1952 – വാനവിലാസം – റ്റി.കെ. ജോസഫ്

1952 – ൽ പ്രസിദ്ധീകരിച്ച, റ്റി.കെ. ജോസഫ് രചിച്ച വാനവിലാസം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1952 - വാനവിലാസം - റ്റി.കെ. ജോസഫ്
1952 – വാനവിലാസം – റ്റി.കെ. ജോസഫ്

റ്റി.കെ. ജോസഫ് രചിച്ച വിശദമായ ഒരു ജ്യോതിശാസ്ത്ര ഗ്രന്ഥമാണ് വാനവിലാസം. ജ്യോതിശാസ്ത്രത്തെക്കുറിച്ച് പൗരസ്ത്യ ലോകത്തും പാശ്ചാത്യലോകത്തും രൂപം കൊണ്ടിട്ടുള്ള അനേകം പഠനങ്ങളെ ആധാരമാക്കിയാണ് ഈ പുസ്തകം രചിച്ചിരിക്കുന്നത്. ഇരുപത്തിയേഴു നക്ഷത്രങ്ങളും പന്ത്രണ്ടു രാശികളും ഇതര രാശികളും ഗ്രഹങ്ങളും ധൂമകേതുക്കളും ഉൾപ്പെടെ വിശാലമായ ആകാശഗംഗയെ കുറിച്ചുള്ള പഠനം കഴിയുന്നത്ര വസ്തുനിഷ്ഠമാക്കാൻ ലേഖകൻ ശ്രമിച്ചിട്ടുണ്ട്. മലയാളലിപി പരിഷ്കരിക്കണമെന്ന ആശയത്തിൻ്റെ ഉപജ്ഞാതാക്കളിൽ ഒരാളായിരുന്നു റ്റി.കെ. ജോസഫ്. പരിഷ്കരിച്ച ലിപി പ്രകാരമുള്ള ‘റ്റ’ അക്ഷരമാണ് പുസ്തകത്തിൽ ലേഖകൻ്റെ പേരിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: വാനവിലാസം
  • പ്രസിദ്ധീകരണ വർഷം: 1952
  • അച്ചടി: ശ്രീധര പ്രിൻ്റിംഗ് ഹൗസ്, തിരുവനന്തപുരം
  • താളുകളുടെ എണ്ണം:  346
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

ലിറ്റിൽ മാസികയുടെ 56 ലക്കങ്ങൾ

2009 മുതൽ 2019 വരെയുള്ള കാലയളവിൽ പ്രസിദ്ധീകരിച്ച ലിറ്റിൽ മാസികയുടെ ലഭ്യമായ 56 ലക്കങ്ങളുടെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

1992-ൽ ബിരുദ വിദ്യാർത്ഥിയായിരുന്ന കാലത്താണ് ബിജു ജോൺ ലിറ്റിൽ മാസികക്ക് തുടക്കം കുറിക്കുന്നത്. ദൃഷ്ടി എന്ന പേരിലാണ് മാസിക പ്രസിദ്ധീകരണം ആരംഭിച്ചത്. കേവലം ഒരു പ്രസിദ്ധീകരണമെന്നതിലുപരി, ചെറുതും സുസ്ഥിരവുമായ ജീവിതദർശനങ്ങൾ ഉൾക്കൊള്ളുന്ന രചനകളായിരുന്നു ഇതിൻ്റെ ഉള്ളടക്കം.  അധ്യാപകനും എഴുത്തുകാരനുമായ അബ്ദുള്ളക്കുട്ടി എടവണ്ണ കൂടി മാസികയുടെ പ്രവർത്തനങ്ങളിൽ പങ്കുചേർന്നതോടെ കൂട്ടായ്മയുടെ കരുത്തിൽ ലിറ്റിൽ മാസിക ഏറെ മികവുറ്റതായി. കാലക്രമേണ, ജീവിതത്തെ കൂടുതൽ പ്രസന്നവും സർഗാത്മകവുമാക്കുന്ന ആലോചനകളിലേക്ക് മാസികയുടെ ദിശ മാറി

