കാറൽ മാർക്സ് രചിച്ച ഇന്ത്യാചരിത്രക്കുറിപ്പുകൾഎന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
ഇന്ത്യാചരിത്രക്കുറിപ്പുകൾ – കാറൽ മാർക്സ്
ഇന്ത്യയിലെ ബ്രിട്ടീഷ് വാഴ്ചയുടെ വികസനം പടിപടിയായി വിശകലനം ചെയ്യുന്ന ഗ്രന്ഥമാണിത്. ബ്രിട്ടീഷുകാർ ഇന്ത്യയിൽ നിലനിർത്തി പോന്ന സ്വേച്ഛാധികാരപരമായ ഭരണസമ്പ്രദായങ്ങളെയും ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണാധികാരികളുടെ നീണ്ട പട്ടികയും ഇതിൽ വിശദമാക്കുന്നു. ഇന്ത്യക്കാരുടെ നേരെയുള്ള ആക്രമണപരമായ ചൂഷണങ്ങളുടെ ഫലമായി ഇംഗ്ലീഷ് കൊളോണിയൽ സാമ്രാജ്യം വളർന്നുവന്നതിൻ്റെ സാഹചര്യവും ബ്രിട്ടീഷ്ഭരണം മൂലം ഭാരതത്തിൽ ഉണ്ടായ സാമ്പത്തികവും രാഷ്ട്രീയവുമായ പ്രത്യാഘാതങ്ങളും ഇതിൽ ചൂണ്ടിക്കാണിക്കുന്നു.
1946 – ൽ പ്രസിദ്ധീകരിച്ച, ആധുനിക റഷ്യ എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
1946 – ആധുനിക റഷ്യ
രണ്ടാം ലോകമഹായുദ്ധത്തിൻ്റെ കനൽവഴികളിൽ സോവിയറ്റ് യൂണിയൻ കെട്ടിപ്പടുത്ത സമാനതകളില്ലാത്ത അതിജീവനത്തിൻ്റെയും, കമ്മ്യൂണിസ്റ്റ് ഭരണകൂടം വിഭാവനം ചെയ്ത വിപ്ലവകരമായ രാഷ്ട്രീയ-വിദ്യാഭ്യാസ നയങ്ങളുടെയും ആധികാരികമായ ചരിത്രവിന്യാസമാണിത്. വെറുമൊരു ചരിത്രവിവരണത്തിനപ്പുറം, ഒരു സോഷ്യലിസ്റ്റ് രാഷ്‌ട്രത്തിൻ്റെ അധികാരവും രാഷ്ട്രീയവും ജനതയുടെ പുരോഗതിക്കായി എങ്ങനെ വിനിയോഗിക്കപ്പെട്ടു എന്ന് വ്യക്തമാക്കുന്ന രാഷ്ട്രീയ പ്രബന്ധം കൂടിയാണിത്. ഒക്ടോബർ വിപ്ലവത്തിന് മുൻപ് വെറും 33 ശതമാനം മാത്രമായിരുന്ന റഷ്യയിലെ സാക്ഷരതാനിരക്ക്, സോഷ്യലിസ്റ്റ് ഭരണകൂടത്തിൻ്റെ ദീർഘവീക്ഷണം മൂലം കാൽ നൂറ്റാണ്ടു കൊണ്ട് 100 ശതമാനത്തിലേക്ക് ഉയർന്നത് കൃത്യമായ സ്ഥിതിവിവരക്കണക്കുകളിലൂടെ വ്യക്തമാക്കപ്പെടുന്നു. പുസ്തകപ്പഠനത്തിനൊപ്പം കല, കായികം, ഫാക്ടറികളിലും കൃഷിയിടങ്ങളിലുമുള്ള പ്രായോഗിക തൊഴിൽ പരിശീലനം എന്നിവ സമന്വയിപ്പിച്ച ‘പോളിടെക്നിക്’ വിദ്യാഭ്യാസ രീതിയാണ് അവിടെ നടപ്പിലാക്കിയത്. സ്വന്തമായി ലിപിയോ എഴുത്തുഭാഷയോ പോലുമില്ലാതിരുന്ന പിന്നാക്ക ഗോത്രവിഭാഗങ്ങൾക്ക് പുതിയ ലിപികൾ നിർമ്മിച്ച് നൽകി, അവരുടെ മാതൃഭാഷയിൽത്തന്നെ വിദ്യാഭ്യാസം ഉറപ്പാക്കിയ സോവിയറ്റ് നയം വിപ്ലവകരമായ ഒരു രാഷ്ട്രീയ തീരുമാനമായിരുന്നു. രണ്ടാം ലോകമഹായുദ്ധത്തിൽ നാസി ജർമ്മനി വിദ്യാലയങ്ങൾ ബോംബിട്ട് തകർത്തപ്പോഴും തോറ്റുകൊടുക്കാതെ, ഇരുണ്ട ഗുഹകളെ ക്ലാസ്സ് മുറികളാക്കി മാറ്റി പഠനം തുടർന്ന കുട്ടികളുടെയും അധ്യാപകരുടെയും പോരാട്ടവീര്യവും സവിശേഷമായി അടയാളപ്പെടുത്തുന്നുണ്ട്.
റഷ്യക്കാർ, ഉക്രേനിയക്കാർ, ഉസ്ബെക്കുകൾ തുടങ്ങി ഇരുപതിലധികം വ്യത്യസ്ത ജനവിഭാഗങ്ങളെയും വംശങ്ങളെയും ഒരൊറ്റ പതാകയ്ക്ക് കീഴിൽ അണിനിരത്തി ഫാസിസത്തെ തറപ്പറ്റിച്ച ‘ചെമ്പടയുടെ’ അജയ്യമായ ചരിത്രമാണ് പ്രധാന രാഷ്ട്രീയം. സാധാരണക്കാരായ കർഷകർ പോലും തങ്ങളുടെ ആകെ സമ്പാദ്യം പട്ടാളത്തിന് ടാങ്കും വിമാനവും വാങ്ങാൻ യുദ്ധഫണ്ടിലേക്ക് നൽകിയ ജനകീയ കൂട്ടായ്മയും, സരോജിനി നായിഡു ഉൾപ്പെടെയുള്ള ഇന്ത്യൻ സ്വാതന്ത്ര്യസമര നേതാക്കൾ ചെമ്പടയുടെ ധീരതയെ ഇന്ത്യയുടെ വിമോചനപോരാട്ടങ്ങൾക്ക് ആവേശമായി കണ്ടിരുന്ന പശ്ചാത്തലവും ഇവിടെ ചർച്ചയാകുന്നു. യുദ്ധം ജയിച്ചു തിരിച്ചെത്തുന്ന ദശലക്ഷക്കണക്കിന് സൈനികർക്ക് ഒരൊറ്റ മാസത്തിനകം സൗജന്യ വസ്ത്രം, മികച്ച ജോലി, കൃഷിഭൂമി, വീടുപണിയാൻ പലിശരഹിത ബാങ്ക് വായ്പ എന്നിവ നിയമം മൂലം ഉറപ്പാക്കിയ സോവിയറ്റ് പാർലമെൻ്റിൻ്റെ വിപ്ലവകരമായ പുനരധിവാസ നയത്തിലാണ് വിവരണം അവസാനിക്കുന്നത്. ചുരുക്കത്തിൽ, ഗവൺമെന്റും സാധാരണ ജനങ്ങളും സൈന്യവും തമ്മിലുണ്ടായിരുന്ന ശക്തമായ ഒത്തൊരുമയാണ് സോവിയറ്റ് യൂണിയന്റെ വിജയരഹസ്യമെന്ന് വ്യക്തമാക്കപ്പെടുന്നു.
1936 – ൽ പ്രസിദ്ധീകരിച്ച, ജി.ആർ. പിള്ള രചിച്ച ഗ്രാമീണ പുനരുദ്ധാരണംഎന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
1936 – ഗ്രാമീണ പുനരുദ്ധാരണം – ജി.ആർ. പിള്ള
ഓരോ രാജ്യത്തിൻ്റെയും ആത്മാവ് ഗ്രാമങ്ങളിലാണ് കുടികൊള്ളുന്നത്. ഗ്രാമീണപുനരുദ്ധാരണം ഇന്ന് ഇന്ത്യയിലെ പ്രധാന പ്രശ്നങ്ങളിലൊന്നാണ്. പരിഷ്കൃതമായകൃഷി, സഹകരണം മൂലമുള്ള ഉല്പാദനം, ധനസഹായം, വിതരണം, വിക്രയം, ആദായം വർദ്ധിപ്പിക്കുന്നതിനായി കുടിൽവ്യവസായങ്ങൾ, ആരോഗ്യവാനായി വർത്തിക്കുന്നതിനു വേണ്ട പ്രവർത്തികൾ, ഗ്രാമജീവിതത്തിനുതകിയ വിദ്യാഭ്യാസം എന്നിങ്ങനെയുള്ള പുതിയ മാറ്റങ്ങൾ ഇന്ത്യൻഗ്രാമങ്ങളിലും എത്തേണ്ടതുണ്ട് . ഇതിന് വേണ്ട മാർഗങ്ങളാണ് ഈ പുസ്തകത്തിൽ വിവരിച്ചിരിക്കുന്നത്.
1950 – ൽ പ്രസിദ്ധീകരിച്ച, ക.നി.മൂ.സ. ഹോർമീസച്ചൻ രചിച്ച സുവിശേഷത്തിലെ ഈശോ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
1950 – സുവിശേഷത്തിലെ ഈശോ – ക.നി.മൂ.സ. ഹോർമീസച്ചൻ
സുവിശേഷ ഗ്രന്ഥങ്ങളെ അടിസ്ഥാനപ്പെടുത്തി യേശുക്രിസ്തുവിൻ്റെ ജീവചരിത്രം വിവരിക്കുന്ന ഗ്രന്ഥമാണിത്. ഈശോയുടെ ജനനം, പ്രേഷിതവൃത്തി, ഉപദേശങ്ങൾ, പ്രവർത്തികൾ ഇവയെല്ലാം ഇതിൽ സ്ഥലകാലക്രമം അനുസരിച്ച് കുറിച്ചിരിക്കുന്നു.
1929 – ൽ പ്രസിദ്ധീകരിച്ച, കെ.എം. ജേക്കബ് മാപ്പിള രചിച്ച റൈറ്റ് റവ. ഡോക്ടർ ജയിംസ് കാളാശ്ശേരി തിരുമനസ്സിലെ ജിവചരിത്ര സംക്ഷേപം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
1929 – റൈറ്റ് റവ. ഡോക്ടർ ജയിംസ് കാളാശ്ശേരി തിരുമനസ്സിലെ ജിവചരിത്ര സംക്ഷേപം
വിദ്യാഭ്യാസ വിദഗ്ദ്ധനും സീറോ മലബാർ കത്തോലിക്കാ സഭയുടെ ബിഷപ്പുമായിരുന്ന റവ. ഡോക്ടർ ജെയിംസ് കാളാശ്ശേരിയുടെ ജീവചരിത്രമാണ് ഇത്. ഇരുപത്തി ഏഴാം വയസ്സിൽ പൗരോഹിത്യം സ്വീകരിച്ച അദ്ദേഹം അധ്യാപകനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ചങ്ങനാശ്ശേരി രൂപതയുടെ രണ്ടാമത്തെ മെത്രാനാണ് ഡോക്ടർ ജെയിംസ് കാളാശ്ശേരി. ചങ്ങനാശേരി രൂപതയുടെ മാത്രമല്ല കേരളത്തിലെ ക്രൈസ്തവസഭയ്ക്ക് മുഴുവൻ ഇദ്ദേഹം രക്ഷകനായിരുന്നു. വിദ്യാഭ്യാസ സ്വാതന്ത്ര്യം എടുത്തു കളയുവാൻ തിരുവിതാംകൂർ ദിവാനായിരുന്ന സർ സി.പി. രാമസ്വാമി അയ്യർ അന്നത്തെ സ്റ്റേറ്റ് കൗൺസിലിൻ്റെയും സർക്കാരിൻ്റെയും പേരിൽ തീരുമാനമെടുത്തപ്പോൾ ഇതിലടങ്ങിയിരിക്കുന്ന അപകടം അതിൻ്റെ പൂർണതയിൽ മനസ്സിലാക്കാനും അർത്ഥശങ്ക കൂടാതെ അതിനെ എതിർക്കാനും ധൈര്യം കാണിച്ച് അദ്ദേഹം പ്രശസ്തനായി.
