2000 – വർഗീയതയും ചരിത്രരചനയും – പി ഗോവിന്ദപ്പിള്ള

2000-ൽ പി ഗോവിന്ദപ്പിള്ള രചിച്ച വർഗീയതയും ചരിത്രരചനയും എന്ന ലഘു പുസ്തകത്തിൻ്റെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.

Vargeeyathayum Charithra Rachanayum

ചരിത്രമെഴുത്തിലെ ചില വിവാദ വിഷയങ്ങൾ സംബന്ധിച്ച് മാർക്സിസ്റ്റ് കാഴ്ചപ്പാടിൽ നിന്നുള്ള വിശകലനമാണ് ഈ പുസ്തകത്തിൽ അവതരിപ്പിക്കുന്നത്.

പി ഗോവിന്ദപ്പിള്ളയുടെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് ലഭ്യമാക്കുന്നത്.

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്: 2000 – വർഗീയതയും ചരിത്രരചനയും
  • ഗ്രന്ഥകർത്താവ്: പി ഗോവിന്ദപ്പിള്ള
  • പ്രസിദ്ധീകരണ വർഷം: 2000
  • അച്ചടി: Cine Offset Printers, Thiruvananthapuram
  • താളുകളുടെ എണ്ണം: 36
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1993 – ചരിത്ര ശാസ്ത്രം – പുതിയ മാനങ്ങൾ – പി ഗോവിന്ദപ്പിള്ള

1993-ൽ പി ഗോവിന്ദപ്പിള്ള രചിച്ച ചരിത്ര ശാസ്ത്രം – പുതിയ മാനങ്ങൾ എന്ന പുസ്തകത്തിൻ്റെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.

Charithra Sasthram – Puthiya Manangal

മാർക്സിസ്റ്റ് വീക്ഷണത്തിൽ നിന്നും ഇന്ത്യാ ചരിത്രം, കീഴാള ചരിത്രം, കർഷക ചരിത്രം, ജാതി പരിഷ്കരണം തുടങ്ങിയവയോടുള്ള സമീപനമാണ് ഈ പുസ്തകത്തിലെ അധ്യായങ്ങളായി ചേർത്തിട്ടുള്ളത്.

പി ഗോവിന്ദപ്പിള്ളയുടെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് ലഭ്യമാക്കുന്നത്. ഈ പദ്ധതിയിൽ നിന്നും റിലീസ് ചെയ്യുന്ന ആദ്യത്തെ പുസ്തകമാണിത്.

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്: 1993 – ചരിത്ര ശാസ്ത്രം – പുതിയ മാനങ്ങൾ
  • ഗ്രന്ഥകർത്താവ്: പി ഗോവിന്ദപ്പിള്ള
  • പ്രസിദ്ധീകരണ വർഷം: 1993
  • അച്ചടി: Prasad Printers, Thiruvananthapuram
  • താളുകളുടെ എണ്ണം: 124
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

ഇൻഡിക്ക് ഡിജിറ്റൽ ആർക്കൈവ് ഫൗണ്ടേഷൻ ഒരു വർഷം പൂർത്തിയാക്കി

ഇൻഡിക്ക് ഡിജിറ്റൽ ആർക്കൈവ് ഫൗണ്ടേഷൻ്റെയും കേരളരേഖകളുടെ ഡിജിറ്റൽ ശേഖരം സൂക്ഷിക്കുന്ന ഗ്രന്ഥപ്പുര വെബ് പോർട്ടലിൻ്റെയും ഉൽഘാടനം കഴിഞ്ഞിട്ട് ഇന്ന് ഒരു വർഷം പൂർത്തിയായി.

First Anniversary of Indic Digital Archive Foundation
First Anniversary of Indic Digital Archive Foundation (Image credit: Image by BiZkettE1 on Freepik)

2022 ഒക്ടോബർ 30 ഞായറാഴ്ച ഉച്ചക്ക് 2.30 ന് ബാംഗ്ലൂർ ക്രൈസ്റ്റ് യൂണിവേഴ്സിറ്റി ക്യാമ്പസിലെ ജൂനിയർ കോളേജ് സെമിനാർ ഹാളിൽ വെച്ചായിരുന്നു ഉൽഘാടന ചടങ്ങ്. ഉൽഘാടനത്തെ പറ്റിയുള്ള വിശദാംശങ്ങൾ ആ സമയത്ത് എഴുതിയ ഈ ബ്ലോഗ് പോസ്റ്റിൽ ഉണ്ട്.

കഴിഞ്ഞ ഒരു വർഷം കൊണ്ട് ഏതാണ്ട് 900ൽ പരം രേഖകൾ ഡിജിറ്റൈസ് ചെയ്ത് പൊതുവിടത്തിലേക്ക് കൊണ്ടു വന്നു. ഒരു താരതമ്യത്തിനു മുതിർന്നാൽ, ഏതാണ്ട് 12 വർഷം എടുത്തിട്ടാണ് https://shijualex.in/ ൽ എന്ന ബ്ലോഗിൽ സന്നദ്ധപ്രവർത്തനത്തിലൂടെ 2250ത്തിനടുത്ത് രേഖകൾ ഡിജിറ്റൈസ് ചെയ്തത്. എന്നാൽ ഇപ്പോൾ സൗകര്യങ്ങൾ മെച്ചപ്പെടുകയും കൂടുതൽ ആളുകൾ പദ്ധതിയിലേക്ക് വരികയും ചെയ്തതോടെ ഒരു വർഷം കൊണ്ട് തന്നെ അതിൻ്റെ പകുതിയോളം രേഖകൾ ഡിജിറ്റൈസ് ചെയ്തു കഴിഞ്ഞു. നിലവിലെ വേഗത്തിൽ പോയാൽ പോലും 2 വർഷം ആകുന്നതിനു മുൻപ് തന്നെ സന്നദ്ധപ്രവർത്തനത്തിലൂടെ ചെയ്ത രേഖകളുടെ എണ്ണം കവച്ചു വെക്കും എന്നത് ഏകദേശം ഉറപ്പാണ്.

ഈ നില കൈവരിക്കാൻ സഹായമായത് ഇങ്ങനെ ഒരു നോൺ-പ്രോഫിറ്റ് സംഘടന രൂപീകരിക്കാൻ സഹായിച്ച ഡോണറുമാരും, ഫൗണ്ടെഷനുമായി വിവിധ പദ്ധതികൾക്കായി കരാറുകൾ ഒപ്പു വെച്ച സ്ഥാപനങ്ങളും, വ്യക്തികളും, പലവിധത്തിൽ സഹകരിക്കുന്ന സന്നദ്ധപ്രവർത്തകരും പിന്നെ ഫൗണ്ടേഷൻ്റെ രണ്ട് പൂർണ്ണസമയ ജീവനക്കാരുമാണ്.

ഫൗണ്ടെഷൻ്റെ ഗവേണിങ്ങ് കൗൺസിൽ, ഫൗണ്ടേഷനെ സഹായിക്കുന്ന സന്നദ്ധപ്രവർത്തകർ, പൂർണ്ണസമയ ജീവനക്കാർ എന്നിവരെ പറ്റിയുള്ള വിവരം ഇവിടെ കാണാം.

ഫൗണ്ടേഷനെ സഹായിക്കുന്ന ഡോണറുമാരുടെ വിവരം ഇവിടെ കാണാം.

കഴിഞ്ഞ ഒരു വർഷത്തിനിടെ താഴെ പറയുന്ന പദ്ധതികൾ തുടങ്ങാൻ വിവിധ സ്ഥാപനങ്ങളും വ്യക്തികളുമായി ധാരണയിലെത്തിച്ചേരാൻ ഫൗണ്ടെഷനു സാധിച്ചു.

ഇതിൽ ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറി ഡിജിറ്റൈസേഷൻ ഒരു ബൃഹദ് പദ്ധതിയാണ്. നിലവിൽ ഒരു വർഷം കൊണ്ട് ഡിജിറ്റൈസ് ചെയ്ത് കഴിഞ്ഞ 900ത്തിൽ പരം രേഖകളിൽ പകുതിയിൽ കൂടുതൽ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ പുസ്തകങ്ങൾ ആണ്. ഇനിയും ആയിരക്കണക്കിനു കേരളരേഖകൾ അവിടെ ഡിജിറ്റൈസേഷനിലൂടെയുള്ള അടുത്ത ജീവിതം കാംക്ഷിച്ച് കഴിയുന്നു.

ഗവേണിങ്ങ് കൗൺസിലിൻ്റെ മേൽ നോട്ടം ഉണ്ടെങ്കിലും ഫൗണ്ടേഷൻ്റെ ജീവനക്കാരായ സതീഷ് തോട്ടാശ്ശേരിയും റീനാ പോളും ആണ് ദിനം പ്രതിയുള്ള ഡിജിറ്റൈസേഷൻ പണികൾ കൈകാര്യം ചെയ്യുന്നത്. അവർക്ക് രണ്ടു പേർക്കും നന്ദി.

അതിനു പുറമെ ഫേസ് ബുക്കിൽ രേഖകൾ ഡിജിറ്റൈസ് ചെയ്യുന്നതിനെ പറ്റിയുള്ള അറിയിപ്പുകൾ ഇട്ട് സഹായിക്കുന്ന Sulthana Nasrin, Anto George എന്നിവർക്കും നന്ദി.

തുടർന്നുള്ള വർഷങ്ങളിൽ കൂടുതൽ പദ്ധതികൾ തുടങ്ങാൻ എല്ലാവരുടെയും സഹകരണം അഭ്യർത്ഥിക്കുന്നു.

ബാംഗ്ലൂർ മൗണ്ട് കാർമ്മൽ കോളേജ് ആർക്കൈവ്സിലെ രേഖകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതി ആരംഭിക്കുന്നു

കേരളത്തിൽ വേരുകളുള്ള Carmelite Sisters of St. Teresa (CSST) സന്ന്യാസിനി സമൂഹം നേതൃത്വം നൽകുന്ന ബാംഗ്ലൂരിലെ പ്രശസ്ത കോളേജായ മൗണ്ട് കാർമ്മൽ കോളേജ് ആർക്കൈവ്സിലെ ചില പ്രധാനരേഖകൾ ഡിജിറ്റൈസ് ചെയ്യാനുള്ള ധാരണാപത്രത്തിൽ 2023 ഒക്ടോബർ 18നു ബാംഗ്ലൂർ  മൗണ്ട്കാർമ്മൽ കോളേജിൽ വെച്ച്  കോളേജ് അധികാരികളും, ഇൻഡിക്ക് ഡിജിറ്റൽ ആർക്കൈവ് ഫൗണ്ടേഷൻ പ്രതിനിധികളും ചേർന്ന് ഒപ്പ് വെച്ചു.

ബാംഗ്ലൂർ മൗണ്ട് കാർമ്മൽ കോളേജ് ഡയറക്ടർ സിസ്റ്റർ ആൽബിന, മൗണ്ട് കാർമ്മൽ കോളേജ് പ്രിൻസിപ്പാൾ ഡോ. ജോർജ്ജ് ലേഖ,  അസിസ്റ്റൻ്റ് പ്രൊഫസർ ഡോ. സുജിൻ ബാബു ഫൗണ്ടേഷൻ പ്രതിനിധികളായ ജിസ്സോ ജോസ്, ഷിജു അലക്സ് എന്നിവർ ധാരണാ പത്രത്തിൽ ഒപ്പിടുന്ന ചടങ്ങിൽ സംബന്ധിച്ചു.

MCC-IDAF Agreement
MCC-IDAF Agreement

1944ൽ തൃശൂരിൽ കാർമ്മൽ കോളേജ് എന്ന പേരിൽ ആരംഭിച്ച സ്ഥാപനം 1948ൽ ബാംഗ്ലൂരിലേക്ക് മൗണ്ട് കാർമ്മൽ കോളേജ് എന്ന പേരിൽ മാറ്റി സ്ഥാപിച്ചു. ഇന്ന് ഇന്ത്യയിലെ എണ്ണപ്പെട്ട മികച്ച കോളേജുകളിൽ ഒന്നാണ് ഓട്ടോണോമസ് പദവിയുള്ള ബാംഗ്ലൂരിലെ മൗണ്ട് കാർമ്മൽ കോളേജ്.  നിലവിൽ ഈ കോളേജിൽ പ്രീഡിഗ്രി/ ഡിഗ്രി തലത്തിൽ വനിതകൾ മാത്രമേ ഉള്ളൂ എങ്കിലും പിജി തലത്തിൽ കോ-എഡ് ആയി മാറിയിട്ടുണ്ട്. അടുത്ത വർഷം യൂണിവേഴ്സിറ്റി പദവി ലഭിക്കുമ്പോൾ പുർണ്ണമായി ഒരു കോ-എഡ് കോളേജ് ആയി മാറാനുള്ള ഒരുക്കത്തിലുമാണ് മൗണ്ട് കാർമ്മൽ കോളേജ്.

മൗണ്ട് കാർമ്മൽ കോളേജിലെ ഹിസ്റ്ററി ഡിപ്പാർട്ട്മെൻ്റ് HOD യും അസിസ്റ്റൻ്റ് പ്രൊഫസറുമായ ഡോ. സുജിൻ ബാബു ആണ് ഈ പദ്ധതി പ്രാവർത്തികമാകുവാൻ മുൻകൈ എടുത്തത്. ഡോ. സുജിൻ ബാബുവിനു തന്നെ ആണ് ഇപ്പോൾ കാർമ്മൽ ആർക്കൈവ്സിൻ്റെ ചുമതല.

മൗണ്ട് കാർമ്മൽ കോളേജുമായി ബന്ധമുള്ളതും CSST സന്ന്യാസിനി സമൂഹവുമായി ബന്ധമുള്ളതുമായ ചില സുപ്രധാനരേഖകൾ ഡിജിറ്റൈസ് ചെയ്ത് പൊതുവിടത്തിലേക്ക് കൊണ്ടുവരിക എന്നതാണ് ഈ പദ്ധതിയുടെ ഉദ്ദേശം.

MCC Principal Desk
MCC Principal Desk

 

(ഇൻഡിക് ഡിജിറ്റൽ ആർക്കൈവ് ഫൗണ്ടെഷൻ പ്രവർത്തനം ആരംഭിച്ചതിനു ശേഷം പ്രഖ്യാപിക്കുന്ന നാലാമത്തെ പ്രധാന ഡിജിറ്റൈസേഷൻ പദ്ധതി ആണ് മൗണ്ട് കാർമ്മൽ കോളേജിലെ ഡിജിറ്റൈസെഷൻ. ഇതിനു മുൻപ്  ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ കേരള രെഖകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയും, ഡോ. സ്കറിയാ സക്കറിയുടെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയും, സി.കെ. മൂസതിൻ്റെ രചനകൾ ഡ്ജിറ്റൈസ് ചെയ്യുന്ന പദ്ധതിയും പ്രഖ്യാപിച്ചിരുന്നു. ആ പദ്ധതികളിൽ നിന്നുള്ള നിരവധി രേഖകൾ ഇതിനകം ഡിജിറ്റൈസ് ചെയ്ത് പൊതുവിടത്തിൽ വന്നു കഴിഞ്ഞു.)

പ്രൊഫസർ സി.കെ. മൂസതിൻ്റെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതി ആരംഭിക്കുന്നു

അദ്ധ്യാപകൻ, ശാസ്ത്രഎഴുത്തുകാരൻ, പൗരാണികഗ്രന്ഥങ്ങൾ കണ്ടെടുത്ത് പ്രകാശിപ്പിക്കുന്നതിൽ നിപുണൻ, കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ പ്രഥമ അസിസ്റ്റൻ്റ് ഡയറക്ടർ തുടങ്ങി വ്യത്യസ്തമേഖലകളിൽ പ്രശസ്തനായിരുന്നു പ്രൊഫസർ സി.കെ. മൂസത്.

പ്രൊഫസർ സി.കെ. മൂസത്
പ്രൊഫസർ സി.കെ. മൂസത്

സി.കെ. മൂസതിൻ്റെ രചനകളും അദ്ദേഹത്തിൻ്റെ സ്വകാര്യശേഖരത്തിലുള്ള മറ്റു പുസ്തകങ്ങളും ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതി 2023 ഫെബ്രുവരി 15നു ബാംഗ്ലൂരിൽ ലളിതമായ ഒരു ചടങ്ങിൽ വെച്ച് പ്രഖ്യാപിച്ചു. സി.കെ. മൂസതിൻ്റെ  മകൻ ഉദയകുമാർ ചടങ്ങിൽ സംബന്ധിക്കുകയും ഡിജിറ്റൈസേഷൻ പദ്ധതി തുടങ്ങുന്നതിൻ്റെ പ്രതീകമായി സി.കെ. മൂസതിൻ്റെ രാമകഥ മലയാളത്തിൽ,  സാഹിത്യ വീക്ഷണം എന്നീ പുസ്തകങ്ങൾ ഫൌണ്ടേഷൻ പ്രതിനിധിക്ക് കൈമാറി.

സി.കെ. മൂസതിൻ്റെ  മകൻ ഉദയകുമാർ ഡിജിറ്റൈസേഷൻ പദ്ധതി തുടങ്ങുന്നതിൻ്റെ പ്രതീകമായി രാമകഥ മലയാളത്തിൽ,  സാഹിത്യ വീക്ഷണം എന്നീ പുസ്തകങ്ങൾ ഫൌണ്ടേഷൻ പ്രതിനിധിക്ക് കൈമാറുന്നു
സി.കെ. മൂസതിൻ്റെ  മകൻ ഉദയകുമാർ ഡിജിറ്റൈസേഷൻ പദ്ധതി തുടങ്ങുന്നതിൻ്റെ പ്രതീകമായി രാമകഥ മലയാളത്തിൽ,  സാഹിത്യ വീക്ഷണം എന്നീ പുസ്തകങ്ങൾ ഫൌണ്ടേഷൻ പ്രതിനിധിക്ക് കൈമാറുന്നു

ജീവിതരേഖ

മലപ്പുറം ജില്ലയിലെ പൊന്മള പഞ്ചായത്തിലെ ചണ്ണഴി ഇല്ലത്ത് 1921ൽ ജനിച്ച അദ്ദേഹം കോട്ടയ്ക്കൽ രാജാസ് ഹൈസ്ക്കൂൾ, തൃശ്ശിനാപ്പള്ളി സെൻ്റ് ജോസഫ് കോളേജ് എന്നിവിടങ്ങളിലായി തൻ്റെ വിദ്യാഭ്യാസം പൂർത്തിയാക്കി.

1941ൽ തൃശ്ശൂർ വിലങ്ങൻ ശ്രീരാമകൃഷ്ണാ വിദ്യാമന്ദിർ ഹൈസ്ക്കൂളിൽ അദ്ധ്യാപകനായി ഔദ്യോഗികജീവിതം തുടങ്ങിയ അദ്ദേഹം 1942-1945 വരെ ചങ്ങനാശ്ശേരി സെൻ്റ് ബർക്ക്മാൻസ് കോളേജിൽ ഫിസിക്സ് പ്രൊഫസറായി പ്രവർത്തിച്ചു. 1947 ൽ തൻ്റെ 2 സഹോദരന്മാരോടൊപ്പം പാലക്കാട് എം.ബി. ട്യൂട്ടോറിയൽ കോളേജ് തുടങ്ങി, 20 വർഷം അതിൽ പ്രവർത്തിച്ചു. 1966 ൽ ഒറ്റപ്പാലം എൻ എസ് എസ് കോളേജിൽ ഫിസിക്സ് അദ്ധ്യാപകനായും  1967-1968 നെന്മാറ എൻ എസ് എസ് കോളേജിൻ്റെ പ്രഥമ പ്രിൻസിപ്പാളായും സേവനമനുഷ്ഠിച്ചു.

1968ൽ കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഭരണസമിതി അംഗമായി. 1969 – കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് അസിസ്റ്റൻ്റ് ഡയറക്ടർ ആയി. തുടർന്ന് വ്യത്യസ്തനിലകളിൽ ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രവർത്തിച്ച അദ്ദേഹം 1980ൽ അവിടെ നിന്നു വിരമിച്ചു.

ഔദ്യോഗിക ജീവിതത്തിലുടനീളം സാഹിത്യ പഠനഗവേഷണങ്ങൾ തുടർന്നു. നിരവധി പുസ്തകങ്ങളും, വിവിധ വിഷയങ്ങളിലുള്ള നൂറുക്കണക്കിനു ലേഖനങ്ങളും വിവിധ ഇടങ്ങളിൽ പ്രസിദ്ധീകരിച്ചു.

പാലക്കാട് MB Tutorial College നടത്തിയിരുന്ന കാലത്ത് മലയാളി എന്ന പേരിൽ ഒരു മാസികയും സമദർശി എന്ന അച്ചടിശാലയും നടത്തി.

ഔദ്യോഗിക ജീവിതത്തിലുടനീളം പൗരാണികഗ്രന്ഥങ്ങളുടെ ശേഖരണത്തിലും അവയിൽ പലതും പുനഃപ്രസിദ്ധീകരിക്കുന്നതിലും ശ്രദ്ധിച്ചു. ഇത്തരം  പൗരാണികഗ്രന്ഥങ്ങൾ അടങ്ങുന്ന വിപുലമായ ഒരു സ്വകാര്യ ലൈബ്രറി അദ്ദേഹത്തിനുണ്ടായിരുന്നു.   

  • കണക്കതികാരം (പ്രാചീനഗണിതഗ്രന്ഥം)
  • ഫ്രോണ്മയരുടെ പ്രകൃതിശാസ്ത്രം (മലയാളത്തിലെ ആദ്യത്തെ ഫിസിക്സ് ഗ്രന്ഥം)
  • ഭൃംഗസന്ദേശം (മലയാളത്തിലെ ആദ്യത്തെ സന്ദേശകാവ്യം)
  • കൃഷ്ണൻ പണ്ടാലയുടെ രസതന്ത്രഗ്രന്ഥം
  • കേരളപാണിനീയം ആദ്യപതിപ്പ് 

തുടങ്ങി നിരവധി പ്രധാനഗ്രന്ഥങ്ങൾ അദ്ദേഹത്തിൻ്റെ ശേഖരത്തിൽ ഉണ്ടായിരുന്നു

സി.കെ. മൂസത് രചിച്ച എല്ലാ പുസ്തകങ്ങളും, വിവിധ മാസികകളിലും മറ്റുമായി എഴുതിയ നൂറുകണക്കിനു ലേഖനങ്ങളും, അദ്ദേഹത്തിൻ്റെ സ്വകാര്യലൈബ്രറിയിലെ പുസ്തകങ്ങളും അടക്കം എല്ലാതര രചനകളും ഡിജിറ്റൈസ് ചെയ്ത് പൊതുവിടത്തിലേക്ക് കൊണ്ടുവരാനുള്ള പദ്ധതി ആയിരിക്കും സി.കെ. മൂസതിൻ്റെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതി.

(ഇൻഡിക് ഡിജിറ്റൽ ആർക്കൈവ് ഫൗണ്ടെഷൻ പ്രവർത്തനം ആരംഭിച്ചതിനു ശേഷം അനൗൺസ് ചെയ്യപ്പെടുന്ന മൂന്നാമത്തെ പ്രധാന പദ്ധതി ആണ് സി.കെ. മൂസതിൻ്റെ രചനകളുടെ ഡിജിറ്റൈസെഷൻ. ഇതിനു മുൻപ് ഉൽഘാടനപരിപാടിയിൽ വെച്ച് തന്നെ ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ കേരള രെഖകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയും ഡോ. സ്കറിയാ സക്കറിയുടെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതി    അനൗൺസ് ചെയ്തിരുന്നു. അതിനെ പറ്റിയുള്ള വിവരം ഇവിടെ കാണാം.)

സിനിമാ പാട്ടുപുസ്തകങ്ങളുടെ ഡിജിറ്റൈസേഷൻ ആരംഭിക്കുന്നു

കുറച്ചു വർഷങ്ങൾക്ക് മുൻപ് വരെ മലയാളസിനിമാ വ്യവസായയുമായി ബന്ധപ്പെട്ട് സമാന്തരമായി നടന്നിരുന്ന ഒരു സാംസ്കാരികപ്രവർത്തനമായിരുന്നു സിനിമാപാട്ടുപുസ്തകങ്ങളുടെ പ്രസിദ്ധീകരണവും അതിൻ്റെ ഉപഭോഗവും. 1950കൾ മുതലെങ്കിലും സമാന്തര പ്രസിദ്ധീകരണ ശാലകൾ വഴി ഈ വിഷയത്തിൽ ആയിരക്കണക്കിനു ചെറിയ  പുസ്തകങ്ങൾ ഇറങ്ങിയിട്ടുണ്ട്. ഒറ്റത്തവണ മാത്രം പ്രസിദ്ധീകരിച്ച് ഓർമ്മയായി പോകുന്ന ഇത്തരം പാട്ടുപുസ്തകങ്ങൾ അതത് കാലത്തെ ചരിത്രം രേഖപ്പെടുത്തൽ കൂടിയാണ്.

നിലവിൽ ഇതുമായി ബന്ധപ്പെട്ട് എന്തെങ്കിലും പ്രവർത്തനം നടക്കുന്നുണ്ടോ എന്ന് എനിക്ക് അറിയില്ല. (കോളേജ് പഠനകാലത്ത് (1990കളുടെ അവസാനം) ഇത്തരം  സിനിമാപാട്ടുപുസ്തകങ്ങൾ വാങ്ങിച്ചിരുന്നത് ഇത്തരുണത്തിൽ ഞാനോർക്കുന്നു. )

Indic Digital Archive Foundation ൻ്റെ കേരളരേഖകളുടെ ഡിജിറ്റൈസേഷൻ  പ്രവർത്തനം വ്യാപിപ്പിക്കുന്നതിൻ്റെ ഭാഗമായി സിനിമാപാട്ടുപുസ്തകങ്ങളുടെ ഡിജിറ്റൈസേഷൻ എന്ന പ്രത്യേക ഉപപദ്ധതി ആരംഭിക്കുകയാണ്.

ഉണ്ണിയാർച്ച (പാട്ടുപുസ്തകം)
ഉണ്ണിയാർച്ച (പാട്ടുപുസ്തകം)

ഇത്തരം ഒരു ഡിജിറ്റൈസേഷൻ പദ്ധതിയെപറ്റിയുള്ള ചിന്ത പണ്ടേ മനസ്സിൽ ഉണ്ടെങ്കിലും സിനിമാപാട്ടുപുസ്തകങ്ങൾ ലഭ്യമല്ലാത്തത് കൊണ്ട് അത് ചെയ്യാൻ ആയില്ല. ഇപ്പോൾ പ്രശസ്ത പുസ്തകചരിത്രകാരനും നിരൂപകനുമായ പി.കെ. രാജശേഖരൻ പ്രത്യേക മുൻകൈ എടുത്താണ് ഇങ്ങനെ ഒരു പദ്ധതി ആരംഭിക്കുന്നത്. അദ്ദേഹം ഈ പദ്ധതി തുടങ്ങുന്നതിൻ്റെ ഭാഗമായി ഏതാണ് 50 ഓളം പഴയ സിനിമാപാട്ടുപുസ്തകങ്ങളുടെ ശെഖരം ഡിജിറ്റൈസേഷനായി കൈമാറി.  പി.കെ. രാജശേഖരൻ കൈമാറിയ സിനിമാപാട്ടുപുസ്തകങ്ങൾ ആണ് ആദ്യഘട്ടത്തിൽ ഡിജിറ്റൈസ് ചെയ്ത് പുറത്ത് വരുന്നത്.

ഈ പോസ്റ്റ് വായിക്കുന്ന പലരുടേയും കൈയിൽ പോസ്റ്റിൽ സൂചിപ്പിച്ചിരിക്കുന്ന പഴയ സിനിമാപാട്ടുപുസ്തകങ്ങൾ ഉണ്ടാകാം. ഇത് ഡിജിറ്റൈസ് ചെയ്ത് സംരക്ഷിക്കുന്ന സാംസ്കാരികപ്രവർത്തനത്തിൽ പങ്കു ചേരാൻ നിങ്ങൾക്ക് താല്പര്യമുണ്ട് എങ്കിൽ നിങ്ങളുടെ കൈയിലുള്ള ശെഖരത്തിൻ്റെ വിശദാംശങ്ങൾ [email protected] എന്ന മെയിലിലേക്ക് അയക്കാൻ അഭ്യർത്ഥിക്കുന്നു. (ഡിജിറ്റൈസേഷൻ കഴിഞ്ഞാൽ രേഖകൾ അത് തന്നവർക്ക് തന്നെ തിരിച്ചു തരുന്നതാണ്)

ഈ പദ്ധതി തുടങ്ങുന്നതിൻ്റെ ഭാഗമായി റിലീസ് ചെയ്യുന്നത് ഉദയായുടെ ഉണ്ണിയാർച്ച എന്ന സിനിമയുടെ കഥാസാരവും പാട്ടുകളും അടങ്ങുന്ന പുസ്തകമാണ്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

(ഉയർന്ന റെസലൂഷൻ ഉള്ള സ്കാൻ ആയതിനാൽ സൈസ് കൂടുതൽ ഉള്ളതു കൊണ്ട് മൊബൈൽ ഡിവൈസുകളിൽ ഈ സ്കാൻ ഡൗൺലൊഡ് ചെയ്താൽ വായിക്കാൻ പറ്റണം എന്നില്ല. അതിനാൽ ഡൗൺലോഡ് ചെയ്യുന്നവർ ദയവായി ലാപ്‌ടോപ്പോ/ഡെസ്ക്‌ടോപ്പോ പോലുള്ള ഡിവൈസുകൾ ഉപയോഗിക്കുക)

  • പേര്: ഉണ്ണിയാർച്ച (സിനിമാ പാട്ടുപുസ്തകം)
  • അച്ചടി: Santa Cruz Press, Alleppey
  • സ്കാൻ ലഭ്യമായ താൾ: കണ്ണി

 

ഡോ. സ്കറിയാ സക്കറിയുടെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതി ആരംഭിക്കുന്നു

ഗവേഷകൻ, ഭാഷാ ശാസ്ത്രജ്ഞൻ, മലയാളം അദ്ധ്യാപകൻ, എഡിറ്റർ, ഗ്രന്ഥകർത്താവ്, എന്നിങ്ങനെ വ്യത്യസ്തനിലകളിൽ പ്രസിദ്ധനായിരുന്നു ഡോ സ്കറിയ സക്കറിയ. ട്യൂബിങ്ങൺ സർവ്വകലാശാലയിൽ ഗുണ്ടർട്ടിന്റെ ഗ്രന്ഥശേഖരം കണ്ടെത്തുന്നതിൽ അദ്ദേഹം പ്രധാനപങ്ക് വഹിച്ചിരുന്നു. ഗുണ്ടർട്ട് ശേഖരത്തിലെ പ്രമുഖമായ പലകൃതികളും അദ്ദേഹവും മറ്റു ഗവേഷകരും ചേർന്ന് പഠനങ്ങളോടെ പ്രസിദ്ധീകരിക്കുകയും ചെയ്തു. ഇങ്ങനെ വ്യത്യസ്തനിലകളിൽ വിധത്തിൽ മൗലികസംഭാവനകൾ നൽകിയ അദ്ദേഹം 2022 ഒക്ടോബർ 18ന് അന്തരിച്ചു. അദ്ദേഹത്തെ പറ്റിയുള്ള കൂടുതൽ വിവരങ്ങൾക്ക് ഇവിടെ നോക്കുക.

സ്കറിയ സക്കറിയ
സ്കറിയ സക്കറിയ

 

കേരളരേഖകളുടെ ഡിജിറ്റൈസേഷൻ പ്രവർത്തനത്തിൽ അദ്ദേഹത്തിനു പ്രത്യേകതാല്പര്യമുണ്ടായിരുന്നു. ചില പുസ്തകങ്ങൾ അദ്ദേഹം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയിട്ടും ഉണ്ട്. കേരള അക്കാദമിക്ക് സർക്കിളിൽ നിന്ന് ഡിജിറ്റൈസേഷൻ പ്രവർത്തനത്തെ ശ്ലാഘിച്ച് ആദ്യമായി എഴുതിയത് അദ്ദേഹമാണ്.  മാത്രമല്ല, ഇതിൻ്റെ പ്രാധാന്യത്തെ പറ്റി  അദ്ദേഹം പലയിടങ്ങളിൽ പ്രസംഗിക്കുകയും ചെയ്തു.

2022 ഒക്ടോബർ 30ന് ബാംഗ്ലൂർ ക്രൈസ്റ്റ് യൂണിവെഴ്സിറ്റിയിൽ വെച്ച് നടന്ന ഇൻഡിക് ഡിജിറ്റൽ ആർക്കൈവ് ഫൗണ്ടെഷൻ്റെ ഉദ്ഘാടന പരിപാടിയിൽ വെച്ച്  ഡോ. സ്കറിയാ സക്കറിയുടെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന ഒരു പദ്ധതിയെ പറ്റി അറിയിപ്പ് ഉണ്ടായി. ഡോ. സ്കറിയ സക്കറിയയുടെ ഗ്രന്ഥശേഖരത്തിലെ ഏഴായിരത്തിലധികം പുസ്തകങ്ങൾ പൊതുജനങ്ങൾക്ക് ഉപകാരപ്രദമാകുംവിധം ഒരു ആർക്കൈവ് ആക്കുവാനുള്ള പദ്ധതി അദ്ദേഹത്തിന്റെ സഹപ്രവർത്തകരും വിദ്യാർത്ഥികളും കുടുംബാഗങ്ങളും കൂടി ആസൂത്രണം ചെയ്തുവരുന്നുണ്ട്. അതിനു പുറമെ ഇൻഡിക് ഡിജിറ്റൽ ആർക്കൈവ് ഫൗണ്ടേഷൻ വഴിയായി ഡോ. സ്കറിയ സക്കറിയയുടെ രചനകൾ ഡിജിറ്റൈസ് ചെയ്യാനുള്ള പദ്ധതി ഡോ. സ്കറിയ സക്കറിയയുടെ മകനും നാഷണൽ ലോ സ്കൂൾ ഓഫ് ഇന്ത്യാ യൂണിവേഴ്സിറ്റിയിലെ അസ്സോസിയേറ്റ് പ്രൊഫെസ്സറും കൂടിയായ ഡോക്ടർ അരുൾ സ്കറിയ വെളിപ്പെടുത്തി. അതിൻ്റെ ഭാഗമായി ഡോ. സ്കറിയ സക്കറിയയുടെ തീസിസ്, അരുൾ ഡിജിറ്റൈസേഷനായി ഫൗണ്ടേഷൻ പ്രതിനിധിക്ക് കൈമാറി. അതിനെ പറ്റിയുള്ള വീഡിയോ ഇവിടെ കാണാം.

ഡോ: സ്കറിയ സക്കറിയയുടെ തീസിസ് ഡിജിറ്റൈസേഷനായി ഫൗണ്ടേഷൻ പ്രതിനിധിക്ക് കൈമാറുന്നു.
ഡോ: സ്കറിയ സക്കറിയയുടെ തീസിസ് ഡിജിറ്റൈസേഷനായി ഫൗണ്ടേഷൻ പ്രതിനിധിക്ക് കൈമാറുന്നു.

ഡോ. സ്കറിയ സക്കറിയ രചിച്ച എല്ലാ പുസ്തകങ്ങളും, വിവിധ മാസികകളും മറ്റുമായി എഴുതിയ ലേഖനങ്ങളുമടക്കം, എല്ലാതരം രചനകളും ഡിജിറ്റൈസ് ചെയ്ത് പൊതുവിടത്തിലേക്ക് കൊണ്ടുവരാനുള്ള പദ്ധതി ആയിരിക്കും ഡോ. സ്കറിയാ സക്കറിയുടെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതി.

(ഇൻഡിക് ഡിജിറ്റൽ ആർക്കൈവ് ഫൗണ്ടെഷൻ പ്രവർത്തനം ആരംഭിച്ചതിനു ശേഷം അനൗൺസ് ചെയ്യപ്പെടുന്ന രണ്ടാമത്തെ പ്രധാന പദ്ധതി ആണ് ഡോ. സ്കറിയാ സക്കറിയുടെ രചനകളുടെ ഡിജിറ്റൈസെഷൻ. ഇതിനു മുൻപ് ഉൽഘാടനപരിപാടിയിൽ വെച്ച് തന്നെ ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ കേരള രെഖകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതി അനൗൺസ് ചെയ്തിരുന്നു. അതിനെ പറ്റിയുള്ള വിവരം ഇവിടെ കാണാം.)

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതി

കേരളരേഖകളുടെ ഡിജിറ്റൈസേഷൻ പദ്ധതി ഒരു  രജിസ്റ്റേഡ് നോൺ-പ്രോഫിറ്റ് സംഘടനയായി മാറിയതിൻ്റെ ഏറ്റവും പ്രധാനഗുണം ഇനി നിയമപരമായി തന്നെ സ്ഥാപനങ്ങളുമായും വ്യക്തികളുമായും ഒക്കെ കരാറിൽ ഏർപ്പെട്ട് ഔദ്യോഗിക പദ്ധതികൾ ആരംഭിക്കാം എന്നതാണ്. അങ്ങനെയുള്ള സവിശേഷ പദ്ധതികളിലൂടെ ഡിജിറ്റൈസേഷൻ പ്രവർത്തനം സ്കേൽ അപ്പ് ചെയ്യുക എന്നത് കൂടാണ് ഇൻഡിക്ക് ഡിജിറ്റൽ ആർക്കൈവ് ഫൗണ്ടെഷൻ രൂപീകരിച്ചതിൻ്റെ പ്രധാന ഉദ്ദേശങ്ങളിൽ ഒന്ന്.  ഫൗണ്ടേഷൻ്റെ കീഴിൽ കേരളരേഖകളുടെ ഡിജിറ്റൈസേഷനിൽ സവിശേഷ ശ്രദ്ധയുള്ള ഗ്രന്ഥപ്പുരയുടെ ഭാഗമായുള്ള  ആദ്യത്തെ സുപ്രധാനപദ്ധതി 2022 ഒക്ടോബർ 30ന്  ബാംഗ്ലൂർ ക്രൈസ്റ്റ് യൂണിവെഴ്സിറ്റിയിൽ വെച്ച് നടന്ന ഇൻഡിക് ഡിജിറ്റൽ ആർക്കൈവ് ഫൗണ്ടെഷൻ്റെ ഉദ്ഘാടന പരിപാടിയിൽ വെച്ച് അനൗൺസ് ചെയ്തു.

ഇൻഡിക്ക് ഡിജിറ്റൽ ആർക്കൈവ് ഫൗണ്ടേഷൻ - ഗ്രന്ഥപ്പുര
ഇൻഡിക്ക് ഡിജിറ്റൽ ആർക്കൈവ് ഫൗണ്ടേഷൻ – ഗ്രന്ഥപ്പുര

ബാംഗ്ലൂരിൽ, വൈദികവിദ്യാർത്ഥികളുടെ പരിശീലന സ്ഥാപനമായ ധർമ്മാരാം കോളേജിലെ കേരളരേഖകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതി ആണ് ഉദ്ഘാടന പരിപാടിയിൽ വെച്ച് അനൗൺസ് ചെയ്തത്. ധർമ്മാരാം കോളേജ് ഗ്രന്ഥപ്പുര ഡിജിറ്റൈസെഷൻ പദ്ധതിയുമായി ആദ്യകാലം മുതലെ സഹകരിക്കുന്ന ഒരു സ്ഥാപനമാണ്. 2013ൽ, അച്ചടിച്ച ആദ്യത്തെ സമ്പൂർണ്ണമലയാളപുസ്തകമായ  സംക്ഷെപവെദാർത്ഥം അവിടെ നിന്നാണ് ഡിജിറ്റൈസ് ചെയ്ത് പുറത്ത് വന്നത്. അന്ന് അത് റിലീസ് ചെയ്തപ്പോൾ എഴുതിയ പോസ്റ്റ് ഇവിടെ കാണാം. https://shijualex.in/sampkshepavedartham-1772/

സീറോ-മലബാർ കത്തോലിക്ക സഭയിലെ പ്രധാനപ്പെട്ട സന്ന്യാസ സമൂഹമായ CMI (Carmelites of Mary Immaculate) സഭയുടെ മേജർ സെമിനാരി ആണ് ധർമ്മാരാം കോളേജ് ചങ്ങനാശ്ശേരിക്ക് അടുത്തുള്ള ചെത്തിപ്പുഴയിൽ ഉണ്ടായിരുന്ന ഈ സെമിനാരി 1957ലാണ് ബാംഗ്ലൂരിലേക്ക് പറിച്ചു നടപ്പെട്ടത്. കേരളത്തിനകത്തും പുറത്തും വിദ്യാഭ്യാസ മേഖലയിൽ CMI സഭയിലെ അച്ചന്മാർ നൽകുന്ന സേവനം പ്രശസ്തമാണല്ലോ. ആ അച്ചന്മാരെ പരിശീലിപ്പിക്കുന്ന പ്രധാന സെമിനാരികളിൽ ഒന്നാണ് ബാംഗ്ലൂരിലുള്ള ധർമ്മാരാം കോളേജ്. അവിടെ പഠിക്കുന്നവർക്ക് ഉപയോഗിക്കാനുള്ളതാണ് നിരവധി പൗരാണിക രേഖകൾ ഉൾക്കൊള്ളുന്ന ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറി (Cardinal Tisserant Library).  

 

ധർമ്മാരം കോളേജ്
ധർമ്മാരം കോളേജ്

ധർമ്മാരം കോളേജ് ലൈബ്രറിയിലെ പതിനായിരക്കണക്കിന് പുസ്തകങ്ങളിൽ നിന്ന് കേരളവുമായി ബന്ധപ്പെട്ട തിരഞ്ഞെടുത്ത അച്ചടി പുസ്തകങ്ങളും കൈയെഴുത്ത് രേഖകളും ആണ് ഡിജിറ്റൈസ് ചെയ്യാൻ തീരുമാനിച്ചിരിക്കുന്നത്. രേഖകളുടെ വിശദാംശങ്ങളും അതിൻ്റെ പ്രത്യേകതകളും ഒക്കെ രേഖകൾ ഡിജിറ്റൈസ് ചെയ്ത് പുറത്ത് വരുമ്പോൾ മാത്രമേ വ്യക്തമാവുകയുള്ളൂ.

ധർമ്മാരാം കൊളേജ് ലൈബ്രറിയിലെ തിരഞ്ഞെടുത്ത രേഖകൾ ഡിജിറ്റൈസ് ചെയ്യാനുള്ള പദ്ധതി  ബാംഗ്ലൂർ ധർമ്മാരാം കോളേജ്  ലൈബ്രറേറിയൻ ഫാദർ ജോബി കൊച്ചുമുട്ടം 2022 ഒക്ടോബർ 30ന് ഔദ്യോഗികമായി പ്രഖ്യാപിച്ചു. അതിൻ്റെ ഭാഗമായി, ഡിജിറ്റൈസെഷൻ പദ്ധതിയുടെ സമ്മതപത്രം ഫൗണ്ടെഷൻ പ്രതിനിധിക്ക് ഔദ്യോഗികമായി കൈമാറി. 

ഫാദർ ജോബി കൊച്ചുമുട്ടം സമ്മതപത്രം ഫൗണ്ടേഷൻ പ്രതിനിധിയായ ഷിജു അലക്സിനു കൈമാറുന്നു
ഫാദർ ജോബി കൊച്ചുമുട്ടം, സമ്മതപത്രം ഫൗണ്ടേഷൻ പ്രതിനിധിക്ക് കൈമാറുന്നു

തുടർന്ന്, ധർമ്മാരാം കോളേജിലെ ഫാദർ ഫ്രാൻസിസ് തോണിപ്പാറ ലൈബ്രറിയിലെ പുസ്തക ശേഖരത്തെ പറ്റി സംസാരിക്കുകയും, ധർമ്മാരാം പദ്ധതി ആരംഭിക്കുന്നതിൻ്റെ പ്രതീകമായി ഉദയംപേരൂർ സുനഹദൊസിൻ്റെ കാനൊനകളുടെ പ്രധാനപ്പെട്ട ഒരു കൈയെഴുത്ത് പ്രതി ഡിജിറ്റൈസേഷനായി ഫൗണ്ടേഷൻ പ്രതിനിധിക്ക് ഔദ്യോഗികമായി കൈമാറുകയും ചെയ്തു. 

ഫാദർ ഫ്രാൻസിസ് തോണിപ്പാറ ഉദയംപേരൂർ സുനഹദൊസിൻ്റെ കാനൊനകളുടെ കൈയെഴുത്ത് പ്രതി ഫൗണ്ടേഷൻ പ്രതിനിധിയായ ഷിജു അലക്സിനു ഡിജിറ്റൈസേഷനായി കൈമാറുന്നു
ഫാദർ ഫ്രാൻസിസ് തോണിപ്പാറ ഉദയംപേരൂർ സുനഹദൊസിൻ്റെ കാനൊനകളുടെ കൈയെഴുത്ത് പ്രതി ഫൗണ്ടേഷൻ പ്രതിനിധിക്ക് ഡിജിറ്റൈസേഷനായി കൈമാറുന്നു

ഫാദർ ജോബി കൊച്ചുമുട്ടത്തിൻ്റെ അനൗൻസ്മെൻ്റും  ഫാദർ ഫ്രാൻസിസ് തോണിപ്പാറയുടെ പ്രസ്താവനയും ഈ വീഡിയോയിൽ കാണാം. https://www.youtube.com/watch?v=idUPRUsOA54&t=4032s

ഇനിയുള്ള കുറച്ചു മാസങ്ങൾ ധർമ്മാരാം കൊളേജിൽ നിന്നുള്ള ധാരാളം കേരളരേഖകൾ നമുക്ക് പ്രതീക്ഷിച്ച് തുടങ്ങാം. ഡിസംബർ ആദ്യവാരം തൊട്ട് ധർമ്മാരാം കൊളേജ് ലൈബ്രറി സ്കാനുകളുടെ റിലിസ് തുടങ്ങാൻ കഴിയും എന്നാണ് ഇപ്പൊഴത്തെ പ്രതീക്ഷ.