ചെറുതിനാണ് ഭംഗിയുള്ളതെന്ന ഏണസ്റ്റ് ഷൂമാക്കറുടെ ദർശനമാണ് മാസികയുടെ പ്രവർത്തനങ്ങൾക്ക് പ്രചോദനമായത്. ചെറിയ കാര്യങ്ങളുടെ പ്രസക്തി (Relevance of being little) എന്ന ആശയത്തെ മുൻ നിർത്തി, മാസികക്ക് ലിറ്റിൽ മാസിക എന്നു തന്നെ പേരു നൽകി. വന്യമായ ഉപഭോഗസംസ്കാരങ്ങൾക്ക് ബദലായി ചെറിയ കാര്യങ്ങളുടെ വലിയ പ്രസക്തി, ചെറിയ സമരമാതൃകകൾ, ജീവിതശൈലികൾ എന്നിവ മാസിക മുന്നോട്ടു വെച്ചു. ചെറിയ മനുഷ്യർ, കൊച്ചു പ്രസ്ഥാനങ്ങൾ, ചെറുതെങ്കിലും ആത്മാർത്ഥമായ ജനകീയ ഇടപെടലുകൾ, പൂവ്, കാട്, പുഴ, ചെറുജീവികൾ, ദൃഷ്ടിയിൽ പെടാത്ത പ്രാണികൾ അങ്ങനെ ചെറുതും സുന്ദരവും സ്ഥായിയായി നിലനിൽക്കുന്നതുമായ ജീവിതത്തിൻ്റെ വിവിധ ഭാവങ്ങളെക്കുറിച്ച് മാസിക വിചാരപ്പെടുന്നുവെന്ന്  മാസികയുടെ തുടക്കത്തിൽ കൊടുത്തിട്ടുണ്ട്. യാതൊരുവിധ വാണിജ്യ-മൂലധന താല്പര്യങ്ങൾക്കും വഴങ്ങാതെ, തികച്ചും മൗലികവും പുതുമയുള്ളതും പരീക്ഷണാത്മകവുമായ ആശയങ്ങളെ പ്രതിനിധീകരിച്ചു കൊണ്ടുള്ള ‘അവാങ് ഗാർഡ്’ (Avant-garde) മാതൃകയിലുള്ള അന്വേഷണങ്ങൾക്കാണ് പിൽക്കാലത്ത് മാസിക പ്രാമുഖ്യം നൽകിയത്. സാഹിത്യം, ചിത്രകല, പരിസ്ഥിതി, ലോക സിനിമ, യാത്ര, ധ്യാനം ഇങ്ങനെ വൈവിധ്യ വിഷയങ്ങളെക്കുറിച്ചുള്ള എഴുത്തുകൾ മാസികയിൽ പ്രസിദ്ധീകരിച്ചിരുന്നു. കാഴ്ചയുടെ തീർത്ഥാടനങ്ങൾ എന്ന പേരിൽ ലോകസിനിമയെ പരിചയപ്പെടുത്തുന്ന മമ്മദ് എഴുതിയ ലേഖനങ്ങൾ, നടത്തം എന്ന പേരിൽ എം.പി. പ്രതീഷ് എഴുതിയ ആത്മവിചാരങ്ങൾ മിക്കവാറും എല്ലാ ലക്കത്തിലുമുണ്ട്. പരസ്യങ്ങളൊന്നും തന്നെ മാസികയിൽ സ്വീകരിച്ചിട്ടില്ല. 1992 മുതൽ 2021 വരെ സമാന്തര വായനാലോകത്ത് തനതായ ഒരിടം അടയാളപ്പെടുത്തിയ ലിറ്റിൽ മാസിക, ഒരു ചെറിയ ഇടവേളക്കു ശേഷം വീണ്ടും പ്രസിദ്ധീകരിക്കാൻ ഒരുങ്ങുകയാണ്

ലിറ്റിൽ മാസികയുടെ എഡിറ്റർ ആയിരുന്ന ബിജു ജോൺ ആണ് ഈ മാസികകൾ ഡിജിറ്റൈസേഷനു വേണ്ടി നൽകിയത്.

നമ്മുടെ പഴയകാല ആനുകാലികങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായി കൂടിയാണ് ഈ മാസികകൾ ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

  • പേര്: ലിറ്റിൽ മാസിക
  • എഡി: ബിജു ജോൺ
  • പ്രസിദ്ധീകരണ വർഷം: 2009-2019
  • അച്ചടി: Co-operative Press, Chungathara
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

 

1946 – കാദംബരി – കെ. ഗോദവർമ്മ

1946 – ൽ പ്രസിദ്ധീകരിച്ച, കെ. ഗോദവർമ്മ രചിച്ച കാദംബരി എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

