മലയാളസിനിമാ പാട്ടുപുസ്തകങ്ങൾ – വി.ആർ. സുകുമാരൻ്റെ ശേഖരം – ആദ്യ പങ്ക് – 74 പാട്ടുപുസ്തകങ്ങൾ

1960കളുടെ അവസാനവും 1970കളിലുമായി പ്രസിദ്ധീകരിക്കപ്പെട്ട മലയാളസിനിമാപാട്ടുപുസ്തകങ്ങളുടെ ശേഖരം, ഇരിങ്ങാലക്കുടയിലുള്ള വി.ആർ. സുകുമാരൻ ഡിജിറ്റൈസേഷനായി ലഭ്യമാക്കിയതിലെ 74 സിനിമാ പാട്ടു പുസ്തകങ്ങളുടെ ഡിജിറ്റൽ സ്കാനുകൾ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

വി.ആർ. സുകുമാരൻ്റെ മലയാള സിനിമ പാട്ടുപുസ്തക ശേഖരം -ആദ്യ പങ്ക്‌ – 74 പാട്ടു പുസ്തകങ്ങൾ

1960കളിലും 1970കളിലും ഒക്കെ ഓരോ മലയാള സിനിമ ഇറങ്ങുമ്പോഴും അതിലെ പാട്ടുകളും സിനിമയുടെ കഥാസാരവും അടങ്ങുന്ന സിനിമാപാട്ടുപുസ്തകങ്ങൾ പൊതുസമൂഹത്തിൽ ജനപ്രിയമായ പ്രസിദ്ധീകരണം ആയിരുന്നു. പിൽക്കാലത്ത് കഥാസാരം ഒഴിവാക്കി വിവിധ സിനിമകളിലെ പാട്ടുകൾ ചേർത്തുള്ള സിനിമാപാട്ടുപുസ്തകങ്ങളായി അതിൻ്റെ രൂപം മാറി. ഇത്തരം മലയാളസിനിമാ പ്രസിദ്ധികരണങ്ങൾ വാങ്ങുകയും, അത് സൂക്ഷിച്ചു വെക്കുകയും അത് ഇടയ്ക്ക് പരിശോധിക്കുകയും ഒക്കെ ചെയ്യുന്നത് പലരുടെയും ഹോബി ആയിരുന്നു. ഒന്നൊന്നര പതിറ്റാണ്ടു മുൻപു വരെ ഇത്തരം പാട്ടുപുസ്തകങ്ങൾ ജനപ്രിയമായിരുന്നു. ഇപ്പോൾ അത്തരം സമാന്തര പ്രസിദ്ധീകരണങ്ങളുടെ അച്ചടിയും പ്രചരണവും ഏകദേശം അവസാനിച്ചിരിക്കുന്നു.

ഇരിങ്ങാലക്കുട സിവിൽ സ്റ്റേഷൻ റോഡിൽ വെളുത്തേടത്തുപ്പറമ്പിൽ വി.ആർ. സുകുമാരൻ ശ്രദ്ധേയനാകുന്നത് മുൻകാല മലയാളസിനിമാപാട്ടുപുസ്തകങ്ങൾ വാങ്ങി എന്നതു കൊണ്ടു മാത്രമല്ല, അത് നശിച്ചു പോകാതെ സൂക്ഷിച്ചു വെക്കാൻ അദ്ദേഹം ശ്രദ്ധിച്ചു എന്നതിൽ കൂടാണ്. കഴിഞ്ഞ അൻപതുവർഷത്തിൽ അധികമായി അനശ്വരഗാനങ്ങൾ അടങ്ങിയ അഞ്ഞൂറോളം പാട്ടുപുസ്തകങ്ങൾ അദ്ദേഹം നിധി പോലെ കാത്തുസൂക്ഷിച്ചു. സാഹിത്യത്തിലും സംഗീതത്തിലും ആഴമായ അഭിനിവേശം ഉണ്ടായിരുന്ന സുകുമാരൻ കുട്ടിക്കാലം മുതൽ പാട്ടുപുസ്തകങ്ങൾ ശേഖരിക്കാൻ ആരംഭിച്ചു. സ്ക്കൂൾ കാലഘട്ടത്തിൽ ബുധനാഴ്ചകളിൽ നടത്തിവന്നിരുന്ന സാഹിത്യസമാജം പരിപാടിയിൽ പാട്ടുകൾ പാടുവാൻ വേണ്ടിയാണ് അദ്ദേഹം പാട്ടുപുസ്തകങ്ങൾ വാങ്ങി തുടങ്ങിയത്. ടെലിവിഷൻ, ഇൻ്റർനെറ്റ് സംവിധാനങ്ങൾ ഇല്ലാതിരുന്ന കാലത്ത് പാട്ടാസ്വദിക്കാൻ അന്നത്തെ പ്രാദേശികകച്ചവടക്കാർക്കിടയിൽ നിന്നാണ് ഈ പുസ്തകങ്ങൾ അദ്ദേഹം വാങ്ങിരുന്നത്. പതിമൂന്നാം വയസിൽ തുടങ്ങിയ സമാഹരണം ഒരു ശീലമായി,കല്ലേറ്റുംകരയിൽ ജോലി കിട്ടുന്നതുവരെ അതു തുടർന്നു. പത്താം ക്ലാസിനു ശേഷം കൂത്തുപറമ്പിലുള്ള പ്ലാസ്റ്റിക് കളിക്കോപ്പ് നിർമ്മാണ കമ്പനിയിൽ ജോലി ചെയ്തിരുന്ന കാലത്ത്, ആഴ്ചയിലൊരിക്കൽ എറണാകുളത്തേയ്ക്ക് യാത്ര ചെയ്യേണ്ടി വന്നിരുന്ന സമയത്തും അതാത് ആഴ്ച്ചകളിലിറങ്ങുന്ന മലയാള സിനിമാപാട്ടുപുസ്തകങ്ങൾ അദ്ദേഹം വാങ്ങിക്കൂട്ടി. സിനിമാപ്പാട്ടുപുസ്തകങ്ങൾക്കു പുറമെ ഇപ്പോൾ പ്രസിദ്ധീകരണം നിർത്തിയ മറ്റു പല പുസ്തകങ്ങളും അദ്ദേഹത്തിൻ്റെ ശേഖരത്തിൽ നമുക്കു കാണാൻ സാധിക്കും. മലയാള സിനിമാഗാനങ്ങളെ കുറിച്ച് ഗവേഷണം ചെയ്യുന്ന വിദ്യാർത്ഥികൾക്കും, സംഗീത പ്രേമികൾക്കും ഒരു പോലെ പ്രയോജനപ്രദമാകും അദ്ദേഹത്തിൻ്റെ പുസ്തകശേഖരം എന്നു നിസ്സംശയം പറയാം.

വി.ആർ. സുകുമാരൻ്റെ ഈ അപൂർവ്വ ശേഖരത്തെ പറ്റി വിവിധ പത്രങ്ങളിൽ വന്ന വാർത്തകളും വീഡിയോ ലിങ്കുകളും ചുവടെ ചേർക്കുന്നു.

വാർത്ത 1

 

വാർത്ത 2

https://www.mathrubhumi.com/videos/news-in-videos/malayalam-song-books-collection-1.10505299

വി.ആർ. സുകുമാരൻ്റെ ഈ അപൂർവ്വ ശേഖരത്തെ പറ്റി വിവിധ പത്രങ്ങളിൽ വന്ന വാർത്തകൾ ശ്രദ്ധിച്ച ഗ്രന്ഥപ്പുരയുടെ സ്നേഹിതർ അദ്ദേഹത്തെ അത് ഡിജിറ്റൈസേഷനായി ലഭ്യമാക്കാമോ എന്ന അഭ്യർത്ഥനയുമായി സമീപിച്ചു. അദ്ദേഹം സന്തോഷത്തോടെ അതിനു സമ്മതിച്ചു. അതിനു നേതൃത്വം നൽകിയത് ഗ്രന്ഥപ്പുരയുടെ സ്നേഹിതനും, കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ സർക്കാർ കോളേജിലെ അദ്ധ്യാപകനുമായ ഡോ. സി.വി. സുധീർ
ആണ്. ശേഖരം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയ വി.ആർ. സുകുമാരനോടും അതിനു സഹായിച്ച ഡോ. സുധീർ സി.വി. യോടുമുള്ള നന്ദി അറിയിക്കട്ടെ.

മിക്കവാറും ഒക്കെ 1970കളിലെ സിനിമാപ്പാട്ടുപുസ്തകങ്ങൾ ആണിത്. ഇപ്പോൾ ഡിജിറ്റൈസ് ചെയ്തു പങ്കുവെക്കുന്ന ഈ ആദ്യ പങ്കിൽ 74 മലയാളസിനിമാപ്പാട്ടു പുസ്തകങ്ങൾ ആണുള്ളത്. ഇത് ഗ്രന്ഥപ്പുരയുടെ ബാംഗ്ലൂരിൽ ധർമ്മാരാം കോളേജിൽ പ്രവർത്തിക്കുന്ന സെൻ്ററിൽ നിന്നാണ് ഡിജിറ്റൈസ് ചെയ്തത്.

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: വി.ആർ. സുകുമാരൻ്റെ മലയാള സിനിമ പാട്ടുപുസ്തക ശേഖരം -ആദ്യ പങ്ക്‌ – 74 പാട്ടു പുസ്തകങ്ങൾ
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

 

1982 – ഇന്ദ്രിയാതീതജ്‌ഞാനവും പാരാസൈക്കോളജിയും-എ.ടി. കോവൂർ

1982-ൽ പ്രസിദ്ധീകരിച്ച, എ.ടി. കോവൂർ എഴുതിയ ഇന്ദ്രിയാതീതജ്‌ഞാനവും പാരാസൈക്കോളജിയും എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.ഈ പുസ്തകം വിവർത്തനം ചെയ്തിരിക്കുന്നത് ജോസഫ് ഇടമറുക് ആണ്.

1982 – ഇന്ദ്രിയാതീതജ്‌ഞാനവും പാരാസൈക്കോളജിയും-എ.ടി. കോവൂർ

എഴുത്തുകാരനും അധ്യാപകനും യുക്തിവാദിയുമായിരുന്ന എ.ടി. കോവൂർ, ആധ്യാത്മികതയും അത്ഭുതവിശ്വാസങ്ങളും സംബന്ധിച്ചുള്ള അവകാശവാദങ്ങൾ ശാസ്ത്രീയമായി പരിശോധിക്കുകയും, അവയുടെ യാഥാർത്ഥ്യത്തെ ചോദ്യം ചെയ്യുകയും ചെയ്യുന്നു ഈ പുസ്തകത്തിൽ. മതം അന്ധവിശ്വാസം, ചൂഷണം എന്നിവയ്‌ക്കെതിരെ ശാസ്ത്രീയമായ സമീപനവും സ്വതന്ത്ര ചിന്തയും പ്രോത്സാഹിപ്പിക്കുന്ന നാസ്തികത പ്രസ്ഥാനത്തിൻ്റെ സന്ദേശം പങ്കുവെക്കുന്നു. മനുഷ്യൻ്റെ അഞ്ചു ഇന്ദ്രിയങ്ങൾക്കപ്പുറമുള്ള അറിവ് എന്ന ആശയം, കോവൂർ ശാസ്ത്രീയമായി നിരാകരിക്കുന്നു. ടെലിപതി, ആസ്ത്രൽ ട്രാവൽ തുടങ്ങിയ അവകാശവാദങ്ങൾ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കുന്നു. ആത്മാവിൻ്റെ അസ്തിത്വം, പുനർജന്മം, ദൈവിക ശക്തികൾ എന്നിവയെക്കുറിച്ചുള്ള അവകാശവാദങ്ങൾ അദ്ദേഹം വെല്ലുവിളിക്കുന്നു. കോവൂർ തൻ്റെ രചനയിൽ ശാസ്ത്രീയ ചിന്തയും നിരീക്ഷണവും പ്രാധാന്യമർഹിക്കുന്നതാണെന്ന് ഉറപ്പാക്കുന്നു. കോവൂർ പല അവസരങ്ങളിൽ എഴുതിയ ലേഖനങ്ങളെ ഒന്നിച്ചുചേർത്തു എഡിറ്റ് ചെയ്തത് ജോസഫ് ഇടമറുകാണ് .

ഭാരതീയ യുക്തിവാദിസംഘം നേതാവും എഴുത്തുകാരനുമായ ശ്രീനി പട്ടത്താനം ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്:ഇന്ദ്രിയാതീതജ്‌ഞാനവും പാരാസൈക്കോളജിയും
  • പ്രസിദ്ധീകരണ വർഷം: 1982
  • രചന:എ.ടി. കോവൂർ
  • വിവർത്തനം:ജോസഫ് ഇടമറുക് 
  • അച്ചടി: Archana Printers, Kottayam
  • താളുകളുടെ എണ്ണം: 112
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

 

1973- സ്മരണമണ്ഡലം- പി.കെ. നാരായണപിള്ള

1973-ൽ പ്രസിദ്ധീകരിച്ച, പി.കെ. നാരായണപിള്ള എഴുതിയ സ്മരണമണ്ഡലം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1973- സ്മരണമണ്ഡലം- പി.കെ. നാരായണപിള്ള

സാഹിത്യപഞ്ചാനനൻ എന്ന അപര നാമത്തിൽ പ്രശസ്തനായ പി.കെ നാരായണപിള്ള തൻ്റെ ബാല്യകാലം, വിദ്യാഭ്യാസം, സാഹിത്യജീവിതം,സാമൂഹീക ജീവിതം എന്നിവയെക്കുറിച്ചും, കാലഘട്ടത്തിൻ്റെ സാംസ്ക്കാരിക, പൗരാണിക പശ്ചാത്തലത്തെയും വിശദമായി ഈ ആത്മകഥയിലൂടെ വരച്ചുകാട്ടുന്നു. മലയാളികളുടെ പാരമ്പര്യ ബോധം, വിദ്യാഭ്യാസം, സാമൂഹീക ചലനങ്ങൾ തുടങ്ങിയവയെക്കുറിച്ചെഴുതുമ്പോൾ അദ്ദേഹത്തിൻ്റെ ജീവിതാനുഭവങ്ങളും, കാഴ്ചപ്പാടുകളും ഈ കൃതിയിൽ വളരെ ശക്തമായ ഭാഷയിൽ പ്രതിഫലിക്കുന്നു. ഈ പുസ്തകം പൂത്തിയാക്കുവാൻ ഗ്രന്ഥകാരനു കഴിയാതെപോയി. ഈ പുസ്തകത്തിൻ്റെ മുൻ പിൻ കവർ പേജുകൾ നഷ്ടപ്പെട്ടിരിക്കുന്നു .

ഈ പുസ്തകം ഡിജിറ്റൈസേഷനായി നൽകിയിട്ടുള്ളത് ഭാരതീയ യുക്തിവാദിസംഘം നേതാവും എഴുത്തുകാരനുമായ ശ്രീനി പട്ടത്താനം ആണ്.

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്:സ്മരണമണ്ഡലം
  • രചയിതാവ്:പി.കെ. നാരായണപിള്ള
  • പ്രസിദ്ധീകരണ വർഷം: 1973
  • താളുകളുടെ എണ്ണം: 168
  • അച്ചടി:The Kerala University Co-operative Stores Press, Trivandrum
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1933 – എവറസ്റ്റാരോഹണം- സർ ഫ്രാൻസിസ് യങ്ങ് ഹസ്ബൻഡ്

1933 – ൽ സർ ഫ്രാൻസിസ് യങ്ങ് ഹസ്ബൻഡ് രചിച്ച എവറസ്റ്റാരോഹണം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്. ഇതു മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയത് മാത്യു എം. കുഴിവേലിയാണ് .

1933 – എവറസ്റ്റാരോഹണം- സർ ഫ്രാൻസിസ് യങ്ങ് ഹസ്ബൻഡ്

എവറസ്റ്റ് പര്യവേഷണങ്ങൾ സംഘടിപ്പിക്കുന്നതിൽ പ്രധാന പങ്കു വഹിച്ച ബ്രിട്ടീഷ് പര്യവേഷകനും ആത്മീയ എഴുത്തുകാരനുമായ സർ ഫ്രാൻസിസ് യങ്ങ് ഹസ്ബൻഡ് 1926 എഴുതി പ്രസിദ്ധീകരിച്ച ഒരു ക്ലാസിക് പർവ്വതാരോഹണ പുസ്തകമാണ് ദി എപ്പിക് ഓഫ് മൗണ്ട് എവറസ്റ്റ്. എവറസ്റ്റ് കൊടുമുടിയിലേക്കുള്ള ആദ്യ കാല ബ്രിട്ടീഷ് പര്യവേഷണങ്ങൾ, 1924 -ൽ കൊടുമുടിയിൽ എത്താൻ   ശ്രെമിക്കുന്നതിനിടെ അപ്രത്യക്ഷനായ ജോർജ് മല്ലോറിയും ആൻഡ്രൂ ഇർവിനും നടത്തിയ നാടകീയവും നിഗൂഢവുമായ ശ്രെമവും ഇതിൽ വിവരിക്കുന്നു. സാഹസികത, ചരിത്രം, മനുഷ്യൻ്റെ സഹിഷ്‌ണുത എന്നിവ സമന്വയിപ്പിച്ചു കൊണ്ട് ഉജ്ജ്വല ശൈലിയിൽ ആണ് ഇത് എഴുതിയിരിക്കുന്നത്. എവറസ്റ്റാരോഹണശ്രമം വെറും ഒരു വിനോദപരമായ പ്രസ്ഥാനമോ ബാലിശമായ സംരംഭമോ അല്ലെന്നും, ഏറ്റവും വിജ്ഞാനപ്രദവും സാഹസികോൽബുദ്ധവും ആയ ഒരു ശ്രമമാണെന്നും ബോദ്ധ്യമായ അടിസ്ഥാനത്തിലാണ് ഈ പുസ്തകം മാത്യു എം. കുഴിവേലി മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയത്. 1924-നു ശേഷം വീണ്ടും എവറസ്റ്റ് പര്യടനസംഘം ഇക്കൊല്ലം പുറപ്പെടുന്നുണ്ടെന്നു കേട്ടതിനാൽ അവർക്കുകൂടി ഉപകാരപ്രദമാകുവാൻ വേണ്ടിയാണു ഈ പുസ്തകംവേഗത്തിൽ പ്രസിദ്ധീകരിച്ചത് .

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ, മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. )

  • പേര്:നാടകപൂർണ്ണിമ
  • രചയിതാവ്:കൈനിക്കര പത്മനാഭപിള്ള
  • പ്രസിദ്ധീകരണ വർഷം: 1968
  • അച്ചടി: India Press, Kottayam
  • താളുകളുടെ എണ്ണം: 524
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

സമത്വമില്ലാതെ,നീതിയില്ല(എം.എൽ.എ. മാർക്കൊരു തുറന്ന കത്ത്)- വി. രാമചന്ദ്രൻ

കോൺഗ്രസ് പരിവർത്തനവാദി  വൈസ് പ്രസിഡൻറ് വി. രാമചന്ദ്രൻ എഴുതിയ സമത്വമില്ലാതെ,നീതിയില്ല(എം.എൽ.എ. മാർക്കൊരു തുറന്ന കത്ത്) എന്ന ലേഖനത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

സമത്വമില്ലാതെ,നീതിയില്ല(എം.എൽ.എ. മാർക്കൊരു തുറന്ന കത്ത്)- വി. രാമചന്ദ്രൻ

കോൺഗ്രസ്സ് പരിവർത്തനവാദികളുടെ വൈസ് പ്രെസിഡന്റായ ശ്രീ. വി രാമചന്ദ്രൻ എം എൽ എ മാർക്കൊരു തുറന്ന കത്ത് എന്ന പേരിൽ എഴുതിയ ലേഖനമാണിത്. 1972- ലെ സമയ ബന്ധിത പരിപാടിയിൽ പ്രഖ്യാപിച്ച കർഷക തൊഴിലാളി ബില്ലിന്റെ പിതൃത്വത്തെ ചൊല്ലി അവകാശം ഉന്നയിക്കുന്ന കോൺഗ്രസ് രാഷ്ട്രീയക്കാരെ ഇതിൽ വിമർശിക്കുന്നു. ബില്ലിന്റെ പരിധിയിൽ നിന്നും ഒരു ഹെക്ടർ വരെ ഭൂപരിധി ഉള്ളവരെ ഒഴിവാക്കിയത് കർഷകത്തൊഴിലാളികൾക്കു നേരെയുള്ള നീതി നിഷേധമാണെന്നു ലേഖകൻ പറയുന്നു. എല്ലാ കർഷക തൊഴിലാളികൾക്കും എല്ലാ ആനുകൂല്യങ്ങളും ലഭിക്കണം എന്ന യൂത്ത് കോൺഗ്രസിന്റെ ആവശ്യത്തെ ഈ ബില്ലിൽ നിരാകരിക്കുകയും അങ്ങനെ കർഷകത്തൊഴിലാളികൾക്കു കിട്ടേണ്ട ആനുകൂല്യങ്ങൾ നിഷേധിക്കപ്പെടുകയും ചെയ്തിരിക്കുന്നു. ഇങ്ങനെയൊരു സമീപനത്തിൽ ഭരണ കക്ഷിയിലെ സി പി ഐ ഈ വിഷയം ഏറ്റെടുക്കുകയോ മാർക്സിസ്റ് പാർട്ടിയുടെ ആവശ്യം അംഗീകരിക്കുകയോ ചെയ്തു നീതി നടപ്പാക്കണം എന്നും ലേഖകൻ ആവശ്യപ്പെടുന്നുണ്ട്. ബാങ്ക് ഉദ്യോഗസ്ഥർക്കും പൈലറ്റുമാർക്കും അദ്ധ്യാപകർക്കും വേണ്ടി ശബ്ദമുയർത്തിയിട്ടുള്ള ഭരണ പ്രതിപക്ഷ കക്ഷികൾ തമ്മിലുള്ള മത്സരത്തേക്കാൾ അതാണ് ഇന്നിന്റെ ആവശ്യം എന്നും ലേഖകൻ അടിവരയിടുന്നു.

കേരളത്തിലെ അച്യുതാനന്ദൻ മന്ത്രിസഭയിലെ ഗതാഗത വകുപ്പ് മന്ത്രിയായിരുന്ന ജോസ് തെറ്റയിൽ ആണ് ഈ ലേഖനം ഡിജിറ്റൈസേഷനു വേണ്ടി നൽകിയത്.

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

    • പേര് : സമത്വമില്ലാതെ,നീതിയില്ല(എം.എൽ.എ. മാർക്കൊരു തുറന്ന കത്ത്)
    • രചയിതാവ് : വി. രാമചന്ദ്രൻ
    • താളുകളുടെ എണ്ണം: 08
    • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1976 – എം.എ. ജോണിന് എതിരായി ഉന്നയിക്കപ്പെട്ട ആരോപണങ്ങളെക്കുറിച്ച് അന്വേഷിക്കാൻ നിയോഗിച്ച കമ്മീഷൻ്റെ റിപ്പോർട്ട്

കോൺഗ്രസ് പരിവർത്തനവാദികൾ എന്ന പ്രസ്ഥാനത്തിൻ്റെ സ്ഥാപകനേതാവായ എം.എ. ജോണിന് എതിരായി ഉന്നയിക്കപ്പെട്ട ആരോപണങ്ങളെക്കുറിച്ച് അന്വേഷിക്കാൻ നിയോഗിച്ച കമ്മീഷൻ്റെ റിപ്പോർട്ടിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1976 – എം.എ. ജോണിന് എതിരായി ഉന്നയിക്കപ്പെട്ട ആരോപണങ്ങളെക്കുറിച്ച് അന്വേഷിക്കാൻ
നിയോഗിച്ച കമ്മീഷൻ്റെ റിപ്പോർട്ട്

കോൺഗ്രസ്സ് പരിവർത്തനവാദികളുടെ മുൻപ്രസിഡൻറ്  എം.എ.ജോണിന് എതിരായി ഉന്നയിക്കപ്പെട്ട ആരോപണങ്ങളെക്കുറിച്ചു അന്വേഷിക്കാൻ 1976 ഫെബ്രുവരി 29 ന് മൂന്നംഗകമ്മീഷനെ നിർവാഹകസമിതി നിയോഗിച്ചു.ജനുവരി 31, ഫെബ്രുവരി 1 എന്നീ തീയതികളിൽ നടന്ന നിർവാഹക സമിതി യോഗത്തിൽ ടി. ഡി. ജോർജ്ജ് അക്കമിട്ടുഉന്നയിച്ച ആരോപണങ്ങൾ അന്വേഷിക്കുന്നതിനു വി. രാമചന്ദ്രൻ കൺവീനറും കെ. പി. സുദർശനൻ, കെ. എസ്. ഭാസ്ക്കരൻ എന്നിവർ അംഗങ്ങളുമായി അന്വേഷണകമ്മീഷൻ നിയമിക്കപ്പെട്ടു.പ്രവർത്തകാംഗങ്ങൾ പാലിക്കേണ്ടതായ നിഷ്ഠയും അംഗങ്ങൾക്കുള്ളഅവകാശങ്ങളും മനസ്സിൽ വച്ചുകൊണ്ടാണ് കമ്മീഷൻ അന്വേഷണ നടപടികൾ ആരംഭിച്ചത്. ആരോപങ്ങളുമായി ബന്ധപ്പെട്ട രേഖാമൂലമായ തെളിവുകൾ എല്ലാം തന്നെ ശേഖരിക്കുകയും, പാർട്ടിപ്രവർത്തകരെ നേരിൽകണ്ട ആരോപണ കാര്യങ്ങളെ കുറിച്ചു സംസാരിക്കുകയും, എം.എ.ജോണിനു കമ്മീഷൻ കത്തുകൾ അയക്കുകയും ചെയ്തു. എന്നാൽ നോട്ടീസുകൾ ജോൺ നിരസിക്കുകയും തെളിവുകളെ എതിർ വിസ്താരം വഴി പരിശോധിക്കാനുള്ള അവസരം സ്വയം നിഷേധിക്കുകയും രേഖാമൂലം ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിൽ നിഗമങ്ങളിൽ എത്താൻ കമ്മിഷൻ നിർബന്ധിതരാവുകയും ചെയ്തു. അതിനനുസരിച്ചു അന്വേഷണ കമ്മീഷൻ റിപ്പോർട് തയ്യാറാക്കുകയും ചെയ്തു. പരിവർത്തനവാദികൾ സ്വീകരിച്ചിട്ടുള്ള ഏററവും ഉദാരവും വിശാലവുമായ ജനാധിപത്യ തത്വങ്ങളാണ് കമ്മീഷൻ ഈ റിപ്പോർട്ട് ‌തയ്യാറാക്കുന്നതിൽ അവലംബിച്ചിട്ടുള്ളത്.

കേരളത്തിലെ അച്യുതാനന്ദൻ മന്ത്രിസഭയിലെ ഗതാഗത വകുപ്പ് മന്ത്രിയായിരുന്ന ജോസ് തെറ്റയിൽ ആണ് ഈ ലേഖനം ഡിജിറ്റൈസേഷനു വേണ്ടി നൽകിയത്.

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

    • പേര് : എം.എ. ജോണിന് എതിരായി ഉന്നയിക്കപ്പെട്ട
      ആരോപണങ്ങളെക്കുറിച്ച് അന്വേഷിക്കാൻ
      നിയോഗിച്ച കമ്മീഷൻ്റെ റിപ്പോർട്ട്
    • പ്രസിദ്ധീകരണ വർഷം:1976
    • അച്ചടി: ഗോപാലകൃഷ്ണാ പ്രിൻ്റിംഗ് വർക്സ്, എറണാകുളം
    • താളുകളുടെ എണ്ണം: 16
    • സ്കാൻ ലഭ്യമായ ഇടം: കണ്ണി

 

 

1955 – ലെനിൻ നമ്മുടെ ഗുരുനാഥൻ- ജെ.വി. സ്റ്റാലിൻ

1955 – ൽ പ്രസിദ്ധീകരിച്ച, ജെ.വി. സ്റ്റാലിൻ എഴുതിയ ലെനിൻ നമ്മുടെ ഗുരുനാഥൻ  എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്. മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയത് സി. ഉണ്ണിരാജ ആണ്.

1955 – ലെനിൻ നമ്മുടെ ഗുരുനാഥൻ- ജെ.വി. സ്റ്റാലിൻ

മഹാനായ ലെനിനെക്കുറിച്ച് സ്റ്റാലിൻ എഴുതിയ ലേഖനങ്ങളിൽനിന്നും നടത്തിയ പ്രസംഗങ്ങളിൽനിന്നും കൂടുതൽ പ്രധാന്യമുള്ളവ ഈ പുസ്തകത്തിൽ തർജ്ജിമ ചെയ്തു ഉൾപ്പെടുത്തിയിരിക്കുന്നു. ജെ.വി. സ്റ്റാലിൻ എഴുതിയ ഈ പുസ്തകം ലെനിൻ്റെ ആശയങ്ങളെയും  ലെനിനിസത്തെയും സ്റ്റാലിൻ്റെ വീക്ഷണകോണിലൂടെ അവതരിപ്പിക്കുന്ന ഒന്നാണ്. ലെനിൻ്റെ മാർക്സിസ്റ്റ് സിദ്ധാന്തങ്ങളെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ, പ്രത്യേകിച്ച് സാമ്രാജ്യത്വത്തെക്കുറിച്ചുള്ള അദ്ദേഹത്തിൻ്റെ വിശകലനം, സോഷ്യലിസ്റ്റ് വിപ്ലവത്തിൻ്റെ സാധ്യതകൾ എന്നിവ ഈ പുസ്തകത്തിൽ വിശദീകരിക്കുന്നു. മാർക്സിൻ്റെ കാലശേഷം ലോകത്തുണ്ടായ രാഷ്ട്രീയവും സാമ്പത്തികവുമായ മാറ്റങ്ങളെ ലെനിൻ എങ്ങനെ വിലയിരുത്തി എന്നും, തൊഴിലാളി വർഗ്ഗ പ്രസ്ഥാനങ്ങളെ ലെനിൻ എങ്ങനെ നയിച്ചു എന്നും സ്റ്റാലിൻ ഇതിൽ പ്രതിപാദിക്കുന്നു. ഇന്ത്യയെപ്പോലുള്ള രാജ്യങ്ങളിൽ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് ലെനിനിസത്തിൻ്റെ പ്രാധാന്യം എത്രത്തോളമാണെന്ന് ഈ പുസ്തകം ഊന്നിപ്പറയുന്നു. ഐക്യമുന്നണി രൂപീകരിക്കുന്നതിൻ്റെ പ്രാധാന്യം, സാമ്രാജ്യത്വത്തിനും നാടുവാഴി മേധാവിത്വത്തിനുമെതിരായ പോരാട്ടത്തിൽ തൊഴിലാളി വർഗ്ഗത്തിൻ്റെ പങ്ക് എന്നിവയും ഇതിൽ ചർച്ചചെയ്യപ്പെടുന്നു. കമ്മ്യൂണിസ്റ്റ് ആശയങ്ങൾ പഠിക്കാനും പ്രചരിപ്പിക്കാനും കേരളത്തിലെ ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്ക് ഇപ്പോഴും ഒരു പ്രധാന റഫറൻസാണ് ഈ പുസ്തകം .

പി ഗോവിന്ദപ്പിള്ള ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി ലഭ്യമായത്.

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്:  ലെനിൻ നമ്മുടെ ഗുരുനാഥൻ
  • രചയിതാവ്: ജെ.വി. സ്റ്റാലിൻ
  • മലയാള പരിഭാഷ: സി .ഉണ്ണിരാജ 
  • പ്രസിദ്ധീകരണ വർഷം: 1955
  • താളുകളുടെ എണ്ണം: 86
  • അച്ചടി: കലാകേരളം പ്രസ്, കോട്ടയം
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

 

 

2015 – പി.കെ.എസ് – പട്ടികജാതി ക്ഷേമസമിതി പരിപാടി ഭരണഘടന

2015 -ൽ പ്രസിദ്ധീകരിച്ച പി.കെ.എസ് – പട്ടികജാതി ക്ഷേമസമിതി പരിപാടി ഭരണഘടന എന്ന പുസ്തകത്തിൻ്റെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.

2015 – പി.കെ.എസ് – പട്ടികജാതി ക്ഷേമസമിതി പരിപാടി ഭരണഘടന

പട്ടികജാതികളുടെ സാമൂഹ്യ-രാഷ്ട്രീയ അവകാശങ്ങൾ ഉറപ്പാക്കുന്നതിനായി രൂപപ്പെടുത്തിയ പരിപാടികളും ഭരണഘടനയും വിശദീകരിക്കുന്നു ഈ പുസ്തകത്തിൽ. ജാതീയ അടിച്ചമർത്തലിൽ നിന്നും മുക്തമായ ഒരു സമൂഹമാണ് ഇതിലൂടെ ലക്ഷ്യമാക്കുന്നത്, വർഗ്ഗചൂഷണത്തിനെതിരെ പോരാടാനുള്ള മാർഗരേഖകൾ, പട്ടികജാതികളുടെ ക്ഷേമത്തിനായി രൂപപ്പെടുത്തിയ സംഘടനയുടെ പ്രവർത്തനരീതികൾ എന്നിവയുംഉൾക്കൊള്ളിച്ചിരിക്കുന്നു.

ഈ പുസ്തകം ഡിജിറ്റൈസേഷനായി നൽകിയിട്ടുള്ളത് ഭാരതീയ യുക്തിവാദിസംഘം നേതാവും എഴുത്തുകാരനുമായ ശ്രീനി പട്ടത്താനം ആണ്.

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്:പി.കെ.എസ് – പട്ടികജാതി ക്ഷേമസമിതി പരിപാടി ഭരണഘടന
  • പ്രസിദ്ധീകരണ വർഷം: 2015
  • താളുകളുടെ എണ്ണം: 32
  • അച്ചടി:Akshara Offset, Thiruvananthapuram
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

 

1976 – പരിവർത്തനവാദി കത്ത് – പി. രാജൻ

1976 -ൽ പാലാരിവട്ടത്തുനിന്നുള്ള പി. രാജൻ എസ്.കെ. മാധവൻ മാഷിന് അയച്ച കത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1976 – പരിവർത്തനവാദി കത്ത് – പി. രാജൻ

പരിവർത്തനവാദി പ്രവർത്തകനായ ശ്രീ എസ്.കെ. മാധവന് 1976 -ൽ പാലാരിവട്ടത്തുനിന്നുള്ള ശ്രീ പി രാജൻ എഴുതിയ കത്തിൻ്റെ കൈയെഴുത്തുപ്രതിയാണിത്. മിശ്രവിവാഹവും സാമൂഹ്യ പരിവർത്തനവും എന്ന വിഷയത്തിൽ സംസാരിക്കേണ്ട ആവശ്യകത ലേഖകൻ പറയുന്നുണ്ട്. അതിനുശേഷം മതേതരത്വത്തിൽ ജാതിനശീകരണത്തിനുള്ള പങ്കും, എന്നാൽ ആയതു നടപ്പിലാക്കാൻ തല്പര കക്ഷികൾക്കുള്ള വിമുഖതയും ലേഖകൻ ചൂണ്ടിക്കാണിക്കുന്നു. ജനാധിപത്യത്തിലെ അധികാര പങ്കാളിത്തത്തെക്കുറിച്ചും അംഗോള, റൊഡേഷ്യ തുടങ്ങിയ സ്ഥലങ്ങളിലെ സാമ്രാജ്യത്വ വിരുദ്ധ സമരങ്ങളെക്കുറിച്ചും പരാമർശമുണ്ട്. അതുപോലെ മതവും മതവിദ്യാഭ്യാസവും ജനങ്ങൾക്ക് നൽകിയിരുന്ന മൂല്യങ്ങൾ ജനാധിപത്യത്തിനും സോഷ്യലിസത്തിനും തടസമായിരുന്നു എന്ന തൻ്റെ ധാരണയും ലേഖകൻ പങ്കുവെക്കുന്നു. മതങ്ങളുടെ സ്ഥാപിത താല്പര്യങ്ങൾ ഇല്ലാതാക്കി ജനതയെ ഏകീകരിക്കാൻ സർക്കാർ തലത്തിൽ ഏകീകൃത വ്യക്തിനിയമങ്ങൾ കൊണ്ടുവരേണ്ടതിൻ്റെ ആവശ്യകതയും ലേഖകൻ ഊന്നിപ്പറയുന്നുണ്ട്.

കേരളത്തിലെ അച്യുതാനന്ദൻ മന്ത്രിസഭയിലെ ഗതാഗത വകുപ്പ് മന്ത്രിയായിരുന്ന ജോസ് തെറ്റയിൽ ആണ് ഈ ലേഖനം ഡിജിറ്റൈസേഷനു വേണ്ടി നൽകിയത്.

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര് : പരിവർത്തനവാദി കത്ത്
  • പ്രസിദ്ധീകരണ വർഷം:1976
  • രചയിതാവ് : പി. രാജൻ
  • താളുകളുടെ എണ്ണം: 04
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1973 – പരിവർത്തനവാദി കത്ത് – എസ്.കെ. മാധവൻ

1973 -ൽ കെ.പി.സി.സി മെമ്പർ ആയിരുന്ന തളിപ്പറമ്പിൽ നിന്നുള്ള എസ്.കെ. മാധവൻ മാഷ് ശ്രീ എ.കെ. ആൻറണിക്കു അയച്ച കത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1973 – പരിവർത്തനവാദി കത്ത് – എസ്.കെ. മാധവൻ

1970 – ൽ കേരളത്തിലെ കോൺഗ്രസ് പാർട്ടിയുടെ ആഭ്യന്തര രാഷ്ട്രീയ പ്രതിസന്ധിയുടെ ചരിത്ര രേഖകൂടിയാണ് ഈ കത്ത്. കോൺഗ്രസ് പാർട്ടിയിൽ നിന്നും പുറത്താക്കപ്പെട്ട എം.എ. ജോണിനെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ടുക്കൊണ്ടും, ആൻ്റണിയുടെ നിലപാടുകളെ ചോദ്യം ചെയ്‌തും, സ്ഥാനമാനങ്ങളിൽ താല്പര്യമില്ലാതെ, കോൺഗ്രെസ്സിലൂടെയേ ഈ നാടീൻ്റെ മോചനം സാധ്യമാകൂ എന്നുറച്ചു വിശ്വസിച്ചിരുന്ന, ശ്രീ എം.എ. ജോണിൻ്റെ പുറത്താക്കലിനെതിരെ ലേഖകൻ ശബ്ദമുയർത്തുന്നു. വ്യക്തിപരമായ പരിഗണനകൾക്കും സ്ഥാനങ്ങൾക്കും ഉപരിയായി ശ്രീ, എം.എ. ജോണിനോട് നീതി പുലർത്തണമെന്ന് ശക്തമായ ഭാഷയിൽ ലേഖകൻ ഈ കത്തിലൂടെ എ.കെ. ആൻ്റണിയോട് ആവശ്യപ്പെടുന്നു.

കേരളത്തിലെ അച്യുതാനന്ദൻ മന്ത്രിസഭയിലെ ഗതാഗത വകുപ്പ് മന്ത്രിയായിരുന്ന ജോസ് തെറ്റയിൽ ആണ് ഈ ലേഖനം ഡിജിറ്റൈസേഷനു വേണ്ടി നൽകിയത്.

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര് : പരിവർത്തനവാദി കത്ത്
  • പ്രസിദ്ധീകരണ വർഷം:1973
  • രചയിതാവ് : എസ്.കെ. മാധവൻ
  • താളുകളുടെ എണ്ണം: 12
  • അച്ചടി: ഭാവനപ്രസ്‌, കൊച്ചിൻ
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി