1996 – വിദ്യാഭ്യാസനയം – എ.കെ.പി.സി.ടി.എ

1996 – ൽ എ.കെ.പി.സി.ടി.എ  പ്രസിദ്ധീകരിച്ച, വിദ്യാഭ്യാസനയം എന്ന ലഘു ലേഖയുടെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1996 - വിദ്യാഭ്യാസനയം - എ.കെ.പി.സി.ടി.എ
1996 – വിദ്യാഭ്യാസനയം – എ.കെ.പി.സി.ടി.എ

കേരളത്തിലെ വിദ്യാഭ്യാസ മേഖല നേരിടുന്ന സങ്കീർണ്ണമായ വെല്ലുവിളികളെയും, എ.കെ.പി.സി.ടി.എ  (All Kerala Private College Teachers’ Association) ഏറ്റെടുക്കേണ്ട ഉത്തരവാദിത്തങ്ങളെയും വളരെ കൃത്യമായി വിശകലനം ചെയ്യുന്നു ഈ പുസ്തകത്തിൽ. കേരളത്തിലെ സ്വകാര്യ കോളേജ് അധ്യാപകരുടെ ആത്മാഭിമാനത്തിനും അവകാശ സംരക്ഷണത്തിനുമായി രൂപംകൊണ്ട സംഘടനയാണ് എ.കെ.പി.സി.ടി.എ. (AKPCTA). വ്യക്തിഗത താൽപ്പര്യങ്ങൾക്കപ്പുറം സാമൂഹിക പുരോഗതി ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന ഈ സംഘടന, ഉന്നതവിദ്യാഭ്യാസ മേഖല നേരിടുന്ന വെല്ലുവിളികളെ നേരിടാൻ രണ്ടു പ്രധാന ലക്ഷ്യങ്ങളാണ് മുന്നോട്ട് വെക്കുന്നത്. ഒന്നു വിദ്യാഭ്യാസത്തെ കച്ചവടമാക്കുന്ന (കമ്പോളവൽക്കരണം) നീക്കങ്ങൾക്കെതിരെ ശക്തമായ സമരങ്ങൾ സംഘടിപ്പിക്കുക, രണ്ട് ഉന്നതവിദ്യാഭ്യാസത്തെ സമൂഹത്തിന് ഗുണകരമാകുന്ന രീതിയിൽ മൗലികമായ മാറ്റങ്ങളിലൂടെ പുനഃക്രമീകരിക്കുക.
ദേശീയ നയങ്ങളുടെയും സാമ്പത്തിക പരിഷ്കാരങ്ങളുടെയും ഭാഗമായി ഉന്നതവിദ്യാഭ്യാസ രംഗത്ത് ഉണ്ടാകുന്ന ജീർണ്ണതയെയും അട്ടിമറി ശ്രമങ്ങളെയും പ്രതിരോധിക്കാൻ അധ്യാപകർ സജീവമായ അക്കാദമിക-സംഘടനാ ഇടപെടലുകൾ നടത്തണമെന്ന് സംഘടന ആഹ്വാനം ചെയ്യുന്നു. ഇതിനായുള്ള സമഗ്രമായ വിദ്യാഭ്യാസ നയം സംഘടനയുടെ 38-ാം സംസ്ഥാന സമ്മേളനത്തിൽ പ്രഖ്യാപിക്കപ്പെട്ടു.

പി ഗോവിന്ദപ്പിള്ള ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി ലഭ്യമായത്.

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്: വിദ്യാഭ്യാസനയം – എ.കെ.പി.സി.ടി.എ
  • പ്രസിദ്ധീകരണ വർഷം: 1996
  • താളുകളുടെ എണ്ണം: 61
  • അച്ചടി: Learners Off set Press,Kottayam
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1998 – ഡി.പി.ഇ.പി: എന്ത്? എന്തിന്?

