1953 – പൊന്നുംകുടം

1953-ൽ പ്രസിദ്ധീകരിച്ച, കെ. സരസ്വതിഅമ്മ എഴുതിയ പൊന്നുംകുടം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

1953-ponnumkudam
1953 – പൊന്നുംകുടം

മലയാളത്തിലെ പ്രശസ്ത എഴുത്തുകാരിയും, സ്ത്രീസ്വാതന്ത്ര്യവാദിയുമായിരുന്നു കെ.സരസ്വതി അമ്മയാണ് ഇതിൻ്റെ ഗ്രന്ഥകർത്തി. ഹൈസ്കൂൾ വിദ്യാഭ്യാസകാലത്തു തന്നെ സരസ്വതിയമ്മ സാഹിത്യരചന ആരംഭിച്ചു. ഇന്റർമീഡിയറ്റിനു പഠിക്കുമ്പോൾ മാതൃഭൂമിയി വാരികയിൽ സീതാഭവനം എന്ന കഥ പ്രസിദ്ധീകരിക്കപ്പെട്ടു.

സാമൂഹിക യാഥാർത്ഥ്യങ്ങളും മാനസിക സംഘർഷങ്ങളും പ്രതിഫലിപ്പിക്കുന്ന മികച്ച കഥകളുടെ സംഗ്രഹമാണ് ഈ ഗ്രന്ഥത്തിലുള്ളത്. രമണി, വിവാഹവിദ്വേഷി, പൊന്നുംകുടം, ഒരേ ഒരു രാത്രി, മഴയ്ക്കു മുമ്പു്, സ്വപ്നമണ്ഡലം, പുസ്തകപ്രേമം, മധുവിധു ഈ ഏഴ് കഥകൾ അടങ്ങിയ പുസ്തകമാണിത്.

രമണി എന്ന കഥാഭാഗത്ത് ചങ്ങമ്പുഴയുടെ ‘രമണൻ’ എന്ന കാവ്യത്തെ ആസ്പദമാക്കി കോളേജ് വിദ്യാർത്ഥിനികളായ ശാന്തിയും സുഷമയും നടത്തുന്ന ചർച്ചയിലൂടെയാണ് കഥ വികസിക്കുന്നത്. വിവാഹവിദ്വേഷി, ജാനകിയും ഭർത്താവ് ശങ്കരമേനോനും അവരുടെ സുഹൃത്തായ ഭാസ്കരൻനായരും തമ്മിലുള്ള സങ്കീർണ്ണമായ ബന്ധത്തിന്റെ കഥയാണിത്. പൊന്നുംകുടം,നിർദ്ദനനായ കരിമൻ എന്ന മീൻപിടുത്തക്കാരനും വള്ളി എന്ന പെൺകുട്ടിയും തമ്മിലുള്ള ആഴത്തിലുള്ള സൗഹൃദമാണ് ഇതിന്റെ ഇതിവൃത്തം. ഈ പേര് തന്നെയാണ് പുസ്തകത്തിന്റെ നാമമായും കൊടുത്തിരിക്കുന്നത്. ഒരേ ഒരു രാത്രി എന്നതിൽ മനുഷ്യബന്ധങ്ങളിലെ ക്ഷണികതയെയും വൈകാരിക വൈരുധ്യങ്ങളെയും ഒറ്റരാത്രിയിലെ സംഭവവികാസങ്ങളിലൂടെ പശ്ചാത്തലമാക്കി അവതരിപ്പിക്കുന്ന കഥ. മഴയ്ക്കു മുമ്പ്  എന്ന ഭാഗത്തു വ്യക്തിബന്ധങ്ങളിലെ കാപട്യങ്ങളെയും സാമൂഹികാന്തരീക്ഷത്തിൽ വീർപ്പുമുട്ടുന്ന സ്ത്രീജീവിതത്തിന്റെ ആകുലതകളെയും വരച്ചുകാട്ടുന്ന കഥ. സ്വപ്നമണ്ഡലം എന്ന കഥയിൽ ഭാവനയും യാഥാർത്ഥ്യവും തമ്മിലുള്ള സംഘർഷത്തിൽ കഴിയുന്ന കഥാപാത്രങ്ങളുടെ മാനസിക വ്യാപാരങ്ങളും നിരാശയും പ്രമേയമാക്കുന്നു. പുസ്തകപ്രേമം, ഇതിൽ സാഹിത്യത്തോടും വായനയോടുമുള്ള അതിരറ്റ അനുരാഗവും അത് ഒരു വ്യക്തിയുടെ സാമൂഹിക-ജീവിത വീക്ഷണങ്ങളിൽ വരുത്തുന്ന മാറ്റങ്ങളും ഹാസ്യാത്മകമായി ചർച്ച ചെയ്യുന്നു.

പ്രധാനമായും ഈ പുസ്തകത്തിൽ സ്ത്രീ കേന്ദ്രീകൃതമായ കാഴ്ചപ്പാടുകളും, പഴയകാല  പുരുഷാധിപത്യ വ്യവസ്ഥിതിയിലെ വൈരുദ്ധ്യങ്ങളെയും വിവേചനങ്ങളെയും നിശിതമായി വിചാരണ ചെയ്യുന്നു. വഞ്ചന, ദാരിദ്ര്യം, സ്നേഹത്തിലെ കാപട്യം, സാമൂഹിക യാഥാർത്ഥ്യങ്ങൾ എന്നിവ മനുഷ്യബന്ധങ്ങളെ എങ്ങനെ സ്വാധീനിക്കുന്നു എന്ന് ലളിതവും ശക്തവുമായ ഭാഷയിൽ രേഖപ്പെടുത്തുന്നു.

തിരുവനന്തപുരം ജില്ലയിലെ കിടാരക്കുഴി ജവഹർ സ്മാരക ഗ്രന്ഥശാലയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമായത്

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

    • പേര്:  പൊന്നുംകുടം
    • രചന: കെ. സരസ്വതിഅമ്മ
    • പ്രസിദ്ധീകരണ വർഷം: 1953
    • താളുകളുടെ എണ്ണം: 142
    • സ്കാൻ ലഭ്യമായ ഇടം: കണ്ണി

Leave a Reply

Your email address will not be published. Required fields are marked *