലക്കങ്ങളുടെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
മലയാള സാഹിത്യത്തിലും പത്രപ്രവർത്തന ചരിത്രത്തിലും തനതായ വ്യക്തിമുദ്ര പതിപ്പിച്ച പ്രസിദ്ധീകരണമാണ് അരുണോദയം മാസിക. 1927 ജൂണിൽ ഒറ്റപ്പാലത്തുനിന്നാണ് ഈ സാഹിത്യ മാസികയുടെ പ്രയാണം ആരംഭിക്കുന്നത്. പ്രമുഖ വ്യക്തിത്വമായിരുന്ന വേലൂർ ശങ്കരൻനായരുടെ ഷഷ്ടിപൂർത്തി സ്മാരകമായി അദ്ദേഹത്തിൻ്റെ മകൻ പി. നാരായണൻനായരാണ് മാസികയ്ക്ക് തുടക്കമിട്ടത്. പ്രശസ്ത സാഹിത്യകാരന്മാരായ ചേലനാട്ട് അച്യുതമേനോൻ, വിദ്വാൻ സി.എസ്. നായർ എന്നിവരായിരുന്നു ഇതിൻ്റെ പത്രാധിപന്മാർ. മഹാകവി പി. കുഞ്ഞിരാമൻനായർ എഴുതിയ അരുണോദയം എന്ന കവിതയോടെ പുറത്തിറങ്ങിയ ആദ്യലക്കം തന്നെ മലയാള സാഹിത്യലോകത്ത് വലിയ ശ്രദ്ധനേടി.
സാധാരണയായി പത്ത് ഗദ്യലേഖനങ്ങൾ, ആറു പദ്യകൃതികൾ, രണ്ട് കഥകൾ എന്നിവയായിരുന്നു ഒരു ലക്കത്തിൽ ഉൾപ്പെടുത്തിയിരുന്നത്. ഇതുകൂടാതെ വായനക്കാർക്കായി ചില സ്ഥിര പംക്തികളും മാസികയിലുണ്ടായിരുന്നു. വള്ളത്തോൾ നാരായണമേനോൻ, ഉള്ളൂർ എസ്. പരമേശ്വരയ്യർ, ആറ്റൂർ കൃഷ്ണപിഷാരോടി, പുന്നശ്ശേരി നീലകണ്ഠശർമ്മ, എ. നാരായണപ്പൊതുവാൾ തുടങ്ങിയ അക്കാലത്തെ പ്രഗത്ഭരായ സാഹിത്യനായകരുടെ കവിതകളും പഠനങ്ങളും ലേഖനങ്ങളും കൊണ്ട് അരുണോദയം സമ്പന്നമായിരുന്നു. കേവലം കഥകൾക്കും കവിതകൾക്കുമപ്പുറം ഭാഷാശാസ്ത്രം, സംസ്കൃത ഗ്രന്ഥങ്ങളുടെ പുനരാഖ്യാനം, ചരിത്രപഠനങ്ങൾ, പുസ്തക നിരൂപണങ്ങൾ എന്നിവയ്ക്കെല്ലാം മാസിക വലിയ പ്രാധാന്യം നൽകി.
1949, 1950,1951 വർഷങ്ങളില്‍ പ്രസിദ്ധീകരിച്ച സത്യദീപം വാരികയുടെ ലഭ്യമായ 104 ലക്കങ്ങളുടെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
സത്യദീപം വാരികയുടെ ഡിജിറ്റൈസ് ചെയ്ത പതിപ്പുകൾ റിലീസ് ചെയ്തു
നൂറാം വർഷത്തിലേക്ക് കടക്കുന്ന പ്രമുഖ മലയാള വാരികയായ ‘സത്യദീപത്തിൻ്റെ’ ചരിത്രതാളുകൾ ഇനി ഡിജിറ്റലായി വിരൽത്തുമ്പിൽ ലഭ്യമാകും. സത്യദീപത്തിൻ്റെ പഴയകാല പതിപ്പുകൾ പതിപ്പുകളുടെ ഔദ്യോഗിക റിലീസ് 2026 ഓഗസ്റ്റ് 08 ശനിയാഴ്ച രാത്രി 7:10-ന് കലൂർ റിന്യൂവൽ സെൻ്ററിൽ നടന്ന ചടങ്ങിൽ ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ശ്രീ. റോജി എം. ജോൺ നിർവ്വഹിച്ചു.