 1946 - കാദംബരി - കെ. ഗോദവർമ്മ
1946 – കാദംബരി – കെ. ഗോദവർമ്മ

മഹാകവി ബാണഭട്ടൻ രചിച്ച പ്രശസ്ത ഗദ്യകാവ്യത്തിൻ്റെ മലയാള പരിഭാഷയാണ് ഈ ഗ്രന്ഥം. കെ. ഗോദവർമ്മ (കിളിമാനൂർ ഗോദവർമ്മ)യാണ് മലയാളത്തിലേക്ക് ഇതിനെ പരിഭാഷപ്പെടുത്തിയ സാഹിത്യകാരൻ. പ്രണയം, പുനർജന്മം, ദൈവികത എന്നിവയാണ് പ്രധാന പ്രമേയങ്ങൾ. നായകൻ ചന്ദ്രപീഡനും നായിക കാദംബരിയും കേന്ദ്ര കഥാപാത്രങ്ങളാണ്. സംസ്കൃത ഗദ്യസാഹിത്യത്തിലെ ശ്രേഷ്ഠ കൃതികളിലൊന്നായി ഈ പുസ്തകം വിലയിരുത്തപ്പെടുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: കാദംബരി
  • രചയിതാവ്:  K. Godavarma
  • പ്രസിദ്ധീകരണ വർഷം: 1946
  • അച്ചടി: Sridhara Printing House, Trivandrum
  • താളുകളുടെ എണ്ണം: 154
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1949 – മഹാകവി പള്ളത്തിൻ്റെ കൃതികൾ – രണ്ടാം വാല്യം

1949-ൽ പ്രസിദ്ധീകരിച്ച, മഹാകവി പള്ളത്തിൻ്റെ കൃതികൾ – രണ്ടാം വാല്യം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

 1949 - മഹാകവി പള്ളത്തിൻ്റെ കൃതികൾ - രണ്ടാം വാല്യം
1949 – മഹാകവി പള്ളത്തിൻ്റെ കൃതികൾ – രണ്ടാം വാല്യം

ഈ ഗ്രന്ഥം മലയാളത്തിലെ പ്രസിദ്ധ കവിയായ പള്ളത്ത് രാമൻ രചിച്ച കൃതികളുടെ സമാഹാരമായി 1949-ൽ പ്രസിദ്ധീകരിച്ച രണ്ടാം  വാല്യമാണ്. കേരളത്തിലെ നവോത്ഥാനകാല സാഹിത്യധാരയുമായി ബന്ധപ്പെട്ട സാമൂഹിക, സാംസ്കാരിക, ദേശീയ ചിന്തകൾ പ്രതിഫലിപ്പിക്കുന്ന കവിതകൾ ആണ് ഉള്ളടക്കം.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: മഹാകവി പള്ളത്തിൻ്റെ കൃതികൾ – രണ്ടാം വാല്യം
  • പ്രസിദ്ധീകരണ വർഷം: 1949
  • അച്ചടി: V.V. Press, Kollam
  • താളുകളുടെ എണ്ണം: 220
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1948 – സഹകരണമാഹാത്മ്യം

1948-ൽ പ്രസിദ്ധീകരിച്ച, സഹകരണമാഹാത്മ്യം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

1944 മുതൽ അഞ്ചു വർഷത്തെ തിരുവിതാംകൂർ സഹകരണ പ്രസ്ഥാനത്തിൻ്റെയും ജോയിൻ്റ് ബ്ലോക്ക് കമ്പനികളുടെയും പ്രവർത്തനങ്ങളെ സംബന്ധിച്ച് തിരുവിതാംകൂർ സഹകരണസംഘം രജിസ്ട്രാർ ആയിരുന്ന കെ മാധവക്കുറുപ്പ് നടത്തിയ പ്രഭാഷണങ്ങളുടെയും ലേഖനങ്ങളുടെയും സമാഹാരമാണ് ”സഹകരണമാഹാത്മ്യം”. 1944 മുതൽ 1949 വരെയുള്ള കാലയളവിൽ അദ്ദേഹം നടത്തിയവയാണ് ഈ പ്രസംഗങ്ങളും രചനകളും. 52 വിഷയങ്ങൾ ഇതിൽ പ്രതിപാദിക്കുന്നുണ്ട്. അവസാനഭാഗത്തുള്ള കുറിപ്പ് ജോലിയിൽ നിന്നു വിരമിച്ച ശേഷം മാധവക്കുറുപ്പ് തനിക്കു ലഭിച്ച മംഗളപത്രങ്ങൾക്കും ആശംസകൾക്കും നൽകിയ മറുപടിയാണ്. ഈ മേഖലയെ സവിശേഷമായി സംബന്ധിക്കുന്ന വിവരങ്ങൾ അതിലും അടങ്ങിയിരിക്കുന്നതിനാൽ സമാഹാരത്തിൽ ഉൾക്കൊള്ളിച്ചതാണ്. മലയാളത്തിൽ സഹകരണസ്ഥാപനങ്ങളെക്കുറിച്ചുള്ള രചനകൾ വിരളമായതു കൊണ്ടുള്ള ന്യൂനത പരിഹരിക്കുക എന്ന ലക്ഷ്യം ഈ പുസ്തകത്തിൻ്റെ രചനക്കു പിന്നിലുണ്ട്

സമൂഹത്തിൻ്റെ സാമ്പത്തികാഭിവൃദ്ധിക്കുള്ള ഉചിതമായ മാർഗംസഹകരണമായതു കൊണ്ട് ‘ഭാവികാലത്തിൻ്റെ മതമാണ് സഹകരണപ്രസ്ഥാനങ്ങൾ’ എന്ന സമീപനവും പുസ്തകം സ്വീകരിച്ചിരിക്കുന്നു. സഹകരണമേഖലയിൽ പ്രവർത്തിക്കുന്നവർക്കും സാധാരണ ജനങ്ങൾക്കും ഒരുപോലെ പ്രയോജനപ്രദവും രസകരവും ആയിരിക്കും ഈ പുസ്തകമെന്ന് അവതാരികയിൽ സഹകരണ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിഡൻ്റ് ജി.ആർ പിള്ള എഴുതുന്നു. 1940-കളിലെ തിരുവിതാംകൂറിലെ സാമ്പത്തിക കാര്യങ്ങളും ബാങ്കുകളുടെ വിവരങ്ങളും മറ്റും മനസ്സിലാക്കാനുള്ള സ്രോതസ്സു കൂടിയാണ് ഈ പുസ്തകം. ട്രഷറി ബാങ്ക്, സെൻട്രൽ ബാങ്ക്, പോസ്റ്റൽ സേവിങ്സ് ബാങ്ക്, നെടുങ്ങാടി ബാങ്ക്, ഇമ്പീരിയൽ ബാങ്ക്, ദ ട്രാവൻ കൂർ ബാങ്ക്, ഈസ്റ്റേൺ മർക്കൻ്റയിൽ ബാങ്ക്, ഇന്ത്യൻ റിസർവ് ബാങ്ക് തുടങ്ങിയ ബാങ്കുകളെയും അവയിലെ നിക്ഷേപങ്ങളെയും പറ്റിയുള്ള വിവരങ്ങൾ പുസ്തകത്തിൽ നിന്നു ലഭിക്കുന്നതാണ്

തിരുവനന്തപുരം ജില്ലയിലെ മലയിൻകീഴ്  ശ്രീകൃഷ്ണ വിലാസം ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമായത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: സഹകരണമാഹാത്മ്യം
  • പ്രസിദ്ധീകരണ വർഷം: 1948
  • അച്ചടി: Modern Press, Thiruvananthapuram
  • താളുകളുടെ എണ്ണം: 466
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1918-മലയാള നിഘണ്ടു-റിച്ചാർഡ് കോളിൻസ്

1918 – ൽ സി.എം.എസ് പ്രെസ്സ്,കോട്ടയം പ്രസിദ്ധീകരിച്ച, റിച്ചാർഡ് കോളിൻസ് രചിച്ചമലയാള നിഘണ്ടു എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1918-മലയാള നിഘണ്ടു-റിച്ചാർഡ് കോളിൻസ്
1918-മലയാള നിഘണ്ടു-റിച്ചാർഡ് കോളിൻസ്

കോട്ടയം സി.എം.എസ് കോളേജിൻ്റെ പ്രിൻസിപ്പലായിരുന്ന റിച്ചാർഡ് കോളിൻസ് 1865-ലാണ് ഈ നിഘണ്ടു ആദ്യമായി പ്രസിദ്ധീകരിക്കുന്നത്. കോളിൻസിൻ്റെ മരണശേഷവും ഈ നിഘണ്ടുവിൻ്റെ  ജനപ്രീതിയും ആവശ്യകതയും കുറഞ്ഞില്ല. തുടർന്ന് ഇരുപതാം നൂറ്റാണ്ടിൻ്റെ
തുടക്കത്തിൽ പ്രശസ്ത പണ്ഡിതനും സി.എം.എസ് കോളേജിലെ മലയാളം ലക്ചററുമായിരുന്ന കെ. ശങ്കരപിള്ള ഈ നിഘണ്ടു സമഗ്രമായി പരിഷ്കരിക്കുകയും പുതിയ വാക്കുകളും ശൈലികളും കൂട്ടിച്ചേർത്ത് 1918-ൽ മൂന്നാംപതിപ്പ് പുനഃപ്രസിദ്ധീകരിക്കുകയും ചെയ്തു. മലയാളം നിഘണ്ടുവിൻ്റെ  ഒന്നാം പതിപ്പിൻ്റെ ആമുഖം ഈ പുസ്തകത്തിൽ കാണുവാൻ സാധിക്കുന്നു. തൻ്റെ  നിഘണ്ടു നിർമ്മാണത്തിൻ്റെ
ഉദ്ദേശ്യത്തെക്കുറിച്ചും, ഭാഷാപരമായ ഘടനയെക്കുറിച്ചും, സ്വീകരിച്ചിരിക്കുന്ന വ്യാകരണ നിയമങ്ങളെക്കുറിച്ചും ഇതിൽ വിശദമായി പ്രതിപാദിച്ചിരിക്കുന്നു.
മലയാള ഭാഷ അതിവേഗം വളർന്നുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ ഭാഷാസാഹിത്യലോകത്തിൻ്റെ ആവശ്യങ്ങളെ പരിഹരിക്കാൻ ഈ നിഘണ്ടു പരിഷ്കരിച്ച് അവതരിപ്പിക്കേണ്ടത് അനിവാര്യമായിരുന്നു. അക്കാലത്ത് പ്രചാരത്തിലിരുന്ന മലയാള പാഠപുസ്തകങ്ങൾ പരിശോധിച്ച്, അതിലെ നിരവധി പുതിയ വാക്കുകൾ അർത്ഥവിവരണത്തോടെ ഇതിൽ ചേർക്കുകയും, മലയാള സാഹിത്യ കൃതികളിൽ കാണാറുള്ള സംസ്കൃത പദങ്ങൾ പ്രത്യേകം തിരഞ്ഞുപിടിച്ച് ചേർക്കുകയും അവയ്ക്ക് കൃത്യമായ അർത്ഥം നൽകാൻ കൂടുതൽ ശ്രദ്ധിക്കുകയും ചെയ്തു. ‘അ’, ‘ഇ’, ‘എ’ എന്നീ ചുട്ടെഴുത്തുകളെ അക്ഷരക്രമമനുസരിച്ച് അതത് സ്ഥാനങ്ങളിൽ ചേർത്ത് ഉദാഹരണസഹിതം വിവരിച്ചിരിക്കുന്നതും ഈ പതിപ്പിൻ്റെ ഒരു പുതിയ പ്രത്യേകതയാണ്. പഴയ അർത്ഥവിവരണങ്ങളെ ഇപ്പോഴത്തെ പുതിയ വ്യാകരണ നിയമങ്ങളോട് യോജിപ്പിച്ചു. സൂചകാക്ഷരങ്ങളുടെ അർത്ഥം വിവരിക്കുന്നിടത്ത് പഴയ വ്യാകരണ ശബ്ദങ്ങൾക്കൊപ്പം പുതിയ പേരുകളും കാണിച്ചിട്ടുണ്ട്.
ഭാഷയിലെ പഴയ രീതികൾ മാറ്റമില്ലാതെ നിലനിർത്തിയിട്ടുണ്ട്. ഉദാഹരണത്തിന്, ‘നിറയുന്നു’, ‘ചമയുന്നു’ എന്നിങ്ങനെയുള്ള പദങ്ങളിലെ താലവ്യ അകാരത്തെ പഴയ വടക്കൻ മലയാള രീതിയായ ‘നിറെയുന്നു’, ‘ചമെക്കുന്നു’ എന്നിങ്ങനെ ‘എ’ കാരമാക്കി തന്നെയാണ് അച്ചടിച്ചിരിക്കുന്നത്. ഈ നിഘണ്ടു പരിഷ്കരിക്കുന്നതുമായി ബന്ധപ്പെട്ട് വിലയേറിയ ഉപദേശങ്ങൾ നൽകി സഹായിച്ച കേരളപാണിനി എ.ആർ. രാജരാജവർമ്മക്കുള്ള കടപ്പാടും നന്ദിയും പ്രസാധകർ ആമുഖത്തിൽ രേഖപ്പെടുത്തിയിരിക്കുന്നു.

തിരുവനന്തപുരം ജില്ലയിലെ മലയിൻകീഴ്  ശ്രീകൃഷ്ണ വിലാസം ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമായത്

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

    • പേര്: മലയാള നിഘണ്ടു
    • രചന: റിച്ചാർഡ് കോളിൻസ്
    • പ്രസിദ്ധീകരണ വർഷം: 1918
    • അച്ചടി:C.M.S. Press, Kottayam
    • താളുകളുടെ എണ്ണം:552
    • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1923 – കാതറൈൻ – കെ.ആർ ചക്രപാണിവാരിയർ

1923 – ൽ പ്രസിദ്ധീകരിച്ച, കെ.ആർ ചക്രപാണിവാരിയർ രചിച്ച കാതറൈൻ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1923 - കാതറൈൻ - കെ.ആർ ചക്രപാണിവാരിയർ
1923 – കാതറൈൻ – കെ.ആർ ചക്രപാണിവാരിയർ

കെ.ആർ. ചക്രപാണിവാര്യർ രചിച്ച ‘കാതറൈൻ’ എന്ന ചരിത്രകഥ, റഷ്യൻ സാമ്രാജ്യത്വ ചരിത്രത്തിലെ വിപ്ലവകാരിയായ ‘കാതറൈൻ ഒന്നാമൻ’ രാജ്ഞിയുടെ യഥാർത്ഥ ജീവിതത്തെ ആസ്പദമാക്കിയുള്ളതാണ്. മാറിൻബർഗ്ഗിലെ കഠിനമായ മഞ്ഞുവീഴ്ചയുള്ള ഒരു രാത്രിയിൽ സ്താറൻസ്തി എന്ന ദയാലുവായ പാതിരിക്ക് വഴിയിൽ കിടന്നു കിട്ടുന്ന അനാഥയായ കുഞ്ഞാണ് കാതറൈൻ; അന്നുതന്നെ വെടിയേറ്റു മരിച്ച നിലയിൽ പുഴയിൽ കണ്ടെത്തിയ ഒരു ഭടനായിരുന്നു അവളുടെ പിതാവ്. സൽസ്വഭാവിയും അതീവ സുന്ദരിയുമായി പാതിരിയുടെ തണലിൽ വളർന്ന അവൾ, പിൽക്കാലത്ത് റഷ്യ-സ്വീഡൻ യുദ്ധത്തിനിടയിൽ റഷ്യൻ സൈന്യത്തിൻ്റെ തടവുകാരിയായി മാറുകയും അവളുടെ ബുദ്ധിവൈഭവവും പെരുമാറ്റമഹിമയും കാരണം റഷ്യൻ സൈന്യാധിപന്മാരുടെയും ഒടുവിൽ പീറ്റർ ചക്രവർത്തിയുടെയും ശ്രദ്ധയിൽപ്പെടുകയും ചെയ്യുന്നു. കാതറൈൻ്റെ ആത്മധൈര്യത്തിലും വിവേകത്തിലും അനുരക്തനായ പീറ്റർ ചക്രവർത്തി അവളെ തന്റെ രാജ്ഞിയാക്കുകയും, വെറുമൊരു അനാഥക്കുട്ടിയിൽ നിന്നും റഷ്യൻ സാമ്രാജ്യത്തിൻ്റെ അധിപതിയായ ‘കാതറൈൻ ഒന്നാമൻ’ എന്ന ചക്രവർത്തിനിയായി മാറിയ അത്ഭുതകരമായ ചരിത്രമാണ് ഈ കഥയിലൂടെ അനാവരണം ചെയ്യപ്പെടുന്നത്.

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: കാതറൈൻ
  • രചയിതാവ്: കെ.ആർ ചക്രപാണിവാരിയർ
  • പ്രസിദ്ധീകരണ വർഷം: 1923
  • അച്ചടി: Vidyavinodini Press, Thrissivaperoor
  • താളുകളുടെ എണ്ണം: 70
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1923 – കവിതകൾ – വി.സി. ബാലകൃഷ്ണപ്പണിക്കർ

1923 – ൽ പ്രസിദ്ധീകരിച്ച, വി.സി. ബാലകൃഷ്ണപ്പണിക്കർ രചിച്ച കവിതകൾ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1923 - കവിതകൾ - വി.സി. ബാലകൃഷ്ണപ്പണിക്കർ
1923 – കവിതകൾ – വി.സി. ബാലകൃഷ്ണപ്പണിക്കർ

1923-ൽ പുറത്തിറങ്ങിയ വി. സി. ബാലകൃഷ്ണപ്പണിക്കരുടെ ‘കവിതകൾ’ എന്ന പുസ്തകം മലയാളത്തിൽ കാൽപ്പനിക സാഹിത്യത്തിന് തുടക്കം കുറിച്ച ഒരു അമൂല്യ കൃതിയാണ്. കേവലം 23 വയസ്സിൽ അന്തരിച്ച കവിയുടെ മരണാനന്തരം പ്രസിദ്ധീകരിച്ച ഈ സമാഹാരത്തിൽ ഭക്തിക്കവിതകളും ചരിത്രപരമായ രചനകളും ഉൾപ്പെടെ 14 ഭാഗങ്ങളുണ്ട്. പ്രപഞ്ചശക്തിയെ വന്ദിക്കുന്ന ‘ദേവീസൂവം’, ബ്രിട്ടീഷ് ഭരണകാലത്തെ ദില്ലി ദർബാറിനെ വർണ്ണിക്കുന്ന ‘സാമ്രാജ്യഗാഥ’ (കിളിപ്പാട്ട്), കാളിദാസ കൃതിയെ ആസ്പദമാക്കിയുള്ള ‘ഇന്ദുമതീസ്വയംവരം’ എന്നിവ ഇതിലെ ശ്രദ്ധേയമായ രചനകളാണ്. എങ്കിലും ഇതിൽ ഏറ്റവും പ്രധാനപ്പെട്ടത് മലയാളത്തിലെ ആദ്യത്തെ മികച്ച വിലാപകാവ്യമായി കണക്കാക്കപ്പെടുന്ന ‘ഒരു വിലാപം’ എന്ന കവിതയാണ്. പ്രിയപ്പെട്ടവളുടെ മരണമുണ്ടാക്കിയ ദുഃഖവും ജീവിതത്തിൻ്റെ തത്ത്വചിന്തകളും ലളിതവും മനോഹരവുമായി ആവിഷ്കരിക്കുന്ന ഈ പുസ്തകം, പഴയകാല കവിതാശൈലിയിൽ നിന്നും ഇന്നത്തെ ആധുനിക രീതിയിലേക്കുള്ള മലയാള കവിതയുടെ മാറ്റത്തെ കൃത്യമായി അടയാളപ്പെടുത്തുന്നു.

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: കവിതകൾ
  • രചയിതാവ്: വി.സി. ബാലകൃഷ്ണപ്പണിക്കർ
  • പ്രസിദ്ധീകരണ വർഷം: 1923
  • അച്ചടി: ലക്ഷ്മീ സഹായം അച്ചുകൂടം, കോട്ടക്കൽ
  • താളുകളുടെ എണ്ണം: 174
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1954 – അദ്ധ്യാത്മരാമായണം – അയോദ്ധ്യാകാണ്ഡം

1954 – ൽ പ്രസിദ്ധീകരിച്ച, എ.ഡി. ഹരിശർമ്മ പ്രസിദ്ധീകരിച്ച അദ്ധ്യാത്മരാമായണം – അയോദ്ധ്യാകാണ്ഡം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

 1954 - അദ്ധ്യാത്മരാമായണം - അയോദ്ധ്യാകാണ്ഡം
1954 – അദ്ധ്യാത്മരാമായണം – അയോദ്ധ്യാകാണ്ഡം

കേരളീയ ഭക്തിസാഹിത്യത്തിൽ അതുല്യ സ്ഥാനമുള്ള കൃതിയാണ് അദ്ധ്യാത്മരാമായണം കിളിപ്പാട്ട്. തുഞ്ചത്ത് എഴുത്തച്ഛൻ മലയാളിക്ക് സമ്മാനിച്ച ഈ അമൂല്യ ഗ്രന്ഥത്തിലെ ഏറ്റവും ഭക്തിപൂർണ്ണവും ആത്മീയഗാംഭീര്യമുള്ള ഭാഗവുമാണ് അയോദ്ധ്യാകാണ്ഡം. സാധാരണ വായനക്കാരനും എളുപ്പത്തിൽ മനസ്സിലാക്കാൻ സഹായിച്ച പ്രധാന വ്യാഖ്യാനങ്ങളിൽ ഒന്നാണ് ഏ.ഡി. ഹരിശർമ്മയുടെ വ്യാഖ്യാനസഹിതമുള്ള ഈ പുസ്തകം.ശ്രീരാമൻ്റെ വനവാസത്തിലേക്കുള്ള യാത്രയും, ധർമ്മനിഷ്ഠയും, ത്യാഗവും, ഭക്തിയും പ്രതിപാദിക്കുന്ന ഭാഗമാണ് ഇത്. കേരളത്തിൽ കർക്കിടകമാസത്തിൽ പാരായണം ചെയ്യപ്പെടുന്ന പ്രധാന ഭാഗങ്ങളിലൊന്നാണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: അദ്ധ്യാത്മരാമായണം – അയോദ്ധ്യാകാണ്ഡം
  • പ്രസിദ്ധീകരണ വർഷം: 1954
  • അച്ചടി: Parishanmudralayam, Ernakulam
  • താളുകളുടെ എണ്ണം: 276
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1923 – പാണ്ഡവന്മാർ – മേലങ്ങത്തു അച്ചുതമേനോൻ

1923 – ൽ പ്രസിദ്ധീകരിച്ച, മേലങ്ങത്തു അച്ചുതമേനോൻ രചിച്ച പാണ്ഡവന്മാർ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1923 - പാണ്ഡവന്മാർ - മേലങ്ങത്തു അച്ചുതമേനോൻ
1923 – പാണ്ഡവന്മാർ – മേലങ്ങത്തു അച്ചുതമേനോൻ

പാണ്ഡവന്മാർ എന്ന ഈ പുസ്തകം, കൊച്ചി, തിരുവിതാംകൂർ നാട്ടുരാജ്യങ്ങളിലെ സ്കൂൾ വിദ്യാർത്ഥികൾക്കായി സമർപ്പിക്കുന്ന ഒരു ചരിത്രപ്രധാനമായ പാഠപുസ്തകമാണ്. മഹാഭാരതത്തിലെ പാണ്ഡവരുടെ കഥ കുട്ടികൾക്ക് അനുയോജ്യമായ രീതിയിൽ, ലളിതവും ആകർഷകവുമായ ഗദ്യശൈലിയിൽ അവതരിപ്പിച്ചുകൊണ്ട് അവരിൽ ഭാഷാശുദ്ധി, സന്മാർഗ്ഗബോധം, യുക്തിചിന്ത എന്നിവ വളർത്തിയെടുക്കുക എന്നതാണ് ഈ ഗ്രന്ഥത്തിൻ്റെ ലക്ഷ്യം. ചന്ദ്രവംശത്തിൻ്റെ പശ്ചാത്തലവും ഭാരതം എന്ന പേരിൻ്റെ ചരിത്രവും വിവരിച്ചുകൊണ്ട് ആരംഭിക്കുന്ന ഈ കൃതി, ഭീഷ്മരുടെ ദൃഢപ്രതിജ്ഞ, വ്യാസൻ്റെ ജനനം, പാണ്ഡവരുടെയും കൗരവരുടെയും ഉത്പത്തി എന്നിവ താളുകളിലൂടെ ഹൃദ്യമായി പരിചയപ്പെടുത്തുന്നു. പാണ്ഡുരാജാവിൻ്റെ മരണശേഷം ഭാര്യ മാദ്രി ചിതയിൽ ചാടുന്ന രംഗം വിവരിക്കുമ്പോൾ, ഗ്രന്ഥകർത്താവ് അതിനെ സതി എന്ന ക്രൂരമായ അനാചാരമായി ചൂണ്ടിക്കാണിക്കുകയും അതിൻ്റെ നിരോധനത്തെ സ്വാഗതം ചെയ്യുകയും ചെയ്തുകൊണ്ട് പുരോഗമനപരമായ സാമൂഹിക പരിഷ്കരണ നിലപാട് വ്യക്തമാക്കുന്നുണ്ട്. മഹാഭാരത യുദ്ധത്തിന് ശേഷം വനത്തിലേക്ക് പോയ ധൃതരാഷ്ട്രർ, ഗാന്ധാരി, കുന്തി എന്നിവർ കാട്ടുതീയിൽ അകപ്പെട്ട് മരണമടയുന്നതും, തുടർന്ന് യുധിഷ്ഠിരൻ ഇരുപതുവർഷക്കാലം അതീവ നീതിയോടെ രാജ്യം ഭരിക്കുന്നതും ഇതിൽ വൈകാരികമായി ചിത്രീകരിക്കുന്നു. ഒടുവിൽ ശ്രീകൃഷ്ണൻ്റെ വിയോഗത്തോടെ പാണ്ഡവർ രാജ്യം പരീക്ഷിത്തിന് കൈമാറുകയും, സർവ്വവും ഉപേക്ഷിച്ച് മഹാപ്രസ്ഥാനം എന്ന തങ്ങളുടെ അന്ത്യയാത്ര ആരംഭിക്കുകയും ചെയ്യുന്നു. വഴിമധ്യേ അഗ്നിദേവൻ്റെ കൽപ്പനയനുസരിച്ച് അർജ്ജുനൻ തൻ്റെ ദിവ്യവില്ലായ ഗാണ്ഡീവം കടലിൽ സമർപ്പിക്കുന്നതോടെ പാണ്ഡവരുടെ ഇതിഹാസ കഥയ്ക്ക് ശുഭകരമായ രീതിയിൽ ഈ പുസ്തകം തിരശ്ശീലയിടുന്നു.

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: പാണ്ഡവന്മാർ
  • രചയിതാവ്: മേലങ്ങത്തു അച്ചുതമേനോൻ
  • പ്രസിദ്ധീകരണ വർഷം: 1923
  • അച്ചടി: കേരള ചിന്താമണി അച്ചുകൂടം, തൃശ്ശൂർ
  • താളുകളുടെ എണ്ണം: 86
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി