1935-വേദപുസ്തകനിഘണ്ടു-ആൽബർട്ട് ചാൾസ് ക്ലൈറ്റൺ

1935-ൽ പ്രസിദ്ധീകരിച്ച, ആൽബർട്ട് ചാൾസ് ക്ലൈറ്റൺ രചിച്ച ബൈബിൾ നിഘണ്ടുവിൻ്റെ  മലയാള തർജ്ജിമയായ വേദപുസ്തകനിഘണ്ടു എന്ന  പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1935-വേദപുസ്തകനിഘണ്ടു-ആൽബർട്ട് ചാൾസ് ക്ലൈറ്റൺ
1935-വേദപുസ്തകനിഘണ്ടു-ആൽബർട്ട് ചാൾസ് ക്ലൈറ്റൺ

ക്രിസ്ത്യൻ മിഷണറിയും പണ്ഡിതനുമായ ആൽബർട്ട് ചാൾസ് ക്ലൈറ്റൺ തൻ്റെ പന്ത്രണ്ട് വർഷത്തെ കഠിനാധ്വാനത്തിൽ തയ്യാറാക്കിയതും, സി.എൽ.എസ്. സംഘം ഒരു പതിറ്റാണ്ട് മുൻപ് തമിഴിൽ പ്രസിദ്ധീകരിച്ചതുമായ  ബൃഹദ്ഗ്രന്ഥത്തിൻ്റെ മലയാള പരിഭാഷയാണിത്. വേദപുസ്തക നിഘണ്ടു അഥവാ ബൈബിൾ നിഘണ്ടു മലയാളം സംസാരിക്കുന്ന ബൈബിൾ വിദ്യാർത്ഥികൾക്കും പണ്ഡിതന്മാർക്കും ഏറെ പ്രധാനപ്പെട്ട ഒരു ഗ്രന്ഥമാണ്. പരിശുദ്ധ ബൈബിളിനെക്കുറിച്ചുള്ള വിജ്ഞാനകോശ സ്വഭാവമുള്ള ഒരു നിഘണ്ടുവായി ഇതിനെ വിശേഷിപ്പിക്കാം.

ബൈബിളിലെ സ്ഥലങ്ങൾ, കഥാപാത്രങ്ങൾ, ചരിത്രപരമായ പശ്ചാത്തലം, ദൈവശാസ്ത്ര ആശയങ്ങൾ, ആചാരങ്ങൾ, കൂടാതെ ഹീബ്രു, അരാമയിക്, ഗ്രീക്ക് ഭാഷകളിലെ സാംസ്കാരിക സൂക്ഷ്മതകൾ എന്നിവയും ഇതിൽ വിശദീകരിക്കുന്നു. ഇരുപതാം നൂറ്റാണ്ടിൻ്റെ ആദ്യ പകുതിയിൽ മലയാള ഗദ്യത്തിലേക്ക് വിവർത്തനം ചെയ്ത് പ്രസിദ്ധീകരിക്കപ്പെട്ട ഈ ഗ്രന്ഥം, പിന്നീട് വന്ന പരിഷ്കരിച്ച പതിപ്പുകളിലൂടെ മലയാള ദൈവശാസ്ത്ര സാഹിത്യത്തിലെ വിശ്വസനീയമായ ഒരു റഫറൻസ് ഗ്രന്ഥമായി മാറി. മലയാള വായനക്കാർക്ക് ബൈബിൾ ആശയങ്ങൾ എളുപ്പത്തിൽ തിരയാനും മനസ്സിലാക്കാനും സഹായിക്കുന്ന ഈ ഗ്രന്ഥം, താരതമ്യ മതപഠനത്തിനും ചരിത്ര-വ്യാഖ്യാന വിശകലനത്തിനും വാക്യ വിവർത്തനത്തിനും ഉപയോഗിക്കുന്നു.

കേരളത്തിലെ സഭകൾക്കും ബൈബിൾ പഠിതാക്കൾക്കുമായി തദ്ദേശീയമായി തയ്യാറാക്കിയ ഇതിൻ്റെ നിർമ്മാണത്തിൽ തിരുവനന്തപുരം വൈദിക കോളേജിലെ തമിഴ് പണ്ഡിതൻ ബി.ഭാനു, കോട്ടയം സെമിനാരി പ്രിൻസിപ്പൽ കെ.കെ. കുരുവിള, റവ. ടി.ജി. സ്റ്റുവർട്ട് സ്മിത്ത് തുടങ്ങി നിരവധി പ്രമുഖ വ്യക്തികളും മിഷനറിമാരും ഇതിൽ പങ്കാളികളായിട്ടുണ്ട്.

Malabar Christian College digitization project. ൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: വേദപുസ്തകനിഘണ്ടു 
  • രചയിതാവ്: ആൽബർട്ട് ചാൾസ് ക്ലൈറ്റൺ
  • പ്രസിദ്ധീകരണ വർഷം: 1935
  • താളുകളുടെ എണ്ണം: 604
  • അച്ചടി: C.M.S Press, Kottayam
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1931-Report of The Commission on Christian Higher Eductaion In India

Through this post we are releasing the scan of the Report of The Commission on Christian Higher Eductaion In India published in the year 1931.

1931-Report of The Commission on Christian Higher Eductaion In India
1931-Report of The Commission on Christian Higher Eductaion In India

The 1931 Report of the Commission on Christian Higher Education in India, also called the Lindsay Commission Report. It is initiated by the International Missionary Council and chaired by Dr. A.D. Lindsay, addressed an operational crisis in non-Roman Catholic Christian colleges across British India and Burma, which were struggling with financial stagnation, tightening government control, a rigid university examination system, and a rising tide of Indian nationalism.

Comprised of prominent educational leaders from India, Great Britain, and North America, the Commission was granted a completely free hand by missionary societies to propose radical policy changes rather than being bound by past frameworks. Between November 1930 and April 1931, the members gathered data via detailed questionnaires and conducted an extensive field tour of 37 Arts colleges and 5 theological institutions across individual provinces, ranging from Burma and South India to Bengal and Punjab.Directly translating field feedback into a comprehensive, five-part restructuring plan.

This unified strategy aimed to eliminate wasteful duplication and reclaim educational initiative by introducing community-focused extension and research departments, alongside sweeping reforms in college governance, staffing, specialized training sectors like women’s and secondary education, and an implementation framework requiring permanent joint committees to handle financing and staff recruitment. Ultimately, by prioritizing scholarship, civic responsibility, and local public welfare over traditional missionary work, the report fundamentally reshaped the institutional model, enabling elite schools like St. Stephen’s and Madras Christian College to grow into highly respected pillars of India’s higher education landscape.

