1944-ൽ പ്രസിദ്ധീകരിച്ച, ജി. അധികാരി എഴുതിയ പാക്കിസ്ഥാനും ദേശീയൈക്യവും എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

ഇന്ത്യൻ സ്വാതന്ത്ര്യസമര കാലഘട്ടത്തിൽ വലിയ രാഷ്ട്രീയ ചർച്ചയായിരുന്ന പാക്കിസ്ഥാൻ വാദത്തെയും, സ്വയം നിർണ്ണയാവകാശത്തെയും, ഹിന്ദു-മുസ്ലിം ഐക്യത്തെയും കേന്ദ്രീകരിച്ചാണ് ഈ പുസ്തകം എഴുതിയിട്ടുള്ളത്. 1942 സെപ്റ്റംബറിൽ സി.പി.ഐ. കേന്ദ്ര കമ്മിറ്റി പാസ്സാക്കുകയും 1943 മേയിലെ ഒന്നാം പാർട്ടി കോൺഗ്രസ് സ്ഥിരീകരിക്കുകയും ചെയ്ത പ്രമേയവും, അതിനെക്കുറിച്ചുള്ള ഡോ. അധികാരിയുടെ വിശദീകരണവുമാണ് ഇതിൻ്റെ ഉള്ളടക്കം. ഇന്ത്യയിലെ ഓരോ പ്രത്യേക ജനസമുദായത്തിനും അവരുടെ ഭാഷ, സംസ്കാരം, ജന്മദേശം എന്നിവ അടിസ്ഥാനമാക്കി സ്വതന്ത്ര ഇന്ത്യയിൽ സ്വയംഭരണാധികാരത്തിനും, ആഗ്രഹിക്കുന്നപക്ഷം യൂണിയനിൽ നിന്ന് വേർപിരിഞ്ഞു പോകാനുമുള്ള അവകാശം ഉണ്ടാകണം എന്ന കമ്മ്യൂണിസ്റ്റ് കാഴ്ചപ്പാട് പുസ്തകം മുന്നോട്ടുവെക്കുന്നു
ബ്രിട്ടീഷ് സാമ്രാജ്യത്വത്തിൽ നിന്ന് സ്വാതന്ത്ര്യം നേടാനും ഫാസിസ്റ്റ് ഭീഷണിയെ ചെറുക്കാനും കോൺഗ്രസ്സും മുസ്ലിം ലീഗും ഉൾപ്പെടുന്ന ശക്തമായ ഐക്യമുന്നണി (കോൺഗ്രസ്സ് – ലീഗ് ഐക്യം) അനിവാര്യമാണെന്ന് ഗ്രന്ഥകാരൻ വ്യക്തമാക്കുന്നു. ലെനിൻ്റെയും സ്റ്റാലിൻ്റെയും ദേശീയതയെക്കുറിച്ചുള്ള സിദ്ധാന്തങ്ങൾ ഉയർത്തിക്കാട്ടുന്നതോടൊപ്പം സാറിസ്റ്റ് റഷ്യയിൽ വ്യത്യസ്ത ജനസമുദായങ്ങൾക്ക് സ്വയം നിർണ്ണയാവകാശം നൽകി സോവിയറ്റ് യൂണിയൻ കെട്ടിപ്പടുത്ത മാതൃക ഇന്ത്യയിലും പ്രയോഗിക്കാവുന്നതാണ്. പാക്കിസ്ഥാൻ വാദം മുസ്ലിം ജനവിഭാഗങ്ങളുടെ സ്വയംഭരണ അഭിലാഷങ്ങളുടെയും സ്വാതന്ത്ര്യതൃഷ്ണയുടെയും പ്രതിഫലനമാണെന്നും പുസ്തകത്തിൽ പറയുന്നു. അവസാന ഭാഗത്ത് അന്നത്തെ പഞ്ചാബ്, ബംഗാൾ, സിന്ധ്, വടക്കുപടിഞ്ഞാറൻ അതിർത്തി സംസ്ഥാനം (NWFP), ബലൂചിസ്ഥാൻ എന്നിവിടങ്ങളിലെ മുസ്ലിം ജനസംഖ്യാ ശതമാനക്കണക്കുകൾ (1941-ലെ സെൻസസ് അടിസ്ഥാനമാക്കി) അനുബന്ധമായി നൽകിയിട്ടുണ്ട്
തിരുവനന്തപുരം ജില്ലയിലെ പെരിങ്ങമ്മല എസ്.എൻ.വി. ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമായത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.
- പേര്: പാക്കിസ്ഥാനും ദേശീയൈക്യവും
- പ്രസിദ്ധീകരണ വർഷം: 1944
- താളുകളുടെ എണ്ണം: 68
- അച്ചടി: Desabhimani Press, Kozhikode
- സ്കാൻ ലഭ്യമായ ഇടം: കണ്ണി
