1918-മലയാള നിഘണ്ടു-റിച്ചാർഡ് കോളിൻസ്

1918 – ൽ സി.എം.എസ് പ്രെസ്സ്,കോട്ടയം പ്രസിദ്ധീകരിച്ച, റിച്ചാർഡ് കോളിൻസ് രചിച്ചമലയാള നിഘണ്ടു എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1918-മലയാള നിഘണ്ടു-റിച്ചാർഡ് കോളിൻസ്
1918-മലയാള നിഘണ്ടു-റിച്ചാർഡ് കോളിൻസ്

കോട്ടയം സി.എം.എസ് കോളേജിൻ്റെ പ്രിൻസിപ്പലായിരുന്ന റിച്ചാർഡ് കോളിൻസ് 1865-ലാണ് ഈ നിഘണ്ടു ആദ്യമായി പ്രസിദ്ധീകരിക്കുന്നത്. കോളിൻസിൻ്റെ മരണശേഷവും ഈ നിഘണ്ടുവിൻ്റെ  ജനപ്രീതിയും ആവശ്യകതയും കുറഞ്ഞില്ല. തുടർന്ന് ഇരുപതാം നൂറ്റാണ്ടിൻ്റെ
തുടക്കത്തിൽ പ്രശസ്ത പണ്ഡിതനും സി.എം.എസ് കോളേജിലെ മലയാളം ലക്ചററുമായിരുന്ന കെ. ശങ്കരപിള്ള ഈ നിഘണ്ടു സമഗ്രമായി പരിഷ്കരിക്കുകയും പുതിയ വാക്കുകളും ശൈലികളും കൂട്ടിച്ചേർത്ത് 1918-ൽ മൂന്നാംപതിപ്പ് പുനഃപ്രസിദ്ധീകരിക്കുകയും ചെയ്തു. മലയാളം നിഘണ്ടുവിൻ്റെ  ഒന്നാം പതിപ്പിൻ്റെ ആമുഖം ഈ പുസ്തകത്തിൽ കാണുവാൻ സാധിക്കുന്നു. തൻ്റെ  നിഘണ്ടു നിർമ്മാണത്തിൻ്റെ
ഉദ്ദേശ്യത്തെക്കുറിച്ചും, ഭാഷാപരമായ ഘടനയെക്കുറിച്ചും, സ്വീകരിച്ചിരിക്കുന്ന വ്യാകരണ നിയമങ്ങളെക്കുറിച്ചും ഇതിൽ വിശദമായി പ്രതിപാദിച്ചിരിക്കുന്നു.
മലയാള ഭാഷ അതിവേഗം വളർന്നുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ ഭാഷാസാഹിത്യലോകത്തിൻ്റെ ആവശ്യങ്ങളെ പരിഹരിക്കാൻ ഈ നിഘണ്ടു പരിഷ്കരിച്ച് അവതരിപ്പിക്കേണ്ടത് അനിവാര്യമായിരുന്നു, അക്കാലത്ത് പ്രചാരത്തിലിരുന്ന മലയാള പാഠപുസ്തകങ്ങൾ പരിശോധിച്ച്, അതിലെ നിരവധി പുതിയ വാക്കുകൾ അർത്ഥവിവരണത്തോടെ ഇതിൽ ചേർക്കുകയും,മലയാള സാഹിത്യ കൃതികളിൽ കാണാറുള്ള സംസ്കൃത പദങ്ങൾ പ്രത്യേകം തിരഞ്ഞുപിടിച്ച് ചേർക്കുകയും അവയ്ക്ക് കൃത്യമായ അർത്ഥം നൽകാൻ കൂടുതൽ ശ്രദ്ധിക്കുകയും ചെയ്തു. ‘അ’, ‘ഇ’, ‘എ’ എന്നീ ചുട്ടെഴുത്തുകളെ അക്ഷരക്രമമനുസരിച്ച് അതത് സ്ഥാനങ്ങളിൽ ചേർത്ത് ഉദാഹരണസഹിതം വിവരിച്ചിരിക്കുന്നതും ഈ പതിപ്പിൻ്റെ ഒരു പുതിയ പ്രത്യേകതയാണ്. പഴയ അർത്ഥവിവരണങ്ങളെ ഇപ്പോഴത്തെ പുതിയ വ്യാകരണ നിയമങ്ങളോട് യോജിപ്പിച്ചു. സൂചകാക്ഷരങ്ങളുടെ അർത്ഥം വിവരിക്കുന്നിടത്ത് പഴയ വ്യാകരണ ശബ്ദങ്ങൾക്കൊപ്പം പുതിയ പേരുകളും കാണിച്ചിട്ടുണ്ട്.
ഭാഷയിലെ പഴയ രീതികൾ മാറ്റമില്ലാതെ നിലനിർത്തിയിട്ടുണ്ട്. ഉദാഹരണത്തിന്, ‘നിറയുന്നു’, ‘ചമയുന്നു’ എന്നിങ്ങനെയുള്ള പദങ്ങളിലെ താലവ്യ അകാരത്തെ പഴയ വടക്കൻ മലയാള രീതിയായ ‘നിറെയുന്നു’, ‘ചമെക്കുന്നു’ എന്നിങ്ങനെ ‘എ’ കാരമാക്കി തന്നെയാണ് അച്ചടിച്ചിരിക്കുന്നത്. ഈ നിഘണ്ടു പരിഷ്കരിക്കുന്നതുമായി ബന്ധപ്പെട്ട് വിലയേറിയ ഉപദേശങ്ങൾ നൽകി സഹായിച്ച കേരളപാണിനി എ.ആർ. രാജരാജവർമ്മക്കുള്ള കടപ്പാടും നന്ദിയും പ്രസാധകർ ആമുഖത്തിൽ രേഖപ്പെടുത്തിയിരിക്കുന്നു.

തിരുവനന്തപുരം ജില്ലയിലെ മലയിൻകീഴ്  ശ്രീകൃഷ്ണ വിലാസം ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമായത്

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

    • പേര്: മലയാള നിഘണ്ടു
    • രചന: റിച്ചാർഡ് കോളിൻസ്
    • പ്രസിദ്ധീകരണ വർഷം: 1918
    • അച്ചടി:C.M.S. Press, Kottayam
    • താളുകളുടെ എണ്ണം:552
    • സ്കാൻ ലഭ്യമായ ഇടം: കണ്ണി

Leave a Reply

Your email address will not be published. Required fields are marked *