This document is digitized as part of the Malabar Christian College digitization project.

Metadata and link to the digitized document

Metadata and link to the digitized document are provided below. A facility to read the document online is provided in the item page. Click on the first image that you see on the item page to download the document.

  • Name: Report of The Commission on Christian Higher Eductaion In India
  • Published Year: 1931
  • Number of pages: 412
  • Press: Oxford University Press, London
  • Scan link:  Link

1927-തുഞ്ചത്തെഴുത്തച്ഛൻ – കുറുവാൻ തൊടിയിൽ ശങ്കരൻ എഴുത്തച്ഛൻ

1927-ൽ പ്രസിദ്ധീകരിച്ച, കുറുവാൻ തൊടിയിൽ ശങ്കരൻ എഴുത്തച്ഛൻ രചിച്ച  തുഞ്ചത്തെഴുത്തച്ഛൻ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

1927-തുഞ്ചത്തെഴുത്തച്ഛൻ - കുറുവാൻ തൊടിയിൽ ശങ്കരൻ എഴുത്തച്ഛൻ
1927-തുഞ്ചത്തെഴുത്തച്ഛൻ – കുറുവാൻ തൊടിയിൽ ശങ്കരൻ എഴുത്തച്ഛൻ

മലയാളസാഹിത്യത്തിൻ്റെ ചരിത്രത്തിൽ തുഞ്ചത്തെഴുത്തച്ഛൻ്റെ പേര് ഒരു പ്രകാശസ്തംഭം പോലെ നിലകൊള്ളുന്നു. ഭാഷയുടെ ലാളിത്യത്തെയും ഭക്തിയുടെ ആഴത്തെയും ഒരുമിപ്പിച്ച് മലയാളിക്ക് പുതിയൊരു സാഹിത്യാനുഭവം സമ്മാനിച്ച മഹാകവിയാണ് അദ്ദേഹം. 1927-ൽ പ്രസിദ്ധീകരിച്ച തുഞ്ചത്തെഴുത്തച്ഛൻ എന്ന ഈ ഗ്രന്ഥത്തിൻ്റെ ഒന്നാം പതിപ്പിൽ, ഒരു പ്രതിഭയെക്കുറിച്ചുള്ള പഠനാത്മകവും ചരിത്രപരവുമായ വിലയിരുത്തലാണ് കാണുവാൻ സാധിക്കുന്നത്. എഴുത്തച്ഛൻ്റെ ജീവിതം, കൃതികൾ, ഭാഷാപ്രാധാന്യം, സാഹിത്യസ്വാധീനം എന്നിവയെ സമഗ്രമായി മനസ്സിലാക്കാൻ ഈ പുസ്തകം സഹായിക്കുന്നു.
എഴുത്തച്ഛനെ സാധാരണയായി “മലയാളത്തിൻ്റെ ഭാഷാപിതാവ്” എന്ന വിശേഷണത്തോടെ ഓർക്കാറുണ്ട്. എന്നാൽ ഈ വിശേഷണം ഒരു ലളിതമായ പ്രശംസയിലൊതുങ്ങുന്നതല്ല, മലയാളഭാഷയെ ജനങ്ങളിലേക്കു കൊണ്ടുവന്നതിൽ അദ്ദേഹത്തിൻ്റെ പങ്ക് അത്രത്തോളം നിർണായകമാണ്. സംസ്കൃതത്തിൻ്റെ ഗൗരവവും ദേശഭാഷയുടെ സ്വാഭാവികതയും ചേർത്ത്, പൊതുവായ വായനക്കാർക്കും മനസ്സിലാകുന്ന രീതിയിൽ കാവ്യഭാഷയെ രൂപപ്പെടുത്താൻ എഴുത്തച്ഛന് കഴിഞ്ഞു. അതുതന്നെയണ് അദ്ദേഹത്തിൻ്റെ കൃതികളെ കാലാതീതമാക്കുന്നതും. രാമായണം, ഭാഗവതം തുടങ്ങിയ കൃതികൾ ഭക്തിയുടെ വാഹകന്മാത്രമല്ല, മലയാളത്തിൻ്റെ സാഹിത്യഭാവനയെ വളർത്തിയ കൃതികളുമാണ്. ലളിതമായ ഭാഷയിൽ വലിയ ആശയങ്ങൾ അവതരിപ്പിക്കാനുള്ള അദ്ദേഹത്തിൻ്റെ കഴിവ് മലയാളകവിതയ്ക്ക് പുതുമയും ജനകീയതയും നൽകി എന്നു നിസംശയം പറയാം.
ഈ ഗ്രന്ഥത്തിലെ ചർച്ചകൾ എഴുത്തച്ഛൻ്റെ ഭാഷാശൈലിയിലേക്കും കവിതാസൗന്ദര്യത്തിലേക്കും പ്രത്യേകം ശ്രദ്ധ ചെലുത്തുന്നു. അദ്ദേഹത്തിൻ്റെ വാക്കുകൾക്ക് ഒരു സംഗീതമുണ്ട്, അതിൽ ഭക്തിയുടെ ശാന്തതയും മനുഷ്യാനുഭവത്തിൻ്റെ സമാധാനവും ചേർന്നുനിൽക്കുന്നു. അതുകൊണ്ടുതന്നെ എഴുത്തച്ഛൻ്റെ രചനകൾ വായനക്കാരെ പഠിപ്പിക്കുന്നതിലുപരി അനുഭവിപ്പിക്കുകയും ചെയ്യുന്നു. ഭാഷയുടെ സൗന്ദര്യം എങ്ങനെ ആത്മീയതയുമായി ചേർന്ന് നിൽക്കുമെന്ന് ഈ ഗ്രന്ഥം കാണിച്ചുതരുന്നു. ചരിത്രപരമായ നിലയിൽ ഈ പുസ്തകത്തിന് വലിയ പ്രാധാന്യമുണ്ട്, മലയാളസാഹിത്യ പഠനത്തിൻ്റെ പ്രാരംഭ അക്കാദമിക് കാലഘട്ടത്തിൽപ്പെട്ട കൃതികൂടിയാണിത്.
വിദ്വാൻ കുറുവാൻ തൊടിയിൽ ശങ്കരൻ എഴുത്തച്ഛൻ രചന നിർവഹിച്ച ഈ കൃതിയുടെ 1960-ൽ ഇറങ്ങിയ നാലാംപതിപ്പ് ഗ്രന്ഥപ്പുരവഴി നേരത്തെ തന്നെ ഡിജിറ്റൈസ് ചെയ്തിരുന്നു. പുസ്തകം വായിക്കുവാനുള്ള ലിങ്ക് ചുവടെ ചേർക്കുന്നു:-കണ്ണി
മലയാളസാഹിത്യത്തിൻ്റെ ചരിത്രവും ഭാഷയുടെ വളർച്ചയും മനസ്സിലാക്കാൻ സഹായിക്കുന്ന ഈ ഗ്രന്ഥം കെ.എസ്സ്. എഴുത്തച്ഛൻ തൻ്റെ ഗുരുനാഥനായ പുന്നശ്ശേരി നമ്പി നീലകണ്ഠ ശർമ്മയ്ക്ക് സമർപ്പിച്ചിരിക്കുന്നു. പുസ്തകത്തിൻ്റെ അവതാരിക എഴുതിയ കെ.കെ. രാജ  എഴുത്തച്ഛൻ്റെ ചരിത്രപരമായ പ്രാധാന്യവും മലയാള സംസ്കാരത്തിൽ അദ്ദേഹം ചെലുത്തിയ സ്വാധീനവും വിശദമാകുന്നു. തുഞ്ചത്തെഴുത്തച്ഛനെ പരിചയപ്പെടുത്തുന്നതോടൊപ്പം തന്നെ, മലയാള ഭാഷാചരിത്രത്തിൻ്റെ വേരുകളിലേക്കും സാഹിത്യത്തിൻ്റെ  അനന്ത സാധ്യതകളിലേക്കും വെളിച്ചം വീശുന്ന ഒരു സ്നേഹോപഹാരമാണ് ഈ ഗ്രന്ഥം.

