1986-ൽ അച്ചടിച്ച, ചട്ടമ്പി സ്വാമികൾ രചിച്ച വേദാധികാര നിരൂപണം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.
വേദം പഠിക്കുന്നത് സംബന്ധിച്ച് ചട്ടമ്പി സ്വാമിയുടെ വിമർശന പാഠങ്ങൾ ശിഷ്യന്മാർ ശേഖരിച്ച് 1921-ൽ അച്ചടിച്ച പുസ്തകത്തിൻ്റെ പുതിയ പതിപ്പാണിത്. വേദവും വേദാന്തവും ശൂദ്രർ തുടങ്ങിയ ജാതികൾക്ക് നിഷേധിക്കുന്നതിനെ വിമർശിച്ചതിനാൽ ശ്രദ്ധേയമായ ഒന്നാണ് ഈ കൃതി. വേദസ്വരൂപം, വേദപ്രാമാണ്യം, അധികാര നിരൂപണം, പ്രമാണാന്തര വിചാരം, യുക്തിവിചാരം എന്നീ അധ്യായങ്ങളാണ് പുസ്തകത്തിൽ ഉള്ളത്.
2010-ൽ അച്ചടിച്ച പി ഗോവിന്ദപ്പിള്ളയുടെ സ്വദേശാഭിമാനി പ്രതിഭാവിലാസം എന്ന പുസ്തകത്തിൻ്റെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.
രാജ്യസ്നേഹിയും സാമുഹ്യ പരിഷ്കർത്താവുമായിരുന്ന സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ ജീവിതവും സംഭാവനകളും വിശകലനം ചെയ്യുന്ന കൃതിയാണിത്. അദ്ദേഹത്തിൻ്റെ പത്രപ്രവർത്തനം, ഭാഷാ പരിഷ്കരണ ശ്രമങ്ങൾ, പുസ്തക രചന, പാഠപുസ്തകങ്ങൾ, സ്വദേശാഭിമാനി പ്രസ്ഥാനം തുടങ്ങിയവ പഠനത്തിന് വിധേയമാക്കുന്ന ജീവചരിത്രമാണ് ഈ പുസ്തകം.
1953 സെപ്റ്റംബർ 28-ാം തീയതി തിങ്കളാഴ്ച (കൊല്ലവർഷം 1129 കന്നി 12-ാം തീയതി) പുറത്തിറങ്ങിയ മലയാളരാജ്യം ആഴ്ചപ്പതിപ്പിൻ്റെ പുസ്തകം 26 ലക്കം 81 ലക്കത്തിൻ്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
ഐക്യരാഷ്ട്രസഭ ജനറൽ അസംബ്ലിയിൽ വിജയലക്ഷ്മി പണ്ഡിറ്റ് പ്രസിഡൻ്റായി തിരഞ്ഞെടുക്കപ്പെട്ട വാർത്ത ആണ് 1953 സെപ്റ്റംബർ 28 ലക്കത്തിലെ പ്രധാനലേഖനം. മാത്രമല്ല, വിജയലക്ഷ്മി പണ്ഡിറ്റിൻ്റെ ചിത്രമാണ് ഈ ലക്കം മാസികയുടെ മുഖചിത്രമായി ഉപയോഗിച്ചിരിക്കുന്നത്.
പഞ്ചവത്സര പദ്ധതിയും വിദ്യാഭ്യാസവും, ഹിന്ദിയിലെ ഭക്തികാവ്യങ്ങൾ, സിനിമായിലെ ഗാനങ്ങൾ, അണുകഘടന-എക്സ് റെയ്സ് റേഡിയോ ആക്ടിവിറ്റി, കാരക്കുടി സാംബ്ബശിവയ്യർ തുടങ്ങിയ ശ്രദ്ധേയമായ ലേഖനങ്ങൾ ഈ ലക്കത്തിൽ കാണാം. 1953ൽ പുറത്തിറങ്ങിയ ശരിയോ തെറ്റോ എന്ന മലയാളസിനിമയെ കുറിച്ചുള്ള നിരൂപണവും ഈ ലക്കത്തിൽ കാണാം.
ഡിജിറ്റൈസ് ചെയ്യാനായി കിട്ടിയ ലക്കങ്ങൾ ബൈൻഡ് ചെയ്ത രൂപത്തിലാണ് കിട്ടിയത്. പുസ്തകം ബൈൻഡ് ചെയ്തവർ അവരുടെ എളുപ്പത്തിന് പേജുകളുടെ അരിക് കൂട്ടി മുറിച്ചതിനാൽ ചില പേജുകളിൽ (കവർ പേജടക്കം) ഉള്ളടക്കം ചെറുതായി മുറിഞ്ഞു/അല്ലെങ്കിൽ ബ്ലാങ്ക് സ്പെയിസ് വളരെ കുറവാണ് എന്ന പ്രശ്നം ഈ ഡിജിറ്റൽ സ്കാനിനുണ്ട്.
കൊല്ലം പെരിനാട്, സി.കെ.പി. വിലാസം ഗ്രന്ഥശാലയിലെ പുരാശേഖരം ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ ആനുകാലികം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമിക വിവരത്തിനു ഈ പോസ്റ്റ് കാണുക.
അതിനു പുറമെ നമ്മുടെ പഴയകാല ആനുകാലികങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായി കൂടിയാണ് ഈ മാസികകൾ ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.
കെ.ജി. ശങ്കർ പത്രാധിപർ ആയി തുടങ്ങിയ മലയാളരാജ്യം പ്രസിദ്ധീകരണങ്ങളിൽ ഉൾപ്പെടുന്ന ഒരു സഹപ്രസിദ്ധീകരണം ആണിത്. ഇതിനു മുൻപ്, മണ്ണാർക്കാട് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിലൂടെ 37 മലയാളരാജ്യം പ്രസിദ്ധീകരണങ്ങൾ ഡിജിറ്റൈസ് ചെയ്തിരുന്നു. അത് പക്ഷെ മിക്കതും 1930കളിലെ മലയാളരാജ്യം ചിത്രവാരികയുടേതായിരുന്നു. അത് എല്ലാം കൂടെ ഇവിടെ കാണാം. എന്നാൽ കൊല്ലം സി.കെ.പി. ഗ്രന്ഥശാലയിൽ നിന്നു കിട്ടിയത് മിക്കതും 1950കളിലെ മലയാളരാജ്യം ആഴ്ചപ്പതിപ്പിൻ്റെതാണ്. ഇതിനു പുറമെ മലയാളരാജ്യം പത്രവും ഉണ്ടായിരുന്നെന്ന് കേൾക്കുന്നു. മലയാളരാജ്യം പ്രസിദ്ധീകരണങ്ങളുടെ വിശദാംശം എവിടെയും ഡോക്കുമെൻ്റ് ചെയ്ത് കാണുന്നില്ല. ഗ്രന്ഥപ്പുര ഡിജിറ്റൈസേഷൻ പദ്ധതിയിലൂടെ വിവിധ മലയാളരാജ്യം പ്രസിദ്ധീകരണങ്ങൾ ലഭിക്കുമ്പോൾ ഇക്കാര്യത്തിൽ വ്യക്തതയുണ്ടാകും എന്ന് കരുതുന്നു.
ഡിജിറ്റൈസ് ചെയ്ത ആഴ്ചപ്പതിപ്പിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
പേര്: മലയാളരാജ്യം ആഴ്ചപ്പതിപ്പ് – പുസ്തകം 26 ലക്കം 81
പ്രസിദ്ധീകരണ വർഷം: 1953
പ്രസിദ്ധീകരണ തീയതി: 1953 സെപ്റ്റംബർ 28-ാം തീയതി തിങ്കളാഴ്ച (കൊല്ലവർഷം 1129 കന്നി 12-ാം തീയതി)
1965 ജനുവരി 7 മുതൽ 31 വരെയുള്ള തീയതികളിലെ തൊഴിലാളി ദിനപത്രത്തിൻ്റെ 24 ദിവസത്തെ സ്കാനുകളാണ് ഈ പോസ്റ്റിലൂടെ ഒരുമിച്ച് പങ്കു വയ്ക്കുന്നത്. (ജനുവരി 26-ലെ റിപബ്ലിക് ദിന അവധി പ്രമാണിച്ച് 1965 ജനുവരി 27-ന് തൊഴിലാളി ദിനപത്രം പുറത്തിറങ്ങിയില്ല.)
ഫാദർ വടക്കൻ സ്ഥാപിച്ച മലനാട് കർഷക യൂണിയൻ്റെ മുഖപത്രമായി തൃശൂരിൽ നിന്നും ആഴ്ചപ്പതിപ്പായി പ്രസിദ്ധീകരിച്ചു. പിന്നീട് ബി. വെല്ലിംഗ്ടണുമായി ചേർന്ന് കർഷക തൊഴിലാളി പാർട്ടി രൂപീകരിച്ച ശേഷം, ഏകദേശം 1953 മുതൽ തൊഴിലാളി ദിനപ്പത്രമായി പുറത്തിറക്കിയതായി കാണുന്നു.
1975ൽ പാലാ രൂപത പ്രസിദ്ധീകരിച്ച Silver Jubilee Souvenir Palai Diocese എന്ന സ്മരണികയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്
പാലാ രൂപതാദ്ധ്യക്ഷൻ അഭിവന്ദ്യ സഹോദരൻ സെബാസ്റ്റ്യൻ വയലിലിൻ്റെ മെത്രാൻ പദപ്രാപ്തിയുടെയും പാലാ രൂപതാ സ്ഥാപനത്തിൻ്റെയും രജതജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് പുറത്തിറക്കിയ സ്മരണികയാണിത്. അന്നത്തെ രാഷ്ട്രപതി, പ്രധാനമന്ത്രി, കേരള മുഖ്യമന്ത്രി, സഭാ മേലദ്ധ്യക്ഷന്മാർ എന്നിവരുടെ ആശംസകൾ, രൂപതാസ്ഥാപനത്തിൻ്റെ ചരിത്രം, അഭിവന്ദ്യ പിതാവിനുള്ള ആശംസകൾ, രൂപതയിലെ വിവിധ സന്യാസസഭകളെ കുറിച്ചുള്ള വിശദാംശങ്ങൾ, രൂപതയിലെ പുരാതന ദേവാലയങ്ങൾ, 1950 മുതൽ 1975 വരെയുള്ള കാലയളവിൽ സഭയിൽ നടന്ന പ്രധാന സംഭവങ്ങൾ ഉൾക്കൊള്ളുന്ന ഡയറിക്കുറിപ്പുകൾ എന്നിവയാണ് സ്മരണികയിലെ ഉള്ളടക്കം.
1934 ൽ പ്രസിദ്ധീകരിച്ച മയ്യനാട്ട് എ ജോൺ രചിച്ച അന്തോനി പാദുവാ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.
മഹാത്മാക്കൾ എന്ന് ജീവചരിത്രപരമ്പരയിലെ ഒന്നാമത്തെ പുസ്തകമാണ് അന്തോനി പാദുവാ. ഒരു അദ്ഭുത പ്രവർത്തകനായി അറിയപ്പെടുന്ന സെൻ്റ് ആൻ്റണിയുടെ ജീവചരിത്രം ആണ് ഈ പുസ്തകം. അനേകം ഇംഗ്ലീഷ് ഗ്രന്ഥങ്ങളെ ആസ്പദമാക്കി രചിച്ചിട്ടുള്ള അദ്ദേഹത്തെ പറ്റിയുള്ള തെറ്റിധാരണകളും, അന്ധ വിശ്വാസങ്ങളും നീക്കി ശരിയായ അറിവ് പ്രദാനം ചെയ്യുന്ന പുസ്തകമാണിത്.
1965 ൽ പുന:പ്രസിദ്ധീകരിച്ച ജോർജ്ജ് മാത്തൻ രചിച്ച സത്യവാദഖേടം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.
മലയാള ഭാഷാ ഗദ്യ സാഹിത്യത്തിന് അതുല്യ സംഭാവനകൾ നൽകിയ പണ്ഡിതനായിരുന്നു ജോർജ്ജ് മാത്തൻ. അദ്ദേഹം ഇംഗ്ലീഷ്, എബ്രായ സുറിയാനി, ലത്തീൻ, ഗ്രീക്ക്, സംസ്കൃതം, ഹിന്ദുസ്ഥാനി, തമിഴ്, തെലുങ്ക്, എന്നീ ഭാഷകളിലെ പുതുമകളെ സ്വാംശീകരിക്കുകയും മലയാള ഭാഷാഗദ്യത്തെ സമ്പന്നമാക്കുകയും ചെയ്തു.
1863 ൽ ജോർജ്ജ് മാത്തൻ രചിച്ച സത്യസന്ധതയെപ്പറ്റിയുള്ള ഒരു പ്രബന്ധമാണ് സത്യവാദഖേടം. മാതാപിതാക്കള്‍ മക്കളെ ചെറുപ്പം മുതല്‍ സത്യം സംസാരിച്ചു ശീലിപ്പിക്കേണ്ട ആവശ്യത്തെക്കുറിച്ചുള്ള പ്രതിപാദനമാണ് പുസ്തകത്തിൻ്റെ വിഷയം. സത്യവാദഖേടം, സത്യം എന്നീ പ്രകരണങ്ങൾ ഒന്നിച്ച് ചേർന്നുള്ള ഗ്രന്ഥം ക്രിസ്ത്യൻ ലിറ്ററേച്ചർ സൊസൈറ്റി സത്യത്തെ കുറിച്ചുള്ള പ്രകരണങ്ങൾ എന്ന പേരിൽ 1894 ൽ കോട്ടയം സി. എം. എസ് പ്രസ്സിൽ നിന്നും പ്രസിദ്ധപ്പെടുത്തിയിരുന്നു. അതേരൂപത്തിൽ അന്നത്തെ അച്ചടിയിൽ ഉണ്ടായിരുന്ന മാറ്റങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടാണ് ഈ കൃതി ഇപ്പോൾ വിദ്യാർത്ഥിമിത്രം പ്രസിദ്ധീകരിക്കുന്നത്. ഈ പുസ്തകത്തിലെ രണ്ടാമത്തെ ഭാഗമായ “സത്യം” എന്ന പേരിലുള്ള പ്രകരണം കോശി ആർച്ച് ഡീക്കനാൽ രചിക്കപ്പെട്ടതാണ്.
2011-ൽ അച്ചടിച്ച പി ഗോവിന്ദപ്പിള്ളയുടെ കെ ദാമോദരൻ – പോരും പൊരുളും എന്ന പുസ്തകത്തിൻ്റെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.
കേരളത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സ്ഥാപക നേതാക്കളിൽ ഒരാളും കമ്മ്യൂണിസ്റ്റ് സൈദ്ധാന്തികനുമായിരുന്ന കെ ദാമോദരൻ്റെ ജീവചരിത്രമാണ് ഈ പുസ്തകം. സി പി എം ചിന്തകനായ ഗ്രന്ഥകർത്താവ് സി പി ഐ നേതാവായ കെ ദാമോദരനെ വിമർശനപരമായി ഈ പുസ്തകത്തിൽ സമീപിക്കുന്നു. അനുബന്ധമായി ഏതാനും ചിത്രങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നു.
1995 ൽ പുറത്തിറക്കിയ പോരൂക്കര തോമ്മാമല്പാൻ 150-ാം ചരമ വാർഷികംസ്മരണികയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.
സീറോ മലബാർ സഭയുടെ സന്യാസ സഭ ആയ കർമ്മലീത്താ സഭ അഥവാ സി എം ഐ-യ്ക്ക് അടിസ്ഥാനമിട്ട പോരൂക്കരയച്ചൻ്റെ ജീവിതം, പ്രവർത്തനങ്ങൾ, അദ്ദേഹവുമായി ബന്ധപ്പെട്ട ദേവാലയങ്ങൾ, പ്രാദേശിക സ്ഥലങ്ങൾ, മറ്റ് വ്യക്തികൾ തുടങ്ങിയവ വിവരിക്കുകയും സ്മരിക്കുകയുമാണ് ഈ ചരമ വാർഷിക സ്മരണികയിൽ ചെയ്യുന്നത്. കൂടാതെ ചിത്രങ്ങളും കവിതകളും ഇതിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. ചരമ വാർഷികാഘോഷത്തിൻ്റെ വിശദ വിവരങ്ങൾ അവസാന ഭാഗത്ത് ചേർത്തിരിക്കുന്നു.