ആമുഖം
2022 ഒക്ടോബർ 30 ന് ബാംഗ്ലൂരിൽ ക്രൈസ്റ്റ് യൂണിവേഴ്സിറ്റിയുടെ സെൻട്രൽ ക്യാമ്പസിൽ വെച്ച് നടന്ന ചടങ്ങിൽ വെച്ച് ഡോ. പി.കെ. രാജശേഖരൻ പുതിയ വെബ്ബ് സൈറ്റായ ഗ്രന്ഥപ്പുര (granthappura) https://gpura.org/ ഔദ്യോഗികമായി ഉദ്‌ഘാടനം ചെയ്തു. ഉദ്‌ഘാടനത്തോട് അനുബന്ധിച്ച് പുതുതായി 101 പഴയ രെഖകളുടെ ഡിജിറ്റൽ സ്കാനുകളുടെ റിലീസും നടന്നു. (പരിപാടിയോട് അനുബന്ധിച്ച് റിലീസ് 101 രേഖകളുടെയും വിവരങ്ങൾ പട്ടികയായി താഴെ കൊടുത്തിട്ടുണ്ട്)
ഉദ്‌ഘാടന ദിവസം റിലീസ് ചെയ്ത 101 സ്കാനുകളിൽ ശ്രദ്ധേയമായ ചിലതിൻ്റെ പ്രത്യേകത താഴെ കുറിക്കട്ടെ.
പ്രത്യേക ശ്രദ്ധയ്ക്ക്
ഇതുവരെ ഉണ്ടായിരുന്ന വേഡ് പ്രസ്സ് ബ്ലോഗിൽ നിന്ന് വ്യത്യസ്തമായി https://gpura.org ഒരു ഡിജിറ്റൽ ലൈബ്രറി സൈറ്റ് ആയാണ് അണിയിച്ചൊരുക്കി കൊണ്ടിരിക്കുന്നത്. പക്ഷെ ഇത്ര ബൃഹത്തായ ഒരു പദ്ധതിയ്ക്ക് സൈറ്റ് ഒരുക്കുമ്പോൾ ആവശ്യമുള്ള സൗകര്യങ്ങളൊക്കെയും ലഭ്യമാക്കാൻ സമയപരിമിതി മൂലം ഞങ്ങൾക്ക് പറ്റിയിട്ടില്ല. എന്നാൽ ഞങ്ങൾ അതിൻ്റെ പണിപ്പുരയിൽ ആണ്.
നിലവിൽ രണ്ട് തരത്തിലുള്ള ശേഖരം ആണ് ഗ്രന്ഥപ്പുര സൈറ്റിൽ ഉള്ളത്:
- ഉദ്‌ഘാടനത്തോട് അനുബന്ധിച്ച് റിലീസ് ചെയ്ത 101 സ്കാനുകൾ അടങ്ങുന്ന Main collection https://gpura.org/collections/main ഈ സ്കാനുകൾ എല്ലാം നിങ്ങൾക്ക് ഒരു പ്രശ്നവും ഇല്ലാതെ ലഭ്യമാണ്. (ഈ 101 സ്കാനുകളെ പറ്റിയുള്ള പ്രത്യേക പോസ്റ്റ് ആണിത്)
- 2021 ഡിസംബർ 16 വരെ വേഡ് പ്രസ്സ് ബ്ലോഗിൽ ( https://shijualex.in)/ കൂടെ ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്ത Original collection https://gpura.org/collections/original 2250 നടുത്ത് രേഖകൾ വരും. എന്നാൽ ഇതിലെ 1200 സ്കാനുകൾക്ക് അടുത്ത് മാത്രമേ ഞങ്ങൾക്ക് https://gpura.org ലേക്ക് മാറ്റാൻ കഴിഞ്ഞിട്ടുള്ളൂ. ബാക്കിയുള്ള സ്കാനുകൾ മാറ്റാനുള്ള പണി നടക്കുക ആണ്.
