1921 നവംബർ 17ന് പ്രസിദ്ധീകരിച്ച മുസ്‌ലിം പത്രത്തിൻ്റെ (പുസ്തകം 10, ലക്കം 12) ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
1921 – നവംബർ 17 – മുസ്‌ലിം – പുസ്തകം 10 – ലക്കം 12
വക്കം അബ്ദുൽ ഖാദർ മൗലവി 1906ൽ ആരംഭിച്ച പ്രസിദ്ധീകരണമാണ് ‘മുസ്‌ലിം’ ( The Muslim ). ഈജിപ്തിലെ റശീദ് റിദയുടെ അൽ-മനാർ മാതൃക സ്വാധീനിക്കപ്പെട്ട മൗലവി അറബി-മലയാളം, മലയാളം ഭാഷകളിൽ അൽ മനാർ മാതൃകയിൽ പ്രസിദ്ധീകരണങ്ങൾ ആരംഭിച്ചു, അങ്ങനെ തുടക്കത്തിൽ മുസ്‌ലിമും തുടർന്ന് 1918ൽ ‘അൽ-ഇസ്‌ലാം’, 1931ൽ ‘ദീപിക’ എന്നിവയും ആരംഭിച്ചു. അറബി-മലയാളം ലിപി ഉപയോഗിച്ചാണ് അൽ-ഇസ്‌ലാം പ്രസിദ്ധീകരിച്ചിരുന്നതെങ്കിൽ, മുസ്‌ലിം, ദീപിക എന്നിവ മലയാളം ലിപിയിലായിരുന്നു.
പ്രസിദ്ധീകരണങ്ങളിലൂടെ ഇസ്‌ലാമിൻ്റെ അടിസ്ഥാന തത്ത്വങ്ങളെക്കുറിച്ച് മുസ്‌ലിം സമൂഹത്തെ പഠിപ്പിക്കാൻ അദ്ദേഹം ശ്രമിച്ചു. ഈ പ്രസിദ്ധീകരണങ്ങൾ കേരളത്തിലെ മുസ്‌ലിം നവോത്ഥാനത്തിൽ നിർണായക പങ്ക് വഹിക്കപ്പെട്ടവയാണ്.
മലപ്പുറം, പൊന്മുണ്ടം സ്വദേശി മുഹമ്മദ് ദാനിഷാണ് ഇത് സ്കാനിനായി ലഭ്യമാക്കിയത്.
1953 – ൽ പ്രസിദ്ധീകരിച്ച, സ്വാമി ധർമ്മതീർത്ഥൻ രചിച്ച സമാധാനപ്രവാചകൻ അഥവാ ശ്രീനാരായണ ഗുരുദേവൻ എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
1953 – സമാധാനപ്രവാചകൻ അഥവാ ശ്രീനാരായണ ഗുരുദേവൻ – സ്വാമി ധർമ്മതീർത്ഥൻ
ശ്രീനാരായണ ഗുരുദേവൻ്റെ പ്രഥമ സന്യാസി ശിഷ്യന്മാരിൽ ഒരാളായ സ്വാമി ധർമ്മതീർത്ഥൻ രചിച്ച “സമാധാനപ്രവാചകൻ അഥവാ ശ്രീനാരായണ ഗുരുദേവൻ” എന്ന ജീവചരിത്രഗ്രന്ഥം, ഗുരുദേവൻ്റെ മഹത്തായ ജീവിതത്തെയും ദർശനങ്ങളെയും ആഴത്തിൽ വിശകലനം ചെയ്യുന്ന ഒരു പഠനമാണ്. കേവലം ജീവിതസംഭവങ്ങളുടെ വിവരണത്തിനപ്പുറം, ലോകപുരോഗതിക്കും കേരളത്തിലെ സാമൂഹിക-ആത്മീയ പരിവർത്തനങ്ങൾക്കും ഗുരുദേവൻ നൽകിയ സംഭാവനകളെ ഒരു സമഗ്ര ലോകഗുരുവിൻ്റെ പദവിയിൽ പ്രതിഷ്ഠിച്ചുകൊണ്ട് ഗ്രന്ഥകർത്താവ് ഇതിൽ അവതരിപ്പിക്കുന്നു. എസ്.എൻ.ഡി.പി. യോഗത്തിൻ്റെ കനകജൂബിലി വേളയിൽ (1953) പ്രസിദ്ധീകരിക്കപ്പെട്ട ഈ കൃതി, ജാതിഭേദങ്ങൾക്കതീതമായി മനുഷ്യരാശിയുടെ ആത്മീയോൽക്കർഷത്തിനും സമാധാനത്തിനും ഒരു പുതിയ പ്രകാശം ചൊരിഞ്ഞ ഗുരുദേവൻ്റെ ചരിത്രപരമായ ദൗത്യത്തെ വ്യക്തമായി രേഖപ്പെടുത്തുന്നു.
1950 – ൽ പ്രസിദ്ധീകരിച്ച, ചമ്പത്തിൽ ചാത്തുക്കുട്ടി മന്നാടിയാർ രചിച്ച ഹാലാസ്യമാഹാത്മ്യം കിളിപ്പാട്ട് എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
സ്കന്ദപുരാണത്തിലെ അഗസ്ത്യസംഹിതയെ ആസ്പദമാക്കി ചമ്പത്തിൽ ചാത്തുക്കുട്ടി മന്നാടിയാർ രചിച്ച ഹാലാസ്യമാഹാത്മ്യം, ഹാലാസ്യം എന്നറിയപ്പെടുന്ന മധുരാപുരിയിലെ മീനാക്ഷി ദേവിയുടെയും പരമശിവൻ്റെയും ദിവ്യമാഹാത്മ്യവും, തൻ്റെ ഭക്തർക്കായി ഭഗവാൻ അവിടെ പ്രവർത്തിച്ച അറുപത്തിനാലു ദിവ്യലീലകളും പ്രതിപാദിക്കുന്ന ഒരു പ്രസിദ്ധ ഭക്തിഗ്രന്ഥമാണ്. പരമേശ്വരൻ്റെ കഴുത്തിലെ ‘ഹാലം’ എന്ന സർപ്പം അതിർത്തി നിശ്ചയിച്ചതിനാൽ ‘ഹാലാസ്യം’ എന്ന് പേരുവന്ന മധുരയുടെ ഉൽപ്പത്തി, മീനാക്ഷി-പരമേശ്വര ദിവ്യവിവാഹം തുടങ്ങി പല സംഭവങ്ങൾ ഇതിൽ വിവരിക്കുന്നു. കാശി, ചിദംബരം തുടങ്ങിയ പ്രമുഖ ശിവക്ഷേത്രങ്ങൾക്കൊപ്പം പുണ്യപാവനമായി കരുതുന്ന മധുരയിലെ ഭഗവാൻ്റെ ലീലകൾ വായിക്കുന്നത് പാപമുക്തിക്കും മോക്ഷപ്രാപ്തിക്കും വഴിതെളിക്കുമെന്നാണ് വിശ്വാസം.
90-ാം വാർഷികത്തോടനുബന്ധിച്ചു പുറത്തിറക്കിയ 90-ഇയേഴ്സ് ഓഫ് സെൻഗുപ്ത ലൈബ്രറി – സുവനീർ സ്മരണികയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
90-ഇയേഴ്സ് ഓഫ് സെൻഗുപ്ത ലൈബ്രറി – സുവനീർ
പ്രശസ്ത സ്വാതന്ത്ര്യസമര സേനാനി ജെ.എൻ. സെൻഗുപ്തയുടെ ഓർമ്മയ്ക്കായി 1933-ൽ സ്ഥാപിതമായ പറയംഞ്ചേരിയിലെ സെൻഗുപ്ത പബ്ലിക് ലൈബ്രറിയുടെ 90-ാം വാർഷിക സുവനീറാണിത്. നാടിൻ്റെ അക്ഷരവെളിച്ചമായി മാറിയ ഈ ഗ്രന്ഥാലയം പണിയാൻ നാടകപ്രദർശനത്തിലൂടെ പണം കണ്ടെത്തിയതുൾപ്പെടെയുള്ള കൗതുകകരമായ ചരിത്രവഴികൾ പുസ്തകത്തിൽ വിശദീകരിക്കുന്നുണ്ട്. ഇടശ്ശേരിയുടെ ലോകം, അന്ധവിശ്വാസങ്ങളുടെ ലോകം തുടങ്ങിയ ഗൗരവമേറിയ വിഷയങ്ങളെക്കുറിച്ചുള്ള പഠനലേഖനങ്ങൾ വായനക്കാർക്ക് വലിയ വിജ്ഞാനം പകർന്നുനൽകുന്നു. യു.കെ. കുമാരൻ, സി.വി. ബാലകൃഷ്ണൻ തുടങ്ങിയ പ്രമുഖരുടെ കഥകളും പ്രശസ്തരുടെ കവിതകളും ചേർന്ന് ഈ പുസ്തകത്തെ മികച്ചൊരു സാഹിത്യ ശേഖരമാക്കുന്നു. വായനക്കാരെയും ചരിത്രാന്വേഷികളെയും ഒരുപോലെ ആകർഷിക്കുന്ന വൈവിധ്യമാർന്ന വിഭവങ്ങളാണ് ഈ വാർഷിക ഉപഹാരത്തിലുള്ളത്.
1959 – ൽ പ്രസിദ്ധീകരിച്ച, കെ.സി. കേശവപിള്ള രചിച്ച ഭാഷാനാരായണീയം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
1959 – ഭാഷാനാരായണീയം – കെ.സി. കേശവപിള്ള
പ്രസിദ്ധ കവിയും സംഗീതജ്ഞനുമായ കെ.സി. കേശവപിള്ള രചിച്ച കാവ്യമാണിത്. മേല്പുത്തൂർ നാരായണ ഭട്ടതിരി സംസ്കൃതത്തിൽ രചിച്ച നാരായണീയം എന്ന മഹാകാവ്യത്തിൻ്റെ വിവർത്തനം കൂടിയാണിത്. ഭക്തിരസനിർഭരമായ സ്തുതികളും, ഭാഗവത കഥകളുടെ സംഗ്രഹവും, കൃഷ്ണലീലകളും സാധാരണക്കാരായ മലയാളികൾക്ക് വൃത്താനുസൃതമായി പാരായണം ചെയ്യാനും ആസ്വദിക്കാനും തക്കവണ്ണം ലളിതമായി അവതരിപ്പിക്കുകയാണ് ഈ കൃതിയിലൂടെ ചെയ്യുന്നത്.
1942 – ൽ പ്രസിദ്ധീകരിച്ച, കൊട്ടാരത്തിൽ ശങ്കുണ്ണി പരിഭാഷപ്പെടുത്തിയ വിക്രമോർവ്വശീയം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
1942 – വിക്രമോർവ്വശീയം
മഹാകവി കാളിദാസൻ്റെ പ്രശസ്തമായ നാടകമാണ് സംസ്കൃതത്തിലെ വിക്രമോർവ്വശീയം. ചന്ദ്രവംശീയനായ പുരൂരവസ് രാജാവും അപ്സരസായ ഊർവ്വശിയും തമ്മിലുള്ള പ്രണയമാണ് ഇതിൻ്റെ പ്രമേയം. ഋഗ്വേദത്തിലും ശതപഥബ്രാഹ്മണത്തിലും കാണുന്ന പുരാണകഥയെ ആസ്പദമാക്കി കാളിദാസൻ അതിനെ അത്യന്തം കാവ്യാത്മകവും നാടകീയവുമായി അവതരിപ്പിച്ചിരിക്കുന്നു. കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ മലയാള പരിഭാഷ സംസ്കൃതത്തിലെ ശ്ലോകങ്ങളുടെയും സംഭാഷണങ്ങളുടെയും കാവ്യസൗന്ദര്യം കഴിയുന്നത്ര നിലനിർത്തിക്കൊണ്ട് മലയാള വായനക്കാർക്ക് സുഗമമായി വായിക്കാനാകുന്ന രീതിയിലാണ് തയ്യാറാക്കിയിരിക്കുന്നത്. അതിനാൽ സംസ്കൃത നാടകസാഹിത്യം പഠിക്കുന്നവർക്കും മലയാള സാഹിത്യവിദ്യാർത്ഥികൾക്കും ഈ കൃതി ഏറെ പ്രയോജനകരമാണ്.
1926 ജൂലൈ 06ന് പ്രസിദ്ധീകരിച്ച അൽ അമീൻ പത്രത്തിൻ്റെ (പുസ്തകം 02, ലക്കം 110) ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
1926 – ജൂലൈ 06 – അൽ അമീൻ – പുസ്തകം 02 – ലക്കം 110
മുഹമ്മദ് അബ്‌ദുറഹ്‌മാൻ സാഹിബ് എന്നറിയപ്പെടുന്ന കേരളത്തിലെ ആദ്യകാല കോൺഗ്രസ് നേതാവും സ്വതന്ത്ര സമര സേനാനിയുമായ മുഹമ്മദ് അബ്‌ദുറഹ്‌മാൻ 1924-ൽ കോഴിക്കോട്ടുനിന്ന് പ്രസിദ്ധീകണമാരംഭിച്ച പത്രമായിരുന്നു അൽ അമീൻ. 1930വരെ ‘അൽ അമീൻ’ത്രൈദിന പത്രവും (ഞായറാഴ്‌ച, ചൊവ്വാഴ്‌ച, വ്യാഴാഴ്‌ച) പിന്നെ കുറച്ചുകാലം വരെ ദിനപത്രവുമായിരുന്നു.
1920-കളിൽ ഉത്തരകേരളത്തിൽ മാതൃഭൂമി ഒഴികെയുള്ള പത്രങ്ങൾ ദേശീയ പ്രസ്ഥാനത്തിന് എതിരായിരുന്നു. കോൺഗ്രസ് നേതാക്കളുടെ പ്രസ്താവനകളും ലഘുലേഖകളും അടിച്ചു കൊടുക്കാൻ ഒരു പ്രസ്സും തയ്യാറായിരുന്നില്ല. ഈ സന്ദർഭത്തിലാണ് കോഴിക്കോട്ടെ രബ്ദാമത്തെ പത്രമായി അൽ അമീൻ പ്രസിദ്ധീകരണമാരംഭിക്കുന്നത്. 1930 ജൂൺ 25 മുതൽ അൽ അമീൻ ദിനപത്രമായി എന്നാൽ ഇടക്ക് നിരോധിച്ചു. നവംബർ 20ന് പ്രസിദ്ധീകരണം പുനരാരംഭിച്ച അൽ അമീൻ സാമ്പത്തിക പ്രതി സന്ധിയെ തുടർന്ന് വീണ്ടും ത്രൈദിന പത്രമാക്കി. കോൺഗ്രസിലെ വലതുപക്ഷ നേതൃത്വത്തെ ശക്തമായി വിമർശിച്ച പത്രം ഇടതു പക്ഷ നേതാക്കളുടെ ലേഖനങ്ങളും തൊഴിലാളി – കർഷക – അധ്യാപക സംഘടനാ വാർത്തകളും കൃത്യമായി പ്രസിദ്ധീകരിച്ചിരുന്നു. 1939 മാർച്ച് മുതൽ അൽ അമീൻ വീണ്ടും ദിനപത്രമായി പ്രസിദ്ധീകരിക്കാൻ തുടങ്ങി. എന്നാൽ രണ്ടാം ലോകമഹാ യുദ്ധത്തിൽ ബ്രിട്ടനോട് നിസ്സഹകരിച്ചു നിയമലംഘനത്തിനും സ്വാതന്ത്ര സമരത്തിനും ആക്കം കൂട്ടാൻ ആഹ്വാനം ചെയ്തു കൊണ്ട് ‘കോൺഗ്രസും യുദ്ധവും‘ എന്ന പേരിൽ മുഖപ്രസംഗം പ്രസിദ്ധീകരിച്ചതിനെ തുടർന്ന് 1939ൽ സർക്കാർ അൽ അമീൻ വീണ്ടും നിരോധിച്ചു. സർക്കാരിൻ്റെ എതിർപ്പുകളും വിവിധ വിഭാഗങ്ങളുടെ ശത്രുതയും അബ്ദുറഹ്മാൻ സാഹിബിൻ്റെ നിരന്തരമായ ജയിൽ വാസവും മറ്റും കാരണമായി പത്രത്തിന് തുടർന്ന് പോവാൻ കഴിഞ്ഞില്ല.
പത്രത്തിൻ്റെ ഈ ലക്കത്തിൽ മുസ്‌ലിം മത-പണ്ഡിത വിഷയങ്ങളും, ആ കാലഘട്ടത്തിലെ കോൺഗ്രസ് രാഷ്ട്രിയവുമായി ബന്ധപ്പെട്ട കാര്യങ്ങൾ കാണാം. കേരളത്തിലെയും, ഇന്ത്യയിലെയും, മറ്റ് ലോക രാജ്യങ്ങളിലെയും പ്രധാന വാർത്തകളും ഇതിൽ ഉണ്ട്.
മലപ്പുറം, പൊന്മുണ്ടം സ്വദേശി മുഹമ്മദ് ദാനിഷാണ് ഇത് സ്കാനിനായി ലഭ്യമാക്കിയത്.
1950 – ൽ പ്രസിദ്ധീകരിച്ച, കാർത്തവീര്യാർജുനവിജയം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
1950 – കാർത്തവീര്യാർജുനവിജയം
പതിനെട്ടാം നൂറ്റാണ്ടിൽ മഹാകവി കുഞ്ചൻ നമ്പ്യാർ ആവിഷ്കരിച്ച, കേരളത്തിൻ്റെ തനതായ ഏകാംഗ നൃത്ത-ഹാസ്യ കലാരൂപമാണ് ഓട്ടൻതുള്ളൽ. മലയാളത്തിൽ നമ്പ്യാർ സൃഷ്ടിച്ച ഈ കലാരൂപത്തിൽ, വേഷമണിഞ്ഞ തുള്ളൽക്കാരൻ തന്നെ പാടി അഭിനയിക്കുകയും നൃത്തം ചെയ്യുകയും ചെയ്യുന്നു. ലളിതവും താളാത്മകവുമായ ഭാഷ, വേഗത്തിലുള്ള ചുവടുകൾ, പച്ചതേച്ച മുഖവും കിരീടവുമടങ്ങിയ മനോഹരമായ വേഷവിധാനം, അനാചാരങ്ങളെയും മനുഷ്യരുടെ അഹങ്കാരത്തെയും മൂർച്ചയേറിയ ഹാസ്യത്തിലൂടെയും പരിഹാസത്തിലൂടെയും വിമർശിക്കുന്ന രീതി എന്നിവയാണ് ഓട്ടൻതുള്ളലിൻ്റെ പ്രധാന സവിശേഷതകൾ.
അത്തരമൊരു ഓട്ടൻതുള്ളൽ കൃതിയാണ് ‘കാർത്തവീര്യാർജ്ജുനവിജയം’. മൂന്നു ലോകങ്ങളും കീഴടക്കി, കൈലാസപർവ്വതം ഉയർത്തി, ദേവന്മാരെപ്പോലും ജയിച്ച അഹങ്കാരത്തിൽ വാഴുന്ന രാവണൻ, തൻ്റെ കൊട്ടാരത്തിലെത്തിയ നാരദമുനിയോട് ലോകത്ത് തന്നോളം പോന്ന മറ്റൊരു വീരനില്ലെന്നും ദേവസ്ത്രീകൾ തൻ്റെ ഭാര്യയുടെ ദാസ്യപ്പണിക്കാരാണെന്നും പറഞ്ഞ് ആത്മപ്രശംസ നടത്തുന്നിടത്താണ് തുള്ളൽക്കഥ തുടങ്ങുന്നത്. രാവണൻ്റെ ഈ അഹങ്കാരം ശമിപ്പിക്കാനായി ആയിരം കൈകളുള്ള കാർത്തവീര്യാർജ്ജുനൻ്റെ വീര്യത്തെക്കുറിച്ച് നാരദൻ സൂചിപ്പിക്കുകയും, ഇതുകേട്ട് ക്രുദ്ധനായ രാവണൻ കാർത്തവീര്യാർജ്ജുനനെ തോല്പിക്കാനായി പടയോടെ പുറപ്പെടുകയും ചെയ്യുന്നു. മാഹിഷ്മതിയിലെത്തിയ രാവണൻ നർമ്മദാനദിക്കരയിൽ ശിവപൂജ ചെയ്യുന്നതിനിടയിൽ, നദിയിൽ ഭാര്യമാരുമായി ജലക്രീഡ നടത്തുകയായിരുന്ന കാർത്തവീര്യാർജ്ജുനൻ തൻ്റെ ആയിരം കൈകൾ കൊണ്ട് പുഴ തടുത്തുനിർത്തി വെള്ളപ്പൊക്കമുണ്ടാക്കി രാവണൻ്റെ പൂജാസാധനങ്ങൾ ഒഴുക്കിക്കളഞ്ഞു. കോപിഷ്ഠനായി യുദ്ധത്തിനൊരുങ്ങിയ രാവണനെ കാർത്തവീര്യാർജ്ജുനൻ ഗദകൊണ്ടടിച്ചുവീഴ്ത്തുകയും, തൻ്റെ ആയിരം കൈകൾ കൊണ്ട് പിടിച്ചുബന്ധിച്ച് തടവറയിലാക്കുകയും ചെയ്തു. ഒടുവിൽ രാവണൻ്റെ പിതാമഹനായ പുലസ്ത്യമഹർഷിയുടെ അപേക്ഷ മാനിച്ച് കാർത്തവീര്യാർജ്ജുനൻ രാവണനെ വെറുതെ വിട്ട്, സമ്മാനങ്ങൾ നൽകി ആദരിച്ച് സുഹൃത്താക്കി യാത്രയാക്കുന്നു. എത്ര വലിയ ശക്തനാണെങ്കിലും തന്നേക്കാൾ വലിയ പ്രബലന്മാർ വേറെയുമുണ്ടാകുമെന്നും, അമിതമായ അഹങ്കാരം നാശത്തിലേക്കേ നയിക്കൂ മെന്നുമുള്ള സന്ദേശമാണ് ഹാസ്യരസത്തിലൂന്നിയ തുള്ളൽ ശൈലിയിലൂടെ ഇവിടെ അവതരിപ്പിക്കുന്നത്.
താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.
1953 – ൽ പ്രസിദ്ധീകരിച്ച, ആർ. നാരായണപ്പണിക്കർ രചിച്ച ചരിത്രകഥകൾ – 3-ാം ക്ലാസിലേയ്ക്ക് എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
1953 – ചരിത്രകഥകൾ – 3-ാം ക്ലാസിലേയ്ക്ക് – ആർ. നാരായണപ്പണിക്കർ
1953 – ൽ ആർ. നാരായണപ്പണിക്കർ രചിച്ച ചരിത്രകഥകൾ എന്ന പുസ്തകം കൊച്ചുകുട്ടികളിൽ ചരിത്രാവബോധവും ധാർമ്മിക മൂല്യങ്ങളും വളർത്തിയെടുക്കാൻ ലക്ഷ്യമിട്ടുള്ള പാഠപുസ്തകമാണ്. കുട്ടികളുടെ വായനാരസവും രാജ്യസ്നേഹവും തൊട്ടുണർത്തുന്ന ലളിതമായ കഥാകഥന ശൈലിയാണ് ഇതിൽ സ്വീകരിച്ചിരിക്കുന്നത്. കേരളത്തിൻ്റെ ഉത്പത്തിയുമായി ബന്ധപ്പെട്ട പരശുരാമൻ, മാവേലി തുടങ്ങിയ ഐതിഹ്യങ്ങളിൽ തുടങ്ങി സെൻ്റ് തോമസ്, ശ്രീ ശങ്കരാചാര്യർ, ചേരമാൻ പെരുമാൾ എന്നിവരുടെ ജീവചരിത്രത്തിലൂടെ നാടിൻ്റെ പ്രാചീന സംസ്കാരത്തെ മനോഹരമായി ഈ പുസ്തകം പരിചയപ്പെടുത്തുന്നു.
കൂടാതെ വാസ്കോ ഡി ഗാമ, ബാബർ, ചാന്ദ് ബീവി, തച്ചോളി ഒതേനൻ തുടങ്ങിയവരുടെ ചരിത്ര കഥകളിലൂടെ മധ്യകാല ഭാരതീയ-കേരള ചരിത്രത്തിൻ്റെ പ്രധാന ഏടുകളിലേക്ക് പുസ്തകം വെളിച്ചം വീശുന്നു. ഈശ്വരചന്ദ്ര വിദ്യാസാഗർ, ശ്രീ നാരായണഗുരു തുടങ്ങിയ പ്രമുഖരുടെ ജീവിതസന്ദേശങ്ങളിലൂടെ സാമൂഹിക പരിഷ്കരണ ആശയങ്ങളെ വളരെ ലളിതമായി കൊച്ചുമനസ്സുകളിലേക്ക് എത്തിക്കാനും ഇതിലൂടെ സാധിക്കുന്നു. നാടിൻ്റെ ചരിത്രവും ദേശീയ പ്രാധാന്യമുള്ള സംഭവങ്ങളും ഒരുപോലെ സമന്വയിപ്പിച്ചുകൊണ്ട് ധീരത, സമത്വം, ജീവകാരുണ്യം തുടങ്ങിയ നന്മകൾ കൊച്ചുമനസ്സുകളിൽ നട്ടുപിടിപ്പിക്കാൻ ഈ പുസ്തകം ഏറെ ഉപകരിക്കുന്നു.
1955 – ൽ പ്രസിദ്ധീകരിച്ച, ഉളളൂർ എസ്. പരമേശ്വരയ്യർ രചിച്ച ഉമാകേരളം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
1955 – ഉമാകേരളം – ഉളളൂർ എസ്. പരമേശ്വരയ്യർ
മഹാകവി ഉള്ളൂർ എസ്. പരമേശ്വരയ്യരുടെ പ്രശസ്തമായ ഭാഷാ മഹാകാവ്യമാണ് ഉമാകേരളം. മലയാള സാഹിത്യത്തിലെ എണ്ണപ്പെട്ട മഹാകാവ്യങ്ങളിൽ ഒന്നായി ഇത് കണക്കാക്കപ്പെടുന്നു. തിരുവിതാംകൂറിൻ്റെ ചരിത്രസംഭവങ്ങളെ ആസ്പദമാക്കിയാണ് ഉള്ളൂർ ഈ കാവ്യം രചിച്ചിരിക്കുന്നത്. വേണാട്ടിലെ ഉമയമ്മ റാണിയുടെ ഭരണകാലവും അന്നത്തെ രാഷ്ട്രീയ സംഘർഷങ്ങളും എട്ടുവീട്ടിൽ പിള്ളമാരുടെ ഗൂഢതന്ത്രങ്ങളും മാർത്താണ്ഡവർമ്മയുടെ ഉദയവുമൊക്കെയാണ് ഇതിൻ്റെ പ്രധാന പശ്ചാത്തലം. സംസ്കൃത സദൃശമായ ശൈലിയും അലങ്കാര സമ്പുഷ്ടമായ ഭാഷയുമാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്. ഭാരതീയ ധർമ്മനീതികളും ദേശഭക്തിയും കാവ്യത്തിലുടനീളം കാണാം. പത്തൊൻപതു സർഗ്ഗങ്ങളും രണ്ടായിരത്തിലേറെ ശ്ലോകങ്ങളും അടങ്ങിയതാണ് ഈ വലിയ മഹാകാവ്യം.