ലിറ്റിൽ മാസികയുടെ 56 ലക്കങ്ങൾ

2009 മുതൽ 2019 വരെയുള്ള കാലയളവിൽ പ്രസിദ്ധീകരിച്ച ലിറ്റിൽ മാസികയുടെ ലഭ്യമായ 56 ലക്കങ്ങളുടെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

1992-ൽ ബിരുദ വിദ്യാർത്ഥിയായിരുന്ന കാലത്താണ് ബിജു ജോൺ ലിറ്റിൽ മാസികക്ക് തുടക്കം കുറിക്കുന്നത്. ദൃഷ്ടി എന്ന പേരിലാണ് മാസിക പ്രസിദ്ധീകരണം ആരംഭിച്ചത്. കേവലം ഒരു പ്രസിദ്ധീകരണമെന്നതിലുപരി, ചെറുതും സുസ്ഥിരവുമായ ജീവിതദർശനങ്ങൾ ഉൾക്കൊള്ളുന്ന രചനകളായിരുന്നു ഇതിൻ്റെ ഉള്ളടക്കം.  അധ്യാപകനും എഴുത്തുകാരനുമായ അബ്ദുള്ളക്കുട്ടി എടവണ്ണ കൂടി മാസികയുടെ പ്രവർത്തനങ്ങളിൽ പങ്കുചേർന്നതോടെ കൂട്ടായ്മയുടെ കരുത്തിൽ ലിറ്റിൽ മാസിക ഏറെ മികവുറ്റതായി. കാലക്രമേണ, ജീവിതത്തെ കൂടുതൽ പ്രസന്നവും സർഗാത്മകവുമാക്കുന്ന ആലോചനകളിലേക്ക് മാസികയുടെ ദിശ മാറി

ചെറുതിനാണ് ഭംഗിയുള്ളതെന്ന ഏണസ്റ്റ് ഷൂമാക്കറുടെ ദർശനമാണ് മാസികയുടെ പ്രവർത്തനങ്ങൾക്ക് പ്രചോദനമായത്. ചെറിയ കാര്യങ്ങളുടെ പ്രസക്തി (Relevance of being little) എന്ന ആശയത്തെ മുൻ നിർത്തി, മാസികക്ക് ലിറ്റിൽ മാസിക എന്നു തന്നെ പേരു നൽകി. വന്യമായ ഉപഭോഗസംസ്കാരങ്ങൾക്ക് ബദലായി ചെറിയ കാര്യങ്ങളുടെ വലിയ പ്രസക്തി, ചെറിയ സമരമാതൃകകൾ, ജീവിതശൈലികൾ എന്നിവ മാസിക മുന്നോട്ടു വെച്ചു. ചെറിയ മനുഷ്യർ, കൊച്ചു പ്രസ്ഥാനങ്ങൾ, ചെറുതെങ്കിലും ആത്മാർത്ഥമായ ജനകീയ ഇടപെടലുകൾ, പൂവ്, കാട്, പുഴ, ചെറുജീവികൾ, ദൃഷ്ടിയിൽ പെടാത്ത പ്രാണികൾ അങ്ങനെ ചെറുതും സുന്ദരവും സ്ഥായിയായി നിലനിൽക്കുന്നതുമായ ജീവിതത്തിൻ്റെ വിവിധ ഭാവങ്ങളെക്കുറിച്ച് മാസിക വിചാരപ്പെടുന്നുവെന്ന്  മാസികയുടെ തുടക്കത്തിൽ കൊടുത്തിട്ടുണ്ട്. യാതൊരുവിധ വാണിജ്യ-മൂലധന താല്പര്യങ്ങൾക്കും വഴങ്ങാതെ, തികച്ചും മൗലികവും പുതുമയുള്ളതും പരീക്ഷണാത്മകവുമായ ആശയങ്ങളെ പ്രതിനിധീകരിച്ചു കൊണ്ടുള്ള ‘അവാങ് ഗാർഡ്’ (Avant-garde) മാതൃകയിലുള്ള അന്വേഷണങ്ങൾക്കാണ് പിൽക്കാലത്ത് മാസിക പ്രാമുഖ്യം നൽകിയത്. സാഹിത്യം, ചിത്രകല, പരിസ്ഥിതി, ലോക സിനിമ, യാത്ര, ധ്യാനം ഇങ്ങനെ വൈവിധ്യ വിഷയങ്ങളെക്കുറിച്ചുള്ള എഴുത്തുകൾ മാസികയിൽ പ്രസിദ്ധീകരിച്ചിരുന്നു. കാഴ്ചയുടെ തീർത്ഥാടനങ്ങൾ എന്ന പേരിൽ ലോകസിനിമയെ പരിചയപ്പെടുത്തുന്ന മമ്മദ് എഴുതിയ ലേഖനങ്ങൾ, നടത്തം എന്ന പേരിൽ എം.പി. പ്രതീഷ് എഴുതിയ ആത്മവിചാരങ്ങൾ മിക്കവാറും എല്ലാ ലക്കത്തിലുമുണ്ട്. പരസ്യങ്ങളൊന്നും തന്നെ മാസികയിൽ സ്വീകരിച്ചിട്ടില്ല. 1992 മുതൽ 2021 വരെ സമാന്തര വായനാലോകത്ത് തനതായ ഒരിടം അടയാളപ്പെടുത്തിയ ലിറ്റിൽ മാസിക, ഒരു ചെറിയ ഇടവേളക്കു ശേഷം വീണ്ടും പ്രസിദ്ധീകരിക്കാൻ ഒരുങ്ങുകയാണ്

മുഖ്യധാരാ അച്ചടിമാധ്യമങ്ങൾക്ക് എതിരെ സഞ്ചരിക്കുകയും കാലഘട്ടത്തിൻ്റെ സ്പന്ദനങ്ങളെ പകർത്തുകയും ചെയ്യുക എന്ന ദൗത്യമാണ് ചെറു ആനുകാലികങ്ങളായ ലിറ്റിൽ മാഗസിനുകൾ ഏറ്റെടുത്ത് നിർവഹിച്ചത്. ആധുനികതയുടെ ആരംഭകാലത്ത് ചെറുമാഗസിനുകളാൽ സമ്പന്നമായിരുന്നു മലയാളം. പക്ഷിക്കൂട്ടം, സംക്രമണം, പ്രേരണ, ഇന്ന്, ഉണ്മ തുടങ്ങിയവ രാഷ്ട്രീയവും സാംസ്കാരികവുമായ ഭാവുകത്വ നവീകരണത്തിനു തുടക്കം കുറിച്ചവയാണ്. സച്ചിദാനന്ദൻ, കെ.ജി.എസ്, അയ്യപ്പപ്പണിക്കർ, ടി.പി രാജീവൻ, ഒ.വി വിജയൻ, മാധവിക്കുട്ടി തുടങ്ങി പിൽക്കാലത്ത് പ്രസിദ്ധരായ എഴുത്തുകാരിൽ ചിലരെങ്കിലും ലിറ്റിൽ മാസികകളിൽ തുടക്കം കുറിച്ചവരാണ്. ചിലർ പിന്നീടും അവയുമായി ബന്ധം നിലനിർത്തി.

ലിറ്റിൽ മാസികയുടെ എഡിറ്റർ ആയിരുന്ന ബിജു ജോൺ ആണ് ഈ മാസികകൾ ഡിജിറ്റൈസേഷനു വേണ്ടി നൽകിയത്.

നമ്മുടെ പഴയകാല ആനുകാലികങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായി കൂടിയാണ് ഈ മാസികകൾ ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

  • പേര്: ലിറ്റിൽ മാസിക
  • എഡി: ബിജു ജോൺ
  • പ്രസിദ്ധീകരണ വർഷം: 2009-2019
  • അച്ചടി: Co-operative Press, Chungathara
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

 

Leave a Reply

Your email address will not be published. Required fields are marked *