1953 – ൽ പ്രസിദ്ധീകരിച്ച, ജനകീയ ചീനാ റിപ്പബ്ലിക്കിൻ്റെ കാർഷികപരിഷ്കാരനിയമംഎന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
1953 – ജനകീയ ചീനാ റിപ്പബ്ലിക്കിൻ്റെ കാർഷികപരിഷ്കാരനിയമം
കാർഷിക മേഖലയെ ചൂഷണങ്ങളിൽ നിന്നും മോചിപ്പിക്കുന്നതിനു വേണ്ടി ചൈനീസ് ജനകീയ റിപ്പബ്ലിക്ക് നടപ്പിൽ വരുത്തിയ കാർഷിക പരിഷ്കാര നിയമങ്ങളുടെ വിവരണമാണ് ഈ പുസ്തകം. കാർഷിക ഉത്പാദനം വർദ്ധിപ്പിക്കുക എന്നതായിരുന്നു ഈ നിയമത്തിൻ്റെ പ്രധാന ലക്ഷ്യം. അതോടൊപ്പം ജന്മി വർഗ്ഗത്തിന്റെ ചൂഷണ സ്വഭാവം ഇല്ലാതാക്കാനും ഈ നിയമങ്ങൾ കൊണ്ട് സാധിച്ചു. ഭൂമിയുടെ വിതരണം ഏറ്റവും ഉചിതമാക്കാനും ഈ നിയമം ശ്രമിക്കുന്നു. ഭൂമിയില്ലാത്ത ദരിദ്രരുടെ പ്രശ്നങ്ങളും ഇതിൽ പരിഗണിക്കുന്നു.
1950 – ൽ പ്രസിദ്ധീകരിച്ച, മനുഷ്യാലയമഹാചന്ദ്രികഎന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
1950 – മനുഷ്യാലയമഹാചന്ദ്രിക
കേരളീയ വാസ്തുവിദ്യയെയും വീട് നിർമ്മാണത്തെയും കുറിച്ച് പ്രതിപാദിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട സംസ്കൃത ഗ്രന്ഥമാണ് മനുഷ്യാലയമഹാചന്ദ്രിക. പതിനാറാം നൂറ്റാണ്ടിൽ തിരുമംഗലത്ത് നീലകണ്ഠൻ നമ്പീശൻ രചിച്ചതെന്ന് കരുതപ്പെടുന്ന ഈ കൃതി, സ്ഥലപരിശോധന, നിർമ്മാണ രീതികൾ, അളവുകൾ, വാസ്തുവിദ്യാ ഘടകങ്ങൾ എന്നിവ ഉൾക്കൊള്ളുന്ന ഏഴ് അധ്യായങ്ങളായി തിരിച്ചിരിക്കുന്നു. കേരളത്തിലെ പരമ്പരാഗത കെട്ടിട നിർമ്മാണ രീതികളിൽ, പ്രത്യേകിച്ച് വീടുകൾക്ക് ഇന്നും ഏറ്റവും കൂടുതൽ ഉപയോഗിക്കപ്പെടുന്ന ഒരു റഫറൻസ് ഗ്രന്ഥമാണിത്.
1952 – ൽ പ്രസിദ്ധീകരിച്ച, എം. ഇലിൻ രചിച്ച മണ്ണും മനുഷ്യനും എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
1952 – മണ്ണും മനുഷ്യനും – എം. ഇലിൻ
മണ്ണും മനുഷ്യനും തമ്മിലുള്ള സവിശേഷ ബന്ധം വിശദമാക്കുന്ന പുസ്തകമാണിത്. പ്രകൃതിയും മനുഷ്യനും പരസ്പരം ആശ്രയിച്ചാണ് കഴിയുന്നത്. എങ്കിലും മനുഷ്യൻ പ്രകൃതിയെ അവന് അനുകൂലമായ രീതിയിൽ പാകപ്പെടുത്താൻ ശ്രമിക്കുന്നു. അത് പലപ്പോഴും ദോഷവശങ്ങൾക്ക് കാരണമായിത്തീരുന്നു. ജനസംഖ്യ പോലെയുള്ള വൻ ഭീഷണിയെ കുറിച്ചും ഈ പുസ്തകത്തിൽ പരാമർശിക്കുന്നു. അതുപോലെതന്നെ മുതലാളിത്ത വ്യവസ്ഥിതിയുടെ ദോഷവശങ്ങളും ഈ പുസ്തകത്തിൽ വിവരിക്കുന്നു.
