1939-ൽ പ്രസിദ്ധീകരിച്ച, പ്രാചീനകേരളലിപികൾ എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്
1939 – പ്രാചീനകേരളലിപികൾ
പ്രാചീനലിപികളുടെ പരിചയത്തിനായി വിദ്യാർത്ഥികൾക്കും ഭാഷാ-സാഹിത്യത്തിൽ താല്പര്യമുള്ളവർക്കും വേണ്ടി തയ്യാറാക്കിയതാണ് ഈ പുസ്തകം. വട്ടെഴുത്ത് എന്ന് തെറ്റായി ഉച്ചരിക്കാറുള്ള വെട്ടെഴുത്ത്, കോലെഴുത്ത്, മലയാണ്മ എന്നീ മൂന്നുതരം ലിപികൾ ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നു. മലയാണ്മ തെക്കൻ ഭാഗങ്ങളിലാണ് കൂടുതൽ പ്രചരിച്ചിരുന്നത്. മംഗലാചരണങ്ങളുടെ രൂപത്തിൽ പുരാണ ശിലാലിഖിതങ്ങളിൽ കാണുന്ന ആര്യയെഴുത്തിനെപ്പറ്റിയും സൂചനയുണ്ട്. ഇന്ത്യയിലെ മിക്ക ലിപികളുടെയും മാതൃലിപിയായി കണക്കാക്കപ്പെട്ടിരുന്നത് ബ്രഹ്മി ലിപിയായിരുന്നു. ബ്രഹ്മി ലിപിയുമായുള്ള അടുപ്പം കാരണവും ലിപിപരമായ വ്യക്തത കാരണവും വെട്ടെഴുത്ത് കോലെഴുത്തിനെ അപേക്ഷിച്ച് പ്രാചീനമാണെന്ന നിഗമനവും ലിപികളുടെ പരിശോധനയിലൂടെ പ്രവേശിക എഴുതിയ രവിവർമ്മ നടത്തുന്നു.
ഇപ്പോൾ ഓരോ ഭാഷക്കും പ്രത്യേകം പ്രചാരത്തിലിരിക്കുന്ന ലിപികൾ ഇന്നത്തെ രൂപത്തിലായിട്ടു ഇരുന്നൂറോളം വർഷം കഴിഞ്ഞിരിക്കുന്നു. പല്ലവന്മാരുടെയും ചോളന്മാരുടെയും ചേരന്മാരുടെയും വിജയനഗരത്തിൻ്റെയും പ്രതാപകാലങ്ങളിൽ ആണ് വ്യത്യസ്തമായ ലിപികൾ പ്രചരിച്ചതെന്ന് ടി. കെ കൃഷ്ണമേനോൻ ആമുഖത്തിൽ വ്യക്തമാക്കുന്നുണ്ട്. തിരുവിതാംകൂർ, കൊച്ചി, മലബാർ പ്രദേശങ്ങളിൽ ഉപയോഗിച്ചിരുന്ന വട്ടെഴുത്ത്, കോലെഴുത്ത്, മലയാണ്മ ലിപികളുടെ വിശദമായ വിവരണം പുസ്തകത്തിൽ ചേർത്തിരിക്കുന്നു. ഓരോ ശബ്ദത്തിൻ്റെയും ലിപി വ്യത്യാസങ്ങൾ വ്യക്തമാക്കുന്നതോടൊപ്പം താമ്രപത്രങ്ങൾ തുടങ്ങിയ പ്രാചീന ലിഖിതങ്ങളിലെ ലിപിവിന്യാസരീതികൾ അക്ഷരമായെടുത്ത് വിശദമായി നൽകിയിട്ടുമുണ്ട്
മദ്രാസ് യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.
-
- പേര്: പ്രാചീനകേരളലിപികൾ
- പ്രസിദ്ധീകരണ വർഷം: 1939
- താളുകളുടെ എണ്ണം: 68
- സ്കാൻ ലഭ്യമായ ഇടം: കണ്ണി