ഡിജിറ്റൽ ആർക്കൈവ് ഉദ്ഘാടനം
നൂറ്റാണ്ടുകളുടെ ചരിത്രമുള്ള പതിപ്പുകൾ ആധുനിക സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി ലഭ്യമാക്കുന്നത് വലിയൊരു ദൗത്യമാണെന്ന് മന്ത്രി തൻ്റെ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. ഇതിന് പിന്നിൽ പ്രവർത്തിച്ചവരുടെ തീവ്രശ്രമങ്ങളെയും ‘ഗ്രന്ഥപ്പുര’ നൽകിയ സാങ്കേതിക പിന്തുണയെയും അദ്ദേഹം പ്രത്യേകം അഭിനന്ദിച്ചു. ഈ ഡിജിറ്റൽ ശേഖരം വരുംതലമുറകൾക്കായി ശാശ്വതമായി നിലനിൽക്കുമെന്നും, വിവിധ കാലഘട്ടങ്ങളിലെ സഭയുടെയും സത്യദീപത്തിൻ്റെയും നിലപാടുകൾ കൃത്യമായി മനസ്സിലാക്കാൻ ഇത് സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചരിത്രാന്വേഷികൾക്കും ഗവേഷണ വിദ്യാർത്ഥികൾക്കും ഒരുപോലെ ഉപകാരപ്രദമായ രീതിയിലാണ് ഈ ആർക്കൈവ് സജ്ജമാക്കിയിരിക്കുന്നത്. പദ്ധതിയുടെ ആദ്യഘട്ടമായി സത്യദീപം വാരികയുടെ 1949, 1950, 1951 എന്നീ വർഷങ്ങളിലെ 104 ലക്കങ്ങൾ https://gpura.org/collections/sathyadeepam എന്ന ലിങ്ക് വഴി ഇപ്പോൾ ലഭ്യമാണ്.
സത്യദീപം: ചരിത്രവും പ്രയാണവും
സീറോ മലബാർ സഭയുടെ എറണാകുളം-അങ്കമാലി അതിരൂപതയുടെ ഔദ്യോഗിക വാരപത്രികയായ സത്യദീപം ക്രൈസ്തവ പത്രപ്രവർത്തന രംഗത്ത് വലിയ ചരിത്ര പാരമ്പര്യമുള്ള ഒരു പ്രസിദ്ധീകരണമാണ്. 1927 ജൂലൈ 3-ന് വി. തോമാശ്ലീഹായുടെ ഓർമ്മത്തിരുനാൾ ദിനത്തിലാണ് അന്നത്തെ എറണാകുളം അതിരൂപതാധ്യക്ഷൻ ആർച്ച്ബിഷപ്പ് അഗസ്റ്റിൻ കണ്ടത്തിൽ നൽകിയ കൽപ്പനയിലൂടെ വാരികയുടെ ആദ്യപ്രതി പുറത്തിറങ്ങിയത്. വാരിക ആരംഭിക്കുന്നതിനാവശ്യമായ മൂലധനം കണ്ടെത്തിയത് ഫാ. ജോസഫ് പഞ്ഞിക്കാരൻ ആയിരുന്നു. തൻ്റെ ഉടമസ്ഥതയിലുണ്ടായിരുന്ന ‘സത്യം’, ‘ദീപം’ എന്നീ ബോട്ടുകൾ വിറ്റ് അദ്ദേഹം സമാഹരിച്ച പണം ഉപയോഗിച്ച് തുടങ്ങിയതിനാലാണ് ഈ ബോട്ടുകളുടെ പേരുകൾ സമന്വയിപ്പിച്ച് ‘സത്യദീപം’ എന്ന് പേരിട്ടത്. ഫാ. ജോസഫ് പഞ്ഞിക്കാരനും പണ്ഡിതശ്രേഷ്ഠനായ ഫാ. ജേക്കബ് നടുവത്തുശ്ശേരിയും പ്രഥമ പത്രാധിപന്മാരായി ചുമതലയേറ്റപ്പോൾ, ഫാ. തോമസ് വട്ടോലി ആയിരുന്നു ആദ്യ പബ്ലിഷർ.
