1967 – ൽ പ്രസിദ്ധീകരിച്ച, സി.ആർ. കുഞ്ഞുണ്ണിവിവർത്തനം തയ്യാറാക്കിയ സോഷ്യലിസ്റ്റ് തൊഴിൽ, സിവിൽ – ക്രിമിനൽ നിയമങ്ങളുടെ രൂപരേഖ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
1967 – സോഷ്യലിസ്റ്റ് തൊഴിൽ, സിവിൽ – ക്രിമിനൽ നിയമങ്ങളുടെ രൂപരേഖ
സോഷ്യലിസ്റ്റ് രാജ്യങ്ങളിലെ വ്യത്യസ്ത നിയമങ്ങളെ പരിചയപ്പെടുത്തുന്ന ഗ്രന്ഥമാണിത്. സോഷ്യലിസ്റ്റ് തൊഴിൽ നിയമത്തിൻ്റെ രൂപരേഖയാണ് ആദ്യത്തെ അധ്യായത്തിൽ ഉൾപ്പെടുന്നത്. തൊഴിലാളികളെ സംബന്ധിക്കുന്ന അവകാശങ്ങളെക്കുറിച്ചുള്ള വിവരണം ഈ അധ്യായത്തിൽ ഉൾപ്പെടുന്നു. സിവിൽ നിയമത്തിൻ്റെ രൂപരേഖയാണ് രണ്ടാമത്തെ അധ്യായം. സിവിൽ നിയമങ്ങളുടെ മൗലിക തത്വങ്ങൾ ഇവിടെ വിശദമാക്കുന്നു. മൂന്നാം അധ്യായത്തിൽ സോഷ്യലിസ്റ്റ് ക്രിമിനൽ നിയമത്തിൻ്റെ സങ്കല്പം അവതരിപ്പിക്കുന്നു.
1954 – ൽ പ്രസിദ്ധീകരിച്ച, എ. മുഹമ്മദുസാഹിബ് രചിച്ച ഹസ്രത്തു ലുക്മാൻ്റെ നൂറ് ഉപദേശങ്ങൾ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
1954 – ഹസ്രത്തു ലുക്മാൻ്റെ നൂറ് ഉപദേശങ്ങൾ – എ. മുഹമ്മദുസാഹിബ്
എ. മുഹമ്മദ് സാഹിബ് എഴുതിയ ഈ പുസ്തകം ഇസ്ലാം മത വിശ്വാസികളുടെ ദൈവിക ഗ്രന്ഥമായ ഖുർആനിൽ പ്രതിപാദിക്കുന്ന ജ്ഞാനിയായ ഹസ്രത്ത് ലുക്മാൻ തൻ്റെപുത്രന് നൽകിയ മൂല്യവത്തായ നൂറ് ഉപദേശങ്ങളെ ആസ്പദമാക്കിയുള്ളതാണ്. വിശുദ്ധ ഖുർആനിൽ ‘ലുക്മാൻ’ എന്ന പേരിൽ ഒരു അദ്ധ്യായം തന്നെയുള്ളത് അദ്ദേഹത്തിൻ്റെ മഹത്വത്തെ വിളിച്ചോതുന്നു.
ഹസ്രത്ത് ലുക്മാൻ ഒരു പ്രവാചകനായിരുന്നോ എന്ന കാര്യത്തിൽ പണ്ഡിതന്മാർക്കിടയിൽ ഭിന്നാഭിപ്രായമുണ്ടെങ്കിലും, ദൈവം അദ്ദേഹത്തിന് നൽകിയ ‘ഹിക്കുമത്ത്’ (ജ്ഞാനം) ഉന്നതപദവിക്ക് തെളിവാണ്. എളിമയുള്ള ജീവിതം നയിച്ചിരുന്ന ലുക്മാൻ, പിൽക്കാലത്ത് തൻ്റെ ജ്ഞാനം കൊണ്ട് ജനങ്ങൾക്കിടയിൽ ആദരണീയനായിത്തീർന്നു. സത്യം പറയുക, വിശ്വസ്തത പാലിക്കുക, അനാവശ്യ കാര്യങ്ങളിൽ ഇടപെടാതിരിക്കുക എന്നീ മൂന്ന് കാര്യങ്ങളാണ് തന്നെ ഈ ഉന്നത നിലയിലെത്തിച്ചതെന്ന് സാക്ഷ്യപ്പെടുത്തുന്നു.
