1923 – ൽ പ്രസിദ്ധീകരിച്ച, തരവത്ത് അമ്മാളു അമ്മ രചിച്ച ബുദ്ധചരിതം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

തരവത്ത് അമ്മാളു അമ്മയുടെ ബുദ്ധചരിതം എന്ന ഗ്രന്ഥം സിദ്ധാർത്ഥ രാജകുമാരൻ്റെ ജനനം മുതൽ മഹാപരിനിർവ്വാണം വരെയുള്ള പുണ്യജീവിതം ലളിതമായി വിവരിക്കുന്ന കൃതിയാണ്. കൊട്ടാരത്തിലെ സകല സുഖഭോഗങ്ങളിലും വളർന്ന സിദ്ധാർത്ഥൻ, വേഷപ്രച്ഛന്നനായി നടത്തിയ നഗരയാത്രകളിൽ രോഗി, വൃദ്ധൻ, ശവം, സന്യാസി എന്നീ കാഴ്ചകൾ കണ്ട് ജീവിതത്തിൻ്റെ അനിത്യത തിരിച്ചറിയുന്നു. ഈ വൈരാഗ്യത്താൽ, പത്നി യശോധരയുടെ ദുഃസ്വപ്നങ്ങളും സങ്കടങ്ങളും വകവെക്കാതെ, ലോകദുഃഖങ്ങൾക്ക് പരിഹാരം തേടി അദ്ദേഹം ഒരു രാത്രിയിൽ കൊട്ടാരം ഉപേക്ഷിച്ചിറങ്ങി. വർഷങ്ങളുടെ കഠിനതപസ്സിനൊടുവിൽ ബോധിവൃക്ഷച്ചുവട്ടിൽ വെച്ച് ജ്ഞാനോദയം സിദ്ധിച്ച് ശ്രീബുദ്ധനായി മാറിയ അദ്ദേഹം, സകല അഹങ്കാരങ്ങളും വെടിഞ്ഞ് ഭിക്ഷുവായി ജീവിക്കുകയും അഹിംസയുടെയും ജീവകാരുണ്യത്തിൻ്റെയും സന്ദേശം പ്രചരിപ്പിക്കുകയും ചെയ്തു.
പിന്നീട്, രോഗബാധിതനായ പിതാവ് ശുദ്ധോദന രാജാവിനെ ശുശ്രൂഷിക്കാനായി കപിലവസ്തുവിൽ തിരിച്ചെത്തിയ ബുദ്ധൻ, അദ്ദേഹത്തിൻ്റെ മരണാനന്തര കർമ്മങ്ങൾ നിർവ്വഹിച്ചു. തുടർന്ന്, വളർത്തമ്മയായ ഗൗതമിയെയും പത്നി യശോധരയെയും ആദ്യമായി ഭിക്ഷുണികളായി ബുദ്ധസംഘത്തിൽ ചേർത്തു. തൻ്റെ അന്ത്യകാലം അടുത്തുവെന്ന് സമാധിയിലൂടെ മനസ്സിലാക്കിയ ബുദ്ധൻ കുശിനഗരത്തിലെത്തുകയും, ഹിരണ്യവതി നദീതീരത്തെ മല്ലികോദ്യാനത്തിലുള്ള രണ്ട് സാലവൃക്ഷങ്ങളുടെ നടുവിൽ കിടന്ന് ശിഷ്യന്മാർക്ക് അന്ത്യോപദേശം നൽകി മഹാപരിനിർവ്വാണം പ്രാപിക്കുകയും ചെയ്തു. സംസ്കാരത്തിന് ശേഷം അദ്ദേഹത്തിൻ്റെ അസ്ഥികൾ എട്ടായി വിഭജിച്ച് എട്ട് ദിക്കുകളിലെ സ്തൂപങ്ങളിൽ സ്ഥാപിച്ചു. ആഗ്രഹങ്ങളാണ് സകല ദുഃഖങ്ങൾക്കും കാരണം എന്ന് ഓർമ്മിപ്പിച്ചുകൊണ്ട്, ബുദ്ധൻ ഏഷ്യാഭൂഖണ്ഡത്തിൽ കൊളുത്തിയ ജ്ഞാനദീപം ഇന്നും പ്രകാശം പരത്തുന്നു എന്ന് വ്യക്തമാക്കിയാണ് ഈ ഗ്രന്ഥം അവസാനിക്കുന്നത്.
മദ്രാസ് യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.
- പേര്: ബുദ്ധചരിതം
- രചന: തരവത്ത് അമ്മാളു അമ്മ
- പ്രസിദ്ധീകരണ വർഷം: 1923
- താളുകളുടെ എണ്ണം: 186
- അച്ചടി: നോർമൻ പ്രിൻ്റിംഗ് ബ്യൂറോ, കോഴിക്കോട്
- സ്കാൻ ലഭ്യമായ ഇടം: കണ്ണി