1954 – ൽ പ്രസിദ്ധീകരിച്ച, ജെ.സി. കുമരപ്പ രചിച്ച തൊഴിലിൻ്റെ തത്വശാസ്ത്രം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
1954 – തൊഴിലിൻ്റെ തത്വശാസ്ത്രം – ജെ.സി. കുമരപ്പ
സാമ്പത്തിക ശാസ്ത്രജ്ഞനായ ജെ.സി. കുമരപ്പ എഴുതിയ തൊഴിലിൻ്റെ തത്വശാസ്ത്രം മനുഷ്യജീവിതത്തിൽ തൊഴിൽ എത്രത്തോളം ആഴത്തിൽ ബന്ധപ്പെട്ടു കിടക്കുന്നു എന്ന് വിശദീകരിക്കുന്ന ഒരു ഗാന്ധിയൻ ദാർശനിക കൃതിയാണ്. ഈ ഗ്രന്ഥത്തിൽ, ജോലി വെറും ഉപജീവന മാർഗമല്ല, മറിച്ച് മനുഷ്യൻ്റെ വ്യക്തിത്വം, ആത്മവികസനം, സാമൂഹിക ഉത്തരവാദിത്വം എന്നിവയെ രൂപപ്പെടുത്തുന്ന ഒരു സജീവ പ്രക്രിയയാണെന്ന് കുമരപ്പ വ്യക്തമാക്കുന്നു. അദ്ദേഹം ജോലിയെ സൃഷ്ടിപരമായ ഭാഗമെന്നും കഠിനാധ്വാന ഭാഗമെന്നും രണ്ടായി വിഭജിക്കുന്നു. ഈ രണ്ടു ഘടകങ്ങളും സമന്വയത്തോടെ ഉണ്ടാകുമ്പോഴാണ് ഒരു മനുഷ്യൻ തൻ്റെ ജോലിയിൽ സന്തോഷവും അർത്ഥവും കണ്ടെത്തുന്നത്. എന്നാൽ ആധുനിക വ്യവസായ വ്യവസ്ഥയിൽ ജോലിയെ ചെറുതായി വിഭജിച്ച് യാന്ത്രികമാക്കിയതിനാൽ തൊഴിലാളി തൻ്റെ സൃഷ്ടിപരമായ പങ്ക് നഷ്ടപ്പെടുത്തി വെറും യന്ത്രത്തിൻ്റെ ഒരു ഭാഗം പോലെ മാറിപ്പോകുന്നു എന്ന് അദ്ദേഹം വിമർശിക്കുന്നു. ഈ സാഹചര്യത്തിൽ ജോലി മനുഷ്യനെ ഉയർത്തുന്ന ഒരു ശക്തിയായി മാറേണ്ടതിനുപകരം അവനെ അടിച്ചമർത്തുന്ന ഒരു ഘടകമായി മാറുന്നു. കുമരപ്പയുടെ ദൃഷ്ടിയിൽ, ശരിയായ തൊഴിൽ വ്യവസ്ഥ മനുഷ്യൻ്റെ ബുദ്ധി, സൃഷ്ടിപരത, ധാർമ്മികത എന്നിവ വളർത്തുകയും സാമൂഹിക സമത്വം ഉറപ്പാക്കുകയും ചെയ്യണം. അതിനാൽ തന്നെ അദ്ദേഹം ഗാന്ധിയൻ ആശയങ്ങളോട് ചേർന്ന് മനുഷ്യകേന്ദ്രിതവും ഗ്രാമകേന്ദ്രിതവുമായ സമ്പദ്‌വ്യവസ്ഥയെ പ്രോത്സാഹിപ്പിക്കുന്നു, അതിൽ ഓരോ വ്യക്തിക്കും അർത്ഥവത്തായും മാന്യമായും ജോലി ചെയ്യാൻ അവസരം ലഭിക്കണം. ജോലി ഒരു ഭാരമോ ശാപമോ അല്ല, മറിച്ച് ശരിയായ രീതിയിൽ ചെയ്താൽ അത് മനുഷ്യൻ്റെ ആത്മസാക്ഷാത്കാരത്തിനും സാമൂഹിക ക്ഷേമത്തിനും വഴിയൊരുക്കുമെന്ന് തൊഴിലിൻ്റെ തത്വശാസ്ത്രം പ്രസ്താവിക്കുന്നു.
1953 – ൽ പ്രസിദ്ധീകരിച്ച, പി.കെ. രാജരാജവർമ്മ രചിച്ച ശ്രീമതി കുഞ്ചി എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
1953 – ശ്രീമതി കുഞ്ചി – പി.കെ. രാജരാജവർമ്മ
പി.കെ. രാജരാജവർമ്മ രചിച്ച ലേഖന സമാഹാരമാണ് ശ്രീമതി കുഞ്ചി. സ്ത്രീപക്ഷത്തുനിന്ന് ചിന്തിക്കുന്ന പന്ത്രണ്ട് ലേഖനങ്ങളാണ് ഈ പുസ്തകത്തിൽ ഉള്ളത്. സ്ത്രീകളുടെ കുടുംബജീവിതവും രാഷ്ട്രീയവും വിനോദങ്ങളും അടക്കം പല വിഷയങ്ങളിലേയ്ക്കും ഈ ലേഖനങ്ങൾ കടന്നു ചെല്ലുന്നു. സ്ത്രീകളെ കുറിച്ചുള്ള സമൂഹത്തിൻ്റെ കാഴ്ചപ്പാടുകളെ പുനർ വിചാരണ നടത്താനുള്ള ശ്രമവും ഈ പുസ്തകത്തിൽ കാണാൻ സാധിക്കും.
1956 – ൽ പ്രസിദ്ധീകരിച്ച, കണ്ടിയൂർ മഹാദേവശാസ്ത്രികൾ വിവർത്തനം തയ്യാറാക്കിയ സൗന്ദര്യലഹരി – ഭാഷാഭാഷ്യം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
1956 – സൗന്ദര്യലഹരി – ഭാഷാഭാഷ്യം
ശ്രീ ശങ്കരാചാര്യർ രചിച്ച വിഖ്യാത സംസ്കൃത കൃതിയുടെ മലയാള വിവർത്തനമാണ് ഇത്. ഇതൊരു ഭഗവതീ സ്തോത്ര കൃതിയാണ്. ദേവി ഭക്തരുടെ ഇടയിൽ സഹസ്രാബ്ദങ്ങളായി പ്രചാരത്തിൽ ഇരിക്കുന്ന ഈ കൃതിക്ക് സംസ്കൃതത്തിൽ തന്നെ മുപ്പത്തിയാറിലധികം വ്യാഖ്യാനങ്ങൾ ഉണ്ട്. കണ്ടിയൂർ മഹാദേവ ശാസ്ത്രികൾ തയ്യാറാക്കിയ ഈ വിവർത്തനത്തിൽ ഓരോ ശ്ലോകത്തിനും പ്രത്യേക ഉപാസന വിധികളും യന്ത്രങ്ങളും ഭാഷ്യകാരൻ നിർദ്ദേശിച്ചിരിക്കുന്നു. യന്ത്രങ്ങളുടെ ചിത്രങ്ങളും പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
1957 – ൽ പ്രസിദ്ധീകരിച്ച, സന്ധ്യാവന്ദനമന്ത്രംഎന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
1957 – സന്ധ്യാവന്ദനമന്ത്രം
ഹൈന്ദവ ധർമ്മത്തിലെ ബ്രാഹ്മണർ അനുഷ്ഠിച്ചുപോന്ന ഒരു ഈശ്വരാരാധനാവിധിയാണ് സന്ധ്യാവന്ദനം. സന്ധ്യാസമയത്താണ് ഇത് അനുഷ്ഠിക്കുന്നത്. ജപം,ആചമനം,തർപ്പണംഎന്നിങ്ങനെയുള്ള ക്രിയകൾ ഓരോന്നായോ ഒരുമിച്ചായോ ചെയ്ത് ഇത് പൂർത്തീകരിക്കുന്നു. ഇപ്പറഞ്ഞ ക്രിയകളെല്ലാം വേദമന്ത്രങ്ങൾ ചൊല്ലി ആചരിക്കപ്പെടുന്നു. ഇവകൂടാതെ പുരാണശ്ലോകങ്ങൾ ചൊല്ലി ചെയ്യാറുള്ള ചില ക്രിയകളും ഉണ്ട്. വ്യത്യസ്ത സ്ഥലങ്ങളിലും ഗോത്രങ്ങളിലുമായി അസംഖ്യം രീതികളിൽ ഇത് ചെയ്യുന്നുണ്ട്. പ്രഭാതസന്ധ്യ, പ്രദോഷസന്ധ്യഇങ്ങനെ രണ്ടു സന്ധ്യകളിലായി ചെയ്യുന്നതാണ് സാമാന്യ രീതി. കേരളത്തിലെ തമിഴ്ബ്രാഹ്മണരുടെ സന്ധ്യാവന്ദനത്തിനായി അച്ചടിച്ചിട്ടുള്ള ഈ പുസ്തകത്തിൽ സന്ധ്യാവന്ദന മന്ത്രങ്ങൾ മാത്രമേ ചേത്തിട്ടുള്ളൂ. ക്രിയാക്രമം വായിച്ചു ധരിക്കുന്നതിനേക്കാൾ കണ്ടു പഠിക്കുന്നതാണ് ഉചിതം.
1958 – ൽ പ്രസിദ്ധീകരിച്ച, ജോൺ ബനിയൻ രചിച്ച പരദേശി മോക്ഷയാത്ര – ഒന്നും രണ്ടും ഭാഗങ്ങൾ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
1958 – പരദേശി മോക്ഷയാത്ര – ഒന്നും രണ്ടും ഭാഗങ്ങൾ – ജോൺ ബനിയൻ
ക്രിസ്തീയ ആത്മീയ സാഹിത്യത്തിലെ പ്രശസ്തമായ ഒരു അന്യാപദേശകഥയാണ് പരദേശി മോക്ഷയാത്ര. ഇംഗ്ലീഷ് എഴുത്തുകാരനായ ജോൺ ബനിയൻ എഴുതിയ ‘പിൽഗ്രിംസ് പ്രോഗ്രസ്’ എന്ന കൃതിയുടെ മലയാള രൂപാന്തരമായിട്ടാണ് ഇത് അറിയപ്പെടുന്നത്. മലയാളത്തിൽ ‘തീർത്ഥാടകൻ്റെ പ്രയാണം’ എന്നും ഇത് അറിയപ്പെടുന്നു. ബൈബിളിന് ശേഷം ലോകത്തിൽ ഏറ്റവും അധികം കോപ്പികൾ വിറ്റഴിക്കപ്പെട്ടതും, അനേകം ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടതുമായ പുസ്തകങ്ങളിൽ ഒന്നാണിത്. ക്രൈസ്തവ ജീവിതത്തിലെ ആത്മീയ യാത്രയാണ് ഈ പുസ്തകത്തിലെ പ്രധാന വിഷയം. പ്രധാന കഥാപാത്രമായ ക്രിസ്ത്യൻ എന്ന പരദേശി നാശത്തിൻ്റെ നഗരത്തിൽ നിന്നും സ്വർഗ്ഗീയ നഗരത്തിലേക്ക് നടത്തുന്ന യാത്രയിൽ ഉണ്ടാകുന്ന സംഭവ വികാസങ്ങൾ ഇതിൽ വിവരിക്കുന്നു. പാപഭാരത്താൽ അസ്വസ്ഥനായ ക്രിസ്ത്യൻ എന്ന വ്യക്തി തൻ്റെ നഗരം നശിച്ചുപോകുമെന്ന് മനസ്സിലാക്കി, ഒരു പുസ്തകം നൽകുന്ന വെളിച്ചത്തിൽ മോക്ഷം തേടി യാത്ര തിരിക്കുന്നു. അത് ബൈബിൾ ആയിരുന്നു. യാത്രയിലുടനീളം അവൻ ‘നിരാശയുടെ കുഴി’, ‘പാപഭാരത്തിൻ്റെ മല’, ‘ദുരിതങ്ങളുടെ താഴ്‌വര’ തുടങ്ങിയ നിരവധി സ്ഥലങ്ങളിലൂടെ കടന്നുപോകുന്നു. സുവിശേഷകർ അവന് വഴി കാട്ടുന്നു. അവിശ്വാസം, ഭയം, ലൗകിക മോഹങ്ങൾ തുടങ്ങിയ ശത്രുക്കളെ അവൻ വിശ്വാസത്താൽ അതിജീവിക്കുന്നു. എല്ലാ പരീക്ഷണങ്ങളും അതിജീവിച്ച്, മരണം എന്ന നദി കടന്ന് ക്രിസ്ത്യൻ സ്വർഗ്ഗീയ നഗരത്തിൽ എത്തിച്ചേരുന്നു.ഒരു വിശ്വാസിയുടെ ജീവിതത്തിലെ വെല്ലുവിളികൾ, പ്രലോഭനങ്ങൾ, വിജയങ്ങൾ എന്നിവ ഇതിൽ പ്രതീകാത്മകമായി ചിത്രീകരിച്ചിരിക്കുന്നു. ഏതു കാലഘട്ടത്തിലും ആത്മീയ യാത്ര നടത്തുന്നവർക്ക് പ്രചോദനം നൽകുന്ന കൃതിയാണിത്.