1998-ൽ പ്രസിദ്ധീകരിച്ച, ഡി.പി.ഇ.പി: എന്ത്? എന്തിന്? എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

ജില്ലാ പ്രാഥമിക വിദ്യാഭ്യാസ പരിപാടി അഥവാ ഡി.പി.ഇ.പിയെക്കുറിച്ച് ആൾ ഇന്ത്യാ ഡമോക്രാറ്റിക് സ്റ്റുഡൻ്റ്സ് ഓർഗനൈസേഷൻ നടത്തിയ വിശദമായ പഠനമാണ് ഈ പുസ്തകത്തിൻ്റെ ഉള്ളടക്കം. പൊതുവിദ്യാഭ്യാസരംഗത്ത് വ്യാപകമായ മാറ്റങ്ങൾ കൊണ്ടുവന്ന ഈ നയം വിദ്യാഭ്യാസ മേഖലക്ക് ഗുണം ചെയ്യുന്നില്ല എന്നും വിനാശം സൃഷ്ടിക്കുകയേ ഉള്ളൂ എന്നും ഇതിൽ പറയുന്നു. നിക്ഷിപ്തതാല്പര്യങ്ങളോടെ ലോകബാങ്കിൻ്റെ ധനസഹായത്തോടെ നടക്കുന്ന പദ്ധതിയെ ഇവിടത്തെ ഇടതുമുന്നണി സർക്കാർ എതിർക്കുകയുണ്ടായില്ല, മാത്രമല്ല പ്രൈമറി വിദ്യാലയങ്ങളിൽ നിന്നും കുട്ടികളുടെ കൊഴിഞ്ഞുപോക്ക് തടയുവാനാണ് DPEP വന്നത് എന്നിട്ടും പദ്ധതി നടപ്പിലായതോടെ സർക്കാർ വിദ്യാലയങ്ങളിൽ നിന്നും വൻതോതിൽ കുട്ടികൾ കൊഴിഞ്ഞുപോകാൻ തുടങ്ങിയെന്നും വസ്തുതകൾ നിരത്തി വ്യക്തമാക്കുന്നു

പി ഗോവിന്ദപ്പിള്ള ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി ലഭ്യമായത്.

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്: ഡി.പി.ഇ.പി: എന്ത്? എന്തിന്?
  • പ്രസിദ്ധീകരണ വർഷം: 1998
  • താളുകളുടെ എണ്ണം: 69
  • അച്ചടി: Don Bosco, Kollam
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

കേരള കലാമണ്ഡലം പാഠ്യപദ്ധതി

കേരള കലാമണ്ഡലം പാഠ്യപദ്ധതി എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

കേരള കലാമണ്ഡലം പാഠ്യപദ്ധതി
കേരള കലാമണ്ഡലം പാഠ്യപദ്ധതി

കേരള  കലാമണ്ഡലത്തിൻ്റെ പാഠ്യപദ്ധതികളെക്കുറിച്ചുള്ള വിശദാംശങ്ങൾ ആണ് ഈ പുസ്തകത്തിൻ്റെ ഉള്ളടക്കത്തിലുള്ളത്. കേരള കലാമണ്ഡലം പാഠ്യപദ്ധതിയിൽ  കേരളീയ ക്ലാസിക്കൽ കലകളായ കഥകളി, മോഹിനിയാട്ടം, കൂടിയാട്ടം, തുള്ളൽ, പഞ്ചവാദ്യം, ഭരതനാട്യം തുടങ്ങിയവയിൽ ഗുരുകുല സമ്പ്രദായപരമായ പരിശീലനത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. ഗുരുശിഷ്യ പാരമ്പര്യത്തിലൂടെ കളരികളിൽ നടക്കുന്ന പരിശീലനത്തിനൊപ്പം 1990ൽ ആരംഭിച്ച ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിദ്യാഭ്യാസവും ഉൾപ്പെടുത്തിയിട്ടുണ്ട്, ഇത് കലാപഠനത്തോടൊപ്പം സാമാന്യ വിദ്യാഭ്യാസവും നൽകുന്നു. എട്ടാം ക്ലാസ് മുതൽ ഡിപ്ലോമ, ബിരുദ, ബിരുദാനനന്തര കോഴ്സുകൾ വരെ നീണ്ടുനിൽക്കുന്ന പദ്ധതി റെസിഡൻഷ്യൽ സ്വഭാവമുള്ളതുമാണ്. പാഠ്യപദ്ധതിയെ താഴെ പറയുന്നവിധം മൂന്നു വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു.1. കലകളുടെ സാമാന്യ പഠനം, 2. മുഖ്യ വിഷയത്തിൻ്റെ പ്രത്യേക പഠനം,3. സാമാന്യ വിദ്യാഭ്യാസം. കലാമണ്ഡലത്തിൽ ചേരാൻ ആഗ്രഹിക്കുന്നവർക്ക്  ആദ്യമായി അതാതു വിഷയങ്ങൾക്കനുയോജ്യമായ  ശാരീരികഗുണങ്ങളും അഭിരുചിയും താളസ്ഥിതിയും പരിശീലനത്തിനും ആവശ്യമായ ആരോഗ്യസ്ഥിതിയും ഉണ്ടായിരിയ്ക്കേണ്ടതാണു്. പുറമെ, അവർ 14 വയസ്സ്  തികഞ്ഞവരും 7-ാം സ്റ്റാൻഡാർഡ് പാസ്സായവരുമായിരിക്കണം. കലാമണ്ഡലത്തിൻ്റെ ചിട്ടകളും രീതികളും വിശദമാകുന്ന ഈ പുസ്തകത്തിൽ  പ്രസിദ്ധീകണ വർഷമോ, മറ്റനുബന്ധവിവരങ്ങൾ ഒന്നും തന്നെയോ രേഖപ്പെടുത്തിയിട്ടില്ല.

പി ഗോവിന്ദപ്പിള്ള ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി ലഭ്യമായത്.

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്: കേരള കലാമണ്ഡലം പാഠ്യപദ്ധതി
  • താളുകളുടെ എണ്ണം: 89
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1964 -പാർട്ടിയുടേയും ലോക കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൻ്റേയും ഐക്യത്തിനുവേണ്ടി

1964 – ൽ  പ്രസിദ്ധീകരിച്ച പാർട്ടിയുടേയും ലോക കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൻ്റേയും ഐക്യത്തിനുവേണ്ടി എന്ന ലഘുലേഖയുടെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.

1964 -പാർട്ടിയുടേയും ലോക കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൻ്റേയും ഐക്യത്തിനുവേണ്ടി
1964 -പാർട്ടിയുടേയും ലോക കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൻ്റേയും ഐക്യത്തിനുവേണ്ടി

1964 ജൂൺ 7മുതൽ17 തീയതികളിൽ ദൽഹിയിൽ കൂടിയ CPI ദേശീയ കൗൺസിൽ താഴെ പറയുന്ന പ്രമേയം അംഗീകരിച്ചു. വരട്ടു തത്വവാദപരമായ ഭിന്നിപ്പിന്നും വീരസാഹസികതയ്ക്കും അവസരവാദത്തിന്നും എതിരായി- പാർട്ടിയുടേയുംലോക കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൻ്റെ ഐക്യത്തിന്നു വേണ്ടി”എന്ന പേരിൽ ഡ്രാഫ്‌ടിങ്ങ് കമ്മീഷൻ തയ്യാറാക്കിയ റിപ്പോർട്ടു ദേശീയ കൗൺസിൽ ചർച്ച ചെയ്തു. പാർട്ടി-ലോക കമ്യൂണിസ്റ്റ് ഐക്യ പ്രമേയം അംഗീകരിച്ച്, ഡ്രാഫ്റ്റ് റിപ്പോർട്ട് ഭേദഗതി ചെയ്ത് എല്ലാ സമ്മേളനങ്ങളിലും കോൺഗ്രസ്സിലും ചർച്ചയ്ക്ക് സമർപ്പിക്കാൻ തീരുമാനിച്ചു. ലോക കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിലെ ഇന്നത്തെ പ്രത്യയശാസ്ത്രപരമായവിവാദത്തെപ്പററി ദേശീയകൌൺസിൽ അംശീകരിച്ച റിപ്പോർട്ട് ആണ് ഈ ലഘുലേഖയുടെ ഉള്ളടക്കത്തിലുള്ളത്.

പി ഗോവിന്ദപ്പിള്ള ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി ലഭ്യമായത്.

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്: പാർട്ടിയുടേയും ലോക കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൻ്റേയും ഐക്യത്തിനുവേണ്ടി
  • പ്രസിദ്ധീകരണ വർഷം: 1964
  • താളുകളുടെ എണ്ണം: 109
  • അച്ചടി: Navayugam Press, Trivandrum
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1989 – ഇടതുപക്ഷ ബദൽ

1989 ൽ  പ്രസിദ്ധീകരിച്ച ഇടതുപക്ഷ ബദൽ എന്ന ലഘുലേഖയുടെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.

1989 - ഇടതുപക്ഷ ബദൽ
1989 – ഇടതുപക്ഷ ബദൽ

“1989-ഇടതുപക്ഷ ബദൽ” എന്ന പുസ്തകം RSP കേരള സംസ്ഥാന കമ്മിറ്റി പ്രസിദ്ധീകരിച്ച ലഘുലേഖയാണ്. 1980-ൽ കൽക്കത്തയിലെ RSP സമ്മേളനത്തിൽ അംഗീകരിച്ച തീസിസിനെ അടിസ്ഥാനമാക്കി, കേരളത്തിലെ LDF ഭരണത്തിനെതിരെ യഥാർത്ഥ ഇടതുപക്ഷ ബദൽ രൂപീകരിക്കാൻ ആഹ്വാനം ചെയ്യുന്നു. ഇന്ദിരാഗാന്ധിയുടെ 1980-ലെ അധികാരത്തിലേക്കുള്ള തിരിച്ചുവരവ്, ഒമ്പത് സംസ്ഥാന നിയമസഭകളുടെ പിരിച്ചുവിടൽ, ഇന്ത്യൻ ബൂർഷ്വാ ജനാധിപത്യത്തിൻ്റെ ആഴമായ പ്രതിസന്ധിയും അസ്ഥിരതയെയും സൂചിപ്പിക്കുന്നു. 1971-നു ശേഷം ഇന്ത്യൻ മുതലാളിത്തം നേരിട്ട പുതിയ സാമ്പത്തിക-രാഷ്ട്രീയ പ്രതിസന്ധികൾ, 1975-ലെ അടിയന്തരാവസ്ഥയിലൂടെയുള്ള സ്വേച്ഛാധിപത്യ ഭരണം എന്നിവയെല്ലാം ചർച്ച ചെയ്യുന്നു. കൂടാതെ ഈ പ്രബന്ധത്തിൽ പാർട്ടിയുടെ അടിയന്തര രാഷ്ട്രീയ പരിപാടിയും കർമ്മപദ്ധതികളും വിശകലനം നടത്തുന്നു. അധ്വാനവർഗങ്ങളെ സംഘടിപ്പിക്കാനും അണിനിരത്താനും ഉപയോഗിക്കുന്ന പരിപാടികൾ, ഇതിൽ സ്വേച്ഛാധിപത്യ-ഏകകക്ഷി ഭരണവിരുദ്ധ സമരം, സംസ്ഥാന സ്വയംഭരണത്തിനുള്ള ഭരണഘടനാ ഭേദഗതി, തൊഴിലില്ലായ്മ വേതനം, ദേശസാൽക്കരണം, വിലനിയന്ത്രണം, വരുമാനനീതി, ഭൂപരിഷ്കാരം, ന്യൂനപക്ഷ സംരക്ഷണം, സാമ്രാജ്യത്വവിരുദ്ധ വിദേശനയം എന്നിവ ഉൾപ്പെടുന്നു.

പി ഗോവിന്ദപ്പിള്ള ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി ലഭ്യമായത്.

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്: ഇടതുപക്ഷ ബദൽ
  • പ്രസിദ്ധീകരണ വർഷം: 1989
  • താളുകളുടെ എണ്ണം: 41
  • അച്ചടി: Rekha Printers, Kunnukuzhi, Trivandrum
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1992 – ഭൗമ ഉച്ചകോടി ആർക്കുവേണ്ടി

1992-ൽ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പ്രസിദ്ധീകരിച്ച ഭൗമ ഉച്ചകോടി ആർക്കുവേണ്ടി എന്ന ലഘുലേഖയുടെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

1992 ജൂൺ 1 മുതൽ 12 വരെ ബ്രസീലിലെ റിയോഡിജനീറോയിൽ വെച്ചു നടക്കുന്ന ഭൗമ ഉച്ചകോടിയുടെ മുന്നോടിയായി പരിഷത്ത് പുറത്തിറക്കിയ ലഘുലേഖയാണിത്. ‘പരിസ്ഥിതിയും സ്ഥിരമായ വികസനവും’ എന്നതാണ് ഉച്ചകോടിയുടെ മുദ്രാവാക്യം. വികസന നിലവാരം, കാലാവസ്ഥ, സംസ്കാരം, സാമൂഹിക സ്ഥിതിഗതികൾ എന്നിവ സംബന്ധിച്ച് സമ്പന്ന-ദരിദ്ര രാജ്യങ്ങൾക്കിടയിൽ നിലനിൽക്കുന്ന അസമത്വങ്ങൾ കണക്കിലെടുത്തുകൊണ്ട് പാരിസ്ഥിതിക പ്രശ്നങ്ങളെ സമീപിക്കുന്നതിലുള്ള അമേരിക്കയുടെ വിമുഖനിലപാടുകളെ ഇതിൽ വിമർശിക്കുന്നു. മാത്രമല്ല പരിസ്ഥിതി പ്രശ്നങ്ങളെ ആഗോളമെന്നും ദേശീയമെന്നും തരംതിരിക്കാനുള്ള ശ്രമങ്ങൾ അവർ നടത്തിവരികയും ആഗോളതാപനത്തിൻ്റെ ബാധ്യത വികസ്വരരാജ്യങ്ങളുടെ മേൽ അടിച്ചേൽപ്പിക്കുകയും ചെയ്യുന്നു. പരിസ്ഥിതി സംരക്ഷണത്തിനും ആഗോള താപനം നേരിടുന്നതിനും ആവശ്യമായ മാർഗനിർദ്ദേശങ്ങൾ ഈ ലഘുലേഖ മുന്നോട്ടുവയ്ക്കുന്നു

പി ഗോവിന്ദപ്പിള്ള ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി ലഭ്യമായത്.

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്: ഭൗമ ഉച്ചകോടി ആർക്കുവേണ്ടി
  • പ്രസിദ്ധീകരണ വർഷം: 1992
  • താളുകളുടെ എണ്ണം: 61
  • അച്ചടി: Sankar Printers, Kozhikode
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1975 – ഉറുദു – മലയാളം ഭാഷാ സഹായി

1975-ൽ പ്രസിദ്ധീകരിച്ച, എം.എ. മുഹമ്മദ് സാഹിബ് എഴുതിയ ഉറുദു – മലയാളം ഭാഷാ സഹായി എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

ഇന്ത്യയിലെയും പാക്കിസ്ഥാനിലെയും കോടിക്കണക്കിനു് മുസ്ലിംകൾ സംസാരിക്കുന്ന ഭാഷയാണ് ഉറുദു. മുസ്ലീം സംസ്കാരത്തെയും സാഹിത്യത്തെയും ഉൾക്കൊള്ളുന്ന ഭാഷ ആണെങ്കിൽ കൂടി കേരളത്തിൽ മിക്കവർക്കും ഈ ഭാഷ അറിയില്ല. കേരളത്തിലെ മുസ്ലിംകൾക്ക് ഉറുദു ഭാഷ എഴുതുവാനും വായിക്കുവാനും വേണ്ടി വ്യാകരണസഹിതം തയ്യാറാക്കിയതാണ് ഈ പുസ്തകം.

പി ഗോവിന്ദപ്പിള്ള ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി ലഭ്യമായത്.

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്: ഉറുദു – മലയാളം ഭാഷാ സഹായി
  • പ്രസിദ്ധീകരണ വർഷം: 1975
  • താളുകളുടെ എണ്ണം: 55
  • അച്ചടി:  Amir-Ul-Islam Power Press, Thiroorangadi
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1971 – പ്രാചീനമലയാള ഗദ്യമാതൃകകൾ

1971-ൽ പ്രസിദ്ധീകരിച്ച, പി.കെ. നാരായണപിള്ള എഡിറ്റ് ചെയ്ത പ്രാചീനമലയാള ഗദ്യമാതൃകകൾ എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്1971 – പ്രാചീനമലയാള ഗദ്യമാതൃകകൾ

മലയാളസാഹിത്യപരമ്പര്യത്തെക്കുറിച്ചുള്ള അന്വേഷണം പ്രധാനമായും നടന്നിരുന്നത് കാവ്യങ്ങളെ ചുറ്റിപ്പറ്റിയായിരുന്നു. വൈദേശിക സമ്പർക്കം മൂലമാണ് ഗദ്യവ്യവഹാരങ്ങൾ വികസിച്ചുവന്നതെന്ന വിശ്വാസം പ്രബലമായിരുന്നു. പിൽക്കാലത്ത് കണ്ടെടുക്കപ്പെട്ട ബ്രഹ്മാണ്ഡപുരാണം ഗദ്യം, ഭാഷാ കൗടലീയം പോലെയുള്ള ഗദ്യമാതൃകകൾ പതിനാലാം നൂറ്റാണ്ടു മുതൽതന്നെ പ്രാചീനമായ ഗദ്യശൈലി മലയാളഭാഷയ്ക്കു സ്വന്തമായിരുന്നു എന്ന കാര്യം ഉറപ്പിക്കുന്നുണ്ട്. മലയാള ഗദ്യത്തെ സംബന്ധിച്ച വിലപ്പെട്ട മറ്റൊരു രേഖയാണ് 1599-ൽ ഉദയം പേരൂരിൽ വെച്ചു നടന്ന സൂനഹദോസിലെ(സിനഡ്) കാനോനകൾ. ആദ്യം പറഞ്ഞ പുസ്തകങ്ങൾ വിവർത്തന സ്വഭാവമുള്ളവയാണെങ്കിൽ കാനോനകൾ പ്രാമാണികരേഖയെന്ന നിലയ്ക്കും അന്നത്തെ ഗദ്യവ്യവഹാര മാതൃകകൾ എന്ന നിലയ്ക്കും സ്വതന്ത്രമായി നിൽക്കാൻ കഴിവുള്ളവയാണ്.

ശാസനങ്ങളിൽ നിന്നും നീട്ടെഴുത്തുകളിൽ നിന്നും വ്യത്യസ്തമായി കഥാഖ്യാനത്തിനും സംഭവവിവരണത്തിനും ഉതകുന്ന ഗദ്യശൈലി പതിനാറാം നൂറ്റാണ്ടിൽ നിലനിന്നിരുന്നു എന്നും ഗദ്യകൃതികൾ അക്കാലയളവിൽ രചിക്കപ്പെട്ടിരുന്നു എന്നതിനുമുള്ള തെളിവാണ് പ്രാചീനമലയാള ഗദ്യമാതൃകകൾ എന്ന പുസ്തകം. കാലസൂചനയില്ലാത്തതിനാൽ ഇവയുടെ രചനാകാലം കൃത്യമായി മനസ്സിലാക്കാൻ പ്രയാസമുണ്ടെങ്കിലും ഏതാണ്ട് നാന്നൂറു വർഷം പഴക്കം ഡോ. പി.കെ. നാരായണപിള്ള കല്പിക്കുന്നുണ്ട്. 1950-ൽ തിരുവിതാംകൂർ സർവകലാശാലയിലെ മാനുസ്ക്രിപ്റ്റ് ലൈബ്രറി പ്രസാധനം ചെയ്ത പുസ്തകത്തിൻ്റെ 1971-ൽ കേരളസർവകലാശാലയുടെ ആഭിമുഖ്യത്തിൽ ഡോ. പി.കെ. നാരായണപിള്ള പുന:പ്രസാധനം ചെയ്ത പതിപ്പാണിത്. നളോപാഖ്യാനം, അംബരീഷോപാഖ്യാനം, ദേവീമാഹാത്മ്യം എന്നീ മൂന്ന് പുരാണകഥകളാണ് ഇതിലുള്ളത്. വിശാല തമിഴകത്തിൻ്റെ ഭാഗമായിരുന്ന മലയാള പ്രദേശങ്ങളിൽ ഉപയോഗിച്ചിരുന്ന ഭാഷയെയും തമിഴായ് വിശേഷിപ്പിച്ചിരുന്ന കാര്യം”സംക്ഷേപത്താൽ തമിഴായ്പെടുക്കപ്പെട്ടിതു” (ദേവീമാഹാത്മ്യം) എന്ന പ്രസ്താവനയിൽ വ്യക്തമാണ്. രൂപം, ഭാവം, ഭാഷ എന്നിവയ്ക്കായി തമിഴിനെ ആശ്രയിച്ചിരുന്ന മലയാളത്തിൽ സംസ്കൃതസ്വാധീനം വർദ്ധിച്ചു വരികയും തമിഴിൻ്റെ ഭാഷാപരമായ വഴക്കങ്ങളിൽ നിന്നു മുക്തമാവുകയും ചെയ്ത കാലത്തെ ഈ കൃതികൾ സാക്ഷ്യപ്പെടുത്തുന്നുവെന്ന് പി.കെ. നാരായണപിള്ള നിരീക്ഷിക്കുന്നു. അദ്ദേഹം എഴുതിയ അവതാരിക, ഈ കൃതികളുടെ ഭാഷാപരമായ പ്രത്യേകതകളെയും ഭാവബദ്ധതയെയും അലങ്കാര കല്പനകളെയും വിശദമായി അപഗ്രഥിക്കുന്നുണ്ട്. സംക്ഷേപണം, വിപുലനം തുടങ്ങിയ ആഖ്യാനപരമായ പ്രത്യേകതകൾക്കും മാതൃകയാണ് ഈ പ്രാചീന ലഘുഗദ്യാഖ്യാനങ്ങൾ. കുട്ടികൾക്കു വേണ്ടി എഴുതിയത് എന്നു തോന്നിപ്പിക്കുന്ന രീതിയിൽ ലളിതമാണ് നളോപാഖ്യാനത്തിലെ ഭാഷാരീതി. അംബരീക്ഷോപാഖ്യാനത്തിലെ വർണ്ണനകളും വേദാന്തതത്ത്വചിന്തകളും സംസ്കൃതപ്രയോഗങ്ങളും പ്രൗഢമായ ഭാഷാമാതൃകയാണ് മുന്നിൽ വയ്ക്കുന്നത്. ഇവയ്ക്കിടയിലാണ് ദേവീമാഹാത്മ്യത്തിൻ്റെ സ്ഥാനം. ചെറിയ ചില വ്യത്യാസങ്ങൾ മാറ്റിനിർത്തിയാൽ ആധുനിക ഗദ്യവുമായി അടുത്തുനിൽക്കുന്ന ഭാഷണമാതൃകകളും ഈ ഗ്രന്ഥത്തിൽ കാണാം

പി ഗോവിന്ദപ്പിള്ള ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി ലഭ്യമായത്.

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര് : പ്രാചീനമലയാള ഗദ്യമാതൃകകൾ
  • പ്രസിദ്ധീകരണ വർഷം: 1971
  • എഡിറ്റർ: പി.കെ. നാരായണപിള്ള
  • താളുകളുടെ എണ്ണം: 117
  • അച്ചടി:  C.M. Memorial Press, Thiruvananthapuram
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1999- മാനവീയം

1999 ൽ  പ്രസിദ്ധീകരിച്ച മാനവീയം എന്ന ലഘുലേഖയുടെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.

1999- മാനവീയം
1999- മാനവീയം

1999-ൽ പുതിയ സഹസ്രാബ്ദത്തെ വരവേൽക്കുന്നതിനായി കേരള സർക്കാർ ആവിഷ്കരിച്ച വിപുലമായ സാംസ്കാരിക പദ്ധതിയാണ് ‘മാനവീയം’. സാധാരണക്കാരിലേക്ക് കലയെയും സാംസ്കാരിക മൂല്യങ്ങളെയും എത്തിക്കുന്നതിനൊപ്പം, സമത്വത്തിലും പുരോഗതിയിലും അധിഷ്ഠിതമായ ഒരു സാമൂഹിക മാറ്റമാണ് ഈ പദ്ധതി വിഭാവനം ചെയ്തത്. 1999 നവംബർ 1 മുതൽ 2001 ജനുവരി 26 വരെ നീണ്ടുനിന്ന ഈ മിഷൻ, കേവലം ആഘോഷങ്ങൾക്കപ്പുറം സമൂഹത്തിൻ്റെ ഇച്ഛാശക്തിയെയും സർഗ്ഗാത്മകതയെയും ഏകോപിപ്പിക്കാനുള്ള ഒരു വേദിയായിരുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, കലാ-സാംസ്കാരിക സംഘടനകൾ, വിദ്യാലയങ്ങൾ എന്നിവയുടെ സജീവ പങ്കാളിത്തത്തോടെ അവഗണിക്കപ്പെട്ടു കിടക്കുന്ന നാടൻ കലകളെ വീണ്ടെടുക്കാനും, യുവതലമുറയ്ക്ക് കലാ-കായിക മേഖലകളിൽ ചിട്ടയായ പരിശീലനം നൽകാനും, പ്രാദേശിക ചരിത്രവും സ്മാരകങ്ങളും രേഖപ്പെടുത്തി സംരക്ഷിക്കാനും ഈ ദൗത്യം ഊന്നൽ നൽകി.  ലഹരിയും സ്ത്രീപീഡനവും ഉൾപ്പെടെയുള്ള സാമൂഹിക തിന്മകൾക്കെതിരെ പോരാടാനും, സ്ത്രീ-പുരുഷ സമത്വം ഉറപ്പാക്കാനും, അധികാര വികേന്ദ്രീകരണത്തിലൂടെ വികസന പ്രവർത്തനങ്ങളിൽ ജനപങ്കാളിത്തം വർദ്ധിപ്പിക്കാനും സമൂഹത്തെ നവീകരിക്കുവാനും ഇത് ലക്ഷ്യമിടുന്നു.

പി ഗോവിന്ദപ്പിള്ള ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി ലഭ്യമായത്.

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്: മാനവീയം
  • പ്രസിദ്ധീകരണ വർഷം: 1999
  • താളുകളുടെ എണ്ണം: 31
  • അച്ചടി: Government Press, Mannathala
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1971 – മതപരിവർത്തന രസവാദം

1971-ൽ പ്രസിദ്ധീകരിച്ച, കുമാരനാശാൻ എഴുതിയ മതപരിവർത്തന രസവാദം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

1923-ൽ കൊല്ലത്തു വെച്ചു നടന്ന എസ്. എൻ. ഡി. പി യോഗത്തിൽ അധ്യക്ഷം വഹിച്ച കുമാരനാശാൻ കേരളത്തിലെ ബുദ്ധമതപ്രസ്ഥാനത്തിന് എതിരായി സംസാരിച്ചു. അതിനെ ഖണ്ഡിച്ചു കൊണ്ട് മിതവാദി പത്രം ഇംഗ്ലീഷിലും മലയാളത്തിലും മുഖപ്രസംഗങ്ങൾ എഴുതുകയുണ്ടായി. മുഖപ്രസംഗത്തിനു മറുപടി എഴുതി 1923 ജൂൺ 15-ന് പത്രത്തിന് അയച്ചെങ്കിലും അത് പ്രസിദ്ധീകരിക്കാതെ തിരിച്ചയക്കപ്പെടുകയാണുണ്ടായത്. ആ കത്ത്/ലേഖനം ആണ് മതപരിവർത്തന രസവാദം എന്ന പേരിൽ പുസ്തകമായി ഇറങ്ങുന്നത്.

1933 ജൂലൈയിലാണ് ഇത് ആദ്യമായി പ്രസിദ്ധീകരിക്കുന്നത്. ഹിന്ദുമതത്തിൻ്റെയും ബുദ്ധമതത്തിൻ്റെയും ദർശനധാരകൾ വളരെയധികം വ്യത്യസ്തമാണെന്നും ഹിന്ദുമതത്തിലെ ഏതെങ്കിലും പ്രവണതകളെ എതിർക്കുന്നു എന്നതിനർത്ഥം ബുദ്ധമതം ശ്രേഷ്ഠമാണ് എന്നല്ല എന്നും കുമാരനാശാൻ എഴുതുന്നു. രണ്ടു മതങ്ങളും മുന്നോട്ടു വെക്കുന്ന ആശയങ്ങളെയും ഇതിൽ വിശകലനം ചെയ്യുന്നു

പി ഗോവിന്ദപ്പിള്ള ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി ലഭ്യമായത്.

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്: മതപരിവർത്തന രസവാദം
  • പ്രസിദ്ധീകരണ വർഷം: 1971
  • താളുകളുടെ എണ്ണം: 33
  • അച്ചടി: United Printers, Sreekanteswaram, Thiruvananthapuram
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി