1804 – ൽ പ്രസിദ്ധീകരിച്ച, പൗളിനോസ് പാതിരി രചിച്ച ലത്തീൻ ഭാഷയിലുള്ള പുസ്തകമായ Vyacarana seu Locupletissima Samscrdamicae Linguae Institutio (വ്യാകരണം അഥവാ സംസ്കൃതഭാഷയുടെ സമഗ്രപരിചയം) ൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

പൗളിനോസ് പാതിരി 1804-ൽ റോമിൽ പ്രസിദ്ധീകരിച്ച ‘Vyacarana seu Locupletissima Samscrdamicae Linguae Institutio’ (വ്യാകരണം അഥവാ സംസ്കൃതഭാഷയുടെ സമഗ്രപരിചയം) എന്ന ഗ്രന്ഥം യൂറോപ്പിലെ ആദ്യകാല സംസ്കൃതപഠനത്തിന് വലിയ സംഭാവനകൾ നൽകിയ ഒന്നാണ്. 1790-ൽ അദ്ദേഹം തന്നെ പ്രസിദ്ധീകരിച്ച ‘സിദ്ധരൂപം’ എന്ന വ്യാകരണ ഗ്രന്ഥത്തിൻ്റെ വിപുലീകരിച്ച പതിപ്പാണിത്.
യൂറോപ്പിലെ ആദ്യകാല ഇൻഡോളജി പണ്ഡിതനും കാർമലൈറ്റ് സന്യാസിയുമായിരുന്ന പൗളിനോസ് പാതിരി, കേരളത്തിൽ താമസിച്ചാണ് മലയാളവും സംസ്കൃതവും അഭ്യസിച്ചത്. ലത്തീൻ ഭാഷയിൽ എഴുതപ്പെട്ട ഈ പുസ്തകത്തിൻ്റെ വലിയൊരു സവിശേഷത, ഇതിലെ സംസ്കൃത ഉദാഹരണങ്ങൾ മലയാളലിപിയിലാണ് അച്ചടിച്ചിരിക്കുന്നത്. കൂടാതെ, മലയാളത്തിലെ ആദ്യ അച്ചടിപുസ്തകമായ ‘സംക്ഷേപവേദാർത്ഥം’ അച്ചടിക്കാൻ റോമിൽ നിർമ്മിച്ച അതേ മലയാളം അച്ചുകളാണ് ഈ ഗ്രന്ഥത്തിലും ഉപയോഗിച്ചിരിക്കുന്നത്. ചുരുക്കത്തിൽ, ഒരു യൂറോപ്യൻ പണ്ഡിതൻ്റെ ലത്തീൻ രചനയും, മലയാളലിപിയിലെ സംസ്കൃതവും, ആദ്യകാല മലയാള അച്ചടിയുടെ സാങ്കേതികചരിത്രവും ഒരേസമയം സംഗമിക്കുന്ന ഈ ഗ്രന്ഥം കേരളത്തിൻ്റെ സാംസ്കാരിക-അച്ചടി പൈതൃകത്തിലെ വിലപ്പെട്ടൊരു ചരിത്രസാക്ഷ്യമാണ്.
ഈ സവിശേഷപുസ്തകം ഗ്രന്ഥപ്പുരയിലെത്തിയ വഴിയും ശ്രദ്ധേയമാണ്. അപൂർവഗ്രന്ഥങ്ങൾ കണ്ടെത്തുന്നതിനായി വായനവാരത്തോട് അനുബന്ധിച്ച് മാതൃഭൂമി ആഴ്ചപ്പതിപ്പിൽ, ആഴ്ചപതിപ്പ് തന്നെ മുൻകൈ എടുത്ത് നൽകിയ ഗ്രന്ഥപ്പുര പദ്ധതിയെ പറ്റി നൽകിയ ആഹ്വാനം ശ്രദ്ധയിൽപ്പെട്ട എഴുത്തുകാരനായ ശ്രീ വർഗീസ് അങ്കമാലി ഈ പുസ്തകം ഡിജിറ്റൈസേഷനായി ഗ്രന്ഥപ്പുരയ്ക്ക് കൈമാറുകയായിരുന്നു. തുടർന്ന് എറണാകുളം ഡിജിറ്റൈസേഷൻ കേന്ദ്രത്തിൽ ഗ്രന്ഥം ഡിജിറ്റൈസ് ചെയ്തു. കാലപ്പഴക്കം കൊണ്ട് സംഭവിച്ച ചിലകേടുപാടുകൾ ഉണ്ടെങ്കിലും മിക്കവാറും ഉള്ളടക്കം ഒക്കെ ലഭ്യമായ ഒരു കോപ്പിയാണ് നമുക്ക് ഡിജിറ്റൈസേഷനായി ലഭ്യമായത്. ഈ പുസ്തകം ഇത്രനാൾ സൂക്ഷിച്ചു വെക്കുകയും ഇപ്പോൾ ഡിജിറ്റൈസേഷനു ലഭ്യമാക്കുകയും ചെയ്ത വർഗീസ് അങ്കമാലിക്ക് പ്രത്യേക നന്ദി.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.
- പേര്: വ്യാകരണം അഥവാ സംസ്കൃതഭാഷയുടെ സമഗ്രപരിചയം
- രചന: പൗളിനോസ് പാതിരി
- പ്രസിദ്ധീകരണ വർഷം: 1804
- താളുകളുടെ എണ്ണം: 368
- അച്ചടി: Sacred Congregation for the Propagation of the Faith
- സ്കാൻ ലഭ്യമായ ഇടം: കണ്ണി
