ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതി

കേരളരേഖകളുടെ ഡിജിറ്റൈസേഷൻ പദ്ധതി ഒരു  രജിസ്റ്റേഡ് നോൺ-പ്രോഫിറ്റ് സംഘടനയായി മാറിയതിൻ്റെ ഏറ്റവും പ്രധാനഗുണം ഇനി നിയമപരമായി തന്നെ സ്ഥാപനങ്ങളുമായും വ്യക്തികളുമായും ഒക്കെ കരാറിൽ ഏർപ്പെട്ട് ഔദ്യോഗിക പദ്ധതികൾ ആരംഭിക്കാം എന്നതാണ്. അങ്ങനെയുള്ള സവിശേഷ പദ്ധതികളിലൂടെ ഡിജിറ്റൈസേഷൻ പ്രവർത്തനം സ്കേൽ അപ്പ് ചെയ്യുക എന്നത് കൂടാണ് ഇൻഡിക്ക് ഡിജിറ്റൽ ആർക്കൈവ് ഫൗണ്ടെഷൻ രൂപീകരിച്ചതിൻ്റെ പ്രധാന ഉദ്ദേശങ്ങളിൽ ഒന്ന്.  ഫൗണ്ടേഷൻ്റെ കീഴിൽ കേരളരേഖകളുടെ ഡിജിറ്റൈസേഷനിൽ സവിശേഷ ശ്രദ്ധയുള്ള ഗ്രന്ഥപ്പുരയുടെ ഭാഗമായുള്ള  ആദ്യത്തെ സുപ്രധാനപദ്ധതി 2022 ഒക്ടോബർ 30ന്  ബാംഗ്ലൂർ ക്രൈസ്റ്റ് യൂണിവെഴ്സിറ്റിയിൽ വെച്ച് നടന്ന ഇൻഡിക് ഡിജിറ്റൽ ആർക്കൈവ് ഫൗണ്ടെഷൻ്റെ ഉദ്ഘാടന പരിപാടിയിൽ വെച്ച് അനൗൺസ് ചെയ്തു.

ഇൻഡിക്ക് ഡിജിറ്റൽ ആർക്കൈവ് ഫൗണ്ടേഷൻ - ഗ്രന്ഥപ്പുര
ഇൻഡിക്ക് ഡിജിറ്റൽ ആർക്കൈവ് ഫൗണ്ടേഷൻ – ഗ്രന്ഥപ്പുര

ബാംഗ്ലൂരിൽ, വൈദികവിദ്യാർത്ഥികളുടെ പരിശീലന സ്ഥാപനമായ ധർമ്മാരാം കോളേജിലെ കേരളരേഖകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതി ആണ് ഉദ്ഘാടന പരിപാടിയിൽ വെച്ച് അനൗൺസ് ചെയ്തത്. ധർമ്മാരാം കോളേജ് ഗ്രന്ഥപ്പുര ഡിജിറ്റൈസെഷൻ പദ്ധതിയുമായി ആദ്യകാലം മുതലെ സഹകരിക്കുന്ന ഒരു സ്ഥാപനമാണ്. 2013ൽ, അച്ചടിച്ച ആദ്യത്തെ സമ്പൂർണ്ണമലയാളപുസ്തകമായ  സംക്ഷെപവെദാർത്ഥം അവിടെ നിന്നാണ് ഡിജിറ്റൈസ് ചെയ്ത് പുറത്ത് വന്നത്. അന്ന് അത് റിലീസ് ചെയ്തപ്പോൾ എഴുതിയ പോസ്റ്റ് ഇവിടെ കാണാം. https://shijualex.in/sampkshepavedartham-1772/

സീറോ-മലബാർ കത്തോലിക്ക സഭയിലെ പ്രധാനപ്പെട്ട സന്ന്യാസ സമൂഹമായ CMI (Carmelites of Mary Immaculate) സഭയുടെ മേജർ സെമിനാരി ആണ് ധർമ്മാരാം കോളേജ് ചങ്ങനാശ്ശേരിക്ക് അടുത്തുള്ള ചെത്തിപ്പുഴയിൽ ഉണ്ടായിരുന്ന ഈ സെമിനാരി 1957ലാണ് ബാംഗ്ലൂരിലേക്ക് പറിച്ചു നടപ്പെട്ടത്. കേരളത്തിനകത്തും പുറത്തും വിദ്യാഭ്യാസ മേഖലയിൽ CMI സഭയിലെ അച്ചന്മാർ നൽകുന്ന സേവനം പ്രശസ്തമാണല്ലോ. ആ അച്ചന്മാരെ പരിശീലിപ്പിക്കുന്ന പ്രധാന സെമിനാരികളിൽ ഒന്നാണ് ബാംഗ്ലൂരിലുള്ള ധർമ്മാരാം കോളേജ്. അവിടെ പഠിക്കുന്നവർക്ക് ഉപയോഗിക്കാനുള്ളതാണ് നിരവധി പൗരാണിക രേഖകൾ ഉൾക്കൊള്ളുന്ന ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറി (Cardinal Tisserant Library).  

 

ധർമ്മാരം കോളേജ്
ധർമ്മാരം കോളേജ്

ധർമ്മാരം കോളേജ് ലൈബ്രറിയിലെ പതിനായിരക്കണക്കിന് പുസ്തകങ്ങളിൽ നിന്ന് കേരളവുമായി ബന്ധപ്പെട്ട തിരഞ്ഞെടുത്ത അച്ചടി പുസ്തകങ്ങളും കൈയെഴുത്ത് രേഖകളും ആണ് ഡിജിറ്റൈസ് ചെയ്യാൻ തീരുമാനിച്ചിരിക്കുന്നത്. രേഖകളുടെ വിശദാംശങ്ങളും അതിൻ്റെ പ്രത്യേകതകളും ഒക്കെ രേഖകൾ ഡിജിറ്റൈസ് ചെയ്ത് പുറത്ത് വരുമ്പോൾ മാത്രമേ വ്യക്തമാവുകയുള്ളൂ.

ധർമ്മാരാം കൊളേജ് ലൈബ്രറിയിലെ തിരഞ്ഞെടുത്ത രേഖകൾ ഡിജിറ്റൈസ് ചെയ്യാനുള്ള പദ്ധതി  ബാംഗ്ലൂർ ധർമ്മാരാം കോളേജ്  ലൈബ്രറേറിയൻ ഫാദർ ജോബി കൊച്ചുമുട്ടം 2022 ഒക്ടോബർ 30ന് ഔദ്യോഗികമായി പ്രഖ്യാപിച്ചു. അതിൻ്റെ ഭാഗമായി, ഡിജിറ്റൈസെഷൻ പദ്ധതിയുടെ സമ്മതപത്രം ഫൗണ്ടെഷൻ പ്രതിനിധിക്ക് ഔദ്യോഗികമായി കൈമാറി. 

ഫാദർ ജോബി കൊച്ചുമുട്ടം സമ്മതപത്രം ഫൗണ്ടേഷൻ പ്രതിനിധിയായ ഷിജു അലക്സിനു കൈമാറുന്നു
ഫാദർ ജോബി കൊച്ചുമുട്ടം, സമ്മതപത്രം ഫൗണ്ടേഷൻ പ്രതിനിധിക്ക് കൈമാറുന്നു

തുടർന്ന്, ധർമ്മാരാം കോളേജിലെ ഫാദർ ഫ്രാൻസിസ് തോണിപ്പാറ ലൈബ്രറിയിലെ പുസ്തക ശേഖരത്തെ പറ്റി സംസാരിക്കുകയും, ധർമ്മാരാം പദ്ധതി ആരംഭിക്കുന്നതിൻ്റെ പ്രതീകമായി ഉദയംപേരൂർ സുനഹദൊസിൻ്റെ കാനൊനകളുടെ പ്രധാനപ്പെട്ട ഒരു കൈയെഴുത്ത് പ്രതി ഡിജിറ്റൈസേഷനായി ഫൗണ്ടേഷൻ പ്രതിനിധിക്ക് ഔദ്യോഗികമായി കൈമാറുകയും ചെയ്തു. 

ഫാദർ ഫ്രാൻസിസ് തോണിപ്പാറ ഉദയംപേരൂർ സുനഹദൊസിൻ്റെ കാനൊനകളുടെ കൈയെഴുത്ത് പ്രതി ഫൗണ്ടേഷൻ പ്രതിനിധിയായ ഷിജു അലക്സിനു ഡിജിറ്റൈസേഷനായി കൈമാറുന്നു
ഫാദർ ഫ്രാൻസിസ് തോണിപ്പാറ ഉദയംപേരൂർ സുനഹദൊസിൻ്റെ കാനൊനകളുടെ കൈയെഴുത്ത് പ്രതി ഫൗണ്ടേഷൻ പ്രതിനിധിക്ക് ഡിജിറ്റൈസേഷനായി കൈമാറുന്നു

ഫാദർ ജോബി കൊച്ചുമുട്ടത്തിൻ്റെ അനൗൻസ്മെൻ്റും  ഫാദർ ഫ്രാൻസിസ് തോണിപ്പാറയുടെ പ്രസ്താവനയും ഈ വീഡിയോയിൽ കാണാം. https://www.youtube.com/watch?v=idUPRUsOA54&t=4032s

ഇനിയുള്ള കുറച്ചു മാസങ്ങൾ ധർമ്മാരാം കൊളേജിൽ നിന്നുള്ള ധാരാളം കേരളരേഖകൾ നമുക്ക് പ്രതീക്ഷിച്ച് തുടങ്ങാം. ഡിസംബർ ആദ്യവാരം തൊട്ട് ധർമ്മാരാം കൊളേജ് ലൈബ്രറി സ്കാനുകളുടെ റിലിസ് തുടങ്ങാൻ കഴിയും എന്നാണ് ഇപ്പൊഴത്തെ പ്രതീക്ഷ.

4 thoughts on “ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതി”

  1. ആശംസകൾ നേരുന്നു. കൊല്ലത്തു നിന്നും ഇതിനായി വന്ന്‌ ചടങ്ങിൽ ആദ്യാവസാനം പങ്കെടുക്കാൻ സാധിച്ചത് ജീവിതത്തിലെ സൗഭാഗ്യങ്ങളിൽ ഒന്നായി കരുതുന്നു

    1. കൊല്ലത്ത് നിന്ന് ഇതിനായി വന്നു എന്നൊക്കെ അറിഞ്ഞത് ഒത്തിരി അത്ഭുതമുളവാക്കി. പരിചയപ്പെടാൻ കഴിഞ്ഞതിൽ വളരെ സന്തോഷം.

  2. ഓർത്തഡോക്സ് യാക്കോബായ ആംഗ്ലിക്കൻ സഭാസംബദ്ധമായി നൂറുകണക്കിന് പുസ്തകങ്ങളും മാസികകളും ഗ്രന്ഥപ്പുരയിൽ ഉണ്ടെങ്കിലും കത്തോലിക്കാ സംബന്ധമായ ചരിത്രപുസ്തകങ്ങളും ആദ്യകാല മാസികകളും ഒന്നും തന്നെയില്ല. ഈ കുറവ് പരിഹരിക്കപ്പെടുമെന്നു കരുതുന്നു. Great Initiative. ഈ CMI ക്കാരുടെ തന്നെ മാന്നാനം ആശ്രമത്തിലും അനേകം പഴയ ഗ്രന്ഥങ്ങളും രേഖകളും സൂക്ഷിച്ചിട്ടുണ്ട്. എല്ലാ ഭാവുകങ്ങളും!

    1. “ഓർത്തഡോക്സ് യാക്കോബായ ആംഗ്ലിക്കൻ സഭാസംബദ്ധമായി നൂറുകണക്കിന് പുസ്തകങ്ങളും മാസികകളും” ഒക്കെ പുറത്ത് വന്നത്, അതൊക്കെ വിദേശസർവ്വകലാശാലകളിൽ എത്തിയത് കൊണ്ടും പിന്നെ വിരലെണ്ണവുന്ന വ്യക്തികൾ ഡിജിറ്റൈസെഷനു വേണ്ടി രേഖകൾ നൽകി സഹകരിച്ചതും കൊണ്ടാണ്. അല്ലാതെ പ്രസ്തുത സഭകൾ പദ്ധതിയിൽ സഹകരിച്ചത് കൊണ്ടല്ല.

      ധർമ്മാരാം പദ്ധതിയുടെ വ്യത്യാസം സഭതന്നെ ഔദ്യോഗികമായി ഡിജിറ്റൈസേഷനിൽ അതിൻ്റെ ചരിത്രപ്രാധാന്യം മനസ്സിലാക്കി സഹകരിക്കുന്നു എന്നതാണ്. (സഭാ സംബന്ധമായ രേഖകൾ മാത്രമല്ല ആർക്കൈവിൽ ഉള്ളതെന്ന് ധർമ്മാരാം ലൈബ്രറിയിലെ രെഖകൾ പുറത്ത് വന്നു തുടങ്ങുമ്പോൾ മനസ്സിലാകും)

Leave a Reply

Your email address will not be published. Required fields are marked *