1943-ൽ പ്രസിദ്ധീകരിച്ച, സി.പി. രാമസ്വാമി അയ്യർ എഴുതി സി.വി. കുഞ്ഞുരാമൻ വിവർത്തനം ചെയ്ത ലോകമതങ്ങൾ എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്
തിരുവിതാംകൂർ ദിവാനായിരുന്ന സർ സി പി എന്നറിയപ്പെടുന്ന സചിവോത്തമ സി.പി. രാമസ്വാമി അയ്യർ ഇംഗ്ലീഷിൽ എഴുതിയ പുസ്തകത്തിൻ്റെ വിവർത്തനമാണിത്. ലോകത്തിലെ പ്രധാന മതങ്ങളായ ഹിന്ദുമതം, ബുദ്ധമതം, ജൈനമതം, ക്രിസ്തുമതം, ഇസ്ലാം തുടങ്ങിയ മതങ്ങളുടെ ഉദ്ഭവം, അടിസ്ഥാന സിദ്ധാന്തങ്ങൾ, ആചാരങ്ങൾ, തത്വചിന്തകൾ എന്നിവ സംക്ഷിപ്തമായി അവതരിപ്പിക്കുന്നു. ഓരോ മതത്തിൻ്റെ ചരിത്രപരമായ വളർച്ചയും മനുഷ്യസമൂഹത്തിൽ അവ നൽകിയ നൈതിക-സാംസ്കാരിക സ്വാധീനങ്ങളും ഇതിൽ വിശദീകരിച്ചിരിക്കുന്നു.
വ്യത്യസ്ത മതങ്ങളിൽ പ്രചരിക്കുന്ന പുനർജന്മത്തെ കുറിച്ചുള്ള സങ്കല്പമാണ് ഈ പുസ്തകത്തിൽ വിവരിക്കുന്നത്. പുനർജന്മത്തിൻ്റെയും ഉയിർത്തെഴുന്നേൽപ്പിൻ്റെയും ആശയങ്ങൾ വ്യത്യസ്ത സിദ്ധാന്തങ്ങളുടെയും പ്രഗത്ഭരുടെ അഭിപ്രായങ്ങളുടെയും അടിസ്ഥാനത്തിൽ ചർച്ചയ്ക്ക് വിധേയമാക്കുന്നു.
1948 – ൽ പ്രസിദ്ധീകരിച്ച, പി. മുഹമ്മദുമൈതീൻ രചിച്ച മൗലികമായ മൂന്നു കാര്യങ്ങൾ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
1948 – മൗലികമായ മൂന്നു കാര്യങ്ങൾ – പി. മുഹമ്മദുമൈതീൻ
പി. മുഹമ്മദുമൈതീൻ രചിച്ച ഈ ഗ്രന്ഥം ഇസ്ലാമിക വിശ്വാസത്തിൻ്റെ അടിസ്ഥാന തൂണുകളെ ലളിതമായി വിവരിക്കുന്ന ഒരു കൃതിയാണ്. ഇസ്ലാമിക വിശ്വാസം പ്രകാരം ഒരു മുസ്ലിം മനസ്സിലാക്കേണ്ടതും അറിഞ്ഞിരിക്കേണ്ടതും അവരുടെ മരണാന്തരമായി അടക്കം ചെയ്യുമ്പോൾ ആദ്യമായി ദൈവം അയക്കുന്ന മലക്കുകൾ ( മാലാഖമാർ ) ചോദിക്കുന്നതുമായ വിശ്വാസപരമായ ചോദ്യങ്ങളാണ് ആരാണ് നിൻ്റെ റബ്ബ് ( ദൈവം )?, ആരാണ് നിൻ്റെ റസൂൽ ( പ്രവാചകൻ )?, ഏതാണ് നിൻ്റെ ദീൻ ( വിശ്വാസം )?. ഭൗതിക ജീവിതത്തിനപ്പുറം പാരത്രികമായ വിജയത്തിന് മൗലികമായ ഈ മൂന്ന് അറിവുകൾ അത്യന്താപേക്ഷിതമാണെന്ന് ഗ്രന്ഥകാരൻ ബോധ്യപ്പെടുത്തുന്നു.
ഈ ഗ്രന്ഥത്തിൻ്റെ പ്രധാന ആശയങ്ങളിൽ ഒന്നാമത്തേത്, വിശ്വാസത്തിനും പ്രവൃത്തിക്കും മുൻപായി അറിവ് ഉണ്ടായിരിക്കണമെന്നതാണ്. ശരിയായ അറിവില്ലാതെ ചെയ്യുന്ന പ്രവൃത്തികൾ വഴിതെറ്റിപ്പോകാൻ സാധ്യതയുണ്ടെന്ന് അദ്ദേഹം ഓർമ്മിപ്പിക്കുന്നു. വിജയികളായ മനുഷ്യർക്ക് ഉണ്ടായിരിക്കേണ്ട ഗുണങ്ങളിൽ ഈമാൻ (വിശ്വാസം), സൽക്കർമ്മങ്ങൾ, സത്യം ഉപദേശിക്കുക, ക്ഷമ കൈക്കൊള്ളുക എന്നിവ ഉണ്ടായിരിക്കണമെന്ന് പറയുന്നു.
ആരാണ് നിൻ്റെ റബ്ബ് ( ദൈവം )? എന്നതിന് നമ്മെ സൃഷ്ടിക്കുകയും നമുക്ക് ജീവിതവിഭവങ്ങൾ നൽകുകയും ചെയ്ത അല്ലാഹുവാണ് ഏകനായ റബ്ബ് എന്ന് ഗ്രന്ഥത്തിൽ ചൂണ്ടി കാട്ടുന്നു. മനുഷ്യൻ കേവലം മൃഗങ്ങളെപ്പോലെ തിന്നാനും കുടിക്കാനും വേണ്ടി മാത്രം സൃഷ്ടിക്കപ്പെട്ടവനല്ല. മറിച്ച്, ഉത്തരവാദിത്വമുള്ള ഒരു ജീവിതം നയിക്കാൻ ബാധ്യസ്ഥനാണെന്നും ആ ബോധ്യം അല്ലാഹുവിനെക്കുറിച്ചുള്ള അറിവിൽ നിന്നാണ് ഉണ്ടാകേണ്ടതെന്നും ഗ്രന്ഥകാരൻ വ്യക്തമാക്കുന്നു.
ആരാണ് നിൻ്റെ റസൂൽ ( പ്രവാചകൻ )? എന്നതിന് മനുഷ്യർക്ക് നേർവഴി കാണിച്ചുതരാനായി അല്ലാഹു നിയോഗിച്ച ദൂതന്മാരിൽ അവസാനത്തെ ആളാണ് പ്രവാചകൻ മുഹമ്മദ് നബി. പ്രവാചകനെ അനുസരിക്കുന്നവർക്ക് സ്വർഗ്ഗവും, അദ്ദേഹത്തിൻ്റെ പാതയിൽ നിന്ന് വ്യതിചലിക്കുന്നവർക്ക് പരാജയവുമാണ് ഫലം എന്ന് ഗ്രന്ഥം ഓർമ്മിപ്പിക്കുന്നു. ഫിർഔൻ ( ഫിർഔനും യൂസുഫും എന്ന ചരിത്ര കഥ ) പ്രവാചകനെ നിഷേധിച്ചപ്പോൾ ഉണ്ടായ തകർച്ചയെ ഒരു പാഠമായി ഇതിൽ ചൂണ്ടിക്കാണിക്കുന്നു.
ഏതാണ് നിൻ്റെ ദീൻ ( വിശ്വാസം )? എന്നതിന് അല്ലാഹുവിനെ റബ്ബായും ഇസ്ലാമിനെ മതമായും മുഹമ്മദ് നബിയെ പ്രവാചകനായും തൃപ്തിപ്പെട്ടവൻ യഥാർത്ഥ വിശ്വാസത്തിൻ്റെ രുചി അറിഞ്ഞവനാണെന്ന നബിവചനത്തോടെയാണ് പുസ്തകം ഈ ഭാഗം വിശദീകരിക്കുന്നത്. ജീവിതത്തെ ക്രമപ്പെടുത്തേണ്ടത് വിശുദ്ധ ഖുർആനും പ്രവാചകചര്യയും (ഹദീസ്) അനുസരിച്ചായിരിക്കണം എന്നും പറയുന്നു.
അറബിയും, മലയാളവും ഭാഷകൾ ഉൾപ്പെട്ട ഒരു ഗ്രന്ഥമാണിത്. അറബിക്ക് ഖുർആൻ വചനങ്ങളും മറ്റും ഇതിൽ കാണാം. ലളിതമായ ഭാഷയിൽ കാര്യങ്ങൾ ഇതിൽ വിശദീകരിച്ചിരിക്കുന്നു.
1947 – ൽ പ്രസിദ്ധീകരിച്ച, കെ. ദാമോദരൻ രചിച്ച ഉറുപ്പിക എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
1947 – ഉറുപ്പിക – കെ. ദാമോദരൻ
ഇന്ത്യയിലെ പ്രാചീന നാണയങ്ങളുടെ ചരിത്രമാണ് ഈ പുസ്തകത്തിൽ വിവരിച്ചിരിക്കുന്നത്. വ്യത്യസ്ത കാലങ്ങളിലെ ക്രയവിക്രയ രീതികൾ ഇവിടെ വിശദമാക്കുന്നു. കറൻസികളും നാണയങ്ങളും നിർമ്മിക്കാൻ ആദ്യകാലങ്ങളിൽ നടന്ന ശ്രമങ്ങളെ കുറിച്ചും, മഹായുദ്ധകാലത്ത് സാമ്പത്തിക വിനിമയത്തിൽ ഉണ്ടായ പ്രതിസന്ധികളെ കുറിച്ചും ഈ പുസ്തകത്തിൽ പരാമർശിക്കുന്നു.
1967 – ൽ പ്രസിദ്ധീകരിച്ച, സി.ആർ. കുഞ്ഞുണ്ണിവിവർത്തനം തയ്യാറാക്കിയ സോഷ്യലിസ്റ്റ് തൊഴിൽ, സിവിൽ – ക്രിമിനൽ നിയമങ്ങളുടെ രൂപരേഖ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
1967 – സോഷ്യലിസ്റ്റ് തൊഴിൽ, സിവിൽ – ക്രിമിനൽ നിയമങ്ങളുടെ രൂപരേഖ
സോഷ്യലിസ്റ്റ് രാജ്യങ്ങളിലെ വ്യത്യസ്ത നിയമങ്ങളെ പരിചയപ്പെടുത്തുന്ന ഗ്രന്ഥമാണിത്. സോഷ്യലിസ്റ്റ് തൊഴിൽ നിയമത്തിൻ്റെ രൂപരേഖയാണ് ആദ്യത്തെ അധ്യായത്തിൽ ഉൾപ്പെടുന്നത്. തൊഴിലാളികളെ സംബന്ധിക്കുന്ന അവകാശങ്ങളെക്കുറിച്ചുള്ള വിവരണം ഈ അധ്യായത്തിൽ ഉൾപ്പെടുന്നു. സിവിൽ നിയമത്തിൻ്റെ രൂപരേഖയാണ് രണ്ടാമത്തെ അധ്യായം. സിവിൽ നിയമങ്ങളുടെ മൗലിക തത്വങ്ങൾ ഇവിടെ വിശദമാക്കുന്നു. മൂന്നാം അധ്യായത്തിൽ സോഷ്യലിസ്റ്റ് ക്രിമിനൽ നിയമത്തിൻ്റെ സങ്കല്പം അവതരിപ്പിക്കുന്നു.
1954 – ൽ പ്രസിദ്ധീകരിച്ച, എ. മുഹമ്മദുസാഹിബ് രചിച്ച ഹസ്രത്തു ലുക്മാൻ്റെ നൂറ് ഉപദേശങ്ങൾ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
1954 – ഹസ്രത്തു ലുക്മാൻ്റെ നൂറ് ഉപദേശങ്ങൾ – എ. മുഹമ്മദുസാഹിബ്
എ. മുഹമ്മദ് സാഹിബ് എഴുതിയ ഈ പുസ്തകം ഇസ്ലാം മത വിശ്വാസികളുടെ ദൈവിക ഗ്രന്ഥമായ ഖുർആനിൽ പ്രതിപാദിക്കുന്ന ജ്ഞാനിയായ ഹസ്രത്ത് ലുക്മാൻ തൻ്റെപുത്രന് നൽകിയ മൂല്യവത്തായ നൂറ് ഉപദേശങ്ങളെ ആസ്പദമാക്കിയുള്ളതാണ്. വിശുദ്ധ ഖുർആനിൽ ‘ലുക്മാൻ’ എന്ന പേരിൽ ഒരു അദ്ധ്യായം തന്നെയുള്ളത് അദ്ദേഹത്തിൻ്റെ മഹത്വത്തെ വിളിച്ചോതുന്നു.
ഹസ്രത്ത് ലുക്മാൻ ഒരു പ്രവാചകനായിരുന്നോ എന്ന കാര്യത്തിൽ പണ്ഡിതന്മാർക്കിടയിൽ ഭിന്നാഭിപ്രായമുണ്ടെങ്കിലും, ദൈവം അദ്ദേഹത്തിന് നൽകിയ ‘ഹിക്കുമത്ത്’ (ജ്ഞാനം) ഉന്നതപദവിക്ക് തെളിവാണ്. എളിമയുള്ള ജീവിതം നയിച്ചിരുന്ന ലുക്മാൻ, പിൽക്കാലത്ത് തൻ്റെ ജ്ഞാനം കൊണ്ട് ജനങ്ങൾക്കിടയിൽ ആദരണീയനായിത്തീർന്നു. സത്യം പറയുക, വിശ്വസ്തത പാലിക്കുക, അനാവശ്യ കാര്യങ്ങളിൽ ഇടപെടാതിരിക്കുക എന്നീ മൂന്ന് കാര്യങ്ങളാണ് തന്നെ ഈ ഉന്നത നിലയിലെത്തിച്ചതെന്ന് സാക്ഷ്യപ്പെടുത്തുന്നു.
ലുക്മാൻ തൻ്റെ മകന് നൽകിയ ഉപദേശങ്ങളിൽ പ്രധാനമായ ചിലത് അല്ലാഹുവിൻ്റെ ഏകത്വത്തിൽ വിശ്വസിക്കണമെന്നും അവനിൽ ആരെയും പങ്കുചേർക്കരുതെന്നും ആദ്യം തന്നെ ഉപദേശിക്കുന്നു, അഹങ്കാരത്തോടെ ഭൂമിയിലൂടെ നടക്കരുതെന്നും ശബ്ദം താഴ്ത്തി സംസാരിക്കുക എന്നും ഓർമിപ്പിക്കുന്നു. മാതാപിതാക്കളെ ബഹുമാനിക്കാനും അവർക്ക് വേണ്ടി പ്രാർത്ഥിക്കാനുമുള്ള പ്രാധാന്യം ഊന്നിപ്പറയുന്നു. നന്മ പ്രവർത്തിക്കാനും തിന്മയെ തടയാനും ഉള്ള ആർജ്ജവം ഓരോ മനുഷ്യനും ഉണ്ടായിരിക്കണം എന്നും ഉപദേശിക്കുന്നു.
സാധാരണക്കാർക്ക് എളുപ്പത്തിൽ മനസ്സിലാകുന്ന ലളിതമായ ഭാഷയിലാണ് ഈ ഗ്രന്ഥം രചിക്കപ്പെട്ടിരിക്കുന്നത്. ലുക്മാൻ്റെ നൂറ് ഉപദേശങ്ങൾ ഓരോ മനുഷ്യനും തൻ്റെ ജീവിതത്തിൽ പാലിക്കേണ്ട ധാർമ്മിക മൂല്യങ്ങളെയാണ് പ്രതിനിധീകരിക്കുന്നത്. നന്ദിയുള്ളവനായി ജീവിക്കുക, ക്ഷമ കൈക്കൊള്ളുക തുടങ്ങിയ ഗുണങ്ങൾ ജീവിതവിജയത്തിന് അത്യന്താപേക്ഷിതമാണെന്ന് ഈ പുസ്തകം ബോധ്യപ്പെടുത്തുന്നു.
1946-ൽ തിരുവിതാംകൂർ യൂണിവേഴ്സിറ്റി പബ്ലിക്കേഷൻസ് പ്രസിദ്ധീകരിച്ച, “Terms In Botany” എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്
ശാസ്ത്രീയ ഗ്രന്ഥങ്ങൾ മലയാളത്തിൽ അപൂർവമാകുന്നതിൻ്റെ പ്രധാന കാരണം ഭാഷയിൽ ആവശ്യത്തിനു കൈകാര്യം ചെയ്യാനുള്ള സാങ്കേതിക പദങ്ങൾ ഇല്ല എന്നതാണ്. അതിനാൽത്തന്നെ ശാസ്ത്രത്തിൽ പരിജ്ഞാനമുള്ളവരും ഭാഷാവൈദഗ്ധ്യമുള്ളവരുമായ ആളുകൾക്ക് ശാസ്ത്രീയ ഗ്രന്ഥരചന എളുപ്പമല്ല. ഈ പ്രതിസന്ധി പരിഹരിക്കുന്നതിനായി കേരള സർവകലാശാല പ്രത്യേകമായ പ്രസിദ്ധീകരണശാഖ തന്നെ ഏർപ്പെടുത്തി പ്രസിദ്ധീകരിച്ചതാണ് ഈ പുസ്തകം. സസ്യശാസ്ത്രത്തിലെ സാങ്കേതിക പദങ്ങൾക്കു പകരമുള്ള മലയാളപദങ്ങൾ ചേർത്ത്, നിഘണ്ടു രൂപത്തിലാണ് ഇതിൻ്റെ നിർമാണം.
1970 – ൽ പ്രസിദ്ധീകരിച്ച, വയലാ എം.കെ. പ്രഭാകരൻ രചിച്ച തൊഴിൽതർക്കനിയമങ്ങൾ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
1970 – തൊഴിൽതർക്കനിയമങ്ങൾ – വയലാ എം.കെ. പ്രഭാകരൻ
സങ്കീർണ്ണമായി എഴുതപ്പെട്ടിട്ടുള്ള തൊഴിൽനിയമങ്ങളുടെ പ്രധാനവശങ്ങൾ ഈ ഗ്രന്ഥത്തിലൂടെ മാതൃഭാഷയിൽ ലളിതമായി പരിഭാഷപ്പെടുത്തിയിരിക്കുന്നു. തൊഴിലുടമകൾ, തൊഴിലാളികൾ, ട്രേഡ് യൂണിയൻ പ്രവർത്തകർ തുടങ്ങി തൊഴിൽ വേദിയുമായി ബന്ധമുള്ളവർക്കെല്ലാം ഈ ഗ്രന്ഥം സഹായകരമാണ്. രണ്ടു ഭാഗങ്ങളായി ഈ ഗ്രന്ഥം തിരിച്ചിരിക്കുന്നു. രണ്ടു ഭാഗങ്ങളും ഇതിൽത്തന്നെ ചേർത്തിട്ടുമുണ്ട്.
1928-ൽ പ്രസിദ്ധീകരിച്ച, എ.കെ. ശാസ്ത്രി വിവർത്തനം ചെയ്ത കാളിദാസനുംഭവഭൂതിയും എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്
ദ്വിജേന്ദ്രലാൽ റായി എന്ന ബംഗാളി നിരൂപകൻ ബംഗാളി ഭാഷയിൽ എഴുതിയ നിരൂപണത്തെ ഹിന്ദി ഭാഷയിലേക്ക് പരിഭാഷപ്പെടുത്തിയതിൻ്റെ മലയാളവിവർത്തനമാണ് ഈ പുസ്തകം. നാടകകൃത്തും സംഗീതജ്ഞനും സാമൂഹികപരിഷ്കർത്താവും കൂടി ആയിരുന്നു ദ്വിജേന്ദ്രലാൽ റായി(1863-1913). റായി ബംഗാളിലെ കർഷകസമരത്തിൽ കർഷകർക്കൊപ്പം നിൽക്കുകയും സ്ത്രീവിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിക്കുകയും മതത്തിലെ വരേണ്യവിഭാഗത്തിൻ്റെ മേൽക്കോയ്മയെ രൂക്ഷമായി വിമർശിക്കുകയും ചെയ്ത വ്യക്തിയാണ്.
കാളിദാസൻ എഴുതിയ അഭിജ്ഞാനശാകുന്തളം, ഭവഭൂതി എഴുതിയ ഉത്തരരാമചരിതം എന്നീ നാടകങ്ങളുടെ താരതമ്യ നിരൂപണമാണ് ഈ പുസ്തകത്തിലെ വിഷയം. രണ്ടു കൃതികളുടെയും ഗുണങ്ങൾ മാത്രമല്ല, കാവ്യപരമായ അനൗചിത്യങ്ങളും നിരൂപകൻ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഏഴ് പരിച്ഛേദങ്ങളും(അധ്യായങ്ങൾ) അനുബന്ധവും ശുദ്ധിപത്രവും ആണ് പുസ്തകത്തിലുള്ളത്
1972 – ൽ പ്രസിദ്ധീകരിച്ച, സിദ്ധിനാഥാനന്ദസ്വാമികൾ രചിച്ച ഭാരതമാതാമഹി എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
1972 – ഭാരതമാതാമഹി – സിദ്ധിനാഥാനന്ദസ്വാമികൾ
ഭാരതമാതാമഹി എന്ന വാക്കിലൂടെ അർത്ഥമാക്കുന്നത് ഭാരത മാതാവിൻ്റെ അമ്മ എന്നാണ്. ഭാരത സംസ്കാരത്തിന് ഉയിരും പേരും നൽകിയ മഹാഭാരതത്തിലെ മഹനീയ വ്യക്തിത്വമായ കുന്തീദേവിയെ ഭാരതമാതാമഹിയായി സങ്കൽപ്പിക്കുന്നു. മഹാഭാരതത്തിലും ഭാഗവതത്തിലും അവതരിപ്പിക്കപ്പെട്ടിരിക്കുന്ന കുന്തീദേവിയുടെ കഥാപാത്ര നിർമിതിയിൽ വ്യത്യാസമുണ്ട്. ഭാഗവതത്തിൽ അവതരിപ്പിക്കപ്പെടുന്ന കുന്തീദേവിയുടെ കഥാപാത്ര നിരൂപണം ആണ് ഈ പുസ്തകത്തിൽ അവതരിപ്പിച്ചിരിക്കുന്നത്.