ആദ്യകാലങ്ങളിൽ എറണാകുളം ബ്രോഡ്‌വേയിൽ ആർച്ച്ബിഷപ്സ് ഹൗസിനോട് ചേർന്നുള്ള മാർ ലൂയിസ് പ്രസ്സിൽ ‘റോയൽ സൈസിൽ’ നാലു പേജുകളിലായാണ് വാരിക അച്ചടിച്ചിരുന്നത്. പിന്നീട്, ഇന്ത്യയുടെ പ്രഥമ സ്വാതന്ത്ര്യദിനമായ 1947 ഓഗസ്റ്റ് 15-ന് സത്യദീപത്തിൻ്റെ പരിഷ്‌കരിച്ച ടാബ്ലോയിഡ് പതിപ്പ് പുറത്തിറങ്ങി. തുടർന്ന് 1966-ൽ എറണാകുളം നോർത്തിൽ ‘വിയാനി പ്രിന്റിംഗ്സ്’ എന്ന പേരിൽ പുതിയ അച്ചടിശാല സ്ഥാപിക്കുകയും വാരികയുടെ അച്ചടി അവിടേക്ക് മാറ്റുകയും ചെയ്തു. നിലവിൽ ഫാ. മാർട്ടിൻ എടയന്ത്രത്ത് മാനേജിംഗ് ഡയറക്ടറായും ചീഫ് എഡിറ്ററായും പ്രവർത്തിക്കുന്ന സത്യദീപം, കത്തോലിക്കാ സഭയുടെയും സമൂഹത്തിന്റെയും ശക്തമായ ശബ്ദമായി ഇന്നും പ്രസിദ്ധീകരണം തുടരുന്നു.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.
1938 – ൽ പ്രസിദ്ധീകരിച്ച, പുഷ്പാഞ്ജലി എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
1938 – പുഷ്പാഞ്ജലി
പുഷ്പാഞ്ജലി എന്നത് 1930-കളിൽ ചിറയിൻകീഴ് യങ് മെൻസ് അസോസിയേഷൻ പ്രസിദ്ധീകരിച്ച, അപൂർവ്വമായ ഒരു മലയാള പ്രബന്ധസമാഹാരമാണ്. മഹാകവി ഉള്ളൂർ എസ്. പരമേശ്വരയ്യർ, വി. കണ്ണൻതമ്പി, എൻ. കുഞ്ഞുരാമൻപിള്ള, പി. അനന്തൻപിള്ള, ഡോ. എൽ.എ. രവിവർമ്മ, കോന്നിയൂർ കെ. മീനാക്ഷി അമ്മ, ഈരണിയേൽ പി.എൻ. കുഞ്ഞൻപിള്ള, കെ.പി. കരുണാകരമേനോൻ, ബി. ആനന്ദവല്ലിയമ്മ എന്നീ പ്രമുഖരായ ഒൻപത് സാഹിത്യകാരന്മാരുടെ വിജ്ഞാനപ്രദവും വിമർശനപരവുമായ ലേഖനങ്ങളാണ് ഈ ഗ്രന്ഥത്തിൽ അടങ്ങിയിരിക്കുന്നത്. അക്കാലത്തെ സാഹിത്യ ചിന്തകൾ, പ്രസാധന ശൈലി, നാണയ വ്യവസ്ഥ, അച്ചടി സംസ്കാരം എന്നിവ വ്യക്തമാക്കുന്ന ഈ കൃതി പഴയകാല തിരുവിതാംകൂറിൻ്റെ സാംസ്കാരിക പാരമ്പര്യം വിളിച്ചോതുന്ന വിലപ്പെട്ടൊരു ചരിത്രരേഖ കൂടിയാണ്.
തിരുവനന്തപുരം ജില്ലയിലെ മലയിൻകീഴ് ശ്രീകൃഷ്ണ വിലാസം ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമായത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.
1940 – ൽ പ്രസിദ്ധീകരിച്ച, വി.വി. വേലുക്കുട്ടി അരയൻ രചിച്ച ശ്രീ ചൈത്രബുദ്ധൻ അഥവാ ആത്മീയചക്രവർത്തി എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
1940 – ശ്രീ ചൈത്രബുദ്ധൻ അഥവാ ആത്മീയചക്രവർത്തി – വി.വി. വേലുക്കുട്ടി അരയൻ
കൊല്ലം ജില്ലയിലെ ആലപ്പാട്ട് ജനിച്ച പ്രശസ്ത കവിയും സാമൂഹിക പരിഷ്കർത്താവും പത്രപ്രവർത്തകനുമായിരുന്നു വി. വി. വേലുക്കുട്ടി അരയൻ. അധഃകൃത വിഭാഗങ്ങളുടെ ഉന്നമനത്തിനായി ‘സമസ്ത കേരളീയ അരയ മഹാജനയോഗം’ സ്ഥാപിച്ച അദ്ദേഹം, ‘അരയൻ’ മാസികയിലൂടെ സാമൂഹിക അനാചാരങ്ങൾക്കെതിരെ പോരാടി. ‘ശ്രീ ചൈത്രബുദ്ധൻ’ ഉൾപ്പെടെയുള്ള അദ്ദേഹത്തിൻ്റെ രചനകൾ സാമൂഹിക നവോത്ഥാനത്തിനും സമത്വത്തിനും വേണ്ടിയുള്ള ആഹ്വാനങ്ങളായിരുന്നു.
ഭാരതത്തിൽ നിലനിന്നിരുന്ന അയിത്തത്തിനും അസമത്വത്തിനുമെതിരെ ശ്രീബുദ്ധൻ, മഹാവീരൻ, അശോകൻ, ദയാനന്ദ സരസ്വതി, വിവേകാനന്ദൻ, ഗാന്ധിജി തുടങ്ങിയ മഹാത്മാക്കളിലൂടെയും വിവിധ മതങ്ങളിലൂടെയും ഉയർന്നുവന്ന നവോത്ഥാന മുന്നേറ്റങ്ങളുടെ ചരിത്രപശ്ചാത്തലത്തിലാണ് ഈ കൃതി ആരംഭിക്കുന്നത്. തുടർന്ന്, ദുരിതപൂർണ്ണമായ ഈ ജാതിവ്യവസ്ഥ അവസാനിപ്പിക്കാൻ തിരുവിതാംകൂറിൽ അവതരിച്ച ദിവ്യപുരുഷനായി ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ്മ മഹാരാജാവിനെ കവി വർണ്ണിക്കുന്നു. സനാതനധർമ്മ സംരക്ഷണത്തിനും സാമൂഹിക സമത്വത്തിനുമായി ‘ക്ഷേത്രപ്രവേശ കമ്മിറ്റി’ രൂപീകരിക്കുകയും, കൊല്ലവർഷം 1112-ൽ (1936) ചരിത്രപ്രസിദ്ധമായ ‘ക്ഷേത്രപ്രവേശനവിളംബരം’ പുറപ്പെടുവിക്കുകയും ചെയ്ത മഹാരാജാവിൻ്റെ വിപ്ലവകരമായ തീരുമാനത്തെ ഈ കൃതിയിൽ പ്രകീർത്തിക്കുന്നു. നമ്പൂതിരി മുതൽ പുലയൻ വരെയുള്ള സകല ഹൈന്ദവർക്കും ക്ഷേത്രാരാധനാ സ്വാതന്ത്ര്യം നൽകി ജാതിരാക്ഷസനെ നിഗ്രഹിച്ച തിരുവിതാംകൂർ മഹാരാജാവിനെ ‘ശ്രീ ചൈത്രബുദ്ധൻ’ എന്ന് വാഴ്ത്തിക്കൊണ്ടാണ് ഈ കാവ്യം പൂർത്തിയാകുന്നത്.
തിരുവനന്തപുരം ജില്ലയിലെ മലയിൻകീഴ് ശ്രീകൃഷ്ണ വിലാസം ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമായത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.
1949 – ൽ പ്രസിദ്ധീകരിച്ച, എ.എൻ. രാഘവൻ നായർ രചിച്ച ശ്രീമതി കമലാ നെഹ്റു എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
1949 – ശ്രീമതി കമലാ നെഹ്റു – എ.എൻ. രാഘവൻ നായർ
ഇന്ത്യയുടെ സ്വാതന്ത്ര്യസമര സേനാനിയും പ്രഥമ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹർലാൽ നെഹ്രുവിൻ്റെ ധർമ്മപത്നിയുമായ കമലാ നെഹ്റു, മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ മാതാവു കൂടിയാണ്. സ്വാതന്ത്ര്യസമര പ്രസ്ഥാനങ്ങളിൽ സജീവമായി പങ്കാളിയാവുകയും വിദേശവസ്ത്ര ബഹിഷ്കരണത്തിനും പിക്കറ്റിംഗിനും ഗ്രാമപ്രദേശങ്ങളിൽ കോൺഗ്രസ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും നേതൃത്വം നൽകുകയും ചെയ്ത വീരവനിതയായിരുന്നു അവർ.