1958 – ൽ പ്രസിദ്ധീകരിച്ച, മൂർക്കോത്ത് കുമാരൻ രചിച്ച കാകൻ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
1958 – കാകൻ – മൂർക്കോത്ത് കുമാരൻ
കാക്കകളുടെ ജീവിതത്തെക്കുറിച്ച് മൂർക്കോത്ത് കുമാരൻ എഴുതിയ ഗ്രന്ഥമാണിത്. ആഹാര സമ്പാദനവും ജീവിതചര്യകളും ഉൾപ്പെടെ കാക ജീവിതത്തിൻ്റെ സൂക്ഷ്മമായ അപഗ്രഥനം ആണ് ഈ പുസ്തകം. ലളിതമായ ഭാഷയിൽ വിശദീകരിച്ചിരിക്കുന്ന ഈ പുസ്തകത്തിൽ കാക്കകളെ കുറിച്ചുള്ള വിശ്വാസങ്ങളും പഠനവിധേയമാക്കിയിരിക്കുന്നു.
1965 – ൽ പ്രസിദ്ധീകരിച്ച, ശ്രീനാരായണ ഗുരു രചിച്ച ശ്രീനാരായണധർമ്മം അഥവാ ശ്രീനാരായണ സ്‌മൃതി എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
1965 – ശ്രീനാരായണധർമ്മം അഥവാ ശ്രീനാരായണ സ്‌മൃതി – ശ്രീനാരായണ ഗുരു
വർക്കല ശിവഗിരി മഠത്തിൽ വച്ച് ശ്രീനാരായണ ഗുരു അരുളി ചെയ്ത ഉപദേശങ്ങളാണ് ശ്രീനാരായണ ധർമ്മം എന്ന പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. അദ്ദേഹത്തിൻ്റെ ധർമ്മോപദേശങ്ങൾ പദ്യരൂപത്തിലാണ് എഴുതിയിരിക്കുന്നത്. ആത്മാനന്ദ സ്വാമികളാണ് ഗുരുദേവൻ്റെ നിർദ്ദേശപ്രകാരം ഉപദേശങ്ങൾ പകർത്തി എഴുതിയത്. മനുഷ്യരാശിയുടെ ഭാവി ജീവിതത്തെ കൂടി മുൻകൂട്ടി കണ്ട നിർദ്ദേശങ്ങൾ ആണ് ഇതിൽ അടങ്ങിയിരിക്കുന്നത്. കാലാന്തരത്തിൽ ഉണ്ടാകേണ്ട വ്യത്യാസങ്ങൾക്കിടയിലും മനുഷ്യരിൽ ഒരു ഐക്യം ഉണ്ടാകേണ്ടതിൻ്റെ ആവശ്യകത ഗുരുദേവൻ ഇവിടെ വിശദമാക്കുന്നു. ധനം ദുർവ്യയം ചെയ്യുന്ന ആചാരങ്ങളും നടപടികളും തടയേണ്ടതിൻ്റെ ആവശ്യകതയും ഈ പുസ്തകത്തിൽ സൂചിപ്പിക്കുന്നുണ്ട്.