പഴയസ്കാനുകളുടെ മൈഗ്രേഷൻ നടക്കുന്നേ ഉള്ളൂ എന്ന കാരണം കൊണ്ട് https://gpura.org/collections/original നിലെ ഏതെങ്കിലും പുസ്തകത്തിൻ്റെ സ്കാൻ നിങ്ങൾക്ക് ലഭ്യമല്ലെങ്കിൽ അത് https://shijualex.in/ എന്ന സൈറ്റിൽ നിന്ന് സേർച്ച് ചെയ്ത് എടുക്കുക. സ്കാനുകൾ എല്ലാം https://gpura.org ലേക്ക് മാറ്റുന്ന വരെ അതേ ഉള്ളൂ പരിഹാരം. നൂറുകണക്കിനു സ്കാനുകൾ ഞങ്ങൾക്ക് കൈകാര്യം ചെയ്യേണ്ടതുണ്ട് എന്നതിനാൽ ഇക്കാര്യത്തിൽ കുറച്ച് കാലതാമസം വരും. ചിലപ്പോൾ മാസങ്ങൾ തന്നെ എടുത്തേക്കാം, (പൊതുവെ 2021 വരെ ഡിജിറ്റൈസ് ചെയ്ത സംഗതികൾക്ക് തക്കതായ പരിഹാരം ഞങ്ങൾ ഉണ്ടാക്കുന്നത് വരെയെങ്കിലും https://shijualex.in/ എന്ന വേഡ് പ്രസ്സ് ബ്ലോഗ് ഉപയോഗിക്കുന്നതാവും നല്ലത്)
https://gpura.org ൽ ഓരോ സ്കാനിനും ആവശ്യമായ ശേഖരം, വിഷയങ്ങൾ, മറ്റ് മെറ്റാഡാറ്റ ഇവയൊക്കെ നിർമ്മിക്കേണ്ടതുണ്ട്. ഇതിനു എല്ലാം കുറച്ച് സമയം എടുക്കും. അതുവരെ സാദരം ക്ഷമിക്കുമല്ലോ.)
ഉദ്‌ഘാടന സ്കാനുകളുടെ അവലോകനം
ഉദ്‌ഘാടനം ആയത് കൊണ്ടും റിലീസ് ചെയ്യാനായി നൂറുകണക്കിനു രേഖകൾ കാത്തിരിപ്പുണ്ട് എന്നതിനാലും ആണ് ഇത്രയധികം രേഖകൾ ഒരുമിച്ച് റിലീസ് ചെയ്തത്. മുൻപോട്ട് പോകുമ്പോൾ ഒറ്റയടിക്ക് റിലീസ് ചെയ്യുന്ന രേഖകളുടെ എണ്ണം പരിമിതപ്പെടുത്തുകയും, റിലീസ് ചെയ്യുന്നതിനു അനുസരിച്ച് ആവശ്യമായ ഒരു വിവരണ പോസ്റ്റ് ഇടുകയും ചെയ്യാം. ഉൽഘാടന സ്കാനുകളെ പറ്റി ചില പൊതുവായ കാര്യങ്ങൾ:
- 101 സ്കാനുകളിൽ 96 എണ്ണവും മലയാള രേഖകളാണ്. അതിനു പുറമെ 3 ഇംഗ്ലീഷ് പുസ്തകങ്ങളും 2 തമിഴ് പുസ്തകങ്ങളും ഈ റിലീസിൽ ഉൾപ്പെടുന്നു.
- ഈ ഉൽഘാടനസ്കാനുകളിൽ ഭൂരിപക്ഷവും മണ്ണാർക്കാട് KJTM സഹൃദയ ലൈബ്രറിയിലെ ശേഖരത്തിൽ നിന്നുള്ളവ ആണ്.
- റിലീസ് ചെയ്യുന്ന ഏറ്റവും കൂടുതൽ പേജുകൾ ഉള്ള പുസ്തകം 240 പേജുകൾ ഉള്ള കൗമുദി പ്രസിദ്ധീകരിച്ച കേരള സ്റ്റേറ്റ് സ്പെഷ്യൽ ആണ്.
- ഉദ്‌ഘാടനറിലീസിലെ ഏറ്റവും പഴയ രേഖ 1934ൽ പ്രസിദ്ധീകരിച്ച മലയാള ബാസൽ മിഷൻ സഭയുടെ ചരിത്ര സംക്ഷേപം എന്ന കൃതി ആണ്. പുസ്തകം ആർ എഴുതി എന്നത് വ്യക്തമല്ല. ആമുഖ പ്രസ്താവനയിൽ EWT എന്നു മാത്രം കാണുന്നു. ഈ പുസ്തകത്തിൽ ബാസൽ മിഷൻ സഭയുടെ നൂറു വർഷത്തെ ചരിത്രം രേഖപ്പെടുത്തിയിരിക്കുന്നു. കേരളീയരും വിദേശികളുമായ മിഷനറിമാർ തിരുവിതാംകൂർ, കൊച്ചി,മലബാർ പ്രവിശ്യകളിൽ നടത്തിയ സാമൂഹ്യ പ്രവർത്തനങ്ങളെ കുറിച്ചു പ്രതിപാദിക്കപ്പെട്ടിരിക്കുന്നു. കോഴിക്കോട് സ്വദേശിയായ മോഹൻ കുര്യൻ ആണ് ഈ പുസ്തകത്തിൻ്റെ ഏറ്റവും പഴയ പതിപ്പ് ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.
- ഉദ്‌ഘാടനറിലീസിലെ ഏറ്റവും പുതിയ രേഖ വിഷ്ണുമംഗലം കുമാർ ബാംഗ്ലൂർ കേരളസമാജത്തെ പറ്റി രചിച്ച കേരളം സമാജം ഇന്നലെ ഇന്ന് നാളെ എന്ന പുസ്തകമാണ്.
ബാംഗ്ലൂരിൽ നിന്നുള്ള പ്രത്യേക രേഖകൾ
തൽക്കാലികമാണെങ്കിൽ പോലും നിലവിൽ ബാംഗ്ലൂർ ആണ് കേരളരേഖകളുടെ ഡിജിറ്റൈസേഷൻ പദ്ധതിയുടെ കേന്ദ്രം. ഇത് ഒരു അപൂർവ്വ അവസരമായതിനാൽ തന്നെ ബാംഗ്ലൂരിലെ കേരള രേഖകൾ ഡിജിറ്റൈസ് ചെയ്യുന്നതിൽ ഇപ്പോൾ സവിശേഷ ശ്രദ്ധയുണ്ട്. അങ്ങനെയുള്ള കുറച്ച് ബാംഗ്ലൂർ രേഖകളും ഉദ്‌ഘാടനറിലീസിൻ്റെ ഭാഗമാണ്.
- ബാംഗ്ലൂർ മലയാളി: ബാംഗ്ലൂർ മലയാളികളുടെ മുത്തശ്ശി സംഘടനയായ ബാംഗ്ലൂർ കേരളസമാജം 1970ലും 1975ലും പ്രസിദ്ധീകരിച്ച ബാംഗ്ലൂർ മലയാളി എന്ന പുസ്തകം. ഈ പുസ്തകങ്ങൾ ലഭ്യമായത് ബാംഗ്ലൂർ മലയാളിയായ വിഷ്ണുമംഗലം കുമാറിൻ്റെ ശേഖരത്തിൽ നിന്നാണ്.
- കേരളം സമാജം ഇന്നലെ ഇന്ന് നാളെ: ബാംഗ്ലൂർ കേരള സമാജത്തിൻ്റെ ചരിത്രം രേഖപ്പെടുത്തിയ പുസ്തകം. ബാംഗ്ലൂർ മലയാളിയായ വിഷ്ണുമംഗലം കുമാറിൻ്റെ ശേഖരത്തിൽ നിന്നാണ്. അദ്ദേഹം തന്നെയാണ് ഈ പുസ്തകം രചിച്ചിരിക്കുന്നത്.
പാഠപുസ്തകങ്ങൾ
പാഠപുസ്തകങ്ങൾ കൂടുതലെണ്ണം ഡിജിറ്റൈസേഷനായി ലഭ്യമായിട്ടുണ്ട്.അതിലെ കുറച്ചെണ്ണം ഈ ഉൽഘാടന സ്കാനുകളിൽ ഉണ്ട്. ഈ പാഠപുസ്തകങ്ങൾ ശ്രീ ഡൊമിനിക് നെടുമ്പറമ്പിലും ടോണി ആൻ്റണി മാഷും കൂടെ ലഭ്യമാക്കിയതാണ്.
- പ്രായോഗിക കണക്കു പുസ്തകം: 1937ൽ ടി ലക്ഷ്മിക്കുട്ടി വാരസ്യാർ രചിച്ച നാലാം ക്ലാസ്സിലേക്കുള്ള പാഠ പുസ്തകത്തിന്റെ സ്കാൻ. കൊച്ചി സർക്കാരിന് വേണ്ടി തൃശൂർ ഡെക്കാൻ പ്രിന്റിങ് പ്രെസ്സിൽ അച്ചടിച്ചത്
- ഇന്ത്യാ ചരിത്ര വീക്ഷണം രണ്ടാം വാള്യം: 1952ലെ അഞ്ചാം ക്ലാസ്സിലേക്കുള്ള പാഠ പുസ്തകത്തിന്റെ സ്കാൻ.
- ബാലവാചകം: 1938 ൽ വിദ്വാൻ ആർ. മീനാക്ഷി സുന്ദരം രചിച്ച തമിഴ് പാഠപുസ്തകത്തിന്റെ സ്കാൻ. മദ്രാസ് കാക്സ്റ്റൻ പ്രെസ്സിൽ അച്ചടിച്ചത്
- ലോവർ സെക്കന്ററി ജോഗ്രഫി (ഭൂമിശാസ്ത്രം): 1939ൽ പ്രസിദ്ധീകരിച്ച രണ്ടാം ഫോറത്തിലേക്കുള്ള ഭൂമിശാസ്ത്രം പാഠപുസ്തകം രണ്ടാം ഭാഗത്തിന്റെ സ്കാൻ. രചയിതാവ് കെ .കരുണാകരൻ നായർ.അച്ചടി: വിജയമണി പ്രിന്റിങ് വർക്സ് , തൃശൂർ
ആനുകാലികങ്ങൾ
മണ്ണാർക്കാട് KJTM സഹൃദയ ലൈബ്രറിയിൽ നിന്നുള്ള ആനുകാലികങ്ങളുടെ റിലീസ് തുടരുകയാണ്. ഈ റിലീസിൽ ഉൾപ്പെടിരിക്കുന്ന ചില പ്രമുഖമാസികകൾ:
- പ്രകാശം മാസിക: കൊച്ചി നാട്ടുരാജ്യത്തിൽ നിന്നും ഡോ. കമാൽ പാഷ തയ്യിൽ മുഖ്യ പത്രാധിപരായി പ്രസിദ്ധീകരിച്ചിരുന്ന പ്രകാശം എന്ന ആനുകാലികത്തിൻ്റെ 26 ലക്കങ്ങൾ. ഇസ്ലാം പശ്ചാത്തലം ഉള്ള മാസികയിൽ മതപരമായ വിഷയങ്ങൾക്ക് പുറമെ സാഹിത്യം, സാമൂഹ്യം, രാഷ്ട്രീയം തുടങ്ങിയ വിഷയങ്ങളിലുള്ള പംക്തികളും കാണാം. കൊച്ചിയിലെ ജാനകി പ്രിന്റിങ് പ്രസ്സ് ആണ് അച്ചടി
- സർവീസ് മാസിക: നായർ സർവീസ് സൊസൈറ്റിയുടെ സമുദായ മാസിക. മാസികയുടെ 1945ലെ ആറു ലക്കങ്ങൾ, 1946 ലെ അഞ്ചു ലക്കങ്ങൾ,1947ലെ ഒരു ലക്കം എന്നിവയുടെ അടക്കം മൊത്തം 12 ലക്കങ്ങൾ.. പ്രസാധകൻ മന്നത്ത് പദ്മനാഭ പിള്ള. അച്ചടി എൻ. എസ്. എസ്. പ്രസ്സ്, ചങ്ങനാശ്ശേരി
- ചക്രവാളം വാരിക: കോട്ടയത്ത് നിന്നും പ്രസിദ്ധീകരിച്ചിരുന്ന ചക്രവാളം വാരികയുടെ 1946 ഓഗസ്റ്റ് മുതൽ ഒക്‌ടോബർ വരെയുള്ള 16 ലക്കങ്ങളുടെ സ്കാൻ. പത്രാധിപർ കെ പി കരുണാകര പിഷാരടി. പ്രിന്റിങ് ചക്രവാളം പ്രസ്സ്, കോട്ടയം
- കലാനിധി മാസിക: ആർ. നാരായണ പണിക്കരുടെ പത്രാധിപത്യത്തിൽ തിരുവനന്തപുരത്തു നിന്ന് പ്രസിദ്ധീകരിച്ചിരുന്ന മാസികയുടെ 1948 ലെ രണ്ടു ലക്കങ്ങൾ, 1949 ലെ ആറു ലക്കങ്ങൾ, 1949 ലെ ഒരു ലക്കം എന്നിവയുടെ സ്കാൻ. പ്രസാധകൻ ടി സുബ്ബയ്യ റെഡ്ഢിയാർ. അച്ചടി റെഡ്ഢിയാർ പ്രസ്സ്, തിരുവനന്തപുരം
- നവജീവൻ വാരിക: 1938 ഏപ്രിൽ, മെയ്, ജൂൺ, ജൂലൈ മാസങ്ങളിലെ വാരികയുടെ സ്കാൻ.തിരുവനന്തപുരത്തു നിന്നും സി. വി. കുഞ്ഞുരാമന്റെ പത്രാധിപത്യത്തിൽ ഇറങ്ങിയിരുന്ന വാരികയിൽ ആനുകാലിക സംഭവ വികാസങ്ങളെ കുറിച്ചുള്ള ലേഖനങ്ങൾ, കഥകൾ, കവിതകൾ എന്നിവ ഉൾപ്പെടുത്തിയിരിക്കുന്നു.
സുവനീറുകൾ/വാർഷികപ്പതിപ്പുകൾ
മണ്ണാർക്കാട് KJTM സഹൃദയ ലൈബ്രറിയിൽ നിന്നുള്ള സുവനീറുകളുടെ/വാർഷികപതിപ്പുകളുടെ റിലീസ് തുടരുകയാണ്. ഈ റിലീസിൽ ഉൾപ്പെടിരിക്കുന്ന ചില പ്രമുഖമാസികകൾ:
- കൗമുദി കേരള സ്റ്റേറ്റ് സ്പെഷ്യൽ: കേരളത്തിൻ്റെ രൂപീകരണത്തോട് അനുബന്ധിച്ച് 1956ൽ കൗമുദി പ്രസിദ്ധീകരിച്ച സുവനീർ ആണ് ഇത്. ഒരു ചരിത്രസുവനീർ ആയത് കൊണ്ട് അതിൻ്റെ പ്രത്യേകതകളും ഈ സുവനീറിനു ഉണ്ട്.
- ജയകേരളം ഓണം വിശേഷാൽ പതിപ്പ്: മദിരാശിയിലെ മറുനാടൻ മലയാളികളുടെ പ്രസിദ്ധീകരണമായിരുന്നു ജയകേരളം. 1947ൽ ഇന്ത്യയിൽ ആദ്യമായി മറുനാടൻ മലയാളികൾ തുടങ്ങിയ പ്രസിദ്ധീകരണമെന്ന് അവകാശപ്പെടുന്ന ജയകേരളം വാരികയുടെ 1948 ഓണം വിശേഷാൽ പ്രതിയുടെ സ്കാൻ. മലയാളത്തിലെ പ്രമുഖ സാഹിത്യകാരന്മാരുടെ കഥകളും കവിതകളും ലേഖനങ്ങളും ഉൾപ്പെടുത്തിയിരിക്കുന്നു.
- പാഞ്ചജന്യം: മിടുക്കൻ തമ്പുരാൻ എന്ന അറിയപ്പെട്ടിരുന്ന ഉത്രാടം തിരുനാൾ കേരള വർമ്മ കൊച്ചി മഹാരാജാവിന്റെ എഴുപത്തെട്ടാം ജന്മദിനത്തോടനുടനുബന്ധിച്ചു പ്രസിദ്ധീകരിച്ച സ്മരണികയുടെ സ്കാൻ. പ്രസാധനം: പാഞ്ചജന്യം തൃശൂർ അച്ചടി: ബി. വി. ബുക്ക് ഡിപ്പോ ആൻഡ് പ്രിന്റിങ് പ്രസ്സ്, തിരുവനന്തപുരം
- സമസ്തകേരള സാഹിത്യപരിഷത്ത് റിപ്പോർട്ട്: 1935ൽ സമസ്തകേരള സാഹിത്യപരിഷത്ത് തലശ്ശേരിയിൽ ചേർന്ന ഒമ്പതാം സമ്മേളനത്തിൻ്റെ റിപ്പോർട്ടും പ്രത്യേകതകൾ ഉള്ളതാണെന്ന് ഒറ്റ നോട്ടത്തിൽ മനസ്സിലാക്കാം. അക്കാലത്തെ പ്രശസ്ത സാഹിത്യകാരന്മാരുടെ സൃഷ്ടികളും ഇതിൽ കാണാം.
- വിശാല കേരളം: 1937ൽ തുറവൂർ ശ്രീ ലക്ഷ്മി നൃസിംഹവിലാസം വായനശാലയുടെ ദശാബ്ദ ജൂബിലി സ്മരണികയുടെ സ്കാൻ. പ്രസാധനം ശ്രീ പി കെ നീലകണ്‌ഠ പണിക്കർ. അച്ചടി: എസ്. ജി. പ്രസ്സ്, പറവൂർ.
- സചിവോത്തമവിലാസം വായന ശാലയുടെ വാർഷിക സ്മരണിക: 1943 ൽ മൂന്നു വര്ഷം പൂർത്തിയാക്കിയ തൊടുപുഴ സചിവോത്തമവിലാസം ഗ്രന്ഥാലയത്തിന്റെ വിശേഷാൽപ്രതിയിൽ ആശംസകളും പ്രമുഖ എഴുത്തുകാരുടെ സാഹിത്യ സൃഷ്ടികളും ഉൾപ്പെടുത്തിയിരിക്കുന്നു.
- ഉപഹാരമഞ്ജരി: സാഹിത്യരത്നം ശ്രീ ആറ്റൂർ കൃഷ്ണപിഷാരടിയുടെ ഷഷ്ടി പൂർത്തിയോടനുബന്ധിച്ച് 1939 ൽ തൃശൂരിൽ നിന്നും പ്രസിദ്ധീകരിച്ച സ്മരണികയുടെ സ്കാൻ . പ്രകാശനം ആർ സി ഭട്ടാരക സഹോദരന്മാർ തൃശ്ശിവപേരൂർ. അച്ചടി മംഗളോദയം പ്രസ്സ്, തൃശൂർ
ടൈറ്റസ് വർഗീസിൻ്റെ രചനകൾ
വിദേശമലയാളിയായ ജോർജ്ജ് തോമസിൻ്റെ (ഡെൻമാർക്ക്) ശേഖരത്തിൽ നിന്നുള്ളതാണ് അദ്ദേഹത്തിൻ്റെ ബന്ധുകൂടിയായ റ്റൈറ്റസ് വർഗ്ഗീസിൻ്റെ രചനകൾ. ഡിജിറ്റൈസേഷനായി ഡെൻമാർക്കിൽ നിന്ന് ബാംഗ്ലൂരിലെത്തിയ രേഖകൾ ആണിത്. അതിലെ പ്രധാനപ്പെട്ട രണ്ടു പുസ്തകങ്ങൾ.
- മാർ തോമസു അത്താനാസ്യോസു മെത്രാപൊലീത്ത: മാർത്തോമ്മാ സഭയുടെ ചരിത്രത്തിലെ ഏറ്റവും വൈഷമ്യകരമായ കാലഘട്ടത്തിൽ സഭക്ക് സുധീര നേതൃത്വം നൽകിയ മെത്രാപ്പോലീത്തയുടെ ജീവചരിത്രം.1970 ൽ പ്രസിദ്ധീകരിച്ചത്. രചന ടൈറ്റസ് വർഗ്ഗീസ്. അച്ചടി ബി. വി. ബുക്ക് ഡിപ്പോ ആൻഡ് പ്രിന്റിങ് വർക്സ്, തിരുവനന്തപുരം
- തീത്തൂസ് പ്രഥമൻ മെത്രാപൊലീത്ത 1976 ൽ പ്രസിദ്ധീകരിച്ച ജീവചരിത്രത്തിന്റെ സ്കാൻ. രചന ടൈറ്റസ് വർഗ്ഗീസ്.. അച്ചടി- നളത്ര പ്രിന്റേഴ്‌സ് കോട്ടയം