1924-ൽ പ്രസിദ്ധീകരിച്ച, കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ രചിച്ച നിലവറക്കുണ്ടിലെ ഭൂതത്താൻ എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്
ഒരു സായാഹ്നത്തിൽ, ചേറ്റുപുഴയിലെ കായൽ വക്കത്തിരുന്നു വിശ്രമിക്കുമ്പോൾ ഒരു മണിക്കൂറു കൊണ്ട് കുഞ്ഞിക്കുട്ടൻ തമ്പുരാൻ രചിച്ച കൃതിയാണിതെന്നു മുഖവുരയിൽ കെ. വാസുദേവൻ മൂസ്സത് എഴുതിയിരിക്കുന്നു. തത്സമയം തന്നെ മൂസ്സത് ഇത് കുറിച്ചെടുക്കുകയായിരുന്നു. കുഞ്ചൻ നമ്പ്യാരുടെ ‘പുറംകഥകൾ’ എന്ന സങ്കൽപ്പത്തെ അടിസ്ഥാനമാക്കിയാണ് ഇത് രചിച്ചിട്ടുള്ളത്. ദുരാചാരങ്ങളെയും വഞ്ചനകളെയും നിഷേധരൂപേണ കാണിച്ച് ഉപദേശിക്കുക എന്ന ഉദ്ദേശ്യമാണ് ഈ കൃതിക്കുള്ളതെന്നും മുഖവുരയിലുണ്ട്. കൃതിയുടെ പേര് വാസുദേവൻ മൂസ്സത് തന്നെ നൽകിയതാണ്
ഖണ്ഡങ്ങളായി തിരിച്ചിട്ടുള്ള കൃതിയിൽ പ്രധാനമായും രണ്ട് കഥാഭാഗങ്ങളാണുള്ളത്. കാളിയും കേളച്ചാരും എന്ന കവിതയിൽ കാളി എന്ന സ്ത്രീ ഭർത്താവായ കേളച്ചാർ അപ്രതീക്ഷിതമായി കടന്നുവരുമ്പോൾ തൻ്റെ കാമുകനായ മാക്കോച്ചാരെ നിലവറയിൽ ഒളിപ്പിക്കുകയും ബുദ്ധിപൂർവ്വം ഭർത്താവിനെക്കൊണ്ട് തലയിണയുടെ ഉറ നോക്കാനെന്ന വ്യാജേന തല മൂടുവിച്ച് കാമുകനെ രക്ഷപ്പെടുത്തുകയും ചെയ്യുന്നു.
കട്ടയും കോരപ്പനും എന്ന കവിതയിൽ ഭർത്താവായ കോരപ്പൻ അറിയാതെ നിരവധി ജാരന്മാരെ സ്വീകരിക്കുന്ന ‘കട്ട’ എന്ന സ്ത്രീയുടെ കഥയാണുള്ളത്. നിലവറയിൽ കുടുങ്ങിപ്പോകുന്ന കാമുകനെ ഭർത്താവിൻ്റെ മുന്നിൽ “ഗന്ധർവ്വൻ” ആണെന്ന് വിശ്വസിപ്പിച്ച് തന്ത്രപൂർവ്വം രക്ഷിച്ചെടുക്കുകയും, ഭർത്താവിനെക്കൊണ്ടുതന്നെ അയാൾക്ക് പൂജകൾ ചെയ്യിപ്പിക്കുകയും ചെയ്യുന്നു
തിരുവനന്തപുരം ജില്ലയിലെ മലയിൻകീഴ് ശ്രീകൃഷ്ണ വിലാസം ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമായത്
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.
- പേര്: നിലവറക്കുണ്ടിലെ ഭൂതത്താൻ
- രചയിതാവ്: കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ
- അച്ചടി: വിദ്യാവിനോദിനി അച്ചുകൂടം, തൃശ്ശിവപേരൂർ
- താളുകളുടെ എണ്ണം: 28
- സ്കാൻ ലഭ്യമായ ഇടം: കണ്ണി