1940 – ൽ പ്രസിദ്ധീകരിച്ച, പി. നാരായണൻനായർ വ്യാഖ്യാനിച്ച ശ്രീമത് കമ്പരാമായണം – മൂലവും വ്യാഖ്യാനവും എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
1940 – ശ്രീമത് കമ്പരാമായണം മൂലവും വ്യാഖ്യാനവും – പി. നാരായണൻനായർ
ഭാഷാതിർത്തികൾക്കപ്പുറം പരന്നുകിടക്കുന്ന വിജ്ഞാനക്കടലിലെ അമൂല്യ രത്നങ്ങളെ മലയാളിക്ക് പരിചയപ്പെടുത്താൻ എന്നും നമ്മുടെ മുൻഗാമികൾ ശ്രമിച്ചിട്ടുണ്ട്. അത്തരമൊരു മഹത്തായ സാംസ്കാരിക വീണ്ടെടുപ്പിൻ്റെ കഥയാണ് കൊല്ലവർഷം 1115-ൽ നെന്മാറ ലക്ഷ്മീനിലയം സംസ്കൃത പാഠശാലയിലെ പി. നാരായണൻ നായർ രചിച്ച ‘കമ്പരാമായണം വ്യാഖ്യാനം’ നമ്മോട് പറയുന്നത്. തമിഴകത്തിൻ്റെ ആദികവി കമ്പൻ്റെ തൂലികയിൽ പിറന്ന തമിഴ് രാമായണത്തെ, അതിൻ്റെ തനിമ ചോരാതെ മലയാളക്കരയ്ക്ക് സമ്മാനിക്കുക എന്ന വലിയ ദൗത്യമാണ് അദ്ദേഹം ഈ പുസ്തകത്തിലൂടെ നിർവ്വഹിച്ചത്.
വാൽമീകി രാമായണത്തെക്കാൾ കൂടുതൽ വിസ്താരമുള്ളതും ഭാവസാന്ദ്രവുമായ ഒരു സ്വതന്ത്ര കൃതിയാണ് കമ്പരാമായണം. കേവലമൊരു തർജ്ജമയ്ക്കപ്പുറം, മൂലകൃതിയിലെ ഓരോ പാട്ടിൻ്റെയും പദാർത്ഥവും ഭാവവും സവിശേഷതകളും വേർതിരിച്ച്, ഒരു സാഹിത്യ വിദ്യാർത്ഥിക്കെന്ന പോലെ ഏതൊരു സാധാരണക്കാരനും മനസ്സിലാകുന്ന ലളിതമായ ശൈലിയിലാണ് ഇതിൻ്റെ വ്യാഖ്യാനം തയ്യാറാക്കിയിരിക്കുന്നത്. ജ്യേഷ്ഠത്തിയായ തമിഴ് ഭാഷയോട് നമ്മുടെ മലയാളത്തിനുള്ള ആത്മബന്ധം ഓർമ്മിപ്പിക്കുന്നതാണ് ഈ പുസ്തകത്തിൻ്റെ മുഖവുര.
1915 – ൽ പ്രസിദ്ധീകരിച്ച, പന്തളത്തു കേരളവർമ്മ തമ്പുരാൻ രചിച്ച വിജയോദയം കാവ്യം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
1915 – വിജയോദയം കാവ്യം – പന്തളത്തു കേരളവർമ്മ തമ്പുരാൻ
സംസ്കൃതത്തിലും മലയാളത്തിലുമായി നൂറിലധികം ഖണ്ഡകാവ്യങ്ങൾ രചിച്ചിട്ടുള്ള പന്തളത്ത് കേരളവർമ്മ രചിച്ച ഖണ്ഡകാവ്യമാണ് വിജയോദയം കാവ്യം. കവനകൗമുദി വാരികയിൽ പ്രസിദ്ധീകരിച്ചു വന്ന കാവ്യമാണ് ഇത്.
1875 – ൽ പ്രസിദ്ധീകരിച്ച, ഹൈകൊർട്ട വിധിഎന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
1875 – ഹൈകൊർട്ട വിധി
1875 ൽ പ്രസിദ്ധീകരിക്കപ്പെട്ട ഈ പുസ്തകത്തിൽ ഹൈക്കോർട്ട് വിധി ന്യായങ്ങളുടെ വിശദമായ വിവരണമാണ് ഉൾപ്പെടുന്നത്. ശെരിസ്തദാർ പദവി വഹിച്ചിരുന്ന പി. ജോൺ വിവർത്തനം ചെയ്ത് പ്രസിദ്ധീകരിച്ച ഈ ഗ്രന്ഥത്തിൽ വ്യത്യസ്ത വ്യവഹാരങ്ങളിൽ ഹൈക്കോടതി നിർദ്ദേശിക്കുന്ന തീർപ്പ് കുറിച്ചിരിക്കുന്നു. ഭൂമി സംബന്ധമായുള്ള വ്യവഹാരങ്ങളിലുള്ള തീർപ്പ് ഇതിൽ ഏറെ പ്രാധാന്യമുള്ളതാണ്. പാട്ടബാക്കി ഉൾപ്പെടെയുള്ള വ്യവസ്ഥകളെ സംബന്ധിക്കുന്ന നിയമങ്ങളും ഇതിൽ ഉൾപ്പെടുന്നു. കരാർ ലംഘനവും വിവാഹമോചനവും ദത്ത് നിയമങ്ങളും ഇതിൽ വിശദീകരിക്കുന്നു.
1965 – ൽ പ്രസിദ്ധീകരിച്ച, ആൾഡസ് ഹക്സ്‌ലി രചിച്ച ശാസ്ത്രം, സ്വാതന്ത്ര്യം, സമാധാനം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
1965 – ശാസ്ത്രം, സ്വാതന്ത്ര്യം, സമാധാനം – ആൾഡസ് ഹക്സ്‌ലി
പാശ്ചാത്യ ചിന്തകനായ ആൾഡസ് ഹക്സ്‌ലിയുടെ സൈദ്ധാന്തികമായ കാഴ്ചപ്പാടുകൾ വിശദീകരിക്കുന്ന ഗ്രന്ഥമാണ് ഇത്. ഒരു സമൂഹത്തിൻ്റെ സാംസ്കാരിക സാമ്പത്തിക പുരോഗതിയെ കുറിക്കുന്ന പ്രധാന ഘടകങ്ങളെ കുറിച്ച് ഈ പുസ്തകത്തിൽ അദ്ദേഹം വിശദീകരിക്കുന്നു. പ്രായോഗിക ശാസ്ത്രത്തിൻ്റെ പ്രാധാന്യം ഇതിൽ വിവരിക്കുന്നുണ്ട്. ശാസ്ത്രവും സാങ്കേതികവിദ്യയും തലമുറകളായി പല രാഷ്ട്രത്തലവന്മാരും അവരുടെ ശക്തി കേന്ദ്രങ്ങളായി കരുതി പോരുന്നു. പ്രഭുത്വത്തിൻ്റെ അപചയത്തിൽ സ്വാതന്ത്ര്യത്തിനും സമാധാനത്തിനും പുതിയ നിർവചനങ്ങൾ തയ്യാറാക്കുകയാണ് ഈ ഗ്രന്ഥം.