പത്മിനി, റാണി ലക്ഷ്മിബായി തുടങ്ങിയ ഭാരതീയ വീരാംഗനമാരുടെ പാരമ്പര്യം പേറുന്ന ആധുനിക ഭാരതത്തിലെ ധീര സമരേതിഹാസമാണ് കമലാ നെഹ്റു. ധനിക കുടുംബത്തിൽ ജനിച്ചുവെങ്കിലും ലാളിത്യവും അനുകമ്പയും കൈമുതലാക്കിയ വ്യക്തിത്വമായിരുന്നു അവരുടേത്. സ്വാതന്ത്ര്യസമര കാലഘട്ടത്തിൽ മുന്നണിയിൽ നിന്ന് നേതൃത്വം നൽകിയ കമല, പ്രമുഖ നേതാക്കൾ ജയിലിലായതോടെ കോൺഗ്രസ് പ്രവർത്തകസമിതി അംഗമായി ഏകകണ്ഠമായി തിരഞ്ഞെടുക്കപ്പെട്ടു. ബോംബെയിലെ ഘോഷയാത്രയ്ക്കിടയിൽ പോലീസിൻ്റെ ക്രൂരമായ ലാത്തിച്ചാർജ്ജിൽ പരിക്കേറ്റിട്ടും അവർ സത്യാഗ്രഹികൾക്ക് വലിയ ആവേശമായി നിലകൊണ്ടു. കഠിനമായ അത്യദ്ധ്വാനം മൂലം രോഗബാധിതയാവുകയും ഡോ. ബിധാൻ ചന്ദ്രറോയിയുടെ ചികിത്സയിലായിരുന്നപ്പോഴും പൂർണ്ണ സമർപ്പണത്തോടെ അവർ രാഷ്ട്രീയത്തിൽ സജീവമായിരുന്നു. ഒടുവിൽ, ആരോഗ്യസ്ഥിതി വഷളായതിനെത്തുടർന്ന് ചികിത്സയ്ക്കായി സ്വിറ്റ്‌സർലണ്ടിലേക്ക് കൊണ്ടുപോവുകയും 1936 ഫെബ്രുവരി 28-ന് ലുസാനിൽ വെച്ച് അവർ അന്തരിക്കുകയും ചെയ്തു.
തിരുവനന്തപുരം ജില്ലയിലെ മലയിൻകീഴ് ശ്രീകൃഷ്ണ വിലാസം ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമായത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.
പേര്: ശ്രീമതി കമലാ നെഹ്റു
രചന: എ.എൻ. രാഘവൻ നായർ
പ്രസിദ്ധീകരണ വർഷം: 1949
അച്ചടി: സരസ്വതി പ്രിൻ്റിംഗ് & പബ്ലിഷിംഗ് ഹൗസ്, തൃശൂർ
1953 – ൽ പ്രസിദ്ധീകരിച്ച, ആർ. നാരായണപ്പണിക്കർ രചിച്ച ചരിത്രകഥകൾ – 3-ാം ക്ലാസിലേയ്ക്ക് എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
1953 – ചരിത്രകഥകൾ – 3-ാം ക്ലാസിലേയ്ക്ക് – ആർ. നാരായണപ്പണിക്കർ
1953 – ൽ ആർ. നാരായണപ്പണിക്കർ രചിച്ച ചരിത്രകഥകൾ എന്ന പുസ്തകം കൊച്ചുകുട്ടികളിൽ ചരിത്രാവബോധവും ധാർമ്മിക മൂല്യങ്ങളും വളർത്തിയെടുക്കാൻ ലക്ഷ്യമിട്ടുള്ള പാഠപുസ്തകമാണ്. കുട്ടികളുടെ വായനാരസവും രാജ്യസ്നേഹവും തൊട്ടുണർത്തുന്ന ലളിതമായ കഥാകഥന ശൈലിയാണ് ഇതിൽ സ്വീകരിച്ചിരിക്കുന്നത്. കേരളത്തിൻ്റെ ഉത്പത്തിയുമായി ബന്ധപ്പെട്ട പരശുരാമൻ, മാവേലി തുടങ്ങിയ ഐതിഹ്യങ്ങളിൽ തുടങ്ങി സെൻ്റ് തോമസ്, ശ്രീ ശങ്കരാചാര്യർ, ചേരമാൻ പെരുമാൾ എന്നിവരുടെ ജീവചരിത്രത്തിലൂടെ നാടിൻ്റെ പ്രാചീന സംസ്കാരത്തെ മനോഹരമായി ഈ പുസ്തകം പരിചയപ്പെടുത്തുന്നു.
കൂടാതെ വാസ്കോ ഡി ഗാമ, ബാബർ, ചാന്ദ് ബീവി, തച്ചോളി ഒതേനൻ തുടങ്ങിയവരുടെ ചരിത്ര കഥകളിലൂടെ മധ്യകാല ഭാരതീയ-കേരള ചരിത്രത്തിൻ്റെ പ്രധാന ഏടുകളിലേക്ക് പുസ്തകം വെളിച്ചം വീശുന്നു. ഈശ്വരചന്ദ്ര വിദ്യാസാഗർ, ശ്രീ നാരായണഗുരു തുടങ്ങിയ പ്രമുഖരുടെ ജീവിതസന്ദേശങ്ങളിലൂടെ സാമൂഹിക പരിഷ്കരണ ആശയങ്ങളെ വളരെ ലളിതമായി കൊച്ചുമനസ്സുകളിലേക്ക് എത്തിക്കാനും ഇതിലൂടെ സാധിക്കുന്നു. നാടിൻ്റെ ചരിത്രവും ദേശീയ പ്രാധാന്യമുള്ള സംഭവങ്ങളും ഒരുപോലെ സമന്വയിപ്പിച്ചുകൊണ്ട് ധീരത, സമത്വം, ജീവകാരുണ്യം തുടങ്ങിയ നന്മകൾ കൊച്ചുമനസ്സുകളിൽ നട്ടുപിടിപ്പിക്കാൻ ഈ പുസ്തകം ഏറെ ഉപകരിക്കുന്നു.
1951 – ൽ പ്രസിദ്ധീകരിച്ച, കാലകേയവധം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
1951 – കാലകേയവധം
ഡി. പത്മനാഭനുണ്ണി വ്യാഖ്യാനം നിർവ്വഹിച്ച കാലകേയവധം എന്ന പ്രശസ്തമായ ആട്ടക്കഥ കോട്ടയത്തു തമ്പുരാനാണ് രചിച്ചത്. വനവാസകാലത്ത് തപസ്സുചെയ്ത് പാശുപതാസ്ത്രം നേടിയ അർജ്ജുനനെ ഇന്ദ്രൻ മാതലി വഴി ദേവലോകത്തേക്ക് ക്ഷണിക്കുന്നു. അവിടെയെത്തിയ അർജ്ജുനൻ വജ്രകേതു, വജ്രബാഹു എന്നീ അസുരന്മാരിൽ നിന്ന് ഉർവ്വശി ഉൾപ്പെടെയുള്ള ദേവസ്ത്രീകളെ മോചിപ്പിക്കുന്നു. തുടർന്ന് അർജ്ജുനനോട് പ്രണയം അഭ്യർത്ഥിച്ച ഉർവ്വശിയെ മാതൃസ്ഥാനീയയായി കണ്ട് അർജ്ജുനൻ നിരസിക്കുമ്പോൾ, കോപിതയായ ഉർവ്വശി അവനെ നപുംസകമാകട്ടെ എന്ന് ശപിക്കുന്നു. എന്നാൽ ഈ ശാപം വരാനിരിക്കുന്ന അജ്ഞാതവാസകാലത്ത് ഉപകരിക്കുമെന്ന് ഇന്ദ്രൻ അർജ്ജുനനെ ആശ്വസിപ്പിക്കുന്നു. പിന്നീട് ഇന്ദ്രൻ്റെ ആവശ്യപ്രകാരം അർജ്ജുനൻ സമുദ്രതീരത്തുചെന്ന് നിവാതകവചനെ വധിക്കുന്നു. ഇതിന് പ്രതികാരമായി എത്തിയ കാലകേയൻ അർജ്ജുനനെ അസ്ത്രമെയ്ത് മയക്കുന്നുവെങ്കിലും, ശിവൻ അയച്ച നന്ദികേശ്വരൻ്റെ സഹായത്തോടെ അർജ്ജുനൻ ഉണരുന്നു. തുടർന്ന് കാലകേയനുമായുള്ള അന്തിമ യുദ്ധത്തിന് ഒരുങ്ങുന്ന പോർവിളികളോടെ കഥ അവസാനിക്കുന്നു. വീരരസവും മനോഹരമായ ഭാഷയും കൊണ്ട് കഥകളിരംഗത്ത് ഏറെ പ്രശസ്തമാണ് ഈ കൃതി.