1926-ൽ പ്രസിദ്ധീകരിച്ച, തിരുക്കുറൾ എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്
ധർമ്മശാസ്ത്ര ഗ്രന്ഥമായ ‘തിരുക്കുറൾ’ തമിഴ് സാഹിത്യത്തിലെ തന്നെ അനശ്വര കാവ്യമായി കരുതപ്പെടുന്നു. തിരുവള്ളുവർ രചിച്ച ഈ കൃതിക്ക്, വടയാറ്റുകോട്ട കെ. പരമേശ്വരൻ പിള്ള മലയാളത്തിൽ തയ്യാറാക്കിയ ‘രണോദ്ധാരകം’ എന്ന വ്യാഖ്യാനമാണിത്.
തമിഴ് പദ്യ സാഹിത്യത്തിലെ ഈരടികളാണ് കുറൾ എന്നപേരിൽ അറിയപ്പെടുന്നത്. ”കടുകൈത്തുളത്തേഴ് കടലൈപ്പുകട്ടി ക്കുറുകത്തറിത്തകുറൾ” (കടുകു തുളച്ച് ഏഴു കടലും കുറുക്കി സംഗ്രഹിച്ച് അകത്തടച്ചതാണു കുറൾ) എന്ന് ഒരു മഹാൻ അഭിപ്രായപ്പെട്ടിട്ടുണ്ട്. അർത്ഥബഹുലമല്ലാത്ത ഒരു ഈരടി പോലും ഈ ഗ്രന്ഥത്തിൽ കാണാവുന്നതല്ല. തിരുക്കുറളിനെ ധർമ്മപദ്ധതി, അർത്ഥപദ്ധതി, കാമപദ്ധതി എന്നിങ്ങനെ മൂന്നായി തിരിച്ചിരിക്കുന്നു. ആകെ 133 അധികാരങ്ങളും (അധ്യായങ്ങൾ) ഓരോ അധികാരത്തിലും 10 ‘ഈരടികൾ’ (കുറളുകൾ) വീതം ആകെ 1330 ഈരടികളും ഈ മഹാഗ്രന്ഥത്തിലുണ്ട്.
ഈ പുസ്തകത്തിൽ മൂലകൃതിയിലെ തമിഴ് ഈരടികൾ മലയാള ലിപിയിൽ കൊടുക്കുകയും, അതിനു താഴെ ലളിതമായ വ്യാഖ്യാനവും സാരാംശവും ഉൾപ്പെടുത്തുകയും ചെയ്തിരിക്കുന്നു. തിരുക്കുറളിന് മുപ്പാനൂൽ, ഉത്തരവേദം, ദൈവനൂൽ, തിരുവള്ളുവർ, പൊയ്യാമൊഴി, തമിഴ് മറൈ, പൊതുമറൈ എന്നിങ്ങനെ എട്ടോളം മറ്റു പേരുകൾ കൂടിയുണ്ടെന്ന് ഇതിൻ്റെ പ്രസ്താവനയിൽ വ്യക്തമാക്കുന്നുണ്ട്.
കൊല്ലത്തു നിന്നുള്ള കണ്ണൻ ഷണ്മുഖം മാഷ് ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി നൽകിയത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.
- പേര്: തിരുക്കുറൾ
- പ്രസിദ്ധീകരണ വർഷം: 1926
- താളുകളുടെ എണ്ണം: 272
- അച്ചടി: V.V. Press, Kollam
- സ്കാനുകൾ ലഭ്യമായ താൾ: കണ്ണി
