2010-ൽ പ്രസിദ്ധീകരിച്ച പി. ഗോവിന്ദപ്പിള്ളയുടെ വൈജ്ഞാനിക വിപ്ലവം ഒരു സാംസ്‌കാരിക ചരിത്രം എന്ന പുസ്തകത്തിൻ്റെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.
2010- വൈജ്ഞാനിക വിപ്ലവം ഒരു സാംസ്‌കാരിക ചരിത്രം
ലോകചരിത്രത്തെയാകെ മാറ്റിമറിച്ച വൈജ്ഞാനിക വിപ്ലവത്തിൻ്റെയും
ശാസ്ത്രസാങ്കേതികവിദ്യാ മുന്നേറ്റത്തിൻ്റെയും സമഗ്രവും വ്യത്യസ്‌തവുമായ ചരിത്രം ആദ്യമായി മലയാളഭാഷയിൽ എഴുതപ്പെട്ടു. നാഗരികതയും സംസ്‌കാരവും തമ്മിലുള്ള ബന്ധത്തെയും വൈപരീത്യത്തെയും കുറിച്ചും ചർച്ച ചെയ്യുന്ന പുസ്‌തകം,മനുഷ്യപുരോഗതിയുടെ ചരിത്രത്തിലെ വഴിത്തിരിവുകളും നാഴികക്കല്ലുകളും, വ്യക്തിപ്രഭാവങ്ങളും സാംസ്‌കാരികവികാസങ്ങളും
മനസ്സിലാക്കുവാൻ ഉപകരിക്കുന്നു .
മനുഷ്യജീവിതത്തിൻ്റെ ഗുണപരമായ വളർച്ചയ്ക്കും സമൂഹത്തിൻ്റെ
സർവതോൻമുഖമായ വികസനത്തിനും ശാസ്ത്രവും സാങ്കേതിക വിദ്യകളും ചേർന്ന് ഗണ്യമായ സംഭാവനയാണ് നൽകിക്കൊണ്ടിരിക്കുന്നത്, എന്നാൽ ശാസ്ത്ര സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് ആധിപത്യം ഉറപ്പിക്കുവാനും ചൂഷണത്തിൻ്റെ പുതിയ വിദ്യകൾ വികസിപ്പിക്കുവാനും ശ്രമങ്ങൾ നടക്കുന്നുണ്ട്. ഇതൊക്കെ ചൂണ്ടിക്കാട്ടി ശാസ്ത്രീയ യുക്തി കൈയൊഴിയണം എന്നു വാദിക്കുന്നവരുടെ എണ്ണം വർധിച്ചുവരുന്ന സാഹചര്യത്തിൽ ശാസ്ത്രത്തിൻ്റെ നിഷേധാത്മക വശങ്ങളോട് കണ്ണടയ്ക്കാതെ തന്നെ അതിൻ്റെ ഗുണപരമായ വശങ്ങൾ ചൂണ്ടിക്കാട്ടി മനുഷ്യപുരോഗതിക്ക് ശാസ്ത്രം നൽകിയ സംഭാവനകൾ വിശദീകരിക്കുന്ന മഹത്തായ ഒരു കൃതിയാണ് ശ്രീ. പി. ഗോവിന്ദപ്പിള്ള എഴുതിയ “വൈജ്ഞാനിക വിപ്ലവം ഒരു സാംസ്‌കാരിക ചരിത്രം” എന്ന ഈ പുസ്തകം.
ഇതിൻ്റെ ആദ്യഭാഗങ്ങളിൽ നാഗരികതയും സംസ്‌കാരവും തമ്മിലുള്ള ബന്ധത്തെയും വൈപരീത്യത്തെയും കുറിച്ച് വിശദീകരിച്ചുകൊണ്ട് ശാസ്ത്രവും സംസ്കാരവും തമ്മിലുള്ള ബന്ധം വിശദമാക്കുന്നു . പതിനാറും പതിനേഴും നൂറ്റാണ്ടുകളിൽ സംഭവിച്ച വൈജ്ഞാനിക വിപ്ലവം യൂറോപ്പിന് മേൽക്കോയ്മ നേടിക്കൊടുക്കുകയും, ലോക ചരിത്രത്തെയാകെ മാറ്റി മറിക്കുകയും ചെയ്തു. ഈ സയൻ്റിഫിക് റവല്യൂഷൻ്റെ വിവിധ വശങ്ങൾ വെളുപ്പെടുത്തികൊണ്ട് കലയും സാഹിത്യദർശനങ്ങളും മതവും രാഷ്ട്രീയവും എങ്ങനെ ശാസ്ത്ര സംരംഭങ്ങളുമായി കെട്ടുപിണഞ്ഞുകിടക്കുന്നുവെന്നും, വൈജ്ഞാനിക വിപ്ലവത്തിൻ്റെ ചരിത്രം എന്നതിനപ്പുറം സാംസ്‌കാരിക ചരിത്രത്തിന്റെ ഭാഗമായി തൻ്റെ കൃതി മാറുന്നതെങ്ങനെയെന്നും പി.ജി. വ്യക്തമാക്കുന്നു.കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് തിരുവനന്തപുരം ആണ് ഈ പുസ്തകത്തിൻ്റെ പ്രസാധകർ.
പി ഗോവിന്ദപ്പിള്ളയുടെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് ലഭ്യമാക്കുന്നത്.
പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
- പേര്: വൈജ്ഞാനിക വിപ്ലവം ഒരു സാംസ്‌കാരിക ചരിത്രം
- ഗ്രന്ഥകർത്താവ്: പി ഗോവിന്ദപ്പിള്ള
- പ്രസിദ്ധീകരണ വർഷം: 2010
- അച്ചടി: Vijnanamudranam Press, Nalanda
- താളുകളുടെ എണ്ണം: 664
- സ്കാൻ ലഭ്യമായ ഇടം: കണ്ണി