1953 – പൊന്നുംകുടം

1953-ൽ പ്രസിദ്ധീകരിച്ച, കെ. സരസ്വതിഅമ്മ എഴുതിയ പൊന്നുംകുടം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

1953-ponnumkudam
1953 – പൊന്നുംകുടം

മലയാളത്തിലെ പ്രശസ്ത എഴുത്തുകാരിയും, സ്ത്രീസ്വാതന്ത്ര്യവാദിയുമായിരുന്നു കെ.സരസ്വതി അമ്മയാണ് ഇതിൻ്റെ ഗ്രന്ഥകർത്തി. ഹൈസ്കൂൾ വിദ്യാഭ്യാസകാലത്തു തന്നെ സരസ്വതിയമ്മ സാഹിത്യരചന ആരംഭിച്ചു. ഇന്റർമീഡിയറ്റിനു പഠിക്കുമ്പോൾ മാതൃഭൂമിയി വാരികയിൽ സീതാഭവനം എന്ന കഥ പ്രസിദ്ധീകരിക്കപ്പെട്ടു.

സാമൂഹിക യാഥാർത്ഥ്യങ്ങളും മാനസിക സംഘർഷങ്ങളും പ്രതിഫലിപ്പിക്കുന്ന മികച്ച കഥകളുടെ സംഗ്രഹമാണ് ഈ ഗ്രന്ഥത്തിലുള്ളത്. രമണി, വിവാഹവിദ്വേഷി, പൊന്നുംകുടം, ഒരേ ഒരു രാത്രി, മഴയ്ക്കു മുമ്പു്, സ്വപ്നമണ്ഡലം, പുസ്തകപ്രേമം, മധുവിധു ഈ ഏഴ് കഥകൾ അടങ്ങിയ പുസ്തകമാണിത്.

രമണി എന്ന കഥാഭാഗത്ത് ചങ്ങമ്പുഴയുടെ ‘രമണൻ’ എന്ന കാവ്യത്തെ ആസ്പദമാക്കി കോളേജ് വിദ്യാർത്ഥിനികളായ ശാന്തിയും സുഷമയും നടത്തുന്ന ചർച്ചയിലൂടെയാണ് കഥ വികസിക്കുന്നത്. വിവാഹവിദ്വേഷി, ജാനകിയും ഭർത്താവ് ശങ്കരമേനോനും അവരുടെ സുഹൃത്തായ ഭാസ്കരൻനായരും തമ്മിലുള്ള സങ്കീർണ്ണമായ ബന്ധത്തിന്റെ കഥയാണിത്. പൊന്നുംകുടം,നിർദ്ദനനായ കരിമൻ എന്ന മീൻപിടുത്തക്കാരനും വള്ളി എന്ന പെൺകുട്ടിയും തമ്മിലുള്ള ആഴത്തിലുള്ള സൗഹൃദമാണ് ഇതിന്റെ ഇതിവൃത്തം. ഈ പേര് തന്നെയാണ് പുസ്തകത്തിന്റെ നാമമായും കൊടുത്തിരിക്കുന്നത്. ഒരേ ഒരു രാത്രി എന്നതിൽ മനുഷ്യബന്ധങ്ങളിലെ ക്ഷണികതയെയും വൈകാരിക വൈരുധ്യങ്ങളെയും ഒറ്റരാത്രിയിലെ സംഭവവികാസങ്ങളിലൂടെ പശ്ചാത്തലമാക്കി അവതരിപ്പിക്കുന്ന കഥ. മഴയ്ക്കു മുമ്പ്  എന്ന ഭാഗത്തു വ്യക്തിബന്ധങ്ങളിലെ കാപട്യങ്ങളെയും സാമൂഹികാന്തരീക്ഷത്തിൽ വീർപ്പുമുട്ടുന്ന സ്ത്രീജീവിതത്തിന്റെ ആകുലതകളെയും വരച്ചുകാട്ടുന്ന കഥ. സ്വപ്നമണ്ഡലം എന്ന കഥയിൽ ഭാവനയും യാഥാർത്ഥ്യവും തമ്മിലുള്ള സംഘർഷത്തിൽ കഴിയുന്ന കഥാപാത്രങ്ങളുടെ മാനസിക വ്യാപാരങ്ങളും നിരാശയും പ്രമേയമാക്കുന്നു. പുസ്തകപ്രേമം, ഇതിൽ സാഹിത്യത്തോടും വായനയോടുമുള്ള അതിരറ്റ അനുരാഗവും അത് ഒരു വ്യക്തിയുടെ സാമൂഹിക-ജീവിത വീക്ഷണങ്ങളിൽ വരുത്തുന്ന മാറ്റങ്ങളും ഹാസ്യാത്മകമായി ചർച്ച ചെയ്യുന്നു.

പ്രധാനമായും ഈ പുസ്തകത്തിൽ സ്ത്രീ കേന്ദ്രീകൃതമായ കാഴ്ചപ്പാടുകളും, പഴയകാല  പുരുഷാധിപത്യ വ്യവസ്ഥിതിയിലെ വൈരുദ്ധ്യങ്ങളെയും വിവേചനങ്ങളെയും നിശിതമായി വിചാരണ ചെയ്യുന്നു. വഞ്ചന, ദാരിദ്ര്യം, സ്നേഹത്തിലെ കാപട്യം, സാമൂഹിക യാഥാർത്ഥ്യങ്ങൾ എന്നിവ മനുഷ്യബന്ധങ്ങളെ എങ്ങനെ സ്വാധീനിക്കുന്നു എന്ന് ലളിതവും ശക്തവുമായ ഭാഷയിൽ രേഖപ്പെടുത്തുന്നു.

തിരുവനന്തപുരം ജില്ലയിലെ കിടാരക്കുഴി ജവഹർ സ്മാരക ഗ്രന്ഥശാലയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമായത്

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

    • പേര്:  പൊന്നുംകുടം
    • രചന: കെ. സരസ്വതിഅമ്മ
    • പ്രസിദ്ധീകരണ വർഷം: 1953
    • താളുകളുടെ എണ്ണം: 142
    • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1956 – നർത്തകി

1956-ൽ പ്രസിദ്ധീകരിച്ച, തിരുനൈനാർക്കുറിച്ചി മാധവൻ നായർ എഴുതിയ നർത്തകി എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

ഫ്രഞ്ച് സാഹിത്യകാരനായ അലക്സാണ്ടർ ഡ്യൂമയുടെ ‘ലാ ഡെയിം ഓസ് കമീലിയ’ (La Dame aux Camélias) എന്ന വിശ്വപ്രസിദ്ധ കൃതിയുടെ ചുവടുപിടിച്ച് രൂപംകൊണ്ട ഒരു സ്വതന്ത്ര നാടകമാണിത്. സമൂഹത്തിൽ വേർതിരിച്ചു നിർത്തപ്പെട്ട ഗണികകളുടെ (നർത്തകിമാർ) ജീവിതവും അവരുടെ ഹൃദയനൊമ്പരങ്ങളുമാണ് നാടകത്തിൻ്റെ മുഖ്യ പ്രമേയം. സുന്ദരിയും സത്സ്വഭാവിയുമായ നർത്തകി രമയും ധനികകുടുംബത്തിൽ നിന്നുള്ള രവിയുമായുള്ള അനശ്വരവും ത്യാഗപൂർണവുമായുള്ള സ്നേഹബന്ധമാണ് നാടകത്തിലുള്ളത്. സമൂഹത്തിൻ്റെ നിഷ്കരുണമായ അവഗണനയ്ക്കും വിവേചനത്തിനും ഇരയാകുന്ന കലാകാരികളുടെ ജീവിതം ഡ്യൂമയുടെ ആശയഗതികളെ പിൻപറ്റിക്കൊണ്ട് ഗ്രന്ഥകാരൻ ഈ നാടകത്തിലൂടെ അവതരിപ്പിക്കുന്നു

ഇന്നത്തെ തമിഴ്നാട്ടിലെ കന്യാകുമാരി ജില്ലയിൽ കുളച്ചലിനടുത്തുള്ള തിരുനൈനാർക്കുറിച്ചിയിലാണ് ഗ്രന്ഥകാരനായ മാധവൻ നായർ ജനിച്ചത്. കവി, അധ്യാപകൻ, തിരക്കഥാകൃത്ത് എന്നീ നിലകളിൽ പ്രശസ്തനായിരുന്നു അദ്ദേഹം. ചലച്ചിത്ര നിർമ്മാതാവായ പി. സുബ്രഹ്മണ്യത്തിൻ്റെ അടുത്ത സുഹൃത്തായിരുന്ന അദ്ദേഹം സുബ്രഹ്മണ്യത്തിൻ്റെ മെറിലാൻഡ് സ്റ്റുഡിയോയിൽ നിർമ്മിച്ച സിനിമകളിൽ പാട്ടുകളെഴുതി.  ‘ആത്മവിദ്യാലയമേ’, ‘ഈശ്വരചിന്തയിതൊന്നേ മനുജനു’ ‘നാളെ നാളെയെന്നായിട്ടും ഭഗവാനെ കാണ്മാനിത്ര’, ‘പഞ്ചവർണതത്ത പോലെ കൊഞ്ചി വന്ന പെണ്ണേ’ എന്നിവ അദ്ദേഹം രചിച്ച പ്രശസ്ത ഗാനങ്ങളാണ്. നോവലുകൾ, നാടകങ്ങൾ, കവിതകൾ, സിനിമാ ഗാനങ്ങൾ എന്നീ വിഭാഗങ്ങളിലായി നൂറോളം പുസ്തകങ്ങൾ അദ്ദേഹം രചിച്ചിട്ടുണ്ട്

തിരുവനന്തപുരം ജില്ലയിലെ കിടാരക്കുഴി ജവഹർ സ്മാരക ഗ്രന്ഥശാലയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമായത്

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

    • പേര്:  നർത്തകി
    • രചന: തിരുനൈനാർക്കുറിച്ചി മാധവൻ നായർ
    • പ്രസിദ്ധീകരണ വർഷം: 1956
    • താളുകളുടെ എണ്ണം: 100
    • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1943 – കാഞ്ചനശൃംഗല

1943-ൽ പ്രസിദ്ധീകരിച്ച, എൻ.എക്സ്. കുര്യൻ എഴുതിയ കാഞ്ചനശൃംഗല എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

മൂന്നു ഭാഗങ്ങളായി രചിക്കപ്പെട്ട പുസ്തകത്തിൻ്റെ ഒന്നാം ഭാഗമാണ് ഇപ്പോൾ ഡിജിറ്റൈസ് ചെയ്തിരിക്കുന്നത്. പരമ്പരാഗത ക്രൈസ്തവ കുടുംബത്തിൽ ജനിച്ച മിസ് ജോസഫിൻ്റെ ജീവിതകഥയാണ് ഈ നോവലിലുള്ളത്. സമ്പന്ന കുടുംബത്തിലാണ് ജനിച്ചതെങ്കിലും ജീവിതത്തിൽ സംഭവിച്ച ദുരന്തങ്ങൾക്കു ശേഷം മിസ് ജോസഫ് കന്യാസ്ത്രീകളുടെ ആശ്രമത്തിലെത്തുകയും അവിടെനിന്ന് കുറച്ചുകാലത്തേക്ക് സാറാമ്മയുടെ ഭവനത്തിലേക്ക് പരിചാരികയായി എത്തുകയും ചെയ്യുന്നു. അതിനുശേഷമുള്ള സംഭവഗതികളാണ് ആദ്യഭാഗത്തുള്ളത്. വായനക്കാർക്ക് ആദ്യ ഭാഗം ഇഷ്ടപ്പെടുകയാണെങ്കിൽ അടുത്ത രണ്ടു ഭാഗങ്ങളും വൈകാതെ പ്രസിദ്ധീകരിക്കുന്നതാണെന്ന് ആദ്യഭാഗത്തുള്ള പ്രസ്താവനയിൽ ഗ്രന്ഥകാരൻ എഴുതിയിരിക്കുന്നു. മതപരവും സമുദായികപരവുമായ ആഖ്യായികയെന്നതിലുപരി ആദർശപരമായ കഥാപാത്രങ്ങളുടെ പ്രവർത്തനങ്ങളിലൂടെ മതാദർശങ്ങൾ പകർത്തി പ്രചരിപ്പിക്കുക എന്നതും നോവലിൻ്റെ ഉദ്ദേശലക്ഷ്യങ്ങളിൽ പെടുന്നു

തിരുവനന്തപുരം ജില്ലയിലെ കിടാരക്കുഴി ജവഹർ സ്മാരക ഗ്രന്ഥശാലയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമായത്

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

    • പേര്: കാഞ്ചനശൃംഗല
    • രചന: എൻ.എക്സ്. കുര്യൻ
    • പ്രസിദ്ധീകരണ വർഷം: 1943
    • താളുകളുടെ എണ്ണം: 84
    • സ്കാൻ ലഭ്യമായ ഇടം: കണ്ണി