ലുക്മാൻ തൻ്റെ മകന് നൽകിയ ഉപദേശങ്ങളിൽ പ്രധാനമായ ചിലത് അല്ലാഹുവിൻ്റെ ഏകത്വത്തിൽ വിശ്വസിക്കണമെന്നും അവനിൽ ആരെയും പങ്കുചേർക്കരുതെന്നും ആദ്യം തന്നെ ഉപദേശിക്കുന്നു, അഹങ്കാരത്തോടെ ഭൂമിയിലൂടെ നടക്കരുതെന്നും ശബ്ദം താഴ്ത്തി സംസാരിക്കുക എന്നും ഓർമിപ്പിക്കുന്നു. മാതാപിതാക്കളെ ബഹുമാനിക്കാനും അവർക്ക് വേണ്ടി പ്രാർത്ഥിക്കാനുമുള്ള പ്രാധാന്യം ഊന്നിപ്പറയുന്നു. നന്മ പ്രവർത്തിക്കാനും തിന്മയെ തടയാനും ഉള്ള ആർജ്ജവം ഓരോ മനുഷ്യനും ഉണ്ടായിരിക്കണം എന്നും ഉപദേശിക്കുന്നു.
സാധാരണക്കാർക്ക് എളുപ്പത്തിൽ മനസ്സിലാകുന്ന ലളിതമായ ഭാഷയിലാണ് ഈ ഗ്രന്ഥം രചിക്കപ്പെട്ടിരിക്കുന്നത്. ലുക്മാൻ്റെ നൂറ് ഉപദേശങ്ങൾ ഓരോ മനുഷ്യനും തൻ്റെ ജീവിതത്തിൽ പാലിക്കേണ്ട ധാർമ്മിക മൂല്യങ്ങളെയാണ് പ്രതിനിധീകരിക്കുന്നത്. നന്ദിയുള്ളവനായി ജീവിക്കുക, ക്ഷമ കൈക്കൊള്ളുക തുടങ്ങിയ ഗുണങ്ങൾ ജീവിതവിജയത്തിന് അത്യന്താപേക്ഷിതമാണെന്ന് ഈ പുസ്തകം ബോധ്യപ്പെടുത്തുന്നു.
1946-ൽ തിരുവിതാംകൂർ യൂണിവേഴ്സിറ്റി പബ്ലിക്കേഷൻസ് പ്രസിദ്ധീകരിച്ച, “Terms In Botany” എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്
ശാസ്ത്രീയ ഗ്രന്ഥങ്ങൾ മലയാളത്തിൽ അപൂർവമാകുന്നതിൻ്റെ പ്രധാന കാരണം ഭാഷയിൽ ആവശ്യത്തിനു കൈകാര്യം ചെയ്യാനുള്ള സാങ്കേതിക പദങ്ങൾ ഇല്ല എന്നതാണ്. അതിനാൽത്തന്നെ ശാസ്ത്രത്തിൽ പരിജ്ഞാനമുള്ളവരും ഭാഷാവൈദഗ്ധ്യമുള്ളവരുമായ ആളുകൾക്ക് ശാസ്ത്രീയ ഗ്രന്ഥരചന എളുപ്പമല്ല. ഈ പ്രതിസന്ധി പരിഹരിക്കുന്നതിനായി കേരള സർവകലാശാല പ്രത്യേകമായ പ്രസിദ്ധീകരണശാഖ തന്നെ ഏർപ്പെടുത്തി പ്രസിദ്ധീകരിച്ചതാണ് ഈ പുസ്തകം. സസ്യശാസ്ത്രത്തിലെ സാങ്കേതിക പദങ്ങൾക്കു പകരമുള്ള മലയാളപദങ്ങൾ ചേർത്ത്, നിഘണ്ടു രൂപത്തിലാണ് ഇതിൻ്റെ നിർമാണം.
1970 – ൽ പ്രസിദ്ധീകരിച്ച, വയലാ എം.കെ. പ്രഭാകരൻ രചിച്ച തൊഴിൽതർക്കനിയമങ്ങൾ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
1970 – തൊഴിൽതർക്കനിയമങ്ങൾ – വയലാ എം.കെ. പ്രഭാകരൻ
സങ്കീർണ്ണമായി എഴുതപ്പെട്ടിട്ടുള്ള തൊഴിൽനിയമങ്ങളുടെ പ്രധാനവശങ്ങൾ ഈ ഗ്രന്ഥത്തിലൂടെ മാതൃഭാഷയിൽ ലളിതമായി പരിഭാഷപ്പെടുത്തിയിരിക്കുന്നു. തൊഴിലുടമകൾ, തൊഴിലാളികൾ, ട്രേഡ് യൂണിയൻ പ്രവർത്തകർ തുടങ്ങി തൊഴിൽ വേദിയുമായി ബന്ധമുള്ളവർക്കെല്ലാം ഈ ഗ്രന്ഥം സഹായകരമാണ്. രണ്ടു ഭാഗങ്ങളായി ഈ ഗ്രന്ഥം തിരിച്ചിരിക്കുന്നു. രണ്ടു ഭാഗങ്ങളും ഇതിൽത്തന്നെ ചേർത്തിട്ടുമുണ്ട്.
1928-ൽ പ്രസിദ്ധീകരിച്ച, എ.കെ. ശാസ്ത്രി വിവർത്തനം ചെയ്ത കാളിദാസനുംഭവഭൂതിയും എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്
ദ്വിജേന്ദ്രലാൽ റായി എന്ന ബംഗാളി നിരൂപകൻ ബംഗാളി ഭാഷയിൽ എഴുതിയ നിരൂപണത്തെ ഹിന്ദി ഭാഷയിലേക്ക് പരിഭാഷപ്പെടുത്തിയതിൻ്റെ മലയാളവിവർത്തനമാണ് ഈ പുസ്തകം. നാടകകൃത്തും സംഗീതജ്ഞനും സാമൂഹികപരിഷ്കർത്താവും കൂടി ആയിരുന്നു ദ്വിജേന്ദ്രലാൽ റായി(1863-1913). റായി ബംഗാളിലെ കർഷകസമരത്തിൽ കർഷകർക്കൊപ്പം നിൽക്കുകയും സ്ത്രീവിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിക്കുകയും മതത്തിലെ വരേണ്യവിഭാഗത്തിൻ്റെ മേൽക്കോയ്മയെ രൂക്ഷമായി വിമർശിക്കുകയും ചെയ്ത വ്യക്തിയാണ്.
കാളിദാസൻ എഴുതിയ അഭിജ്ഞാനശാകുന്തളം, ഭവഭൂതി എഴുതിയ ഉത്തരരാമചരിതം എന്നീ നാടകങ്ങളുടെ താരതമ്യ നിരൂപണമാണ് ഈ പുസ്തകത്തിലെ വിഷയം. രണ്ടു കൃതികളുടെയും ഗുണങ്ങൾ മാത്രമല്ല, കാവ്യപരമായ അനൗചിത്യങ്ങളും നിരൂപകൻ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഏഴ് പരിച്ഛേദങ്ങളും(അധ്യായങ്ങൾ) അനുബന്ധവും ശുദ്ധിപത്രവും ആണ് പുസ്തകത്തിലുള്ളത്
1972 – ൽ പ്രസിദ്ധീകരിച്ച, സിദ്ധിനാഥാനന്ദസ്വാമികൾ രചിച്ച ഭാരതമാതാമഹി എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
1972 – ഭാരതമാതാമഹി – സിദ്ധിനാഥാനന്ദസ്വാമികൾ
ഭാരതമാതാമഹി എന്ന വാക്കിലൂടെ അർത്ഥമാക്കുന്നത് ഭാരത മാതാവിൻ്റെ അമ്മ എന്നാണ്. ഭാരത സംസ്കാരത്തിന് ഉയിരും പേരും നൽകിയ മഹാഭാരതത്തിലെ മഹനീയ വ്യക്തിത്വമായ കുന്തീദേവിയെ ഭാരതമാതാമഹിയായി സങ്കൽപ്പിക്കുന്നു. മഹാഭാരതത്തിലും ഭാഗവതത്തിലും അവതരിപ്പിക്കപ്പെട്ടിരിക്കുന്ന കുന്തീദേവിയുടെ കഥാപാത്ര നിർമിതിയിൽ വ്യത്യാസമുണ്ട്. ഭാഗവതത്തിൽ അവതരിപ്പിക്കപ്പെടുന്ന കുന്തീദേവിയുടെ കഥാപാത്ര നിരൂപണം ആണ് ഈ പുസ്തകത്തിൽ അവതരിപ്പിച്ചിരിക്കുന്നത്.
1928 – ൽ പ്രസിദ്ധീകരിച്ച, വി. കോമൻ മേനോൻ, ആർ. വാസുദേവ പൊതുവാൾ എന്നിവർ രചിച്ച സത്യം തെളിഞ്ഞു എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
1928 – സത്യം തെളിഞ്ഞു – വി. കോമൻ മേനോൻ – ആർ. വാസുദേവ പൊതുവാൾ
വിമല എന്ന നായികയുടെ ജീവിതത്തിലെ കഠിനമായ പരീക്ഷണങ്ങളിലൂടെയാണ് ഈ കഥ മുന്നോട്ട് പോകുന്നത്. അവളുടെ സ്വഭാവത്തെ ചോദ്യം ചെയ്യുന്ന ചില നിഗൂഢ സംഭവങ്ങൾ ജീവിതത്തിൽ ഉണ്ടാകുന്നു. വിമലയ്ക്കെതിരെയുള്ള വ്യാജമായ ആരോപണങ്ങളും അതുണ്ടാക്കുന്ന കുടുംബ പ്രശ്നങ്ങളുമാണ് ഈ നോവലിൻ്റെ പ്രമേയം
1926-ൽ പ്രസിദ്ധീകരിച്ച, കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ വിവർത്തനം ചെയ്ത ആശ്ചര്യ ചൂഡാമണി എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്
