1947 – ജീവിതസ്മൃതികൾ

1947-ൽ പ്രസിദ്ധീകരിച്ച, ജീവിതസ്മൃതികൾ എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

മഹാകവി രവീന്ദ്രനാഥ ടാഗോർ ബംഗാളി ഭാഷയിലെഴുതിയ ‘ജീവനസ്മൃതി’ എന്ന ആത്മകഥാഗ്രന്ഥത്തിൻ്റെ മലയാള വിവർത്തനമാണ് ജീവിതസ്മൃതികൾ. ടാഗോറിനോടൊപ്പം ശാന്തിനികേതനിൽ താമസിച്ചിരുന്ന കാലത്താണ് പരിഭാഷകനായ കെ.സി പിള്ള ഈ ഗ്രന്ഥത്തിൻ്റെ അധികഭാഗവും തയ്യാറാക്കിയത്. വിശ്വഭാരതി സർവകലാശാലയിലെ ലൈബ്രേറിയനായ പ്രഫസ്സർ പ്രഭാത് കുമാർ മുഖർജി രചിച്ച ‘രവീന്ദ്രജീവനി’ എന്ന പുസ്തകവും ഇതിൻ്റെ രചനക്ക് ഉപയോഗപ്പെടുത്തിയിട്ടുണ്ട് എന്നും ഗ്രന്ഥകാരൻ പുസ്തകത്തിൻ്റെ തുടക്കത്തിലെ പ്രസ്താവനയിൽ എഴുതിയിരിക്കുന്നു

ഈ ആത്മകഥാ കുറിപ്പുകളിൽ ടാഗോറിൻ്റെ ബാല്യകാല അനുഭവങ്ങളും ചിന്തകളും വ്യക്തമായി ആവിഷ്കരിച്ചിരിച്ചിട്ടുണ്ട്. ഓർമ്മകൾ കേവലം ഒരു ചരിത്രകാരനെ പോലെയല്ല, മറിച്ച് ഒരു ചിത്രകാരനെപ്പോലെയാണ് പ്രവർത്തിക്കുന്നത്. നടന്ന സംഭവങ്ങളെ അതേപടി രേഖപ്പെടുത്താതെ, സ്വന്തം അഭിരുചിക്കനുസരിച്ച് മാറ്റിമറിച്ചാണ് മനസ്സിൽ വരച്ചിടുന്നത്. കുട്ടിക്കാലത്ത് വീട്ടിലെ ജോലിക്കാരുടെ കർശനമായ നിയന്ത്രണത്തിലായിരുന്നു മഹാകവിയുടെ വളർച്ച. വേലക്കാരനായ ശ്യാമൻ വരച്ചിട്ട ലക്ഷ്മണ രേഖയിലിരുന്നു കൊണ്ട് ജാലകത്തിലൂടെ പുറത്തെ കാഴ്ചകളും ആൽവൃക്ഷവും കുളക്കടവും നോക്കിക്കണ്ട ബാല്യകാല അനുഭവങ്ങൾ കാവ്യാത്മകമായി വിവരിക്കുന്നു. പ്രകൃതിയുമായി ഇണങ്ങിനിന്നുള്ള പഠനത്തോടായിരുന്നു ടാഗോറിന് താല്പര്യം. ഇതാണ് പിൽക്കാലത്ത് ശാന്തിനികേതൻ എന്ന ആശ്രമവിദ്യാലയം സ്ഥാപിക്കാൻ അദ്ദേഹത്തിന് പ്രചോദനമായത്.

ടാഗോർ തൻ്റെ അൻപതാമത്തെ വയസ്സിലാണ് ഈ ആത്മകഥ ബംഗാളിയിൽ എഴുതി പ്രസിദ്ധീകരിക്കുന്നത്. അദ്ദേഹത്തിൻ്റെ ജീവിതത്തിൻ്റെ ആദ്യ 27 വർഷത്തെ അനുഭവങ്ങളും കാവ്യചിന്തകളുടെ വളർച്ചയുമാണ് ഇതിൽ പ്രധാനമായുമുള്ളത്. വ്യക്തിപരമായ ഓർമ്മകളിലൂടെ ടാഗോർ എന്ന കവിയുടെയും ദാർശനികൻ്റെയും വികാസം എങ്ങനെ സംഭവിച്ചു എന്ന് മനസ്സിലാക്കാൻ ഈ ആത്മകഥ സഹായിക്കുന്നു.

