സിനിമാ പാട്ടുപുസ്തകങ്ങളുടെ ഡിജിറ്റൈസേഷൻ ആരംഭിക്കുന്നു

കുറച്ചു വർഷങ്ങൾക്ക് മുൻപ് വരെ മലയാളസിനിമാ വ്യവസായയുമായി ബന്ധപ്പെട്ട് സമാന്തരമായി നടന്നിരുന്ന ഒരു സാംസ്കാരികപ്രവർത്തനമായിരുന്നു സിനിമാപാട്ടുപുസ്തകങ്ങളുടെ പ്രസിദ്ധീകരണവും അതിൻ്റെ ഉപഭോഗവും. 1950കൾ മുതലെങ്കിലും സമാന്തര പ്രസിദ്ധീകരണ ശാലകൾ വഴി ഈ വിഷയത്തിൽ ആയിരക്കണക്കിനു ചെറിയ  പുസ്തകങ്ങൾ ഇറങ്ങിയിട്ടുണ്ട്. ഒറ്റത്തവണ മാത്രം പ്രസിദ്ധീകരിച്ച് ഓർമ്മയായി പോകുന്ന ഇത്തരം പാട്ടുപുസ്തകങ്ങൾ അതത് കാലത്തെ ചരിത്രം രേഖപ്പെടുത്തൽ കൂടിയാണ്.

നിലവിൽ ഇതുമായി ബന്ധപ്പെട്ട് എന്തെങ്കിലും പ്രവർത്തനം നടക്കുന്നുണ്ടോ എന്ന് എനിക്ക് അറിയില്ല. (കോളേജ് പഠനകാലത്ത് (1990കളുടെ അവസാനം) ഇത്തരം  സിനിമാപാട്ടുപുസ്തകങ്ങൾ വാങ്ങിച്ചിരുന്നത് ഇത്തരുണത്തിൽ ഞാനോർക്കുന്നു. )

Indic Digital Archive Foundation ൻ്റെ കേരളരേഖകളുടെ ഡിജിറ്റൈസേഷൻ  പ്രവർത്തനം വ്യാപിപ്പിക്കുന്നതിൻ്റെ ഭാഗമായി സിനിമാപാട്ടുപുസ്തകങ്ങളുടെ ഡിജിറ്റൈസേഷൻ എന്ന പ്രത്യേക ഉപപദ്ധതി ആരംഭിക്കുകയാണ്.

ഉണ്ണിയാർച്ച (പാട്ടുപുസ്തകം)
ഉണ്ണിയാർച്ച (പാട്ടുപുസ്തകം)

ഇത്തരം ഒരു ഡിജിറ്റൈസേഷൻ പദ്ധതിയെപറ്റിയുള്ള ചിന്ത പണ്ടേ മനസ്സിൽ ഉണ്ടെങ്കിലും സിനിമാപാട്ടുപുസ്തകങ്ങൾ ലഭ്യമല്ലാത്തത് കൊണ്ട് അത് ചെയ്യാൻ ആയില്ല. ഇപ്പോൾ പ്രശസ്ത പുസ്തകചരിത്രകാരനും നിരൂപകനുമായ പി.കെ. രാജശേഖരൻ പ്രത്യേക മുൻകൈ എടുത്താണ് ഇങ്ങനെ ഒരു പദ്ധതി ആരംഭിക്കുന്നത്. അദ്ദേഹം ഈ പദ്ധതി തുടങ്ങുന്നതിൻ്റെ ഭാഗമായി ഏതാണ് 50 ഓളം പഴയ സിനിമാപാട്ടുപുസ്തകങ്ങളുടെ ശെഖരം ഡിജിറ്റൈസേഷനായി കൈമാറി.  പി.കെ. രാജശേഖരൻ കൈമാറിയ സിനിമാപാട്ടുപുസ്തകങ്ങൾ ആണ് ആദ്യഘട്ടത്തിൽ ഡിജിറ്റൈസ് ചെയ്ത് പുറത്ത് വരുന്നത്.

ഈ പോസ്റ്റ് വായിക്കുന്ന പലരുടേയും കൈയിൽ പോസ്റ്റിൽ സൂചിപ്പിച്ചിരിക്കുന്ന പഴയ സിനിമാപാട്ടുപുസ്തകങ്ങൾ ഉണ്ടാകാം. ഇത് ഡിജിറ്റൈസ് ചെയ്ത് സംരക്ഷിക്കുന്ന സാംസ്കാരികപ്രവർത്തനത്തിൽ പങ്കു ചേരാൻ നിങ്ങൾക്ക് താല്പര്യമുണ്ട് എങ്കിൽ നിങ്ങളുടെ കൈയിലുള്ള ശെഖരത്തിൻ്റെ വിശദാംശങ്ങൾ [email protected] എന്ന മെയിലിലേക്ക് അയക്കാൻ അഭ്യർത്ഥിക്കുന്നു. (ഡിജിറ്റൈസേഷൻ കഴിഞ്ഞാൽ രേഖകൾ അത് തന്നവർക്ക് തന്നെ തിരിച്ചു തരുന്നതാണ്)

ഈ പദ്ധതി തുടങ്ങുന്നതിൻ്റെ ഭാഗമായി റിലീസ് ചെയ്യുന്നത് ഉദയായുടെ ഉണ്ണിയാർച്ച എന്ന സിനിമയുടെ കഥാസാരവും പാട്ടുകളും അടങ്ങുന്ന പുസ്തകമാണ്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

(ഉയർന്ന റെസലൂഷൻ ഉള്ള സ്കാൻ ആയതിനാൽ സൈസ് കൂടുതൽ ഉള്ളതു കൊണ്ട് മൊബൈൽ ഡിവൈസുകളിൽ ഈ സ്കാൻ ഡൗൺലൊഡ് ചെയ്താൽ വായിക്കാൻ പറ്റണം എന്നില്ല. അതിനാൽ ഡൗൺലോഡ് ചെയ്യുന്നവർ ദയവായി ലാപ്‌ടോപ്പോ/ഡെസ്ക്‌ടോപ്പോ പോലുള്ള ഡിവൈസുകൾ ഉപയോഗിക്കുക)

  • പേര്: ഉണ്ണിയാർച്ച (സിനിമാ പാട്ടുപുസ്തകം)
  • അച്ചടി: Santa Cruz Press, Alleppey
  • സ്കാൻ ലഭ്യമായ താൾ: കണ്ണി

 

2 thoughts on “സിനിമാ പാട്ടുപുസ്തകങ്ങളുടെ ഡിജിറ്റൈസേഷൻ ആരംഭിക്കുന്നു”

Leave a Reply

Your email address will not be published. Required fields are marked *