സംസ്കൃത നാടകകൃത്തായ ശക്തിഭദ്രൻ ആണ് ആശ്ചര്യചൂഡാമണി രചിച്ചതെന്ന് കരുതപ്പെടുന്നു. പുസ്തകത്തിൽ നാടകകൃത്തിനെക്കുറിച്ചുള്ള സൂചനകൾ ഒന്നും തന്നെയില്ല. രാമായണകഥയെ ആസ്പദമാക്കിയാണ് ഈ നാടകം രചിച്ചിട്ടുള്ളത്. ഏഴ് അങ്കങ്ങളാണ് നാടകത്തിലുള്ളത്. വനവാസത്തിനായി കാട്ടിലെത്തിയ രാമ-ലക്ഷ്മണന്മാരും സീതയും പരീക്ഷണങ്ങൾ ഏറെ അതിജീവിച്ച്, രാവണനെ വധിച്ച് തിരിച്ച് അയോധ്യയിലേക്ക് പോവുന്നതുവരെയുള്ള ഭാഗങ്ങളാണ് നാടകത്തിലുള്ളത്. ആശ്ചര്യ ചൂഡാമണി എന്ന വാക്കിൻ്റെ അർത്ഥം ആശ്ചര്യമുണ്ടാകുന്ന തരത്തിൽ പ്രഭാവമുള്ള ചൂഡാരത്നം എന്നാണന്നു കാണുന്നു. മുനിമാർ സീതക്ക് തലയിൽ ചൂടാനായി സമ്മാനിച്ചതാണ് ചൂഡാമണി. ഇവിടെ ആശ്ചര്യങ്ങളുടെ ചൂഡാമണിയാണ് ഈ നാടകം എന്നു വിവക്ഷിക്കാം. രാമായണകഥയിൽ മാരീചൻ മാനായി വന്ന് സീതയെ മോഹിപ്പിക്കുന്നതു പോലെ, നാടകത്തിൽ ശൂർപ്പണഖ സീതയായി വന്ന് രാമനെ വഞ്ചിക്കുന്നു. രാവണൻ രാമനായി വന്ന് സീതയെ തട്ടിക്കൊണ്ടുപോവുന്നു. മാരീചൻ രാമനായി വന്ന് ലക്ഷ്മണനെ തെറ്റിദ്ധരിപ്പിക്കുന്നു
1913-ൽ പ്രസിദ്ധീകരിച്ച, ഇതേ പുസ്തകത്തിൻ്റെ സ്കാൻ നേരത്തെ ഗ്രന്ഥപ്പുര റിലീസ് ചെയ്തിട്ടുണ്ട്. കണ്ണി
1953-ൽ പ്രസിദ്ധീകരിച്ച അനന്തപുരവർണ്ണനം എന്ന മണിപ്രവാളകൃതിയുടെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്
പതിനാലാം നൂറ്റാണ്ടിൻ്റെ ആരംഭത്തിലാണ് ഈ കൃതി രചിക്കപ്പെട്ടതെന്നു കരുതുന്നു. എഴുതിയത് ആരാണെന്ന് വ്യക്തമല്ല. പേരിൽ നിന്നു മനസ്സിലാക്കാവുന്നതുപോലെ തിരുവനന്തപുരം നഗരത്തെക്കുറിച്ചുള്ള വർണ്ണനമാണ് ഇതിൻ്റെ വിഷയം. മലയാളത്തിലെ ആദ്യത്തെ റിയലിസ്റ്റിക് കാവ്യം (യഥാർത്ഥ്യബോധമുള്ള കൃതി) എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഈ കൃതിയിൽ, അന്നത്തെ തിരുവനന്തപുരം നഗരം, ശ്രീ പത്മനാഭസ്വാമി ക്ഷേത്രം, തീർത്ഥങ്ങൾ, അങ്ങാടികൾ, അവിടത്തെ സാമൂഹിക ജീവിതം, ആചാരങ്ങൾ എന്നിവ വർണ്ണിക്കുന്നു. 186 പദ്യങ്ങൾ ആണ് പുസ്തകത്തിൽ ഉള്ളത്. കവിതയുടെ തുടക്കത്തിൽ കവി, വിഷ്ണുവിൻ്റെ ദശാവതാരത്തെ സ്തുതിക്കുകയും പതിയെ പത്മനാഭസ്വാമി ക്ഷേത്ര പരിസരത്തെ തീർത്ഥങ്ങൾ, നടക്കാവ് എന്നിങ്ങനെ വർണ്ണിച്ചുപോവുകയും ചെയ്യുന്നു. വാണിജ്യവസ്തുക്കൾ വിൽക്കുന്ന അങ്ങാടി എന്നത് ഇപ്പോഴത്തെ ചാല മാർക്കറ്റ് ആയിരിക്കാം. തിരുവനന്തപുരം അന്ന് രാജധാനിയായിട്ടില്ല. ശ്രീപദ്മനാഭസ്വാമിക്ഷേത്രം, വലിയശാലക്ഷേത്രം, ശ്രീകണ്ഠേശ്വരംക്ഷേത്രം തുടങ്ങിയ ദേവാലയങ്ങളും കാന്തളൂർശാല എന്ന വിദ്യാപീഠവും കൊണ്ടുള്ള പ്രസിദ്ധിയാണ് അതിനുണ്ടായിരുന്നത്.
