1954 – ൽ പ്രസിദ്ധീകരിച്ച, ജി. രാമകൃഷ്ണപിള്ള രചിച്ച കമ്പരാമായണം – കേരളഭാഷാഗാനം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
1954 – കമ്പരാമായണം – കേരളഭാഷാഗാനം – ജി. രാമകൃഷ്ണപിള്ള
കമ്പരുടെ രാമായണ രചനാപദ്ധതിയിൽ നിന്നും പദാനുപദ തർജ്ജമയല്ലാതെ സാരമായ വ്യതിയാനത്തോടെയുള്ള വിവർത്തനമാണ് ഈ പുസ്തകം. എന്നാൽ കഥാഗതിക്ക് ഇടയിൽ സന്ദർഭവശാൽ പ്രതിപാദിക്കപ്പെട്ടിട്ടുള്ള എല്ലാ ഉപകഥകളും അതെപടി പകർത്തിയിട്ടുമുണ്ട്. അതേപോലെ തന്നെ വിശിഷ്ടമെന്നും സ്വീകാര്യയോഗ്യമെന്നും തോന്നിയിട്ടുള്ള കമ്പരുടെ സകല ആശയങ്ങളെയും രസം കളയാതെ വർണ്ണിക്കാൻ രചയിതാവ് ശ്രമിച്ചിട്ടും ഉണ്ട്.
1959 – ൽ പ്രസിദ്ധീകരിച്ച, കാരെൽ ചാപ്പെക്ക്, ജോസഫ് ചാപ്പെക്ക് രചിച്ച കീടജന്മം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
1959 – കീടജന്മം – കാരെൽ ചാപ്പെക്ക്, ജോസഫ് ചാപ്പെക്ക്
പ്രശസ്ത മലയാള നാടകകൃത്തും ചിന്തകനുമായിരുന്ന സി. ജെ. തോമസ് ലോകസാഹിത്യത്തിലെ ശ്രദ്ധേയമായ കൃതികളെ മലയാളത്തിന് പരിചയപ്പെടുത്താൻ നടത്തിയ വിവർത്തന ശ്രമങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് ‘കീടജന്മം’. വിഖ്യാത ചെക്കോസ്ലോവാക്കിയൻ നാടകകൃത്തുക്കളായ ചാപ്പെക്ക് സഹോദരന്മാരുടെ ‘The Insect Play’ എന്ന പ്രതീകാത്മക നാടകത്തിൻ്റെ പരിഭാഷയാണിത്. ബ്രഹ്മാവിൻ്റെ ഉത്തമസൃഷ്ടിയായ മനുഷ്യനും വിശ്വാമിത്രൻ സൃഷ്ടിച്ച ക്ഷുദ്രകീടങ്ങളും തമ്മിലുള്ള അതിർവരമ്പുകൾ എവിടെയാണ് ഇല്ലാതാകുന്നത് എന്ന ചോദ്യമാണ് ഈ നാടകം മുന്നോട്ടുവെക്കുന്നത്. മദ്യപിച്ചു ബോധമില്ലാതെ കിടക്കുന്ന ഒരു നാടോടിയുടെ ദർശനത്തിലൂടെയാണ് കഥ വികസിക്കുന്നത്. മനുഷ്യസമൂഹത്തിൽ കണ്ടുവരുന്ന അടങ്ങാത്ത ധനാർത്തി, അധികാരമോഹം, അനിയന്ത്രിതമായ രാസക്രീഡ തുടങ്ങിയ സ്വാർത്ഥ താല്പര്യങ്ങളെല്ലാം പ്രാണികളുടെ ലോകത്തിലേക്ക് ആവാഹിച്ച്, അവയുടെ ജീവിതരീതികളിലൂടെ മനുഷ്യസ്വഭാവത്തെ ഇതിൽ രൂക്ഷമായി പരിഹസിക്കുന്നു.
1923 – ൽ പ്രസിദ്ധീകരിച്ച, തരവത്ത് അമ്മാളു അമ്മ രചിച്ച ബുദ്ധചരിതം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
1923 – ബുദ്ധചരിതം – തരവത്ത് അമ്മാളു അമ്മ
തരവത്ത് അമ്മാളു അമ്മയുടെ ബുദ്ധചരിതം എന്ന ഗ്രന്ഥം സിദ്ധാർത്ഥ രാജകുമാരൻ്റെ ജനനം മുതൽ മഹാപരിനിർവ്വാണം വരെയുള്ള പുണ്യജീവിതം ലളിതമായി വിവരിക്കുന്ന കൃതിയാണ്. കൊട്ടാരത്തിലെ സകല സുഖഭോഗങ്ങളിലും വളർന്ന സിദ്ധാർത്ഥൻ, വേഷപ്രച്ഛന്നനായി നടത്തിയ നഗരയാത്രകളിൽ രോഗി, വൃദ്ധൻ, ശവം, സന്യാസി എന്നീ കാഴ്ചകൾ കണ്ട് ജീവിതത്തിൻ്റെ അനിത്യത തിരിച്ചറിയുന്നു. ഈ വൈരാഗ്യത്താൽ, പത്നി യശോധരയുടെ ദുഃസ്വപ്നങ്ങളും സങ്കടങ്ങളും വകവെക്കാതെ, ലോകദുഃഖങ്ങൾക്ക് പരിഹാരം തേടി അദ്ദേഹം ഒരു രാത്രിയിൽ കൊട്ടാരം ഉപേക്ഷിച്ചിറങ്ങി. വർഷങ്ങളുടെ കഠിനതപസ്സിനൊടുവിൽ ബോധിവൃക്ഷച്ചുവട്ടിൽ വെച്ച് ജ്ഞാനോദയം സിദ്ധിച്ച് ശ്രീബുദ്ധനായി മാറിയ അദ്ദേഹം, സകല അഹങ്കാരങ്ങളും വെടിഞ്ഞ് ഭിക്ഷുവായി ജീവിക്കുകയും അഹിംസയുടെയും ജീവകാരുണ്യത്തിൻ്റെയും സന്ദേശം പ്രചരിപ്പിക്കുകയും ചെയ്തു.
പിന്നീട്, രോഗബാധിതനായ പിതാവ് ശുദ്ധോദന രാജാവിനെ ശുശ്രൂഷിക്കാനായി കപിലവസ്തുവിൽ തിരിച്ചെത്തിയ ബുദ്ധൻ, അദ്ദേഹത്തിൻ്റെ മരണാനന്തര കർമ്മങ്ങൾ നിർവ്വഹിച്ചു. തുടർന്ന്, വളർത്തമ്മയായ ഗൗതമിയെയും പത്നി യശോധരയെയും ആദ്യമായി ഭിക്ഷുണികളായി ബുദ്ധസംഘത്തിൽ ചേർത്തു. തൻ്റെ അന്ത്യകാലം അടുത്തുവെന്ന് സമാധിയിലൂടെ മനസ്സിലാക്കിയ ബുദ്ധൻ കുശിനഗരത്തിലെത്തുകയും, ഹിരണ്യവതി നദീതീരത്തെ മല്ലികോദ്യാനത്തിലുള്ള രണ്ട് സാലവൃക്ഷങ്ങളുടെ നടുവിൽ കിടന്ന് ശിഷ്യന്മാർക്ക് അന്ത്യോപദേശം നൽകി മഹാപരിനിർവ്വാണം പ്രാപിക്കുകയും ചെയ്തു. സംസ്കാരത്തിന് ശേഷം അദ്ദേഹത്തിൻ്റെ അസ്ഥികൾ എട്ടായി വിഭജിച്ച് എട്ട് ദിക്കുകളിലെ സ്തൂപങ്ങളിൽ സ്ഥാപിച്ചു. ആഗ്രഹങ്ങളാണ് സകല ദുഃഖങ്ങൾക്കും കാരണം എന്ന് ഓർമ്മിപ്പിച്ചുകൊണ്ട്, ബുദ്ധൻ ഏഷ്യാഭൂഖണ്ഡത്തിൽ കൊളുത്തിയ ജ്ഞാനദീപം ഇന്നും പ്രകാശം പരത്തുന്നു എന്ന് വ്യക്തമാക്കിയാണ് ഈ ഗ്രന്ഥം അവസാനിക്കുന്നത്.
1955 – ൽ പ്രസിദ്ധീകരിച്ച, വള്ളത്തോൾ നാരായണമേനോൻ രചിച്ച ബധിരവിലാപം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
1955 – ബധിരവിലാപം – വള്ളത്തോൾ നാരായണമേനോൻ
തനിക്കുണ്ടായ പെട്ടെന്നുള്ള ബധിരതയിൽ മനംനൊന്ത് അദ്ദേഹം രചിച്ച ആത്മകഥാപരമായ വിലാപകാവ്യമാണിത്. പ്രതിഭയുടെ ഉച്ചസ്ഥായിയിൽ നിൽക്കുമ്പോൾ സംഭവിച്ച ഈ ദൗർഭാഗ്യം അദ്ദേഹത്തെ കടുത്ത മാനസികവിഷമത്തിലാക്കി. ബാഹ്യലോകത്തിൻ്റെ ശബ്ദങ്ങൾ തനിക്ക് നഷ്ടപ്പെട്ടെങ്കിലും , പ്രകൃതിയുടെ ദൃശ്യഭംഗിയിലൂടെയും, ആന്തരിക ശബ്ദത്തിലൂടെയും കവി ആശ്വാസം കണ്ടെത്താൻ ശ്രമിക്കുന്നത് ഇതിൽ കാണാം. തൻ്റെ വൈകല്യത്തെ ദൈവഹിതമായി കണ്ട് അതിനു മുന്നിൽ കീഴടങ്ങുന്ന ഒരു ഭക്തൻ്റെ മനസ്സ് കാവ്യത്തിൻ്റെ ഒടുവിൽ പ്രകടമാകുന്നുണ്ട്.
1949 – ൽ പ്രസിദ്ധീകരിച്ച, കെ.എസ്. നീലകണ്ഠം രചിച്ച കമ്പോസ്റ്റ് വളവും പച്ചില വളവും എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
1949 – കമ്പോസ്റ്റ് വളവും പച്ചില വളവും – കെ.എസ്. നീലകണ്ഠം
സ്വാതന്ത്ര്യാനന്തര ഭാരതം നേരിട്ട കടുത്ത ഭക്ഷ്യക്ഷാമത്തിൻ്റെ പശ്ചാത്തലത്തിൽ, കർഷകരെ ബോധവൽക്കരിച്ച് ഭക്ഷ്യോത്പാദനത്തിൽ സ്വയംപര്യാപ്തത നേടുക എന്ന ലക്ഷ്യത്തോടെ പ്രസിദ്ധീകരിച്ച ഒരു പ്രായോഗിക കൃഷിശാസ്ത്ര ഗ്രന്ഥാവലിയാണ് ‘ഐശ്വര്യമാല’. വിവിധ പത്രമാസികകളിൽ ചിതറിക്കിടന്നിരുന്ന കാർഷിക അറിവുകൾ തേടിപ്പിടിച്ച്, ഗ്രന്ഥകാരൻ തൻ്റെ സ്വന്തം കൃഷിാനുഭവങ്ങളുമായി കൂട്ടിയിണക്കിയാണ് സാധാരണക്കാരായ കർഷകർക്കായി ഈ പുസ്തകം തയ്യാറാക്കിയിരിക്കുന്നത്. മണ്ണിൽ പ്രകൃതിദത്തമായ ജൈവവളങ്ങൾ ചേർക്കേണ്ടതിൻ്റെ ആവശ്യകതയെക്കുറിച്ചും, അടുക്കള അവശിഷ്ടങ്ങൾ ഉപയോഗിച്ച് കമ്പോസ്റ്റ് വളം നിർമ്മിക്കുന്ന രീതിയെക്കുറിച്ചും, മണ്ണിൽ പച്ചിലകൾ ചേർത്ത് ഫലഭൂയിഷ്ഠത കൂട്ടുന്നതിനെക്കുറിച്ചുമുള്ള പ്രായോഗിക നിർദ്ദേശങ്ങളാണ് ഈ പുസ്തകത്തിൽ കെ.എസ്. നീലകണ്ഠം വിവരിക്കുന്നത്.
1951 – ൽ പ്രസിദ്ധീകരിച്ച, മാവ് സെ തുങ്ങ് രചിച്ച ചൈനയിലെ പുതിയ ജനാധിപത്യം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
1951 – ചൈനയിലെ പുതിയ ജനാധിപത്യം – മാവ് സെ തുങ്ങ്
ചൈനീസ് കമ്മ്യൂണിസ്റ്റ് വിപ്ലവ നേതാവായ മാവ് സെ തുങ്ങ് രചിച്ച രാഷ്ട്രീയ കൃതിയുടെ മലയാള പരിഭാഷയാണിത്. കൊളോണിയൽ – നാടുവാഴിത്ത വ്യവസ്ഥിതിയിൽ നിന്ന് ചൈനയെ മോചിപ്പിച്ച് ഒരു പുതിയ രാഷ്ട്രീയ, സാമ്പത്തിക, സാംസ്കാരിക ഘടന കെട്ടിപ്പടുക്കേണ്ടതിൻ്റെ ആവശ്യകതയെക്കുറിച്ചാണ് ഈ ലഘുഗ്രന്ഥം ചർച്ച ചെയ്യുന്നത്. ചൈനീസ് വിപ്ലവത്തിന് രണ്ട് ഘട്ടങ്ങളുണ്ടെന്നും ആദ്യത്തേത് പരമ്പരാഗത ജനാധിപത്യത്തിൽ നിന്ന് വ്യത്യസ്തമായ ‘പുതിയ ജനാധിപത്യം’ ആണെന്നും, രണ്ടാമത്തേത് സോഷ്യലിസ്റ്റ് വിപ്ലവമാണെന്നും മാവ് സെ തുങ്ങ് ഇതിലൂടെ വ്യക്തമാക്കുന്നു. സമൂഹത്തിൻ്റെ സാമ്പത്തിക – രാഷ്ട്രീയ മാറ്റങ്ങൾക്കൊപ്പം പഴയ സംസ്കാരത്തെ മാറ്റിമറിച്ച് പുരോഗമനപരമായ ഒരു പുതിയ സംസ്കാരം വളർത്തിയെടുക്കണമെന്ന മാർക്സിസ്റ്റ് – ലെനിനിസ്റ്റ് വീക്ഷണമാണ് ഈ കൃതി മുന്നോട്ട് വെക്കുന്നത്.
1918 – ൽ പ്രസിദ്ധീകരിച്ച, ഇ.വി. രാമൻ നമ്പൂതിരി രചിച്ച ഭാഷാകർണ്ണഭാരം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
1918 – ഭാഷാകർണ്ണഭാരം – ഇ.വി. രാമൻ നമ്പൂതിരി
കുരുക്ഷേത്ര യുദ്ധത്തിൽ കൗരവരുടെ സേനാപതിയായി ഇറങ്ങുന്ന കർണ്ണൻ, അസ്ത്രവിദ്യകൾ തനിക്ക് ആവശ്യമുള്ള നേരത്ത് ഫലിക്കാതെ പോകട്ടെ എന്ന ഗുരു പരശുരാമൻ്റെ ശാപമോർത്ത് വിഷമിക്കുന്നിടത്താണ് നാടകം ആരംഭിക്കുന്നത്. ഈ സമയം അർജ്ജുനനെ സഹായിക്കാനായി ഇന്ദ്രൻ ഒരു ബ്രാഹ്മണൻ്റെ വേഷത്തിൽ വന്ന് കർണ്ണനോട് ഭിക്ഷ യാചിക്കുന്നു. കർണ്ണൻ വെച്ചുനീട്ടിയ പശുക്കൾ, കുതിരകൾ, സ്വർണ്ണം, രാജ്യം എന്നിവയെല്ലാം നിരസിച്ച ഇന്ദ്രൻ, ഒടുവിൽ കർണ്ണൻ്റെ ജന്മസിദ്ധമായ കവചവും കുണ്ഡലങ്ങളും ആവശ്യപ്പെടുന്നു. വന്നിരിക്കുന്നത് ഇന്ദ്രനാണെന്നും കവചം നൽകിയാൽ മരണം ഉറപ്പാണെന്നും തേരാളിയായ ശല്യർ മുന്നറിയിപ്പ് നൽകുന്നുണ്ടെങ്കിലും, കാലം കഴിഞ്ഞാലും ദാനമഹത്വം നശിക്കില്ല എന്ന് പ്രഖ്യാപിച്ചുകൊണ്ട് കർണ്ണൻ തൻ്റെ കവചകുണ്ഡലങ്ങൾ മുറിച്ചെടുത്ത് ഇന്ദ്രന് ദാനം ചെയ്യുന്നു. കർണ്ണൻ്റെ ഈ ഉദാരതയിൽ പശ്ചാത്താപം തോന്നിയ ഇന്ദ്രൻ, പാണ്ഡവരിൽ ഒരാളെ വധിക്കാൻ ശേഷിയുള്ള വിമല എന്ന അസ്ത്രം ഒരു ദേവദൂതൻ വഴി കർണ്ണന് സമ്മാനമായി നൽകുന്നു. ഒടുവിൽ, കൃഷ്ണൻ്റെയും അർജ്ജുനൻ്റെയും ശംഖനാദം കേട്ട് തൻ്റെ വിഷാദമെല്ലാം വെടിഞ്ഞ് വീര്യത്തോടെ പോരാടാൻ കർണ്ണൻ ഇറങ്ങുന്നതോടെ ഈ നാടകം അവസാനിക്കുന്നു.
1948 – ൽ പ്രസിദ്ധീകരിച്ച, എം.ആർ. വേലുപ്പിള്ള ശാസ്ത്രി രചിച്ച പുരോഗമനസാഹിത്യ കോലാഹലം (ഒരു വിമർശനഗ്രന്ഥം) എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
1948 – പുരോഗമനസാഹിത്യ കോലാഹലം (ഒരു വിമർശനഗ്രന്ഥം) – എം.ആർ. വേലുപ്പിള്ള ശാസ്ത്രി
1940 – കളുടെ അവസാനത്തിൽ കേരളത്തിലെ പുരോഗമന സാഹിത്യ പ്രസ്ഥാനത്തിൽ ഉണ്ടായ ആഭ്യന്തര കലഹങ്ങളും പ്രത്യയശാസ്ത്രപരമായ തർക്കങ്ങളുമാണ് ഈ ഗ്രന്ഥത്തിൻ്റെ കേന്ദ്രവിഷയം. തൃശ്ശൂരിൽ നടന്ന പുരോഗമന സാഹിത്യ സമ്മേളനവും അതിനെത്തുടർന്ന് സാഹിത്യകാരന്മാർക്കിടയിൽ രൂപപ്പെട്ട ചേരിതിരിവുകളുമാണ് ‘കോലാഹലം’ എന്ന് ഇവിടെ വിശേഷിപ്പിക്കപ്പെടുന്നത്. മലയാള സാഹിത്യ ചരിത്രത്തിലെ ഏറ്റവും നിർണായകമായ ഒരു കാലഘട്ടത്തെയും സംവാദങ്ങളെയും അടയാളപ്പെടുത്തുന്ന പുസ്തകമാണിത്.
1909 – ൽ പ്രസിദ്ധീകരിച്ച, കാരാട്ട് അച്യുതമേനോൻ രചിച്ച അമ്മായി പഞ്ചതന്ത്രം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
1909 – അമ്മായി പഞ്ചതന്ത്രം – കാരാട്ട് അച്യുതമേനോൻ
1909-ൽ പ്രസിദ്ധീകരിച്ച, മലയാളത്തിലെ ആദ്യകാല ഹാസ്യ-ആക്ഷേപ ഗദ്യകൃതികളിൽ ശ്രദ്ധേയമായ ഒരു കൃതിയാണ് അമ്മായി പഞ്ചതന്ത്രം. കുടുംബജീവിതം, സാമൂഹിക ശീലങ്ങൾ, അന്ധവിശ്വാസങ്ങൾ, സ്ത്രീ-പുരുഷ ബന്ധങ്ങൾ, വിദ്യാഭ്യാസം, ആചാരാനുഷ്ഠാനങ്ങൾ എന്നിവയെ നർമ്മവും പരിഹാസവും കലർന്ന ശൈലിയിൽ അവതരിപ്പിക്കുന്ന ലേഖനസമാഹാരമാണിത്.
1947 – ൽ പ്രസിദ്ധീകരിച്ച, എൻ. ബാലകൃഷ്ണൻ നായർ രചിച്ച മഹിളാമന്ദിര സ്ഥാപക – കെ. ചിന്നമ്മ (ജീവിത ചരിത്രം) എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
1947 – മഹിളാമന്ദിര സ്ഥാപക – കെ. ചിന്നമ്മ (ജീവിത ചരിത്രം) – എൻ. ബാലകൃഷ്ണൻ നായർ
കേരളത്തിലെ ആദ്യകാല വനിതാ പ്രവർത്തകയും സാമൂഹിക പരിഷ്കർത്താവുമായിരുന്ന കെ. ചിന്നമ്മയുടെ പ്രചോദനാത്മകമായ ജീവിതകഥയും സാമൂഹിക സംഭാവനകളും അടയാളപ്പെടുത്തുന്ന ഒരു ജീവചരിത്ര ഗ്രന്ഥമാണിത്. തിരുവിതാംകൂറിലെ സ്കൂൾ ഇൻസ്പെക്ടറായി സേവനമനുഷ്ഠിച്ച അവർ, അക്കാലത്ത് നിലനിന്നിരുന്ന ജാതീയമായ അനാചാരങ്ങളെയും ലിംഗവിവേചനങ്ങളെയും ധീരമായി നേരിടുകയും പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങളിൽ നിന്നുള്ള പെൺകുട്ടികൾക്ക് വിദ്യാഭ്യാസത്തിനുള്ള അവസരങ്ങൾ ഒരുക്കുകയും ചെയ്തു. 1918 – ൽ തിരുവനന്തപുരത്തെ പൂജപ്പുരയിൽ അഗതികളായ സ്ത്രീകൾക്കും പെൺകുട്ടികൾക്കുമായി കേരളത്തിലെ ആദ്യത്തെ അഭയകേന്ദ്രങ്ങളിലൊന്നായ ‘ഹിന്ദു മഹിളാമന്ദിരം’ സ്ഥാപിച്ചുകൊണ്ട് അവർ നടത്തിയ സമാനതകളില്ലാത്ത കാരുണ്യപ്രവർത്തനങ്ങളും, ഈ സ്ഥാപനത്തിൻ്റെ നിലനിൽപ്പിനായി സ്വന്തം ജീവിതവും സമ്പാദ്യവും പൂർണ്ണമായി സമർപ്പിച്ചതുമായ ചരിത്രമാണ് ഈ പുസ്തകത്തിൽ വിശദമായി പ്രതിപാദിക്കുന്നത്.