തിരുവനന്തപുരം ജില്ലയിലെ സി.വി. സ്മാരക ഗ്രന്ഥശാലയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമായത്

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

    • പേര്: ജീവിതസ്മൃതികൾ
    • പ്രസിദ്ധീകരണ വർഷം: 1947
    • താളുകളുടെ എണ്ണം: 296
    • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1937 – ഭൂലോകവിവരണം

1937-ൽ പ്രസിദ്ധീകരിച്ച, സി.എസ്. ബാലകൃഷ്ണ വാരിയർ എഴുതിയ ഭൂലോകവിവരണം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

തിരുവിതാംകൂറിലെ ഏഴാം ക്ലാസ്സ് പാഠ്യപദ്ധതിക്കായി തയ്യാറാക്കിയ പ്രാരംഭ ഭൂമിശാസ്ത്ര പാഠപുസ്തകമാണ് ഭൂലോകവിവരണം. ശാസ്ത്രീയ സിദ്ധാന്തങ്ങൾ മാത്രം അടങ്ങിയ ഭൂമിശാസ്ത്രത്തേക്കാൾ വിദ്യാർത്ഥികളുടെ അപക്വമായ ബാലമനസ്സിന് അനുയോജ്യമായ ‘ഭൂവിവരണം’ എന്ന രീതിയാണ് ഗ്രന്ഥകർത്താവ് ഇതിൽ സ്വീകരിച്ചിരിക്കുന്നത്. പരിസരശക്തികളോട് മനുഷ്യൻ നടത്തുന്ന ജീവനപോരാട്ടവും ജീവിതരീതികളിൽ ഉണ്ടാകുന്ന മാറ്റങ്ങളുമാണ് പുസ്തകത്തിലെ പ്രധാന പ്രതിപാദ്യവിഷയം. ചിത്രങ്ങൾ, ഭൂപടങ്ങൾ, പ്രയോഗ പരീക്ഷണങ്ങൾ, ഓരോ അധ്യായത്തിനും ശേഷമുള്ള അഭ്യാസ ചോദ്യങ്ങൾ എന്നിവ വഴി കൃത്യമായ വസ്തുബോധവും പഠനപദ്ധതിയും ഉറപ്പാക്കുന്നു.

ഭൂമിയുടെ ഗോളാകൃതി തെളിയിക്കുന്ന കൊളംബസ്, മഗല്ലൻ എന്നിവർ നടത്തിയ ചരിത്രപരമായ കടൽയാത്രകൾ, കപ്പലിന്റെ വരവ്, ചക്രവാളത്തിന്റെ സവിശേഷതകൾ, ധ്രുവങ്ങൾ എന്നിവയെക്കുറിച്ച് പുസ്തകത്തിൽ വിശദീകരിക്കുന്നു. ഭൂമിയിലെ സ്ഥല-ജല അനുപാതം, അർദ്ധഗോളങ്ങൾ, ആറു പ്രധാന ഭൂഖണ്ഡങ്ങൾ, മഹാസമുദ്രങ്ങൾ, മരുഭൂമികൾ, പ്രധാന പർവ്വത-പീഠഭൂമി പ്രദേശങ്ങളുടെ വിവരണം, ലോകത്തെ പ്രധാന നദികളുടെ ഗതിയും വ്യാവസായിക-കാർഷിക പ്രാധാന്യങ്ങളും, എസ്കിമോകളുടെ ജീവിതം എന്നിവയെക്കുറിച്ചും പുസ്തകത്തിൽ സമഗ്രമായി വിവരിക്കുന്നു

തിരുവനന്തപുരം ജില്ലയിലെ സി.വി. സ്മാരക ഗ്രന്ഥശാലയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമായത്

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

    • പേര്: ഭൂലോകവിവരണം
    • പ്രസിദ്ധീകരണ വർഷം: 1937
    • താളുകളുടെ എണ്ണം: 124
    • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1932 – കുചേലമന്ദിരത്തിലെ ശ്രീദേവി

1932-ൽ പ്രസിദ്ധീകരിച്ച, ജ്യോത്സ്യൻ കെ.ജി. ദാസ്സ് എഴുതിയ കുചേലമന്ദിരത്തിലെ ശ്രീദേവി എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

ആറന്മുള നീർവിളാകം സ്വദേശിയായ ജ്യോത്സ്യൻ കെ. ജി. ദാസ്സ് രചിച്ച ഖണ്ഡകാവ്യമാണ് ‘കുചേലമന്ദിരത്തിലേ ശ്രീദേവി’. ആകെ 5 സർഗ്ഗങ്ങളിലായാണ് ഈ കാവ്യം രചിക്കപ്പെട്ടിട്ടുള്ളത്. ശ്രീമദ്ഭാഗവതത്തിലെ ‘കുചേലവൃത്തം’ തന്നെയാണ് ഈ കാവ്യത്തിൻ്റെ പശ്ചാത്തലമെങ്കിലും, ഇതിന്റെ പ്രതിപാദനത്തിൽ കവി വേറിട്ടൊരു വഴി സ്വീകരിച്ചിരിക്കുന്നു. കൃഷ്ണനെ കാണാൻ പോകുന്ന കുചേലനു പിന്നാലെ പോകാതെ, കുചേലൻ്റെ ദരിദ്രമായ ഭവനത്തിൽ കഴിച്ചുകൂട്ടുന്ന പത്നിയുടെയും വിശന്നു കരയുന്ന മക്കളുടെയും അവസ്ഥയിലാണ് കാവ്യം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. വിശപ്പുകൊണ്ട് വലയുന്ന കുട്ടികളെ ആശ്വസിപ്പിക്കാൻ മാതാവ് സന്മാർഗ്ഗതത്ത്വങ്ങളും ഈശ്വരഭക്തിയും ഈശ്വരനിയമങ്ങളും ലളിതമായി ഉപദേശിച്ചു കൊടുക്കുന്നു

കുചേലപത്നിയുടെ ശുചിത്വത്തിലും ഭക്തിയിലും പ്രസന്നയായി ലക്ഷ്മിദേവി (ശ്രീദേവി) ആവിർഭവിക്കുകയും കുചേലമന്ദിരത്തെ സർവ്വ ഐശ്വര്യങ്ങളും കൊട്ടാരസദൃശമായ സമ്പന്നതയും നൽകി അനുഗ്രഹിക്കുകയും ചെയ്യുന്നു. തുടർന്ന് തിരികെയെത്തുന്ന കുചേലൻ കുടുംബസമേതം സന്തുഷ്ടനായി വാഴുന്നതോടെ കാവ്യം അവസാനിക്കുന്നു. മഹാകവി ഉള്ളൂർ എസ്. പരമേശ്വരയ്യർ, വിദ്വാൻ കെ.ഒ ഗോപാലഗണകൻ എന്നിവരുടെ അനുമോദന അഭിപ്രായങ്ങളും വിദ്വാൻ സി. ഐ. ഗോപാലപിള്ളയുടെ അവതാരികയും ഈ കൃതിയിലുണ്ട്.

തിരുവനന്തപുരം ജില്ലയിലെ മലയിൻകീഴ്  ശ്രീകൃഷ്ണ വിലാസം ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമായത്

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

    • പേര്: കുചേലമന്ദിരത്തിലെ ശ്രീദേവി
    • രചന: K.G. Das
    • പ്രസിദ്ധീകരണ വർഷം: 1932
    • അച്ചടി: Subhodayam Press, Thiruvananthapuram
    • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1947 – ജൈത്രയാത്ര

1947-ൽ പ്രസിദ്ധീകരിച്ച, തിരുനയിനാർകുറിച്ചി കെ. മാധവൻ നായർ എഴുതിയ ജൈത്രയാത്ര എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

1946 ആഗസ്റ്റ് 16-ലെ ‘പ്രത്യക്ഷ സമര ദിന’ പ്രഖ്യാപനത്തെത്തുടർന്ന് കിഴക്കൻ ബംഗാളിലെ നൗഖാലിയിലും തിപ്പരയിലും മറ്റും പൊട്ടിപ്പുറപ്പെട്ട ദാരുണമായ വർഗ്ഗീയ ലഹളകളുടെയും, അതിനെ തുടർന്നുണ്ടായ കൂട്ടക്കൊലകളുടെയും പശ്ചാത്തലത്തിലാണ് ഈ പുസ്തകം രചിക്കപ്പെട്ടിട്ടുള്ളത്. ബംഗാളിലെ ലഹളബാധിത പ്രദേശങ്ങളിലേക്ക് നഗ്നപാദനായി ഗാന്ധിജി നടത്തിയ കാൽനടയാത്രയെക്കുറിച്ചും അവിടെ നടന്ന പ്രധാന സംഭവങ്ങളെക്കുറിച്ചും പുസ്തകത്തിൽ വിവരിക്കുന്നു. അന്നത്തെ രാഷ്ട്രപതി ആചാര്യ കൃപലാനി, സുചേത കൃപലാനി, ശരത് ചന്ദ്ര ബോസ്, പുരുഷോത്തം ദാസ് താണ്ഡൻ എന്നിവരുടെ യാത്രാവിവരങ്ങളും അന്നത്തെ ബംഗാൾ പ്രധാനമന്ത്രി സുഹ്യവർദ്ധിയുമായുള്ള സംഭാഷണങ്ങളും അന്നത്തെ രാഷ്ട്രീയ സാഹചര്യങ്ങളും പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