സ്ഥലവർണന എന്ന നിലയ്ക്കു മാത്രമല്ല, ഈ കൃതി അക്കാലത്തെ ഭാഷയുടെയും സാഹിത്യത്തിന്റെയും സ്വഭാവം അറിയാൻ സഹായിക്കുന്ന ഒരു മാതൃക എന്ന നിലയ്ക്കും ശ്രദ്ധാർഹമാണ്. ഇന്ന് പ്രചാരത്തിലില്ലാത്ത പല വാക്കുകളും കവിതയിൽ കാണാം. ഈ കൃതിയുടെ രചയിതാവിനെക്കുറിച്ച് അറിവൊന്നുമില്ലെങ്കിലും മയാശ്രുതം എന്നുംമറ്റും പറയുന്നതിൽനിന്ന് കവി തിരുവനന്തപുരത്തുകാരനല്ലെന്നും ദുസ്സ്, മുസ്രോളിപ്പ്(മൂത്രമൊഴിപ്പ്) മുതലായ വാക്കുകൾ പ്രയോഗിച്ചിരിക്കുന്നതിൽനിന്ന് ഒരു നമ്പൂതിരിയാണെന്നും മനസ്സിലാക്കാം എന്നാണ് കേരള സാഹിത്യചരിത്രത്തിൽ ഉള്ളൂർ അഭിപ്രായപ്പെട്ടിട്ടുള്ളത്.
തിരുവനന്തപുരം മാനുസ്ക്രിപ്റ്റ് ലൈബ്രറി ഭാഷാത്രൈമാസികം പരമ്പരയിൽ പ്രസിദ്ധീകരിച്ചതാണ് ഈ പുസ്തകം
1952-ൽ പ്രസിദ്ധീകരിച്ച, പി.കെ. നാരായണപിള്ള എഴുതിയ നീതിശതകം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
1952 – നീതിശതകം – പി.കെ. നാരായണപിള്ള
ഈ കൃതി ഇന്ത്യൻ നൈതിക സാഹിത്യപരമ്പരയുമായി ബന്ധപ്പെട്ടു നിൽക്കുന്നു. സംസ്കൃത കവിയായ ഭർത്തൃഹരി രചിച്ച നീതിശതകം എന്ന കൃതിയുടെ വ്യാഖ്യാനസഹിതമായ കൃതിയാണിത്. “ശതകം” എന്നത് സാധാരണയായി നൂറ് പദ്യങ്ങളടങ്ങിയ കാവ്യം എന്നർത്ഥത്തിലാണ് ഉപയോഗിക്കുന്നത്. “നീതിശതകം” എന്ന പേര് തന്നെ ഈ കൃതിയുടെ ലക്ഷ്യം വ്യക്തമാക്കുന്നു — മനുഷ്യജീവിതത്തിൽ പാലിക്കേണ്ട നീതി, ധാർമ്മികത, സദാചാരം എന്നിവയെ കുറിച്ചുള്ള ഉപദേശങ്ങൾ പദ്യങ്ങളിലൂടെ അവതരിപ്പിക്കുകയാണ് ഇതിന്റെ ഉദ്ദേശ്യം. ഈ കൃതിയിലെ പദ്യങ്ങൾ സത്യവും സദാചാരവും, ദാനവും കരുണയും പോലുള്ള നല്ല ഗുണങ്ങൾ, ദുഷ്പ്രവൃത്തികളുടെ ദോഷഫലങ്ങൾ, നല്ല സുഹൃത്തുക്കളുടെ പ്രാധാന്യം, വിനയം, ക്ഷമ, ആത്മനിയന്ത്രണം തുടങ്ങി മനുഷ്യജീവിതത്തിന് മാർഗ്ഗദർശകങ്ങളായ ചില പ്രധാന മൂല്യങ്ങളെ ചർച്ച ചെയ്യുന്നു.