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: തുഞ്ചത്തെഴുത്തച്ഛൻ
  • രചന: കുറുവാൻ തൊടിയിൽ ശങ്കരൻ എഴുത്തച്ഛൻ
  • പ്രസിദ്ധീകരണ വർഷം: 1927
  • താളുകളുടെ എണ്ണം: 122
  • അച്ചടി: The Mangalodayam Power Press, Thrissur
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

 

1918-മലയാള നിഘണ്ടു-റിച്ചാർഡ് കോളിൻസ്

1918 – ൽ സി.എം.എസ് പ്രെസ്സ്,കോട്ടയം പ്രസിദ്ധീകരിച്ച, റിച്ചാർഡ് കോളിൻസ് രചിച്ചമലയാള നിഘണ്ടു എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1918-മലയാള നിഘണ്ടു-റിച്ചാർഡ് കോളിൻസ്
1918-മലയാള നിഘണ്ടു-റിച്ചാർഡ് കോളിൻസ്

കോട്ടയം സി.എം.എസ് കോളേജിൻ്റെ പ്രിൻസിപ്പലായിരുന്ന റിച്ചാർഡ് കോളിൻസ് 1865-ലാണ് ഈ നിഘണ്ടു ആദ്യമായി പ്രസിദ്ധീകരിക്കുന്നത്. കോളിൻസിൻ്റെ മരണശേഷവും ഈ നിഘണ്ടുവിൻ്റെ  ജനപ്രീതിയും ആവശ്യകതയും കുറഞ്ഞില്ല. തുടർന്ന് ഇരുപതാം നൂറ്റാണ്ടിൻ്റെ
തുടക്കത്തിൽ പ്രശസ്ത പണ്ഡിതനും സി.എം.എസ് കോളേജിലെ മലയാളം ലക്ചററുമായിരുന്ന കെ. ശങ്കരപിള്ള ഈ നിഘണ്ടു സമഗ്രമായി പരിഷ്കരിക്കുകയും പുതിയ വാക്കുകളും ശൈലികളും കൂട്ടിച്ചേർത്ത് 1918-ൽ മൂന്നാംപതിപ്പ് പുനഃപ്രസിദ്ധീകരിക്കുകയും ചെയ്തു. മലയാളം നിഘണ്ടുവിൻ്റെ  ഒന്നാം പതിപ്പിൻ്റെ ആമുഖം ഈ പുസ്തകത്തിൽ കാണുവാൻ സാധിക്കുന്നു. തൻ്റെ  നിഘണ്ടു നിർമ്മാണത്തിൻ്റെ
ഉദ്ദേശ്യത്തെക്കുറിച്ചും, ഭാഷാപരമായ ഘടനയെക്കുറിച്ചും, സ്വീകരിച്ചിരിക്കുന്ന വ്യാകരണ നിയമങ്ങളെക്കുറിച്ചും ഇതിൽ വിശദമായി പ്രതിപാദിച്ചിരിക്കുന്നു.
മലയാള ഭാഷ അതിവേഗം വളർന്നുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ ഭാഷാസാഹിത്യലോകത്തിൻ്റെ ആവശ്യങ്ങളെ പരിഹരിക്കാൻ ഈ നിഘണ്ടു പരിഷ്കരിച്ച് അവതരിപ്പിക്കേണ്ടത് അനിവാര്യമായിരുന്നു. അക്കാലത്ത് പ്രചാരത്തിലിരുന്ന മലയാള പാഠപുസ്തകങ്ങൾ പരിശോധിച്ച്, അതിലെ നിരവധി പുതിയ വാക്കുകൾ അർത്ഥവിവരണത്തോടെ ഇതിൽ ചേർക്കുകയും, മലയാള സാഹിത്യ കൃതികളിൽ കാണാറുള്ള സംസ്കൃത പദങ്ങൾ പ്രത്യേകം തിരഞ്ഞുപിടിച്ച് ചേർക്കുകയും അവയ്ക്ക് കൃത്യമായ അർത്ഥം നൽകാൻ കൂടുതൽ ശ്രദ്ധിക്കുകയും ചെയ്തു. ‘അ’, ‘ഇ’, ‘എ’ എന്നീ ചുട്ടെഴുത്തുകളെ അക്ഷരക്രമമനുസരിച്ച് അതത് സ്ഥാനങ്ങളിൽ ചേർത്ത് ഉദാഹരണസഹിതം വിവരിച്ചിരിക്കുന്നതും ഈ പതിപ്പിൻ്റെ ഒരു പുതിയ പ്രത്യേകതയാണ്. പഴയ അർത്ഥവിവരണങ്ങളെ ഇപ്പോഴത്തെ പുതിയ വ്യാകരണ നിയമങ്ങളോട് യോജിപ്പിച്ചു. സൂചകാക്ഷരങ്ങളുടെ അർത്ഥം വിവരിക്കുന്നിടത്ത് പഴയ വ്യാകരണ ശബ്ദങ്ങൾക്കൊപ്പം പുതിയ പേരുകളും കാണിച്ചിട്ടുണ്ട്.
ഭാഷയിലെ പഴയ രീതികൾ മാറ്റമില്ലാതെ നിലനിർത്തിയിട്ടുണ്ട്. ഉദാഹരണത്തിന്, ‘നിറയുന്നു’, ‘ചമയുന്നു’ എന്നിങ്ങനെയുള്ള പദങ്ങളിലെ താലവ്യ അകാരത്തെ പഴയ വടക്കൻ മലയാള രീതിയായ ‘നിറെയുന്നു’, ‘ചമെക്കുന്നു’ എന്നിങ്ങനെ ‘എ’ കാരമാക്കി തന്നെയാണ് അച്ചടിച്ചിരിക്കുന്നത്. ഈ നിഘണ്ടു പരിഷ്കരിക്കുന്നതുമായി ബന്ധപ്പെട്ട് വിലയേറിയ ഉപദേശങ്ങൾ നൽകി സഹായിച്ച കേരളപാണിനി എ.ആർ. രാജരാജവർമ്മക്കുള്ള കടപ്പാടും നന്ദിയും പ്രസാധകർ ആമുഖത്തിൽ രേഖപ്പെടുത്തിയിരിക്കുന്നു.

