ഡോ. സ്കറിയാ സക്കറിയുടെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതി ആരംഭിക്കുന്നു

ഗവേഷകൻ, ഭാഷാ ശാസ്ത്രജ്ഞൻ, മലയാളം അദ്ധ്യാപകൻ, എഡിറ്റർ, ഗ്രന്ഥകർത്താവ്, എന്നിങ്ങനെ വ്യത്യസ്തനിലകളിൽ പ്രസിദ്ധനായിരുന്നു ഡോ സ്കറിയ സക്കറിയ. ട്യൂബിങ്ങൺ സർവ്വകലാശാലയിൽ ഗുണ്ടർട്ടിന്റെ ഗ്രന്ഥശേഖരം കണ്ടെത്തുന്നതിൽ അദ്ദേഹം പ്രധാനപങ്ക് വഹിച്ചിരുന്നു. ഗുണ്ടർട്ട് ശേഖരത്തിലെ പ്രമുഖമായ പലകൃതികളും അദ്ദേഹവും മറ്റു ഗവേഷകരും ചേർന്ന് പഠനങ്ങളോടെ പ്രസിദ്ധീകരിക്കുകയും ചെയ്തു. ഇങ്ങനെ വ്യത്യസ്തനിലകളിൽ വിധത്തിൽ മൗലികസംഭാവനകൾ നൽകിയ അദ്ദേഹം 2022 ഒക്ടോബർ 18ന് അന്തരിച്ചു. അദ്ദേഹത്തെ പറ്റിയുള്ള കൂടുതൽ വിവരങ്ങൾക്ക് ഇവിടെ നോക്കുക.

സ്കറിയ സക്കറിയ
സ്കറിയ സക്കറിയ

 

കേരളരേഖകളുടെ ഡിജിറ്റൈസേഷൻ പ്രവർത്തനത്തിൽ അദ്ദേഹത്തിനു പ്രത്യേകതാല്പര്യമുണ്ടായിരുന്നു. ചില പുസ്തകങ്ങൾ അദ്ദേഹം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയിട്ടും ഉണ്ട്. കേരള അക്കാദമിക്ക് സർക്കിളിൽ നിന്ന് ഡിജിറ്റൈസേഷൻ പ്രവർത്തനത്തെ ശ്ലാഘിച്ച് ആദ്യമായി എഴുതിയത് അദ്ദേഹമാണ്.  മാത്രമല്ല, ഇതിൻ്റെ പ്രാധാന്യത്തെ പറ്റി  അദ്ദേഹം പലയിടങ്ങളിൽ പ്രസംഗിക്കുകയും ചെയ്തു.

2022 ഒക്ടോബർ 30ന് ബാംഗ്ലൂർ ക്രൈസ്റ്റ് യൂണിവെഴ്സിറ്റിയിൽ വെച്ച് നടന്ന ഇൻഡിക് ഡിജിറ്റൽ ആർക്കൈവ് ഫൗണ്ടെഷൻ്റെ ഉദ്ഘാടന പരിപാടിയിൽ വെച്ച്  ഡോ. സ്കറിയാ സക്കറിയുടെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന ഒരു പദ്ധതിയെ പറ്റി അറിയിപ്പ് ഉണ്ടായി. ഡോ. സ്കറിയ സക്കറിയയുടെ ഗ്രന്ഥശേഖരത്തിലെ ഏഴായിരത്തിലധികം പുസ്തകങ്ങൾ പൊതുജനങ്ങൾക്ക് ഉപകാരപ്രദമാകുംവിധം ഒരു ആർക്കൈവ് ആക്കുവാനുള്ള പദ്ധതി അദ്ദേഹത്തിന്റെ സഹപ്രവർത്തകരും വിദ്യാർത്ഥികളും കുടുംബാഗങ്ങളും കൂടി ആസൂത്രണം ചെയ്തുവരുന്നുണ്ട്. അതിനു പുറമെ ഇൻഡിക് ഡിജിറ്റൽ ആർക്കൈവ് ഫൗണ്ടേഷൻ വഴിയായി ഡോ. സ്കറിയ സക്കറിയയുടെ രചനകൾ ഡിജിറ്റൈസ് ചെയ്യാനുള്ള പദ്ധതി ഡോ. സ്കറിയ സക്കറിയയുടെ മകനും നാഷണൽ ലോ സ്കൂൾ ഓഫ് ഇന്ത്യാ യൂണിവേഴ്സിറ്റിയിലെ അസ്സോസിയേറ്റ് പ്രൊഫെസ്സറും കൂടിയായ ഡോക്ടർ അരുൾ സ്കറിയ വെളിപ്പെടുത്തി. അതിൻ്റെ ഭാഗമായി ഡോ. സ്കറിയ സക്കറിയയുടെ തീസിസ്, അരുൾ ഡിജിറ്റൈസേഷനായി ഫൗണ്ടേഷൻ പ്രതിനിധിക്ക് കൈമാറി. അതിനെ പറ്റിയുള്ള വീഡിയോ ഇവിടെ കാണാം.

ഡോ: സ്കറിയ സക്കറിയയുടെ തീസിസ് ഡിജിറ്റൈസേഷനായി ഫൗണ്ടേഷൻ പ്രതിനിധിക്ക് കൈമാറുന്നു.
ഡോ: സ്കറിയ സക്കറിയയുടെ തീസിസ് ഡിജിറ്റൈസേഷനായി ഫൗണ്ടേഷൻ പ്രതിനിധിക്ക് കൈമാറുന്നു.

ഡോ. സ്കറിയ സക്കറിയ രചിച്ച എല്ലാ പുസ്തകങ്ങളും, വിവിധ മാസികകളും മറ്റുമായി എഴുതിയ ലേഖനങ്ങളുമടക്കം, എല്ലാതരം രചനകളും ഡിജിറ്റൈസ് ചെയ്ത് പൊതുവിടത്തിലേക്ക് കൊണ്ടുവരാനുള്ള പദ്ധതി ആയിരിക്കും ഡോ. സ്കറിയാ സക്കറിയുടെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതി.

(ഇൻഡിക് ഡിജിറ്റൽ ആർക്കൈവ് ഫൗണ്ടെഷൻ പ്രവർത്തനം ആരംഭിച്ചതിനു ശേഷം അനൗൺസ് ചെയ്യപ്പെടുന്ന രണ്ടാമത്തെ പ്രധാന പദ്ധതി ആണ് ഡോ. സ്കറിയാ സക്കറിയുടെ രചനകളുടെ ഡിജിറ്റൈസെഷൻ. ഇതിനു മുൻപ് ഉൽഘാടനപരിപാടിയിൽ വെച്ച് തന്നെ ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ കേരള രെഖകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതി അനൗൺസ് ചെയ്തിരുന്നു. അതിനെ പറ്റിയുള്ള വിവരം ഇവിടെ കാണാം.)

One thought on “ഡോ. സ്കറിയാ സക്കറിയുടെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതി ആരംഭിക്കുന്നു”

  1. വളരെ നല്ല ഉദ്യമം. സ്കറിയാ സക്കറിയയെക്കുറിച്ച് അനേകം ആർട്ടിക്കിളുകൾ ഇതിനകം വിവിധ വാരികകളിൽവന്നിട്ടുണ്ട്. അത് ആ മഹാ പ്രതിഭയുടെ ജ്ഞാനശേഖരത്തിലേക്ക് വെളിച്ചംവീശുന്ന തരത്തിലുള്ളതായിരുന്നു. അഭിനന്ദനങ്ങൾ

Leave a Reply

Your email address will not be published. Required fields are marked *