ഇറ്റാലിയൻ നഗരമായ മിലാനിലെ അംബ്രോസിയൻ ഗ്രന്ഥ ശേഖരത്തിൽ സൂക്ഷിച്ചിട്ടുള്ള കേരള ക്രൈസ്തവരുടെ ചരിത്രപരത വെളിപ്പെടുത്തുന്ന ഒരു പ്രാചീന ഗ്രന്ഥത്തിൻ്റെ കയ്യെഴുത്തുപ്രതിയിൽ ഉള്ള മിലാൻ രേഖകൾ എന്ന് നാമകരണം ചെയ്ത രണ്ടു പ്രധാന രേഖകളെ കുറിച്ച് സ്കറിയ സക്കറിയ 1978 മാർച്ച് മാസത്തിൽ ഇറങ്ങിയ കതിരൊളി മാസികയിൽ (പുസ്തകം 17 ലക്കം 03) എഴുതിയ ലേഖനത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
കിഴക്കിൻ്റെ സഭയിലെ ഇന്ത്യ മെത്രാസനത്തിൻ്റെ ഭാഗമായിരുന്ന കേരളത്തിലെ സുറിയാനി ക്രിസ്ത്യാനി സമുദായത്തിൽ പരമ്പരാഗത നേതൃത്വം വഹിച്ച വ്യക്തികളായിരുന്നു അർക്കദ്യാക്കോന്മാർ അഥവാ ആർച്ച് ഡീക്കന്മാർ. കൂനൻ കുരിശു സത്യത്തിനും തുടർന്നുള്ള സംഭവവികാസങ്ങൾക്കും നേതൃത്വം നൽകിയ സമുദായ നേതാവായിരുന്ന തോമ്മാ അർക്കദ്യാക്കോൻ്റെ നേതൃത്വത്തിൽ 1645 ൽ മാർത്തോമ്മാ ക്രിസ്ത്യാനികൾ പോർത്തുഗീസ് വൈസ്രോയിക്ക് നൽകിയ ഹർജിയാണ് ഇതിൽ ഒന്നാമത്തെ രേഖ. മാർത്തോമ്മാ ക്രിസ്ത്യാനികളെ ഭരിച്ചുകൊണ്ടിരുന്ന ഗാർസ്യാ മെത്രാപ്പൊലീത്തക്കും ഈശോസഭാ വൈദികർക്കും എതിരെ ഉന്നയിക്കപ്പെട്ട ഗുരുതരമായ ആരോപണങ്ങളായിരുന്നു ഈ ഹർജിയിലെ ഉള്ളടക്കം.
1632 ഡിസംബർ 25 ന് ഇടപ്പള്ളിയിൽ വെച്ച് മാർത്തോമ്മാ ക്രിസ്ത്യാനികളുടെ വൈദികയോഗം കൈക്കൊണ്ട തീരുമാനങ്ങളുടെ വിശദാംശങ്ങളാണ് രണ്ടാമത്തെ രേഖ. സ്റ്റീഫൻ ബ്രിട്ടോ മെത്രാപ്പൊലീത്തായുടെ ഭരണകാലത്ത് ഗീവർഗീസ് അർക്കദ്യാക്കോൻ്റെ നേതൃത്വത്തിൽ നടന്ന യോഗത്തിൻ്റെ തീരുമാനങ്ങളാണ് രേഖയിലെ വിഷയം സ്റ്റീഫൻ ബ്രിട്ടോ മെത്രാപ്പൊലീത്തായുടെ ഭരണകാലത്ത് ഗീവർഗീസ് അർക്കദ്യാക്കോൻ്റെ നേതൃത്വത്തിൽ എടുത്ത തീരുമാനങ്ങളാണിത്. സുറിയാനി ഭാഷ വശമില്ലാത്ത മെത്രാന്മാരെ സ്വീകരിക്കുകയില്ല, ഈശോസഭക്കാരുടെ അന്യായങ്ങൾ വെച്ചുപൊറുപ്പിക്കില്ല, അർക്കദ്യാക്കോൻ്റെ ഒപ്പില്ലാത്ത കൽപ്പനകൾ സ്വീകരിക്കേണ്ടതില്ല തുടങ്ങിയവയായിരുന്നു പ്രധാന കാര്യങ്ങൾ. പതിനേഴാം നൂറ്റാണ്ടിനോളം പഴക്കമുള്ള രേഖ ഭാഷാ ഗവേഷകരുടെ സൗകര്യം പരിഗണിച്ച് ഭാഷാപരമായ പരിഷ്കരണങ്ങളില്ലാതെയാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
ഡോ. സ്കറിയാ സക്കറിയയുടെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)
- പേര്: മിലാൻ രേഖകൾ
- രചന: സ്കറിയാ സക്കറിയ
- താളുകളുടെ എണ്ണം: 12
- സ്കാൻ ലഭ്യമായ ഇടം: കണ്ണി