1941 – ൽ പ്രസിദ്ധീകരിച്ച, പി. ശേഷാദ്രി അയ്യർ രചിച്ച സമുദായശാസ്ത്രം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

സമുദായശാസ്ത്രം അഥവാ സാമൂഹ്യ ശാസ്ത്രത്തെ കുറിച്ചുള്ള വിശദമായ പഠനമാണ് ഈ ഗ്രന്ഥം. സമുദായ ശാസ്ത്രത്തിൻ്റെ വ്യാപ്തി വളരെ വിശാലമാണ്. ഒന്നിലധികം വ്യക്തികളുടെ സമ്മേളനങ്ങൾ ഏതും സമുദായം എന്ന് പറയാം. വ്യക്തികൾ തമ്മിലുള്ള ഏതു ബന്ധവും ഇതിൻ്റെ പരിധിയിൽ പെടും. വ്യക്തി ബന്ധങ്ങൾ കുടുംബപരമോ സൗഹാർദ്ദപരമോ സാമ്പത്തികമോ മതപരമോ രാഷ്ട്രീയപരമോ ആയാലും എല്ലാം സമുദായ ശാസ്ത്രത്തിലെ വിശകലനങ്ങൾക്ക് വിധേയമാകും. ഈ ഗ്രന്ഥത്തിൽ രണ്ട് ഭാഗങ്ങൾ അടങ്ങിയിരിക്കുന്നു. ഒന്നാം ഭാഗത്തിൽ സമുദായ തത്വങ്ങളെ സംക്ഷിപ്തമായി വിവരിക്കുന്നു. രണ്ടാം ഭാഗത്തിൽ പ്രാചീനകാലം മുതൽ സമുദായ ശാസ്ത്രത്തിൽ ചർച്ച നടത്തിയിട്ടുള്ള പ്രധാന ചിന്തകന്മാരുടെയും ഗവേഷകന്മാരുടെയും അഭിപ്രായങ്ങൾ ക്രോഡീകരിച്ച് ഉൾപ്പെടുത്തിയിരിക്കുന്നു. മനുഷ്യസമൂഹത്തിന് സംസ്കാരപരമായ പുരോഗമനം ഏതെല്ലാം മാർഗങ്ങളിൽ നിന്നാണ് സാധിച്ചിട്ടുള്ളതെന്നും ഏത് ലക്ഷ്യത്തെ അഭിമുഖീകരിച്ചാണ് പ്രയാണം ചെയ്യേണ്ടതെന്നും ഉള്ള വസ്തുതകൾ ഗ്രഹിക്കുന്നതിന് ഈ പുസ്തകം ഉപകാരപ്രദമായിരിക്കും.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.
- പേര്: സമുദായശാസ്ത്രം
- രചന: പി. ശേഷാദ്രി അയ്യർ
- പ്രസിദ്ധീകരണ വർഷം: 1941
- അച്ചടി: സിറ്റി പ്രസ്സ്, തിരുവനന്തപുരം
- താളുകളുടെ എണ്ണം: 190
- സ്കാൻ ലഭ്യമായ ഇടം: കണ്ണി