സ്വാതന്ത്ര്യലബ്ധിയുടെ തൊട്ടുമുമ്പ് ഭാരതത്തെ ഉലച്ച വർഗ്ഗീയ വിദ്വേഷങ്ങൾക്കെതിരെ സ്നേഹവും സത്യവും അഹിംസയും ആയുധമാക്കി ഗാന്ധിജി നടത്തിയ ഒടുവിലത്തെ മഹത്തായ പരീക്ഷണത്തിൻ്റെയും തീർത്ഥാടനത്തിൻ്റെയും അപൂർവ്വമായ രേഖപ്പെടുത്തലാണ് ഈ പുസ്തകം.

തിരുവനന്തപുരം ജില്ലയിലെ കിടാരക്കുഴി ജവഹർ സ്മാരക ഗ്രന്ഥശാലയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമായത്

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

    • പേര്: ജൈത്രയാത്ര
    • രചന: തിരുനൈനാർക്കുറിച്ചി മാധവൻ നായർ
    • പ്രസിദ്ധീകരണ വർഷം: 1947
    • താളുകളുടെ എണ്ണം: 100
    • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1966 – ജന്തുലോകം – കോന്നിയൂർ ആർ. നരേന്ദ്രനാഥ്

കോന്നിയൂർ ആർ. നരേന്ദ്രനാഥ് രചിച്ച ജന്തുലോകം  എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1966 - ജന്തുലോകം - കോന്നിയൂർ ആർ. നരേന്ദ്രനാഥ്
1966 – ജന്തുലോകം – കോന്നിയൂർ ആർ. നരേന്ദ്രനാഥ്

 

കോന്നിയൂർ ആർ. നരേന്ദ്രനാഥ് രചിച്ച ജന്തുലോകം എന്ന ശാസ്ത്ര ഗ്രന്ഥം സുപരിചിതമായ വിവിധ ജീവികളുടെ ജീവിതരീതികളും അവയുടെ പരിണാമ പശ്ചാത്തലവും കുട്ടികൾക്കും സാധാരണക്കാർക്കും മനസ്സിലാകുന്ന ലളിതമായ ഭാഷയിൽ അനാവരണം ചെയ്യുന്നു. പാറ്റ, ചിതൽ, മിന്നാമ്മിനുങ്ങ്, ചിലന്തി, തവള, വാവൽ, കുറുക്കൻ, ബീവർ തുടങ്ങിയ ജീവികളുടെ ശീലങ്ങൾ, വർഗ്ഗോത്പത്തി, ജീവിത ദൈർഘ്യം, പരിസ്ഥിതിയുമായുള്ള ബന്ധം എന്നിവയെക്കുറിച്ച് വിശദീകരിക്കുന്ന ഈ പുസ്തകം, വായനക്കാരിൽ ജന്തുശാസ്ത്ര വിഷയങ്ങളോട് താല്പര്യവും കൗതുകവും വളർത്താനാണ് ലക്ഷ്യമിടുന്നത്.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്:  ജന്തുലോകം
  • രചന: കോന്നിയൂർ ആർ. നരേന്ദ്രനാഥ്
  • പ്രസിദ്ധീകരണ വർഷം:1966
  • താളുകളുടെ എണ്ണം: 124
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1930 – ദിവാൻ പേഷ്കാർ പി. ശങ്കുണ്ണി മേനോൻ

1930 ൽ കോട്ടയം നാഷണൽ ബുക്ക് ഡിപ്പോയിൽ നിന്നും പ്രസിദ്ധീകരിച്ച പ്രസിദ്ധീകരിച്ച, ദിവാൻ പേഷ്കാർ പി. ശങ്കുണ്ണി മേനോൻ  എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1930 - ദിവാൻ പേഷ്കാർ പി. ശങ്കുണ്ണി മേനോൻ
1930 – ദിവാൻ പേഷ്കാർ പി. ശങ്കുണ്ണി മേനോൻ

തിരുവിതാംകൂർ ചരിത്രകാരനും ദിവാൻ പേഷ്കാരുമായിരുന്നു പി. ശങ്കുണ്ണി മേനോൻ. പ്രമുഖ സാഹിത്യകാരനും ചിത്രകാരനുമായിരുന്നു ചിത്രമെഴുത്ത് കെ.എം. വർഗ്ഗീസ്. ശങ്കുണ്ണി മേനോൻ്റെ പ്രശസ്തമായ ചരിത്രഗ്രന്ഥമാണ് ‘ഹിസ്റ്ററി ഓഫ് ട്രാവൻകൂർ’ (History of Travancore). ഇതിൽ തിരുവിതാംകൂറിലെ ഹൈന്ദവ ആചാരങ്ങൾ, ക്ഷേത്രങ്ങൾ, മതപരമായ ചരിത്രങ്ങൾ എന്നിവ വിസ്തരിച്ചു പ്രതിപാദിക്കുന്നുണ്ട്. പിൽക്കാലത്ത് ചിത്രമെഴുത്ത് കെ.എം. വർഗ്ഗീസ് കേരള ചരിത്ര പുനർനിർമ്മിതിയുമായി ബന്ധപ്പെട്ട് എഴുതിയ ചില നിരീക്ഷണങ്ങൾ നായർ സമുദായത്തെയും ഹൈന്ദവ പാരമ്പര്യങ്ങളെയും അവഹേളിക്കുന്നതാണെന്ന തരത്തിൽ വലിയ ആക്ഷേപങ്ങൾക്ക് കാരണമായിരുന്നു. ആ നിരീക്ഷണങ്ങൾക്കും പ്രസ്താവനകൾക്കും എതിരെയുള്ള മറുപടികളാണ് പുസ്തകത്തിൻ്റെ ഉള്ളടക്കം. നായർ യുവജനസമാജത്തിനുവേണ്ടി കോട്ടയം നാഷണൽ ബുക്ക് ഡിപ്പോയിൽ നിന്നും പ്രസിദ്ധീകരിച്ചതാണ് ഈ പുസ്തകം.

കോഴിക്കോട് ജില്ലയിലെ പറയഞ്ചേരി സെൻഗുപ്ത പബ്ലിക് ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമായത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: ദിവാൻ പേഷ്കാർ പി. ശങ്കുണ്ണി മേനോൻ
  • പ്രസിദ്ധീകരണ വർഷം: 1930
  • അച്ചടി: Sreeramavilasam Press, Kollam
  • താളുകളുടെ എണ്ണം: 110
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1926 – ശ്രീഹർഷവർദ്ധനൻ – അമ്പാടിയിൽ ഇക്കാവ് അമ്മ

1926 – ൽ പ്രസിദ്ധീകരിച്ച, അമ്പാടിയിൽ ഇക്കാവ് അമ്മ രചിച്ച ശ്രീഹർഷവർദ്ധനൻ  എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1926 - ശ്രീഹർഷവർദ്ധനൻ - അമ്പാടിയിൽ ഇക്കാവ് അമ്മ
1926 – ശ്രീഹർഷവർദ്ധനൻ – അമ്പാടിയിൽ ഇക്കാവ് അമ്മ

കെ.എം. പണിക്കർ ഇംഗ്ലീഷിൽ രചിക്കുകയും ശ്രീമതി അമ്പാടിയിൽ ഇക്കാവ് അമ്മ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തുകയും ചെയ്ത ‘ശ്രീഹർഷവർദ്ധനൻ’ (കന്യാകുബ്ജത്തിലെ ശ്രീഹർഷൻ) എന്ന ചരിത്രഗ്രന്ഥം, ഏഴാം നൂറ്റാണ്ടിൽ ഉത്തരഭാരതം ഭരിച്ചിരുന്ന ഹർഷവർദ്ധന ചക്രവർത്തിയുടെ ഭരണമികവും ജീവിതപശ്ചാത്തലവും സമഗ്രമായി വിവരിക്കുന്ന ഒരു ജീവചരിത്രകൃതിയാണ്. ഗുപ്തസാമ്രാജ്യത്തിൻ്റെ പതനത്തിനും ഹൂണന്മാരുടെ ക്രൂരമായ അധിനിവേശത്തിനും ശേഷം രാജ്യത്തുണ്ടായ രാഷ്ട്രീയ അസ്ഥിരതകളെ പരിഹരിച്ച് ഹർഷൻ എങ്ങനെ ഒരു വിശാല സാമ്രാജ്യം കെട്ടിപ്പടുത്തു എന്ന് ഈ പുസ്തകം വ്യക്തമാക്കുന്നു. കാര്യക്ഷമമായ ഭരണസംവിധാനം, വിദേശ രാജ്യങ്ങളുമായുള്ള നയതന്ത്രബന്ധങ്ങൾ (ചൈനീസ് സഞ്ചാരിയായ യുവാൻ ചാങ്ങിൻ്റെ സന്ദർശനം ഉൾപ്പെടെ), മതസൗഹാർദ്ദം, പ്രജാക്ഷേമം എന്നിവയ്ക്ക് ഹർഷൻ നൽകിയ മുൻഗണന ഇതിൽ എടുത്തുപറയുന്നുണ്ട്. കൂടാതെ, നാഗാനന്ദം തുടങ്ങിയ സംസ്കൃത നാടകങ്ങൾ രചിച്ച പണ്ഡിതൻ എന്ന നിലയിലും, ബാണഭട്ടൻ തുടങ്ങിയ മഹാകവികളെ പ്രോത്സാഹിപ്പിച്ച സാഹിത്യപോഷകൻ എന്ന നിലയിലും ഭാരത ചരിത്രത്തിൽ ഹർഷവർദ്ധനനുള്ള ഉന്നതസ്ഥാനം ഈ കൃതി വെളിവാക്കുന്നു.

കോഴിക്കോട് ജില്ലയിലെ പറയഞ്ചേരി സെൻഗുപ്ത പബ്ലിക് ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമായത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: ശ്രീഹർഷവർദ്ധനൻ
  • രചന: അമ്പാടിയിൽ ഇക്കാവ് അമ്മ
  • പ്രസിദ്ധീകരണ വർഷം: 1926
  • അച്ചടി: രാമാനുജ പ്രിൻ്റിംഗ് ഹൗസ് ലിമിറ്റഡ്, തൃശ്ശൂർ
  • താളുകളുടെ എണ്ണം: 116
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

 

1934 – ബി.ഏ. മായാവി – ഈ.വീ. കൃഷ്ണപിള്ള

1934– ൽ പ്രസിദ്ധീകരിച്ച, ഈ.വീ. കൃഷ്ണപിള്ള രചിച്ച ബി.ഏ. മായാവി എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

 1934 - ബി.ഏ. മായാവി - ഈ.വീ. കൃഷ്ണപിള്ള
1934 – ബി.ഏ. മായാവി – ഈ.വീ. കൃഷ്ണപിള്ള

അഭ്യസ്തവിദ്യരായ യുവാക്കളുടെ ഇടയിൽ ഉണ്ടായിരുന്ന രൂക്ഷമായ തൊഴിലില്ലായ്മ പ്രശ്നത്തെ ആധാരമാക്കി എഴുതിയിട്ടുള്ള ഒരു പ്രഹസനമാണ് ഈ പുസ്തകം. വിദ്യാഭ്യാസവും സാമൂഹികമാന്യതയും ചുറ്റിപ്പറ്റിയുള്ള മനുഷ്യരുടെ പൊങ്ങച്ചങ്ങളെയും കപടതകളെയും നർമ്മത്തിൻ്റെ മേമ്പൊടിയോടെ അവതരിപ്പിക്കുന്ന കൃതി. ചിരിപ്പിക്കുന്നതിനൊപ്പം അന്നത്തെ സാമൂഹികജീവിതത്തിലെ ചില വൈരുധ്യങ്ങളെ പറ്റി ചിന്തിപ്പിക്കുകയും ചെയ്യുന്ന രചനയായി ഇതിനെ കാണാം.

തിരുവനന്തപുരം ജില്ലയിലെ മലയിൻകീഴ്  ശ്രീകൃഷ്ണ വിലാസം ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമായത്

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

    • പേര്: ബി.ഏ. മായാവി
    • രചന: E.V. Krishna pillai
    • പ്രസിദ്ധീകരണ വർഷം: 1934
    • അച്ചടി: Sreeramavilasam Press, Kollam
    • സ്കാൻ ലഭ്യമായ ഇടം: കണ്ണി

 

1930 – അശോകൻ – പഴയന്നൂർ രാമപിഷാരോടി

1930 – ൽ പ്രസിദ്ധീകരിച്ച, പഴയന്നൂർ രാമപിഷാരോടി രചിച്ച അശോകൻ  എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1930 – അശോകൻ – പഴയന്നൂർ രാമപിഷാരോടി

ഭാരതീയ ചരിത്രത്തിലെ ഏറ്റവും തിളക്കമാർന്ന അധ്യായങ്ങളിലൊന്നാണ് അശോകചക്രവർത്തിയുടെ ഭരണകാലം. പഴയന്നൂർ രാമപിഷാരോടി രചിച്ച ‘അശോകൻ’ എന്ന ഗ്രന്ഥം മൗര്യസാമ്രാജ്യത്തിൻ്റെ പ്രതാപത്തിലേക്കും അശോകൻ്റെ ജീവിതപരിണാമങ്ങളിലേക്കും വെളിച്ചം വീശുന്ന അമൂല്യമായ ഒരു ചരിത്രകൃതിയാണ്.

മഗധ രാജ്യത്തിൻ്റെ പശ്ചാത്തലത്തിൽ തുടങ്ങി, ബിന്ദുസാരൻ്റെ പുത്രനായ അശോകൻ എപ്രകാരമാണ് മൗര്യസാമ്രാജ്യത്തിൻ്റെ അധിപനായതെന്ന് പുസ്തകം വിവരിക്കുന്നു. ക്രൂരനായ ഒരു ഭരണാധികാരിയിൽ നിന്ന് അശോകൻ എന്ന അഹിംസാവാദിയായ മഹാനുഭാവനിലേക്കുള്ള മാറ്റവും, അതിൽ കലിംഗയുദ്ധവും ബുദ്ധധർമ്മവും ചെലുത്തിയ സ്വാധീനവും കൃതിയിൽ വ്യക്തമായി അടയാളപ്പെടുത്തിയിട്ടുണ്ട്. തൻ്റെ സഹോദരങ്ങളെ അശോകൻ കൊലപ്പെടുത്തി എന്ന ബൗദ്ധപ്രചാരകരുടെ വാദങ്ങളെ അഞ്ചാം ശിലാശാസനത്തിലെ തെളിവുകൾ നിരത്തി ഗ്രന്ഥകാരൻ തിരുത്തുന്നുണ്ട്. വെറുമൊരു ഭരണാധികാരി എന്നതിലുപരി പ്രജകളുടെയും ജീവജാലങ്ങളുടെയും ക്ഷേമത്തിനായി പ്രവർത്തിച്ച മഹാത്മാവായിരുന്നു അദ്ദേഹം. കുടിവെള്ളത്തിനായി കിണറുകളും തടാകങ്ങളും നിർമ്മിക്കുക, വഴിയമ്പലങ്ങൾ സ്ഥാപിക്കുക, മരുന്നുകളും വൃക്ഷങ്ങളും നട്ടുപിടിപ്പിക്കുക തുടങ്ങി അദ്ദേഹം നടപ്പിലാക്കിയ ജനക്ഷേമപ്രവർത്തനങ്ങൾ ഇന്നും മാതൃകാപരമാണ്. കൂടാതെ, മക്കളായ മഹേന്ദ്രനെയും സംഘമിത്രയെയും സിംഹളത്തിലേക്ക് (ശ്രീലങ്ക) അയച്ച് നടത്തിയ ബുദ്ധമതപ്രചാരണവും ചരിത്രപരമായ തെളിവുകളോടെ പുസ്തകത്തിൽ വിശദീകരിക്കുന്നു.

ചരിത്രാന്വേഷികൾക്കും വായനക്കാർക്കും ഒരുപോലെ ഉപകരിക്കുന്ന ലാളിത്യവും തെളിച്ചവുമുള്ള ഭാഷയിലാണ് ഈ പുസ്തകം രചിക്കപ്പെട്ടിട്ടുള്ളത്. അശോകൻ്റെ ശിലാശാസനങ്ങളെയും സ്തൂപങ്ങളെയും അടിസ്ഥാനമാക്കി എഴുതിയ ഈ ഗ്രന്ഥം മൗര്യകാലഘട്ടത്തെക്കുറിച്ചുള്ള ഒരു മികച്ച ചരിത്രരേഖയാണ്.

കോഴിക്കോട് ജില്ലയിലെ പറയഞ്ചേരി സെൻഗുപ്ത പബ്ലിക് ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമായത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: അശോകൻ
  • രചന: പഴയന്നൂർ രാമപിഷാരോടി
  • പ്രസിദ്ധീകരണ വർഷം: 1930
  • അച്ചടി: ലക്ഷ്മി പ്രസ്സ്, ലിമിറ്റഡ്, പാലക്കാട്
  • താളുകളുടെ എണ്ണം: 56
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1947 – കേശവീയം – സ്യമന്തകാപരപര്യായം -കെ.സി. കേശവപിള്ള

1947 – ൽ പ്രസിദ്ധീകരിച്ച, കെ.സി. കേശവപിള്ള രചിച്ച കേശവീയം – സ്യമന്തകാപരപര്യായം  എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

 1947 - കേശവീയം - സ്യമന്തകാപരപര്യായം -കെ.സി. കേശവപിള്ള
1947 – കേശവീയം – സ്യമന്തകാപരപര്യായം -കെ.സി. കേശവപിള്ള

കേശവീയം മഹാകാവ്യത്തിൻ്റെ ഒന്നാം സർഗമായ “ഭാമാനിവേദനം” ആണ് ഈ പുസ്തകത്തിൻ്റെ ഉള്ളടക്കം. ശ്രീകൃഷ്ണൻ്റെ ദ്വാരകാ ജീവിതവും സത്രാജിത്തിൻ്റെ പുത്രിയായ സത്യഭാമയുടെ വിവാഹാഭിലാഷവുമായി ബന്ധപ്പെട്ട സംഭവങ്ങളുമാണ് ഈ സർഗത്തിൻ്റെ പ്രമേയം. കവി ആദ്യം തൻ്റെ ഗുരുക്കന്മാരെയും കവികളെയും സ്മരിച്ചുകൊണ്ട് കാവ്യരചനയ്ക്ക് അനുഗ്രഹം അഭ്യർത്ഥിക്കുന്നു. തുടർന്ന് ദ്വാരകയുടെ അതിമനോഹരമായ നഗരവൈഭവം വിശദമായി വർണ്ണിക്കുന്നു. സ്വർണമതിലുകളും രത്നമാളികകളും സ്ഫടികപ്പടവുകളുള്ള കുളങ്ങളും മനോഹരമായ ഉദ്യാനങ്ങളും നിറഞ്ഞ ദ്വാരകയെ കവി അത്യന്തം ഭംഗിയായി അവതരിപ്പിക്കുന്നു. അവിടെ ധർമ്മനിഷ്ഠയോടെ ശ്രീകൃഷ്ണൻ ഭരണം നടത്തുന്നതായും വിവരിക്കുന്നു.

ഇതിനിടയിൽ ഒരു മഹീസുരൻ (ബ്രാഹ്മണൻ) ശ്രീകൃഷ്ണനെ സന്ദർശിക്കുന്നു. സത്രാജിത്തിൻ്റെ പുത്രിയായ സത്യഭാമയുടെ ദുഃഖമാണ് അദ്ദേഹത്തിൻ്റെ സന്ദർശനത്തിൻ്റെ ഉദ്ദേശ്യം. സത്യഭാമയ്ക്ക് ശ്രീകൃഷ്ണനോട് ആഴത്തിലുള്ള പ്രണയമുണ്ടെങ്കിലും, അവളുടെ പിതാവ് അവളെ ശതധന്വാവിന് നൽകാൻ ആഗ്രഹിക്കുന്നു. പിതാവിൻ്റെ ആജ്ഞ ലംഘിക്കാൻ കഴിയാത്തതും, ഇഷ്ടമില്ലാത്ത പുരുഷനെ വിവാഹം കഴിക്കുന്നതിനെക്കാൾ മരണമാണു നല്ലതെന്നുമുള്ള അവളുടെ വേദന ബ്രാഹ്മണൻ ശ്രീകൃഷ്ണനോട് അറിയിക്കുന്നു.സത്യഭാമയുടെ സങ്കടം കേട്ട ശ്രീകൃഷ്ണൻ അവളെ ആശ്വസിപ്പിക്കാനും അവളുടെ പിതാവിൻ്റെ മനസ്സിനെ അനുയോജ്യമായ രീതിയിൽ മാറ്റാനും താൻ ശ്രമിക്കാമെന്ന് ഉറപ്പുനൽകുന്നു. തുടർന്ന് ബ്രാഹ്മണൻ സത്യഭാമയുടെ അടുക്കലെത്തി ശ്രീകൃഷ്ണൻ്റെ വാക്കുകൾ അറിയിക്കുന്നു. അത് കേട്ട് സത്യഭാമയ്ക്ക് പ്രതീക്ഷയും ആശ്വാസവും ലഭിക്കുന്നു.അങ്ങനെ, സത്യഭാമയുടെ പ്രണയവും വിവാഹാഭിലാഷവും അവൾ അനുഭവിക്കുന്ന മാനസിക സംഘർഷവും അവതരിപ്പിച്ചുകൊണ്ടാണ് ഒന്നാം സർഗം അവസാനിക്കുന്നത്.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: കേശവീയം – സ്യമന്തകാപരപര്യായം -കെ.സി. കേശവപിള്ള
  • രചന:  K.C. Kesava Pillai
  • പ്രസിദ്ധീകരണ വർഷം: 1947
  • താളുകളുടെ എണ്ണം: 136
  • അച്ചടി: V.V.Press, Kollam
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി