1954 – ദിവ്യരഹസ്യപ്രകാശികാ ഒന്നാം ഭാഗം

1954-ൽ പ്രസിദ്ധീകരിച്ച, വി.എൻ. ഗോവിന്ദപ്പിള്ള എഴുതിയ ദിവ്യരഹസ്യപ്രകാശികാ ഒന്നാം ഭാഗം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

1954-ദിവ്യരഹസ്യപ്രകാശിക ഒന്നാം ഭാഗം

ഭാരതീയ യോഗവിദ്യയെയും പാശ്ചാത്യ മനശാസ്ത്ര തത്വങ്ങളെയും ഒരേ നൂലിൽ കോർത്തുവെച്ച അപൂർവ്വ ഗ്രന്ഥമാണ് “ദിവ്യരഹസ്യപ്രകാശം”. ബോധാനന്ദൻ എന്ന പേരിൽ അറിയപ്പെട്ടിരുന്ന വി. എൻ. ഗോവിന്ദപ്പിള്ള രചിച്ച ഈ കൃതി, ആത്മീയ സാധകർക്കും മനഃശക്തിയെക്കുറിച്ച് പഠിക്കാൻ ആഗ്രഹിക്കുന്നവർക്കും ഒരു മികച്ച വഴികാട്ടിയാണ്. സ്വാമി വിവേകാനന്ദൻ ഹാർവാർഡ് സർവ്വകലാശാലയിൽ വെച്ച് നടപ്പിലാക്കിയ പ്രശസ്തമായ പ്രസംഗത്തെയും ചിന്തകളെയും മുൻനിർത്തിയാണ് ഗ്രന്ഥകർത്താവ് പുസ്തകത്തിൻ്റെ മുഖവുര ആരംഭിക്കുന്നത്. പാശ്ചാത്യ ശാസ്ത്രത്തിലെ ഉൽകൃഷ്ട തത്വങ്ങളും ഭാരതീയ വേദാന്തവും തമ്മിൽ യാതൊരു വിരോധവുമില്ലെന്നും, യോഗസൂത്രങ്ങളിൽ പതഞ്ജലി മഹർഷി പറഞ്ഞിട്ടുള്ള കാര്യങ്ങൾ തന്നെയാണ് ആധുനിക മനശാസ്ത്രവും പരിണാമവാദവും വ്യക്തമാക്കുന്നതെന്നും പുസ്തകം സമർത്ഥിക്കുന്നു. ഗുരു-ശിഷ്യ സംവാദ രൂപത്തിലാണ് പുസ്തകത്തിൻ്റെ ഭൂരിഭാഗവും ആവിഷ്കരിച്ചിരിക്കുന്നത്. സകല ജീവജാലങ്ങളിലും വൃക്ഷലതാദികളിലും ദൈവീകാംശം നിഗൂഢമായിരിക്കുന്നു. ജാതിവ്യത്യാസങ്ങളും അന്ധവിശ്വാസങ്ങളും മനുഷ്യൻ്റെ അഹങ്കാരം കൊണ്ട് ഉണ്ടായതാണെന്നും, യഥാർത്ഥ ശുചിത്വവും വിവേകവുമാണ് പ്രധാനം എന്നും ഗുരു ശിഷ്യന് ഉപദേശിക്കുന്നു.

മെസ്മറിസം (Mesmerism), ആകർഷണ നോട്ടം (Hypnotic gaze), പ്രാണായാമം, ഏകാഗ്രത എന്നിവയെല്ലാം കേവലം അത്ഭുത വിദ്യകളല്ല, മറിച്ച് മനുഷ്യൻ്റെ ഉള്ളിലുള്ള ദൈവീകമായ ആത്മശക്തിയുടെ വികാസമാണെന്ന് ഗ്രന്ഥകാരൻ അഭിപ്രായപ്പെടുന്നു. പുരാണങ്ങളിലെ അത്ഭുത കഥകളെ യുക്തിവാദികൾ പരിഹസിക്കുമ്പോൾ, അവയ്ക്ക് പിന്നിലുള്ള യോഗാത്മകവും തത്ത്വചിന്താപരവുമായ അർത്ഥങ്ങൾ ഗ്രന്ഥകാരൻ ഉദാഹരണസഹിതം വെളിപ്പെടുത്തുന്നു. അതായത് രാവണൻ്റെ പത്ത് തലകൾ എന്നത് ശാന്തതയില്ലാതെ പലവിധ കാമക്രോധ വികാരങ്ങളാൽ അലയുന്ന മനുഷ്യൻ്റെ വികൃത മനസ്സിനെ സൂചിപ്പിക്കുന്നു. പുസ്തകത്തിലെ ഏറ്റവും ആകർഷകമായ ഭാഗം മനസ്സിനെക്കുറിച്ചുള്ള വിവരണം ആണ്. പുറമനം (Conscious Mind), ഉൾമനം (Subconscious Mind), ആനന്ദമനം (Superconscious/Spiritual Mind) ഇങ്ങനെ തലച്ചോറിന്റെ ഘടന അടിസ്ഥാനമാക്കി മനസ്സിനെ മൂന്നായി തിരിച്ചിരിക്കുന്നു. മാത്രമല്ല, മനസ്സിൻ്റെ ശക്തിപ്രയോഗം വഴി രോഗങ്ങൾ സുഖപ്പെടുത്താനും, ഭയം, അജ്ഞത, ഓർമ്മക്കുറവ് എന്നിവ പരിഹരിക്കാനും സാധിക്കുമെന്നും ഗ്രന്ഥകാരൻ അഭിപ്രായപ്പെടുന്നു

ആത്മീയതയെ കേവലം കാടുകയറിയ സന്യാസമായി കാണാതെ, ദൈനംദിന ജീവിതത്തിൽ വിജയവും മനസ്സമാധാനവും നേടാനുള്ള ഉപാധിയായി കാണാൻ ‘ദിവ്യരഹസ്യപ്രകാശം’ നമ്മെ പഠിപ്പിക്കുന്നു. മനസ്സിൻ്റെ നിഗൂഢ തലങ്ങളെക്കുറിച്ചും യോഗവിദ്യയുടെ പ്രായോഗിക വശങ്ങളെക്കുറിച്ചും പഠിക്കാൻ താല്പര്യമുള്ള ഏതൊരു വായനക്കാരനും തീർച്ചയായും വായിച്ചിരിക്കേണ്ട പുസ്തകമാണിത്

മാതൃഭൂമി വാരികയിൽ പ്രസിദ്ധീകരിച്ചുവരുന്ന ഗ്രന്ഥപ്പുര പംക്തിയിലേക്കും ഗ്രന്ഥപ്പുര ഡിജിറ്റൽ ആർക്കൈവിലേക്കും തങ്ങളുടെ കൈയിലുള്ള പൗരാണിക ഗ്രന്ഥങ്ങൾ നൽകാമെന്ന വാരികയിലെ പരസ്യം കണ്ടാണ് തിരുവനന്തപുരം ബാലരാമപുരത്തു നിന്നുള്ള രാജേഷ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി നൽകുന്നത്. അദ്ദേഹത്തിൻ്റെ മുത്തച്ഛനായ ശ്രീകണ്ഠൻ നായരുടെ ശേഖരത്തിൽ നിന്നുമാണ് ഈ പുസ്തകം ലഭിച്ചത്. റിട്ടയേഡ് വില്ലേജ് ഓഫീസറായിരുന്ന ശ്രീകണ്ഠൻ നായരും അധ്യാപികയായ ഭാര്യ വിജയമ്മയും നല്ല വായനക്കാരായിരുന്നു എന്നതും അമൂല്യമായ വേറെയും പുസ്തകങ്ങൾ അവരുടെ ശേഖരത്തിൽ ഉണ്ടായിരുന്നു എന്നതും രാജേഷ് ഓർമിച്ചെടുക്കുന്നു. രണ്ടുപേരും ഇപ്പോൾ ജീവിച്ചിരിപ്പില്ല. മാട്ടുചികിത്സാ സാരസംഗ്രഹം എന്ന വേറൊരു പുസ്തകം കൂടി രാജേഷ് ഏൽപ്പിച്ചത് ഗ്രന്ഥപ്പുര ഇതോടൊപ്പം റിലീസ് ചെയ്തിട്ടുണ്ട്

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: ദിവ്യരഹസ്യപ്രകാശികാ ഒന്നാം ഭാഗം
  • രചന: വി.എൻ. ഗോവിന്ദപ്പിള്ള
  • പ്രസിദ്ധീകരണ വർഷം: 1954
  • അച്ചടി: ശ്രീ രാമവിലാസം പ്രസ്സ്, കൊല്ലം
  • താളുകളുടെ എണ്ണം: 240
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി