1948 – സഹകരണമാഹാത്മ്യം

1948-ൽ പ്രസിദ്ധീകരിച്ച, സഹകരണമാഹാത്മ്യം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

1944 മുതൽ അഞ്ചു വർഷത്തെ തിരുവിതാംകൂർ സഹകരണ പ്രസ്ഥാനത്തിൻ്റെയും ജോയിൻ്റ് ബ്ലോക്ക് കമ്പനികളുടെയും പ്രവർത്തനങ്ങളെ സംബന്ധിച്ച് തിരുവിതാംകൂർ സഹകരണസംഘം രജിസ്ട്രാർ ആയിരുന്ന കെ മാധവക്കുറുപ്പ് നടത്തിയ പ്രഭാഷണങ്ങളുടെയും ലേഖനങ്ങളുടെയും സമാഹാരമാണ് ”സഹകരണമാഹാത്മ്യം”. 1944 മുതൽ 1949 വരെയുള്ള കാലയളവിൽ അദ്ദേഹം നടത്തിയവയാണ് ഈ പ്രസംഗങ്ങളും രചനകളും. 52 വിഷയങ്ങൾ ഇതിൽ പ്രതിപാദിക്കുന്നുണ്ട്. അവസാനഭാഗത്തുള്ള കുറിപ്പ് ജോലിയിൽ നിന്നു വിരമിച്ച ശേഷം മാധവക്കുറുപ്പ് തനിക്കു ലഭിച്ച മംഗളപത്രങ്ങൾക്കും ആശംസകൾക്കും നൽകിയ മറുപടിയാണ്. ഈ മേഖലയെ സവിശേഷമായി സംബന്ധിക്കുന്ന വിവരങ്ങൾ അതിലും അടങ്ങിയിരിക്കുന്നതിനാൽ സമാഹാരത്തിൽ ഉൾക്കൊള്ളിച്ചതാണ്. മലയാളത്തിൽ സഹകരണസ്ഥാപനങ്ങളെക്കുറിച്ചുള്ള രചനകൾ വിരളമായതു കൊണ്ടുള്ള ന്യൂനത പരിഹരിക്കുക എന്ന ലക്ഷ്യം ഈ പുസ്തകത്തിൻ്റെ രചനക്കു പിന്നിലുണ്ട്

സമൂഹത്തിൻ്റെ സാമ്പത്തികാഭിവൃദ്ധിക്കുള്ള ഉചിതമായ മാർഗംസഹകരണമായതു കൊണ്ട് ‘ഭാവികാലത്തിൻ്റെ മതമാണ് സഹകരണപ്രസ്ഥാനങ്ങൾ’ എന്ന സമീപനവും പുസ്തകം സ്വീകരിച്ചിരിക്കുന്നു. സഹകരണമേഖലയിൽ പ്രവർത്തിക്കുന്നവർക്കും സാധാരണ ജനങ്ങൾക്കും ഒരുപോലെ പ്രയോജനപ്രദവും രസകരവും ആയിരിക്കും ഈ പുസ്തകമെന്ന് അവതാരികയിൽ സഹകരണ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിഡൻ്റ് ജി.ആർ പിള്ള എഴുതുന്നു. 1940-കളിലെ തിരുവിതാംകൂറിലെ സാമ്പത്തിക കാര്യങ്ങളും ബാങ്കുകളുടെ വിവരങ്ങളും മറ്റും മനസ്സിലാക്കാനുള്ള സ്രോതസ്സു കൂടിയാണ് ഈ പുസ്തകം. ട്രഷറി ബാങ്ക്, സെൻട്രൽ ബാങ്ക്, പോസ്റ്റൽ സേവിങ്സ് ബാങ്ക്, നെടുങ്ങാടി ബാങ്ക്, ഇമ്പീരിയൽ ബാങ്ക്, ദ ട്രാവൻ കൂർ ബാങ്ക്, ഈസ്റ്റേൺ മർക്കൻ്റയിൽ ബാങ്ക്, ഇന്ത്യൻ റിസർവ് ബാങ്ക് തുടങ്ങിയ ബാങ്കുകളെയും അവയിലെ നിക്ഷേപങ്ങളെയും പറ്റിയുള്ള വിവരങ്ങൾ പുസ്തകത്തിൽ നിന്നു ലഭിക്കുന്നതാണ്

തിരുവനന്തപുരം ജില്ലയിലെ മലയിൻകീഴ്  ശ്രീകൃഷ്ണ വിലാസം ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമായത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: സഹകരണമാഹാത്മ്യം
  • പ്രസിദ്ധീകരണ വർഷം: 1948
  • അച്ചടി: Modern Press, Thiruvananthapuram
  • താളുകളുടെ എണ്ണം: 466
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

Leave a Reply

Your email address will not be published. Required fields are marked *