തിരുവനന്തപുരം ജില്ലയിലെ മലയിൻകീഴ്  ശ്രീകൃഷ്ണ വിലാസം ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമായത്

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

    • പേര്: മലയാള നിഘണ്ടു
    • രചന: റിച്ചാർഡ് കോളിൻസ്
    • പ്രസിദ്ധീകരണ വർഷം: 1918
    • അച്ചടി:C.M.S. Press, Kottayam
    • താളുകളുടെ എണ്ണം:552
    • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1927 – പ്രകൃതിചികിത്സാസംഗ്രഹം – കെ. രാമവാര്യർ

1927-ൽ പ്രസിദ്ധീകരിച്ച, കെ.രാമവാര്യർ രചിച്ച പ്രകൃതി ചികിത്സാസംഗ്രഹം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1927 - പ്രകൃതി ചികിത്സാസംഗ്രഹം-കെ.രാമവാര്യർ
1927 – പ്രകൃതി ചികിത്സാസംഗ്രഹം-കെ.രാമവാര്യർ

ഇരുപതാം നൂറ്റാണ്ടിൻ്റെ ആദ്യ ദശകങ്ങളിൽ കേരളത്തിൽ ആധുനിക പ്രകൃതിചികിത്സാ ആശയങ്ങൾ പ്രചരിപ്പിക്കുന്നതിൽ ഈ പുസ്തകം വലിയ പങ്കുവഹിച്ചു. പേര് പോലെ തന്നെ പ്രകൃതിദത്തമായ മാർഗ്ഗങ്ങളിലൂടെ രോഗശാന്തി നേടുന്നതിനെക്കുറിച്ചുള്ള ഒരു സമഗ്രമായ വിവരശേഖരമാണ് ഈ ഗ്രന്ഥം. രാമവാര്യർ തൻ്റെ ദിനചര്യയിൽ നിന്നും അനുഭവങ്ങളിൽ നിന്നും തനിക്കു ലഭിച്ച ഉപദേശങ്ങളിൽ നിന്നും രചിച്ചതാണ് ഈ കൃതി.

ശാസ്ത്രഗ്രന്ഥങ്ങൾ ഗദ്യമായിത്തന്നെ പ്രസിദ്ധപ്പെടുത്തേണ്ടതാണെന്നു ഇതിനകം പലരും ഗ്രന്ഥകർത്തവിനോട് പറഞ്ഞിട്ടുണ്ടെങ്കിലും അദ്ദേഹം  പദ്യരീതിയിലാണ് ഈ പുസ്തകം എഴുതിയിരിക്കുന്നത്. പദ്യമാണെന്നു കേട്ട മാത്രയിൽ തന്നെ പുസ്തകം വേണ്ടെന്നു പറഞ്ഞിട്ടുള്ളവരും ഇല്ലാതില്ല, എന്നാൽ ഇതിലെ പദ്യങ്ങളുടെ ലാളിത്യവും ഭംഗിയും കണ്ടു പ്രകൃതി ചികിത്സാ വിരസന്മാരായ പല രസികന്മാർ കൂടി ഈ രീതിയെ അഭിനന്ദിക്കുകയും പദ്യ രീതിയെ ഭേദപ്പെടുത്തേണ്ടെന്നു അഭിപ്രായപ്പെടുകയും ചെയ്തിട്ടുണ്ടെന്നു മുഖവുരയിൽ പ്രകാശകൻ വാദിക്കുന്നു.

പ്രകൃതി ചികിത്സ അനുഷ്ഠിച്ചാൽ ദേഹം മെലിഞ്ഞു ശരീരംപരവശമാകുമെന്നു ഭയപ്പെടുന്നവർ രാമവാര്യരുടെ ഛായാപടം ഒന്നു കണ്ടാൽ അവരുടെ ഭയം പാടേ നീങ്ങുന്നതാണെന്ന്  അവതാരികയെഴുതിയ മാധവവാര്യർ പറയുന്നു. അദ്ദേഹത്തിൻ്റെ ശരീരം അല്പം മെലിഞ്ഞുവെങ്കിലും നല്ല ആരോഗ്യസ്ഥിതി എത്തിയിരിക്കുന്നുവെന്നും ഇങ്ങനെ നിഷ്കർഷയായി പ്രകൃതി തത്വങ്ങളെ ആദരിക്കുകന്നതിലൂടെ അനവധിരോഗങ്ങൾ പ്രകൃതിചികിത്സകൊണ്ടു സുഖപ്പെടുത്തുവാൻ സാധിക്കുമെന്നും അവതാരകൻ തറപ്പിച്ചു പറയുന്നു. ശ്ലോകങ്ങളിൽ ചികിത്സാതത്വങ്ങളെ ചമൽക്കാരപൂർവ്വം പ്രതിപാദിക്കുന്നത് സാഹിത്യപ്രേമികൾക്ക് രസകരമാണെങ്കിലും, സാമാന്യജനങ്ങൾക്ക് സുഗ്രഹമല്ല. ഇത് പരിഹരിക്കുന്നതിന് വേണ്ടി ഗ്രന്ഥത്തെ വിസ്താരപ്പെടുത്തി ലളിതമായ വ്യാഖ്യാനത്തോടു കൂടിയാണ് ഈ പതിപ്പ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

തിരുവനന്തപുരം ജില്ലയിലെ മലയിൻകീഴ്  ശ്രീകൃഷ്ണ വിലാസം ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമായത്

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

    • പേര്: പ്രകൃതി ചികിത്സാസംഗ്രഹം 
    • രചന:കെ.രാമവാര്യർ
    • പ്രസിദ്ധീകരണ വർഷം: 1927
    • താളുകളുടെ എണ്ണം: 216
    • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1956 – തക്ലിശാസ്ത്രം – സത്യൻ

1956 – ൽ സഞ്ചാലക് സവ്വസേവാസംഘം പ്രസിദ്ധീകരിച്ച, സത്യൻ രചിച്ച തക്ലിശാസ്ത്രം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1956 - തക്ലിശാസ്ത്രം - സത്യൻ
1956 – തക്ലിശാസ്ത്രം – സത്യൻ

1956-ൽ പുറത്തിറങ്ങിയ ഈ പുസ്തകം ഒരു വിദ്യാഭ്യാസ പ്രചാരണ മാധ്യമം ആയിരുന്നു. പ്രധാനമായും ഗാന്ധിയൻ ആശയങ്ങളിലും ഖാദി പ്രസ്ഥാനത്തിലും അധിഷ്ഠിതമായ ഒന്നായിരുന്നു ഇതിൻ്റെ ഇതിവൃത്തം.​’തക്ലി’ (നൂൽ നൂൽക്കാൻ ഉപയോഗിക്കുന്ന ചെറിയ ഉപകരണം) ഉപയോഗിച്ച് നൂൽ നൂൽക്കുന്നതിലെ ശാസ്ത്രീയ വശങ്ങളും, അത് ഒരു തൊഴിലായി സ്വീകരിക്കുന്നതിൻ്റെ പ്രാധാന്യവുമാണ് ചർച്ച ചെയ്യുന്നത്.

കേവലം ഒരു നൂൽനൂൽപ്പുപകരണം എന്നതിലുപരി, ആത്മവിശ്വാസവും സ്വാവലംബനവും വളർത്തുന്ന ഒരു ഉപാധിയായും, വിദ്യാഭ്യാസരംഗത്ത് കുട്ടികളിൽ സർഗ്ഗാത്മകതയും ഏകാഗ്രതയും വളർത്താൻ സഹായിക്കുന്ന ഒരു മികച്ച ഉപകരണമായും തക്ലിയെ ഇതിൽ അവതരിപ്പിക്കുന്നു. ഖാദിപ്രസ്ഥാനത്തിൽ നിർണ്ണായകമായ ഒരു സ്ഥാനം വഹിക്കുന്ന തക്ലി, അഹിംസാത്മകമായ സ്വാതന്ത്ര്യസമരത്തിൻ്റെ ചിഹ്നമായി ഗാന്ധിജി ഉപയോഗിച്ചുവെന്നും, നൂറ്റാണ്ടുകളായി ലോകമെമ്പാടുമുള്ള സംസ്കാരങ്ങളിൽ ഇത് നിലനിന്നിരുന്നുവെന്നും പുസ്തകം പറയുന്നു.

തിരുവനന്തപുരം ജില്ലയിലെ മലയിൻകീഴ്  ശ്രീകൃഷ്ണ വിലാസം ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമായത്

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

    • പേര്: തക്ലിശാസ്ത്രം
    • രചന: സത്യൻ
    • പ്രസിദ്ധീകരണ വർഷം: 1956
    • അച്ചടി:Mathrubhumi Press, Calicut
    • താളുകളുടെ എണ്ണം:60
    • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1935 – വടക്കൻ പാട്ടുകൾ – ചേലന്നാട്ട് അച്യുതമേനോൻ

1935-ൽ പ്രസിദ്ധീകരിച്ച,  വടക്കൻ പാട്ടുകൾ എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1935 - വടക്കൻ പാട്ടുകൾ - ചേലന്നാട്ട് അച്യുതമേനോൻ
1935 – വടക്കൻ പാട്ടുകൾ – ചേലന്നാട്ട് അച്യുതമേനോൻ

ഈ വാല്യം രണ്ട് ഭാഗങ്ങളായി തിരിച്ചിരിക്കുന്നു, ആദ്യഭാഗം “വടക്കൻ പാട്ടുകൾ” എന്ന വിഷയത്തിലെ ലെക്ച്ചറുകളുടെ വിശദീകരണവും രണ്ടാമത്തേത് 16‑ാം നൂറ്റാണ്ടിലെ അപ്രകാശിത വടക്കൻപാട്ടുകളുടെ മൂലരൂപത്തിൽ നിന്നും ശേഖരിച്ച പാട്ടുകളുടെ സമാഹാരവുമാണ്. ഇവ കേരളത്തിൻ്റെ സാമൂഹിക‑സൈനിക സ്ഥാപനങ്ങൾ, ദൈനംദിന ജീവിതം, വിവാഹരീതികൾ, പുത്തൂരം പാട്ടുകളുടെ സാമ്പ്രദായിക കാലം (അരോമൽ ചേകവർ, 12‑ാം നൂറ്റാണ്ട്), മരുമക്കത്തായത്തിലെ അനന്തരാവകാശ വ്യവസ്ഥയെക്കുറിച്ചുള്ള തെളിവുകൾ എന്നിവ വ്യക്തമാക്കുന്നു. ഫോക് സോങ്ങുകളുടെ കാവ്യവികാസത്തിലുള്ള സ്വാധീനം വിദേശ പണ്ഡിതർ അംഗീകരിക്കുമ്പോൾ കൂടുതൽ കലാപരിമിതിയായി കണക്കാക്കുന്നതിൻ്റെ പശ്ചാത്തലത്തിൽ രചയിതാവ് ഈ പാട്ടുകളുടെ ചരിത്ര‑സാംസ്കാരിക മൂല്യങ്ങൾ വിശദീകരിക്കുകയും ചൈയ്യുന്നു, പുരാതന കേരളത്തിലെ ഗ്രാമപ്രഭവമായ നാടൻ ഹീറോ പാട്ടുകൾ ശേഖരിക്കുന്നതിൻ്റെ കഠിനതയെയും, അക്ഷരാസാക്ഷരരായ ഗായകർ പാട്ടുകളിൽ അരുതാത്ത വ്യത്യാസങ്ങൾ കൊണ്ടുവരുമെന്ന പ്രശ്നങ്ങളെയും സൂചിപ്പിക്കുന്നു. പാട്ടുകൾ അറിയുന്ന തലമുറ അപ്രത്യക്ഷമാകുന്നതിനാൽ വടക്കൻ മലബാറിലെ വാമൊഴി പാട്ടുകളെ ആദ്യമായി അക്കാദമിക് തലത്തിൽ ക്രോഡീകരിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഫലമായിട്ടാണ് ഈ പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്. മദ്രാസിൻ്റെയും ചെങ്കൽപ്പേട്ടിൻ്റെയും കളക്ടർ ആയിരുന്ന പെർസി മാക്വീൻ ഈ പുസ്തകത്തിൻ്റെ അവതാരികയിലൂടെ വടക്കൻ പാട്ടുകൾക്ക് മലയാളഭാഷയിലുള്ള പ്രാധാന്യവും അത് മനസ്സിലാക്കിയതിന് അച്യുതമേനോന് പ്രശംസയും നൽകുന്നു. പെർസി മാക്വീൻ്റെ പല കൈയെഴുത്തുപ്രതികളും, നിരൂപണങ്ങളും, തച്ചോളിപ്പാട്ടുശേഖരങ്ങളും ഗ്രന്ഥപ്പുരയിൽ ലഭ്യമാണ്. പതിനാറാം നൂറ്റാണ്ടിലെ മലബാറിലെ സാമൂഹിക വ്യവസ്ഥിതി, ആചാരങ്ങൾ, വിവാഹരീതികൾ, കളരിപ്പയറ്റ് പോലെയുള്ള ആയോധനകലയും അതിൻ്റെ പ്രാക്ടീസായ ‘അങ്കം’ വെട്ടുന്ന സമ്പ്രദായവും വിശദാംശങ്ങളോടെ രേഖപ്പെടുത്തുന്ന വിലപ്പെട്ട ചരിത്ര രേഖയാണിത്.

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

  • പേര്: വടക്കൻ പാട്ടുകൾ
  • രചയിതാവ്:  Chelanat Achuthamenon
  • പ്രസിദ്ധീകരണ വർഷം: 1935
  • അച്ചടി: Ananda Press, Madras
  • താളുകളുടെ എണ്ണം: 360
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

1911 – തുള്ളൽകഥകൾ രണ്ടാം ഭാഗം – കുഞ്ചൻ നമ്പ്യാർ

1911 – ൽ പ്രസിദ്ധീകരിച്ച, കലക്കത്ത് കുഞ്ചൻ നമ്പ്യാർ രചിച്ച തുള്ളൽകഥകൾ രണ്ടാം ഭാഗം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1911 - തുള്ളൽകഥകൾ രണ്ടാം ഭാഗം - കുഞ്ചൻ നമ്പ്യാർ
1911 – തുള്ളൽകഥകൾ രണ്ടാം ഭാഗം – കുഞ്ചൻ നമ്പ്യാർ

ഭാഷാകവികളിൽ പ്രഥമസ്ഥാനത്തെ അർഹിക്കുന്ന കലക്കത്ത് കുഞ്ചൻ നമ്പ്യാരുടെ ഇരുപത്തിയാറ് തുള്ളൽകഥകൾ കഥകൾ ആണ് ഈ പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. തുള്ളൽ പ്രസ്ഥാനത്തിൻ്റെ ഉപജ്ഞാതാവായ നമ്പ്യാരുടെ രചനകൾ ആദ്യകാലത്ത് അച്ചടി രൂപത്തിൽ ക്രോഡീകരിക്കപ്പെട്ടിരുന്നു. പത്തൊൻപതാം നൂറ്റാണ്ടിൻ്റെ അവസാനത്തിലും ഇരുപതാം നൂറ്റാണ്ടിൻ്റെ തുടക്കത്തിലും മലയാളത്തിലെ പുരാതന കാവ്യങ്ങൾ വീണ്ടെടുക്കാനും സംരക്ഷിക്കാനുമുള്ള ശ്രമങ്ങൾ നടന്നിരുന്നു. 1911 കാലഘട്ടത്തിൽ ഇറങ്ങിയ ഇത്തരം പതിപ്പുകൾ ഓലമേയപ്പെട്ട കൈയെഴുത്തുപ്രതികളിൽ നിന്ന് അച്ചടി മാധ്യമത്തിലേക്കുള്ള തുള്ളൽ കലയുടെ പരിവർത്തനത്തെ അടയാളപ്പെടുത്തുന്നു.​ കുഞ്ചൻനമ്പ്യാരുടെ  അറുപതിലധികം വരുന്ന തുള്ളൽ കൃതികളെ വിവിധ ഭാഗങ്ങളായി തിരിച്ചാണ് അക്കാലത്ത് പ്രസിദ്ധീകരിച്ചിരുന്നത്. മഹാഭാരതത്തിലെ പാണ്ഡവരുടെ സഭാപ്രവേശനവും അനുബന്ധ സംഭവങ്ങളുമാണ്​ സഭാപ്രവേശം തുള്ളൽ കഥയിലൂടെ പറയുന്നത്.​കിരാതം കഥയിലാകട്ടെ അർജുനൻ പാശുപതാസ്ത്രത്തിനായി തപസ്സുചെയ്യുന്നതും ശിവൻ കിരാത വേഷത്തിൽ വരുന്നതും ആവിഷ്ക്കരിചിരിക്കുന്നു.​ രുഗ്മിണീസ്വയംവരത്തിലൂടെ ഭാഗവതത്തിലെ ശ്രീകൃഷ്ണ-രുഗ്മിണി വിവാഹ കഥയും, ​പ്രദ്യുമ്നവിജയം കഥയിൽ കാമദേവൻ്റെ പുനർജന്മവും ശംബരാസുര വധവും പരിചയപ്പെടുത്തുന്നു. ദേവന്മാരെയും പുരാണ കഥാപാത്രങ്ങളെയും സാധാരണ മനുഷ്യരായി ചിത്രീകരിച്ച് പരിഹസിക്കുന്നു. കേരളീയ ദുരാചാരങ്ങളെയും വരേണ്യവർഗത്തെയും നർമ്മത്തിലൂടെ വിമർശിക്കുകയും ചൈയ്യുന്നു. ആട്ടക്കഥകൾക്കൊപ്പം ശീതങ്കൻ തുള്ളൽ,പറയൻ തുള്ളൽ എന്നീ വിഭാഗത്തിൽപ്പെടുന്ന തുള്ളലുകളും ഈ പുസ്തകത്തിൽ കാണുവാൻ സാധിക്കുന്നു.

കൊല്ലത്തു നിന്നുള്ള കണ്ണൻ ഷണ്മുഖം മാഷ് ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി നൽകിയത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: തുള്ളൽകഥകൾ രണ്ടാം ഭാഗം
  • രചയിതാവ്: കലക്കത്ത് കുഞ്ചൻ നമ്പ്യാർ
  • പ്രസിദ്ധീകരണ വർഷം: 1911
  • അച്ചടി: വി.വി. പ്രസ്സ്, കൊല്ലം
  • താളുകളുടെ എണ്ണം: 256
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1989 – മലയാള സാഹിത്യവും ക്രിസ്ത്യാനികളും – പി.ജെ. തോമസ്

1989 – ൽ മൂന്നാം പതിപ്പായി പ്രസിദ്ധീകരിച്ച, പി.ജെ.തോമസ്  രചിച്ച മലയാള സാഹിത്യവും ക്രിസ്ത്യാനികളും എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1989 - മലയാള സാഹിത്യവും ക്രിസ്ത്യാനികളും - പി.ജെ. തോമസ്
1989 – മലയാള സാഹിത്യവും ക്രിസ്ത്യാനികളും – പി.ജെ. തോമസ്

പത്തൊമ്പതാം നൂറ്റാണ്ടിൻ്റെ അന്ത്യംവരെ ക്രൈസ്തവർ നടത്തിയ ഭാഷാപരിപോഷണ യത്നങ്ങളാണു “കേരളത്തിലെ ക്രിസ്തീയ സാഹിത്യം’ എന്ന പേരിൽ  പി.ജെ. തോമസ് 1935 ൽ ഒന്നാം പതിപ്പായും “മലയാള സാഹിത്യവും ക്രിസ്ത്യാനികളും’ എന്ന പേരിൽ 1961-ൽ രണ്ടാം പതിപ്പായും പ്രസിദ്ധീകരിച്ചിരുന്നത്. കഴിഞ്ഞ കാൽ നൂററാണ്ടിനിടയ്ക്ക് ഡോ.തോമസിൻ്റെ പുസ്തകത്തിലെ ഉള്ളടക്കത്തെക്കുറിച്ചു ലഭിച്ചിട്ടുള്ള പുതിയ അറിവുകളും ഉൾക്കാഴ്ചകളും ഡോ.സ്കറിയ സക്കറിയ “ചർച്ചയും പൂരണവും” എന്ന  തൻ്റെ നീണ്ട അനുബന്ധത്തിൽ ഉൾപ്പെടുത്തിയതും കൂടി ചേർത്തുകൊണ്ടാണ് 1989 -ൽ  മൂന്നാം പതിപ്പായി പി.ജെ. തോമസിൻ്റെ  ഈ പുസ്തകം പുറത്തിറക്കിയിരിക്കുന്നത്.

പി.ജെ. തോമസിനു തൻ്റെ കൃതിയുടെ രചനയിൽ സൂക്ഷ്മമായി പരിശോധിക്കാൻ കഴിയാതെ പോയ, ഉദയംപേരൂർ സൂനഹദോസിൻ്റെ കാനോനകൾ, റോസിൻ്റെ നിയമാവലി, മിലാൻ രേഖകൾ, പത്രങ്ങളുടെ ഏടുകൾ, നിഘണ്ടുക്കൾ, വ്യാകരണഗ്രന്ഥങ്ങൾ, തുടങ്ങി അനേകം ഗ്രന്ഥങ്ങൾ ഇപ്പോൾ അച്ചടിച്ചു വന്നിട്ടുണ്ട്. ഇപ്രകാരം പുതിയ ഉപാദാനങ്ങളുടെ വെളിച്ചത്തിൽ ചർച്ചയ്ക്കും പൂരണത്തിനും പ്രസക്തിയുണ്ടു്. വിട്ടുപോയ പേരുകൾ ചേർക്കുക, അങ്ങിങ്ങു നുഴഞ്ഞു കയറിയിട്ടുള്ള തെറ്റുകൾ തിരുത്തുക, അർഹമായ പ്രാധാന്യം ലഭിച്ചിട്ടില്ലാത്ത വ്യക്തികളെയും കൃതികളെയും വിശദമായി പരിചയപ്പെടുത്തുക, ഭാഷയുടെയും സാഹിത്യത്തിൻ്റെയും വികാസത്തിൽ നിർണായക പങ്കുവഹിച്ച കൃതികളുടെയും പ്രസ്ഥാനങ്ങളുടെയും വ്യക്തികളുടെയും പ്രാധാന്യം തെളിച്ചുകാട്ടുക, ഭാഷാശൈലിയെക്കുറിച്ചുള്ള ചില നിരീക്ഷണങ്ങൾ പുനഃപരിശോധിക്കുക എന്നിവയിൽ പരിമിതപ്പെട്ടു നിൽക്കുന്നതു കൊണ്ടാണു ചർച്ചയും പൂരണവും എന്ന ശീർഷകം ഇതിനു നൽകിയിരിക്കുന്നതു്.

പതിനാറാം നൂറ്റാണ്ടുമുതൽ പാശ്ചാത്യരുമായി കേരളത്തിനുണ്ടായ ഉററ സമ്പർക്കത്തിൻ്റെ സാംസ്കാരികനേട്ടങ്ങൾ ക്രൈസ്തവസമുദായത്തെ മുൻനിറുത്തി പഠിക്കാനാണു അടിസ്ഥാന ഗ്രന്ഥത്തിൽ ഡോ. തോമസ് ഉദ്യമിച്ചിരിക്കുന്നതു്. പോർത്തുഗീസുകാരുടെ കാലം മുതൽ കേരളത്തിലെ മാർത്തോമ്മാ നസ്രാണികളും പുതുതായി ക്രൈസ്തവമതം സ്വീകരിച്ചവരും ശക്തമായ പാശ്ചാത്യസ്വാധീനത്തിനു വിധേയരായി എന്നതുകൊണ്ടും അവരെ മുൻനിറുത്തിയുള്ള പഠനത്തിനു സവിശേഷപ്രസക്തിയുണ്ടു്. മാത്രമല്ല, പാശ്ചാത്യരുടെ സാംസ്കാരിക പ്രവർത്തനത്തിൽ ഏറിയ പങ്കും അവരുടെ ക്രൈസ്തവമിഷണറി പ്രവർത്തനത്തിൻ്റെ ഭാഗമായിരുന്നുതാനും. അതാണു ഈ പുസ്തകത്തിൽ  അവലംബിച്ചിരിക്കുന്ന വീക്ഷണകോൺ. പാശ്ചാത്യസമ്പർക്കത്തിലൂടെ കേരളീയൻ്റെ മാനസിക ചക്രവാളങ്ങൾക്കുണ്ടായ വികാസം ഭാഷയിലും സാഹിത്യത്തിലും വ്യക്തമായി പ്രതിഫലിക്കുന്നു, അതു പടിപടിയായും ശാസ്ത്രീയമായും ചിത്രീകരിക്കാനുള്ള ഉദ്യമം മലയാളിയുടെ ലോകവീക്ഷണത്തിനുണ്ടായ വളർച്ച രേഖപ്പെടുത്തുന്നതിൽ കലാശിച്ചു.  മലയാളസാഹിത്യവും ക്രിസ്ത്യാനികളും മലയാളത്തിലെ അതിവിശിഷ്ടഗ്രന്ഥങ്ങളിലൊന്നായി ഇന്നും പരിഗണിക്കപ്പെടുന്നു.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: മലയാള സാഹിത്യവും ക്രിസ്ത്യാനികളും
  • രചയിതാവ്: പി.ജെ. തോമസ്
  • പ്രസിദ്ധീകരണ വർഷം: 1989
  • അച്ചടി: D.C. Press , Kottayam
  • താളുകളുടെ എണ്ണം: 562
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

1949 – ഭൂമിശാസ്ത്രം- രണ്ടാം പുസ്തകം – രണ്ടാം ഫാറത്തിലേയ്ക്ക്

1949-ൽ പ്രസിദ്ധീകരിച്ച, ഭൂമിശാസ്ത്രം- രണ്ടാം പുസ്തകം – രണ്ടാം ഫാറത്തിലേയ്ക്ക്എന്ന പാഠപുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്.

1949 - ഭൂമിശാസ്ത്രം- രണ്ടാം പുസ്തകം - രണ്ടാം ഫാറത്തിലേയ്ക്ക്
1949 – ഭൂമിശാസ്ത്രം- രണ്ടാം പുസ്തകം – രണ്ടാം ഫാറത്തിലേയ്ക്ക്

1940-കളുടെ അവസാനത്തിൽ തിരുവിതാംകൂർ-കൊച്ചി സംസ്ഥാനങ്ങളിലെ സ്കൂൾ വിദ്യാർത്ഥികൾക്കായി തയ്യാറാക്കപ്പെട്ട പാഠപുസ്തകമാണിത്. പഴയ വിദ്യാഭ്യാസ രീതി അനുസരിച്ചുള്ള ക്ലാസ് വിഭജനമാണിത്. ഇന്നത്തെ ഏകദേശം ഏഴാം ക്ലാസിന് (Grade 7) തുല്യമാണ് ‘രണ്ടാം ഫാറം’.

ആമസോൺ നദീതടത്തിലെ മഴക്കാടുകളെയും (Selvas) അവിടെയുള്ള ഗോത്രവർഗ്ഗക്കാരെയും കുറിച്ച് പുസ്തകം വിവരിക്കുന്നു. പരാഗ്വേ, ഉറുഗ്വേ, അർജൻ്റീന എന്നിവിടങ്ങളിലെ നദീതടങ്ങൾ ഇതിൽ പ്രധാനപ്പെട്ടവയാണ്. അക്കാലത്തെ കാനഡയുടെ സമ്പദ്‌വ്യവസ്ഥയിൽ വന-കൃഷി മേഖലകളുടെ പ്രാധാന്യം വ്യക്തമാക്കുന്നതിനൊപ്പം, കിഴക്കൻ ഏഷ്യയുടെയും മധ്യേഷ്യയുടെയും ഭൂപ്രകൃതി, ജനജീവിതം, ചൈനയുടെയും ജപ്പാൻ്റെയും കാലാവസ്ഥ, ജനങ്ങളുടെ ജീവിതരീതി എന്നിവയും ചർച്ച ചെയ്യുന്നു. റഷ്യയുടെ മഞ്ഞുപുതച്ച സൈബീരിയൻ മേഖലയെയും അവിടുത്തെ പ്രശസ്തമായ റെയിൽപ്പാതയെയും (Trans-Siberian Railway) കുറിച്ച് പ്രതിപാദിക്കുന്ന പുസ്തകത്തിൽ ഭൂമിയിൽ ഒരു സ്ഥലത്തിൻ്റെ സ്ഥാനം കണ്ടെത്തുന്നത് എങ്ങനെ എന്നും,(അക്ഷാംശരേഖാംശങ്ങൾ (Latitudes & Longitudes)) ഭൂമിയുടെ ഉപരിതലത്തിലെ കാര്യങ്ങൾ അടയാളപ്പെടുത്തിയുള്ള ഭൂപടങ്ങൾ എങ്ങനെ പഠിക്കണമെന്നും വിശദീകരിക്കുന്നു.

കൊല്ലം അയത്തിൽ സാഹിത്യവിലാസിനി ഗ്രന്ഥശാലയാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി നൽകിയിട്ടുള്ളത്

നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

  • പേര്: ഭൂമിശാസ്ത്രം- രണ്ടാം പുസ്തകം – രണ്ടാം ഫാറത്തിലേയ്ക്ക്
  • പ്രസിദ്ധീകരണ വർഷം: 1949
  • താളുകളുടെ എണ്ണം: 156
  • അച്ചടി: The Prakash Printing & Publishing House, Trivandrum
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി