1937-ൽ പ്രസിദ്ധീകരിച്ച, സി.എസ്. ബാലകൃഷ്ണ വാരിയർ എഴുതിയ ഭൂലോകവിവരണം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്
തിരുവിതാംകൂറിലെ ഏഴാം ക്ലാസ്സ് പാഠ്യപദ്ധതിക്കായി തയ്യാറാക്കിയ പ്രാരംഭ ഭൂമിശാസ്ത്ര പാഠപുസ്തകമാണ് ഭൂലോകവിവരണം. ശാസ്ത്രീയ സിദ്ധാന്തങ്ങൾ മാത്രം അടങ്ങിയ ഭൂമിശാസ്ത്രത്തേക്കാൾ വിദ്യാർത്ഥികളുടെ അപക്വമായ ബാലമനസ്സിന് അനുയോജ്യമായ ‘ഭൂവിവരണം’ എന്ന രീതിയാണ് ഗ്രന്ഥകർത്താവ് ഇതിൽ സ്വീകരിച്ചിരിക്കുന്നത്. പരിസരശക്തികളോട് മനുഷ്യൻ നടത്തുന്ന ജീവനപോരാട്ടവും ജീവിതരീതികളിൽ ഉണ്ടാകുന്ന മാറ്റങ്ങളുമാണ് പുസ്തകത്തിലെ പ്രധാന പ്രതിപാദ്യവിഷയം. ചിത്രങ്ങൾ, ഭൂപടങ്ങൾ, പ്രയോഗ പരീക്ഷണങ്ങൾ, ഓരോ അധ്യായത്തിനും ശേഷമുള്ള അഭ്യാസ ചോദ്യങ്ങൾ എന്നിവ വഴി കൃത്യമായ വസ്തുബോധവും പഠനപദ്ധതിയും ഉറപ്പാക്കുന്നു.
ഭൂമിയുടെ ഗോളാകൃതി തെളിയിക്കുന്ന കൊളംബസ്, മഗല്ലൻ എന്നിവർ നടത്തിയ ചരിത്രപരമായ കടൽയാത്രകൾ, കപ്പലിന്റെ വരവ്, ചക്രവാളത്തിന്റെ സവിശേഷതകൾ, ധ്രുവങ്ങൾ എന്നിവയെക്കുറിച്ച് പുസ്തകത്തിൽ വിശദീകരിക്കുന്നു. ഭൂമിയിലെ സ്ഥല-ജല അനുപാതം, അർദ്ധഗോളങ്ങൾ, ആറു പ്രധാന ഭൂഖണ്ഡങ്ങൾ, മഹാസമുദ്രങ്ങൾ, മരുഭൂമികൾ, പ്രധാന പർവ്വത-പീഠഭൂമി പ്രദേശങ്ങളുടെ വിവരണം, ലോകത്തെ പ്രധാന നദികളുടെ ഗതിയും വ്യാവസായിക-കാർഷിക പ്രാധാന്യങ്ങളും, എസ്കിമോകളുടെ ജീവിതം എന്നിവയെക്കുറിച്ചും പുസ്തകത്തിൽ സമഗ്രമായി വിവരിക്കുന്നു
തിരുവനന്തപുരം ജില്ലയിലെ സി.വി. സ്മാരക ഗ്രന്ഥശാലയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമായത്
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.
-
- പേര്: ഭൂലോകവിവരണം
- പ്രസിദ്ധീകരണ വർഷം: 1937
- താളുകളുടെ എണ്ണം: 124
- സ്കാൻ ലഭ്യമായ ഇടം: കണ്ണി
