കോന്നിയൂർ ആർ. നരേന്ദ്രനാഥ് രചിച്ച ജന്തുലോകം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
1966 – ജന്തുലോകം – കോന്നിയൂർ ആർ. നരേന്ദ്രനാഥ്
കോന്നിയൂർ ആർ. നരേന്ദ്രനാഥ് രചിച്ച ജന്തുലോകം എന്ന ശാസ്ത്ര ഗ്രന്ഥം സുപരിചിതമായ വിവിധ ജീവികളുടെ ജീവിതരീതികളും അവയുടെ പരിണാമ പശ്ചാത്തലവും കുട്ടികൾക്കും സാധാരണക്കാർക്കും മനസ്സിലാകുന്ന ലളിതമായ ഭാഷയിൽ അനാവരണം ചെയ്യുന്നു. പാറ്റ, ചിതൽ, മിന്നാമ്മിനുങ്ങ്, ചിലന്തി, തവള, വാവൽ, കുറുക്കൻ, ബീവർ തുടങ്ങിയ ജീവികളുടെ ശീലങ്ങൾ, വർഗ്ഗോത്പത്തി, ജീവിത ദൈർഘ്യം, പരിസ്ഥിതിയുമായുള്ള ബന്ധം എന്നിവയെക്കുറിച്ച് വിശദീകരിക്കുന്ന ഈ പുസ്തകം, വായനക്കാരിൽ ജന്തുശാസ്ത്ര വിഷയങ്ങളോട് താല്പര്യവും കൗതുകവും വളർത്താനാണ് ലക്ഷ്യമിടുന്നത്.
1930 ൽ കോട്ടയം നാഷണൽ ബുക്ക് ഡിപ്പോയിൽ നിന്നും പ്രസിദ്ധീകരിച്ച പ്രസിദ്ധീകരിച്ച, ദിവാൻ പേഷ്കാർ പി. ശങ്കുണ്ണി മേനോൻ എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
1930 – ദിവാൻ പേഷ്കാർ പി. ശങ്കുണ്ണി മേനോൻ
തിരുവിതാംകൂർ ചരിത്രകാരനും ദിവാൻ പേഷ്കാരുമായിരുന്നു പി. ശങ്കുണ്ണി മേനോൻ. പ്രമുഖ സാഹിത്യകാരനും ചിത്രകാരനുമായിരുന്നു ചിത്രമെഴുത്ത് കെ.എം. വർഗ്ഗീസ്. ശങ്കുണ്ണി മേനോൻ്റെ പ്രശസ്തമായ ചരിത്രഗ്രന്ഥമാണ് ‘ഹിസ്റ്ററി ഓഫ് ട്രാവൻകൂർ’ (History of Travancore). ഇതിൽ തിരുവിതാംകൂറിലെ ഹൈന്ദവ ആചാരങ്ങൾ, ക്ഷേത്രങ്ങൾ, മതപരമായ ചരിത്രങ്ങൾ എന്നിവ വിസ്തരിച്ചു പ്രതിപാദിക്കുന്നുണ്ട്. പിൽക്കാലത്ത് ചിത്രമെഴുത്ത് കെ.എം. വർഗ്ഗീസ് കേരള ചരിത്ര പുനർനിർമ്മിതിയുമായി ബന്ധപ്പെട്ട് എഴുതിയ ചില നിരീക്ഷണങ്ങൾ നായർ സമുദായത്തെയും ഹൈന്ദവ പാരമ്പര്യങ്ങളെയും അവഹേളിക്കുന്നതാണെന്ന തരത്തിൽ വലിയ ആക്ഷേപങ്ങൾക്ക് കാരണമായിരുന്നു. ആ നിരീക്ഷണങ്ങൾക്കും പ്രസ്താവനകൾക്കും എതിരെയുള്ള മറുപടികളാണ് പുസ്തകത്തിൻ്റെ ഉള്ളടക്കം. നായർ യുവജനസമാജത്തിനുവേണ്ടി കോട്ടയം നാഷണൽ ബുക്ക് ഡിപ്പോയിൽ നിന്നും പ്രസിദ്ധീകരിച്ചതാണ് ഈ പുസ്തകം.
1926 – ൽ പ്രസിദ്ധീകരിച്ച, അമ്പാടിയിൽ ഇക്കാവ് അമ്മ രചിച്ച ശ്രീഹർഷവർദ്ധനൻ എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
1926 – ശ്രീഹർഷവർദ്ധനൻ – അമ്പാടിയിൽ ഇക്കാവ് അമ്മ
കെ.എം. പണിക്കർ ഇംഗ്ലീഷിൽ രചിക്കുകയും ശ്രീമതി അമ്പാടിയിൽ ഇക്കാവ് അമ്മ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തുകയും ചെയ്ത ‘ശ്രീഹർഷവർദ്ധനൻ’ (കന്യാകുബ്ജത്തിലെ ശ്രീഹർഷൻ) എന്ന ചരിത്രഗ്രന്ഥം, ഏഴാം നൂറ്റാണ്ടിൽ ഉത്തരഭാരതം ഭരിച്ചിരുന്ന ഹർഷവർദ്ധന ചക്രവർത്തിയുടെ ഭരണമികവും ജീവിതപശ്ചാത്തലവും സമഗ്രമായി വിവരിക്കുന്ന ഒരു ജീവചരിത്രകൃതിയാണ്. ഗുപ്തസാമ്രാജ്യത്തിൻ്റെ പതനത്തിനും ഹൂണന്മാരുടെ ക്രൂരമായ അധിനിവേശത്തിനും ശേഷം രാജ്യത്തുണ്ടായ രാഷ്ട്രീയ അസ്ഥിരതകളെ പരിഹരിച്ച് ഹർഷൻ എങ്ങനെ ഒരു വിശാല സാമ്രാജ്യം കെട്ടിപ്പടുത്തു എന്ന് ഈ പുസ്തകം വ്യക്തമാക്കുന്നു. കാര്യക്ഷമമായ ഭരണസംവിധാനം, വിദേശ രാജ്യങ്ങളുമായുള്ള നയതന്ത്രബന്ധങ്ങൾ (ചൈനീസ് സഞ്ചാരിയായ യുവാൻ ചാങ്ങിൻ്റെ സന്ദർശനം ഉൾപ്പെടെ), മതസൗഹാർദ്ദം, പ്രജാക്ഷേമം എന്നിവയ്ക്ക് ഹർഷൻ നൽകിയ മുൻഗണന ഇതിൽ എടുത്തുപറയുന്നുണ്ട്. കൂടാതെ, നാഗാനന്ദം തുടങ്ങിയ സംസ്കൃത നാടകങ്ങൾ രചിച്ച പണ്ഡിതൻ എന്ന നിലയിലും, ബാണഭട്ടൻ തുടങ്ങിയ മഹാകവികളെ പ്രോത്സാഹിപ്പിച്ച സാഹിത്യപോഷകൻ എന്ന നിലയിലും ഭാരത ചരിത്രത്തിൽ ഹർഷവർദ്ധനനുള്ള ഉന്നതസ്ഥാനം ഈ കൃതി വെളിവാക്കുന്നു.
1934– ൽ പ്രസിദ്ധീകരിച്ച, ഈ.വീ. കൃഷ്ണപിള്ള രചിച്ച ബി.ഏ. മായാവി എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
1934 – ബി.ഏ. മായാവി – ഈ.വീ. കൃഷ്ണപിള്ള
അഭ്യസ്തവിദ്യരായ യുവാക്കളുടെ ഇടയിൽ ഉണ്ടായിരുന്ന രൂക്ഷമായ തൊഴിലില്ലായ്മ പ്രശ്നത്തെ ആധാരമാക്കി എഴുതിയിട്ടുള്ള ഒരു പ്രഹസനമാണ് ഈ പുസ്തകം. വിദ്യാഭ്യാസവും സാമൂഹികമാന്യതയും ചുറ്റിപ്പറ്റിയുള്ള മനുഷ്യരുടെ പൊങ്ങച്ചങ്ങളെയും കപടതകളെയും നർമ്മത്തിൻ്റെ മേമ്പൊടിയോടെ അവതരിപ്പിക്കുന്ന കൃതി. ചിരിപ്പിക്കുന്നതിനൊപ്പം അന്നത്തെ സാമൂഹികജീവിതത്തിലെ ചില വൈരുധ്യങ്ങളെ പറ്റി ചിന്തിപ്പിക്കുകയും ചെയ്യുന്ന രചനയായി ഇതിനെ കാണാം.
തിരുവനന്തപുരം ജില്ലയിലെ മലയിൻകീഴ് ശ്രീകൃഷ്ണ വിലാസം ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമായത്
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.
1930 – ൽ പ്രസിദ്ധീകരിച്ച, പഴയന്നൂർ രാമപിഷാരോടി രചിച്ച അശോകൻ എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
1930 – അശോകൻ – പഴയന്നൂർ രാമപിഷാരോടി
ഭാരതീയ ചരിത്രത്തിലെ ഏറ്റവും തിളക്കമാർന്ന അധ്യായങ്ങളിലൊന്നാണ് അശോകചക്രവർത്തിയുടെ ഭരണകാലം. പഴയന്നൂർ രാമപിഷാരോടി രചിച്ച ‘അശോകൻ’ എന്ന ഗ്രന്ഥം മൗര്യസാമ്രാജ്യത്തിൻ്റെ പ്രതാപത്തിലേക്കും അശോകൻ്റെ ജീവിതപരിണാമങ്ങളിലേക്കും വെളിച്ചം വീശുന്ന അമൂല്യമായ ഒരു ചരിത്രകൃതിയാണ്.
മഗധ രാജ്യത്തിൻ്റെ പശ്ചാത്തലത്തിൽ തുടങ്ങി, ബിന്ദുസാരൻ്റെ പുത്രനായ അശോകൻ എപ്രകാരമാണ് മൗര്യസാമ്രാജ്യത്തിൻ്റെ അധിപനായതെന്ന് പുസ്തകം വിവരിക്കുന്നു. ക്രൂരനായ ഒരു ഭരണാധികാരിയിൽ നിന്ന് അശോകൻ എന്ന അഹിംസാവാദിയായ മഹാനുഭാവനിലേക്കുള്ള മാറ്റവും, അതിൽ കലിംഗയുദ്ധവും ബുദ്ധധർമ്മവും ചെലുത്തിയ സ്വാധീനവും കൃതിയിൽ വ്യക്തമായി അടയാളപ്പെടുത്തിയിട്ടുണ്ട്. തൻ്റെ സഹോദരങ്ങളെ അശോകൻ കൊലപ്പെടുത്തി എന്ന ബൗദ്ധപ്രചാരകരുടെ വാദങ്ങളെ അഞ്ചാം ശിലാശാസനത്തിലെ തെളിവുകൾ നിരത്തി ഗ്രന്ഥകാരൻ തിരുത്തുന്നുണ്ട്. വെറുമൊരു ഭരണാധികാരി എന്നതിലുപരി പ്രജകളുടെയും ജീവജാലങ്ങളുടെയും ക്ഷേമത്തിനായി പ്രവർത്തിച്ച മഹാത്മാവായിരുന്നു അദ്ദേഹം. കുടിവെള്ളത്തിനായി കിണറുകളും തടാകങ്ങളും നിർമ്മിക്കുക, വഴിയമ്പലങ്ങൾ സ്ഥാപിക്കുക, മരുന്നുകളും വൃക്ഷങ്ങളും നട്ടുപിടിപ്പിക്കുക തുടങ്ങി അദ്ദേഹം നടപ്പിലാക്കിയ ജനക്ഷേമപ്രവർത്തനങ്ങൾ ഇന്നും മാതൃകാപരമാണ്. കൂടാതെ, മക്കളായ മഹേന്ദ്രനെയും സംഘമിത്രയെയും സിംഹളത്തിലേക്ക് (ശ്രീലങ്ക) അയച്ച് നടത്തിയ ബുദ്ധമതപ്രചാരണവും ചരിത്രപരമായ തെളിവുകളോടെ പുസ്തകത്തിൽ വിശദീകരിക്കുന്നു.
ചരിത്രാന്വേഷികൾക്കും വായനക്കാർക്കും ഒരുപോലെ ഉപകരിക്കുന്ന ലാളിത്യവും തെളിച്ചവുമുള്ള ഭാഷയിലാണ് ഈ പുസ്തകം രചിക്കപ്പെട്ടിട്ടുള്ളത്. അശോകൻ്റെ ശിലാശാസനങ്ങളെയും സ്തൂപങ്ങളെയും അടിസ്ഥാനമാക്കി എഴുതിയ ഈ ഗ്രന്ഥം മൗര്യകാലഘട്ടത്തെക്കുറിച്ചുള്ള ഒരു മികച്ച ചരിത്രരേഖയാണ്.
1947 – ൽ പ്രസിദ്ധീകരിച്ച, കെ.സി. കേശവപിള്ള രചിച്ച കേശവീയം – സ്യമന്തകാപരപര്യായം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
കേശവീയം മഹാകാവ്യത്തിൻ്റെ ഒന്നാം സർഗമായ “ഭാമാനിവേദനം” ആണ് ഈ പുസ്തകത്തിൻ്റെ ഉള്ളടക്കം. ശ്രീകൃഷ്ണൻ്റെ ദ്വാരകാ ജീവിതവും സത്രാജിത്തിൻ്റെ പുത്രിയായ സത്യഭാമയുടെ വിവാഹാഭിലാഷവുമായി ബന്ധപ്പെട്ട സംഭവങ്ങളുമാണ് ഈ സർഗത്തിൻ്റെ പ്രമേയം. കവി ആദ്യം തൻ്റെ ഗുരുക്കന്മാരെയും കവികളെയും സ്മരിച്ചുകൊണ്ട് കാവ്യരചനയ്ക്ക് അനുഗ്രഹം അഭ്യർത്ഥിക്കുന്നു. തുടർന്ന് ദ്വാരകയുടെ അതിമനോഹരമായ നഗരവൈഭവം വിശദമായി വർണ്ണിക്കുന്നു. സ്വർണമതിലുകളും രത്നമാളികകളും സ്ഫടികപ്പടവുകളുള്ള കുളങ്ങളും മനോഹരമായ ഉദ്യാനങ്ങളും നിറഞ്ഞ ദ്വാരകയെ കവി അത്യന്തം ഭംഗിയായി അവതരിപ്പിക്കുന്നു. അവിടെ ധർമ്മനിഷ്ഠയോടെ ശ്രീകൃഷ്ണൻ ഭരണം നടത്തുന്നതായും വിവരിക്കുന്നു.
ഇതിനിടയിൽ ഒരു മഹീസുരൻ (ബ്രാഹ്മണൻ) ശ്രീകൃഷ്ണനെ സന്ദർശിക്കുന്നു. സത്രാജിത്തിൻ്റെ പുത്രിയായ സത്യഭാമയുടെ ദുഃഖമാണ് അദ്ദേഹത്തിൻ്റെ സന്ദർശനത്തിൻ്റെ ഉദ്ദേശ്യം. സത്യഭാമയ്ക്ക് ശ്രീകൃഷ്ണനോട് ആഴത്തിലുള്ള പ്രണയമുണ്ടെങ്കിലും, അവളുടെ പിതാവ് അവളെ ശതധന്വാവിന് നൽകാൻ ആഗ്രഹിക്കുന്നു. പിതാവിൻ്റെ ആജ്ഞ ലംഘിക്കാൻ കഴിയാത്തതും, ഇഷ്ടമില്ലാത്ത പുരുഷനെ വിവാഹം കഴിക്കുന്നതിനെക്കാൾ മരണമാണു നല്ലതെന്നുമുള്ള അവളുടെ വേദന ബ്രാഹ്മണൻ ശ്രീകൃഷ്ണനോട് അറിയിക്കുന്നു.സത്യഭാമയുടെ സങ്കടം കേട്ട ശ്രീകൃഷ്ണൻ അവളെ ആശ്വസിപ്പിക്കാനും അവളുടെ പിതാവിൻ്റെ മനസ്സിനെ അനുയോജ്യമായ രീതിയിൽ മാറ്റാനും താൻ ശ്രമിക്കാമെന്ന് ഉറപ്പുനൽകുന്നു. തുടർന്ന് ബ്രാഹ്മണൻ സത്യഭാമയുടെ അടുക്കലെത്തി ശ്രീകൃഷ്ണൻ്റെ വാക്കുകൾ അറിയിക്കുന്നു. അത് കേട്ട് സത്യഭാമയ്ക്ക് പ്രതീക്ഷയും ആശ്വാസവും ലഭിക്കുന്നു.അങ്ങനെ, സത്യഭാമയുടെ പ്രണയവും വിവാഹാഭിലാഷവും അവൾ അനുഭവിക്കുന്ന മാനസിക സംഘർഷവും അവതരിപ്പിച്ചുകൊണ്ടാണ് ഒന്നാം സർഗം അവസാനിക്കുന്നത്.
1936-ൽ കാഞ്ഞിരംപാറെ രാമുണ്ണി നായർ എഡിറ്റ് ചെയ്തു പ്രസിദ്ധീകരിച്ച, ശ്രീപാർവ്വതീസ്വയംവരം – പാന എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
1936 – ശ്രീപാർവ്വതീസ്വയംവരം – പാന
ഈ പാന നാലു പാദങ്ങളായിട്ടാണു് രചിച്ചിട്ടുള്ളത്. പ്രഥമപാദത്തിൽ കാമദേവനും ഇന്ദ്രനും തപോനിഷ്ഠയിലിരിക്കുന്ന മഹേശ്വരനെ പാർവ്വതിയുടെ ഭർത്താവാക്കി, അവരുടെ വിവാഹത്തിലുളവാകുന്ന സന്താനംകൊണ്ടു താരകാസുരവധം സാധിയ്ക്കുവാനാലോചിയ്ക്കുന്നു. രണ്ടാംപാദത്തിൽ കാമദേവൻ ശിവൻ്റെ തപസ്സിന്നു വിഘ്നം വരുത്തുന്നതും, അതുകണ്ടു കുപിതനായ കപാലി കാമനെ തൻ്റെ മുന്നാം തൃക്കണ്ണിൽ ദഹിപ്പിക്കുന്നതും, ഭർത്തൃനാശം കണ്ട് രതി വിലപിക്കുന്നതും വിവരിച്ചരിക്കുന്നു. പശു ചത്താലും മോരിലെ പുളി പോകയില്ലെന്നു പറയുന്നതുപോലെ കാമൻ മരിച്ചാലും കാമൻ്റെ പ്രയോഗം നിഷ്ഫലമായില്ലെന്നു തെളിയിക്കുന്ന കഥാഭാഗം മൂന്നാംപാദത്തിൽ വിവരിച്ചിരിക്കുന്നു. ശിവൻ്റെ പ്രണയസൂചനയും, വേഷം മാറി പാവ്വതിയുമായുള്ള സംഭാഷണവും വളരെ ഹൃദ്യമായരിതിയിൽ വണ്ണിച്ചിട്ടുണ്ട്. നാലാംപാദത്തിൽ ശിവൻ്റെ ഇഷ്ടപ്രകാരം സപ്തർഷിമാരും ദേവന്മാരും ഹിമവാനെക്കണ്ടു ചെയ്യുന്ന വിവാഹാലോചനയും പാർവ്വതീപരമേശ്വരരുടെ വിവാഹവും വർണ്ണിച്ചിരിക്കുന്നു.
കേരളത്തിൻ്റെ ഹൃദയം പ്രതിബിംബിക്കുന്നതായ ഇതിലെ ശുദ്ധമലയാളഭാഷാശൈലി ഇതിൻ്റെ മൂലകർത്താവ് എഴുത്തച്ഛൻ, നമ്പ്യാർ, പൂന്താനം എന്നീ മഹാകവികളുടെ ജന്മദേശമായ മദ്ധ്യകേരളത്തിൽ ജീവിച്ചിരുന്ന ഒരു മഹാനാണെന്നു വിളിച്ചുപറയുന്നുണ്ട്.
1964 – ൽ പ്രസിദ്ധീകരിച്ച, മൗലവി പി. മുഹമ്മദ് എടശ്ശേരി വ്യാഖ്യാനം രചിച്ച പരിശുദ്ധ ഖുർആൻ പരിഭാഷ എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
1954 – പരിശുദ്ധ ഖുർആൻ പരിഭാഷ
മുഹമ്മദ് എടശ്ശേരി മൗലവി തയാറാക്കി 1954-ൽ പുറത്തിറക്കിയ പരിശുദ്ധ ഖുർആൻ പരിഭാഷ എന്ന ചരിത്രപ്രധാനമായ ഗ്രന്ഥത്തിൻ്റെ ഡിജിറ്റൽ പതിപ്പാണ് ഈ രേഖയിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. ബെംഗളൂരുവിലെ ഇസ്ലാമിക സാഹിത്യ പ്രസിദ്ധീകരണശാലയ്ക്കായി എ.ജെ. ഖലീൽ പ്രസിദ്ധീകരിക്കുകയും യൂണിയൻ പ്രിൻ്റേഴ്സ് അച്ചടിക്കുകയും ചെയ്ത ഈ പുസ്തകം, വിശുദ്ധ ഖുർആൻ്റെ ആശയം ലളിതവും വ്യക്തവുമായ രീതിയിൽ മലയാള ഭാഷയിലേക്ക് എത്തിക്കാനുള്ള ആദ്യകാല ശ്രമങ്ങളിൽ ഒന്നാണ്.
1930 – ൽ പ്രസിദ്ധീകരിച്ച, രജനി എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
1930 – രജനി
ഭാരതീയ സാഹിത്യത്തിലെ മഹാരഥന്മാരിൽ ഒരാളായ ബങ്കിംചന്ദ്ര ചട്ടോപാദ്ധ്യായയുടെ സുപ്രധാന നോവലുകളിൽ ഒന്നാണ് ‘രജനി’. വി. ഉണ്ണികൃഷ്ണൻ നായർ മലയാളത്തിലേക്ക് തർജ്ജിമ ചെയ്തു. ലിറ്റൺ പ്രഭുവിൻ്റെ “Last Days of Pompeii” എന്ന വിഖ്യാത കൃതിയിലെ ‘നിദിയ’ എന്ന അന്ധയായ പൂക്കാരിയിൽ നിന്നുള്ള പ്രചോദനമാണ് ‘രജനി’ എന്ന അന്ധയായ പ്രധാന കഥാപാത്രത്തിൻ്റെ നിർമ്മിതിക്ക് പിന്നിൽ. മനുഷ്യ മനസ്സിൻ്റെ സൂക്ഷ്മ ഭാവങ്ങളെയും നൈതിക മൂല്യങ്ങളെയും ആഴത്തിൽ ബോധ്യപ്പെടുത്താൻ ഒരു അന്ധയുവതിയുടെ അനുഭവങ്ങളിലൂടെയും വീക്ഷണങ്ങളിലൂടെയും സാധിക്കുമെന്ന ആശയമാണ് ഗ്രന്ഥകർത്താവ് ഇതിൽ സ്വീകരിച്ചിരിക്കുന്നത്.
1947-ൽ പ്രസിദ്ധീകരിച്ച, കെ. മാധവക്കുരുക്കൾ രചിച്ച, ഈശ്വരഭക്തി എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്കഥകളിപ്രദീപിക, കുചേലഗോപാലം തുള്ളൽ, വിജ്ഞാനകൗസ്തുഭം തുടങ്ങിയ പുസ്തകങ്ങളുടെ രചയിതാവായ സാഹിത്യഭൂഷണൻ കരൂർ കെ. മാധവക്കുരുക്കൾ 1932-ൽ എഴുതിയ ലേഖനമാണ് ഈശ്വരഭക്തി എന്ന ചെറിയ പുസ്തകത്തിലുള്ളത്. ഭഗവാനോടുള്ള ഭക്തിയുടെ പ്രാധാന്യത്തെക്കുറിച്ചും അതിലൂടെ മോക്ഷം നേടുന്നതിനുള്ള വഴികളെയും കുറിച്ച് ഇതിൽ വിശദീകരിക്കുന്നു
കേവലം ഭൗതിക സുഖങ്ങൾക്കപ്പുറം ഈശ്വരഭക്തിയിലൂടെ ചിത്തശുദ്ധിയും ശാശ്വത സുഖവും നേടുകയാണ് മനുഷ്യജന്മത്തിന്റെ പരമമായ കർത്തവ്യം. മോക്ഷപ്രാപ്തിക്ക് ജ്ഞാനമാർഗ്ഗവും ഭക്തിമാർഗ്ഗവും ഉണ്ടെങ്കിലും സാധാരണക്കാർക്ക് ഏറ്റവും സുഗമമായി പിന്തുടരാവുന്നത് ഭക്തിമാർഗ്ഗമാണ്. ഭക്തിയെ ‘വൈധി’, ‘രാഗാദിജാ’ എന്നിങ്ങനെ തിരിക്കുന്നു. വർണ്ണാശ്രമത്തെ അനുഷ്ഠിച്ചുകൊണ്ട് ഈശ്വരനെ ഭജിക്കുന്നവരുടെ ഭക്തിക്കാണ് വൈധി എന്നു പറയുന്നത്. ഫലാകാംക്ഷയോടു കൂടി ഭജിക്കുന്നത് രാഗാധിജാ. അതായത് ഭക്തിയെ കാമ്യം എന്നും അകാമ്യം എന്നും തരംതിരിച്ചിരിക്കുന്നു. ഭക്തിക്ക് ജാതി, മതം, വർണ്ണം, ലിംഗം തുടങ്ങിയ യാതൊരു വേർതിരിവുകളുമില്ല; ഏതു മനുഷ്യനും ഏകാഗ്രമായ ഭക്തിയിലൂടെ ഈശ്വരാനുഗ്രഹം പ്രാപിക്കാം. കലിയുഗത്തിൽ ചിത്തശുദ്ധിക്കും ഏകാഗ്രതയ്ക്കും ക്ഷേത്രദർശനവും വിഗ്രഹാരാധനയും സ്തോത്രപാരായണവും അത്യന്തം ശ്രേഷ്ഠവും ഉപകാരപ്രദവുമാണ് എന്നും ഗ്രന്ഥകാരൻ അഭിപ്രായപ്പെടുന്നു. പുസ്തകത്തിൻ്റെ തുടക്കത്തിലും ഒടുക്കവും ഭഗവാനെ സ്തുതിച്ചു കൊണ്ടുള്ള ശ്ലോകങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്
തിരുവനന്തപുരം ജില്ലയിലെ സി.വി. സ്മാരക ഗ്രന്ഥശാലയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമായത്
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.