1927-തുഞ്ചത്തെഴുത്തച്ഛൻ – കുറുവാൻ തൊടിയിൽ ശങ്കരൻ എഴുത്തച്ഛൻ

1927-ൽ പ്രസിദ്ധീകരിച്ച, കുറുവാൻ തൊടിയിൽ ശങ്കരൻ എഴുത്തച്ഛൻ രചിച്ച  തുഞ്ചത്തെഴുത്തച്ഛൻ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

1927-തുഞ്ചത്തെഴുത്തച്ഛൻ - കുറുവാൻ തൊടിയിൽ ശങ്കരൻ എഴുത്തച്ഛൻ
1927-തുഞ്ചത്തെഴുത്തച്ഛൻ – കുറുവാൻ തൊടിയിൽ ശങ്കരൻ എഴുത്തച്ഛൻ

മലയാളസാഹിത്യത്തിൻ്റെ ചരിത്രത്തിൽ തുഞ്ചത്തെഴുത്തച്ഛൻ്റെ പേര് ഒരു പ്രകാശസ്തംഭം പോലെ നിലകൊള്ളുന്നു. ഭാഷയുടെ ലാളിത്യത്തെയും ഭക്തിയുടെ ആഴത്തെയും ഒരുമിപ്പിച്ച് മലയാളിക്ക് പുതിയൊരു സാഹിത്യാനുഭവം സമ്മാനിച്ച മഹാകവിയാണ് അദ്ദേഹം. 1927-ൽ പ്രസിദ്ധീകരിച്ച തുഞ്ചത്തെഴുത്തച്ഛൻ എന്ന ഈ ഗ്രന്ഥത്തിൻ്റെ ഒന്നാം പതിപ്പിൽ, ഒരു പ്രതിഭയെക്കുറിച്ചുള്ള പഠനാത്മകവും ചരിത്രപരവുമായ വിലയിരുത്തലാണ് കാണുവാൻ സാധിക്കുന്നത്. എഴുത്തച്ഛൻ്റെ ജീവിതം, കൃതികൾ, ഭാഷാപ്രാധാന്യം, സാഹിത്യസ്വാധീനം എന്നിവയെ സമഗ്രമായി മനസ്സിലാക്കാൻ ഈ പുസ്തകം സഹായിക്കുന്നു.
എഴുത്തച്ഛനെ സാധാരണയായി “മലയാളത്തിൻ്റെ ഭാഷാപിതാവ്” എന്ന വിശേഷണത്തോടെ ഓർക്കാറുണ്ട്. എന്നാൽ ഈ വിശേഷണം ഒരു ലളിതമായ പ്രശംസയിലൊതുങ്ങുന്നതല്ല, മലയാളഭാഷയെ ജനങ്ങളിലേക്കു കൊണ്ടുവന്നതിൽ അദ്ദേഹത്തിൻ്റെ പങ്ക് അത്രത്തോളം നിർണായകമാണ്. സംസ്കൃതത്തിൻ്റെ ഗൗരവവും ദേശഭാഷയുടെ സ്വാഭാവികതയും ചേർത്ത്, പൊതുവായ വായനക്കാർക്കും മനസ്സിലാകുന്ന രീതിയിൽ കാവ്യഭാഷയെ രൂപപ്പെടുത്താൻ എഴുത്തച്ഛന് കഴിഞ്ഞു. അതുതന്നെയണ് അദ്ദേഹത്തിൻ്റെ കൃതികളെ കാലാതീതമാക്കുന്നതും. രാമായണം, ഭാഗവതം തുടങ്ങിയ കൃതികൾ ഭക്തിയുടെ വാഹകന്മാത്രമല്ല, മലയാളത്തിൻ്റെ സാഹിത്യഭാവനയെ വളർത്തിയ കൃതികളുമാണ്. ലളിതമായ ഭാഷയിൽ വലിയ ആശയങ്ങൾ അവതരിപ്പിക്കാനുള്ള അദ്ദേഹത്തിൻ്റെ കഴിവ് മലയാളകവിതയ്ക്ക് പുതുമയും ജനകീയതയും നൽകി എന്നു നിസംശയം പറയാം.
ഈ ഗ്രന്ഥത്തിലെ ചർച്ചകൾ എഴുത്തച്ഛൻ്റെ ഭാഷാശൈലിയിലേക്കും കവിതാസൗന്ദര്യത്തിലേക്കും പ്രത്യേകം ശ്രദ്ധ ചെലുത്തുന്നു. അദ്ദേഹത്തിൻ്റെ വാക്കുകൾക്ക് ഒരു സംഗീതമുണ്ട്, അതിൽ ഭക്തിയുടെ ശാന്തതയും മനുഷ്യാനുഭവത്തിൻ്റെ സമാധാനവും ചേർന്നുനിൽക്കുന്നു. അതുകൊണ്ടുതന്നെ എഴുത്തച്ഛൻ്റെ രചനകൾ വായനക്കാരെ പഠിപ്പിക്കുന്നതിലുപരി അനുഭവിപ്പിക്കുകയും ചെയ്യുന്നു. ഭാഷയുടെ സൗന്ദര്യം എങ്ങനെ ആത്മീയതയുമായി ചേർന്ന് നിൽക്കുമെന്ന് ഈ ഗ്രന്ഥം കാണിച്ചുതരുന്നു. ചരിത്രപരമായ നിലയിൽ ഈ പുസ്തകത്തിന് വലിയ പ്രാധാന്യമുണ്ട്, മലയാളസാഹിത്യ പഠനത്തിൻ്റെ പ്രാരംഭ അക്കാദമിക് കാലഘട്ടത്തിൽപ്പെട്ട കൃതികൂടിയാണിത്.
വിദ്വാൻ കുറുവാൻ തൊടിയിൽ ശങ്കരൻ എഴുത്തച്ഛൻ രചന നിർവഹിച്ച ഈ കൃതിയുടെ 1960-ൽ ഇറങ്ങിയ നാലാംപതിപ്പ് ഗ്രന്ഥപ്പുരവഴി നേരത്തെ തന്നെ ഡിജിറ്റൈസ് ചെയ്തിരുന്നു. പുസ്തകം വായിക്കുവാനുള്ള ലിങ്ക് ചുവടെ ചേർക്കുന്നു:-കണ്ണി
മലയാളസാഹിത്യത്തിൻ്റെ ചരിത്രവും ഭാഷയുടെ വളർച്ചയും മനസ്സിലാക്കാൻ സഹായിക്കുന്ന ഈ ഗ്രന്ഥം കെ.എസ്സ്. എഴുത്തച്ഛൻ തൻ്റെ ഗുരുനാഥനായ പുന്നശ്ശേരി നമ്പി നീലകണ്ഠ ശർമ്മയ്ക്ക് സമർപ്പിച്ചിരിക്കുന്നു. പുസ്തകത്തിൻ്റെ അവതാരിക എഴുതിയ കെ.കെ. രാജ  എഴുത്തച്ഛൻ്റെ ചരിത്രപരമായ പ്രാധാന്യവും മലയാള സംസ്കാരത്തിൽ അദ്ദേഹം ചെലുത്തിയ സ്വാധീനവും വിശദമാകുന്നു. തുഞ്ചത്തെഴുത്തച്ഛനെ പരിചയപ്പെടുത്തുന്നതോടൊപ്പം തന്നെ, മലയാള ഭാഷാചരിത്രത്തിൻ്റെ വേരുകളിലേക്കും സാഹിത്യത്തിൻ്റെ  അനന്ത സാധ്യതകളിലേക്കും വെളിച്ചം വീശുന്ന ഒരു സ്നേഹോപഹാരമാണ് ഈ ഗ്രന്ഥം.

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: തുഞ്ചത്തെഴുത്തച്ഛൻ
  • രചന: കുറുവാൻ തൊടിയിൽ ശങ്കരൻ എഴുത്തച്ഛൻ
  • പ്രസിദ്ധീകരണ വർഷം: 1927
  • താളുകളുടെ എണ്ണം: 122
  • അച്ചടി: The Mangalodayam Power Press, Thrissur
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

 

Leave a Reply

Your email address will not be published. Required fields are marked *