കെ. പത്മനാഭ അയ്യർ എഴുതിയ മഹച്ചരിതമഞ്ജരി എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. പരമ്പരയിലെ മൂന്നാമത്തെതായി പ്രസിദ്ധീകരിച്ച ഈ പുസ്തകത്തിൽ അലക്സാണ്ടർ ചക്രവർത്തിയുടെ ജീവിതത്തെക്കുറിച്ചും കാലഘട്ടത്തെയും കുറിച്ചാണ് രേഖപ്പെടുത്തിയിട്ടുള്ളത്
ചെറുപ്പകാലത്തുതന്നെ അലക്സാണ്ടർ പ്രശസ്തിയും കീർത്തിയും ആഗ്രഹിച്ചിരുന്നു. തൻ്റെ പിതാവ് അനേകം രാജ്യങ്ങൾ പിടിച്ചടക്കുന്നതു കണ്ടുകൊണ്ട് താൻ വളർന്നുവരുമ്പോൾ സ്വാധീനപ്പെടുത്താൻ രാജ്യങ്ങളൊന്നും ഉണ്ടാവുകയില്ലെന്ന് അദ്ദേഹം കരുതി. കായികാഭ്യാസങ്ങളോടൊപ്പം നിരന്തരം വ്യായാമം ചെയ്യുന്നതിലൂടെ തൻ്റെ ശരീരത്തിൻ്റെ ഉറപ്പും വഴക്കവും നിലനിർത്താൻ ശ്രദ്ധിച്ചു. സാധാരണ ഗുരുക്കന്മാരുടെ നിയന്ത്രനത്തിന് അധീനമാകുന്ന സ്വഭാവമല്ല പുത്രൻ്റെതെന്നു കണ്ട് ഫിലിപ്പ് രാജാവ് പ്രശസ്ത തത്ത്വചിന്തകനായ അരിസ്റ്റോട്ടിലിൻ്റെ കീഴിലുള്ള ശിക്ഷണവും വിദ്യാഭ്യാസവും അലക്സാണ്ടർക്കു നൽകാൻ നിശ്ചയിച്ചു. ഇരുപതാമത്തെ വയസ്സിൽ തൻ്റെ പിതാവ് വധിക്കപ്പെട്ടതിനു ശേഷം അദ്ദേഹം മാസിഡോണിയയുടെ അധികാരമേറ്റെടുത്തു
ത്രേസ്, ഗ്രീസ്, ഏഷ്യാമൈനർ, സിറിയ, ഈജിപ്ത്, പേർഷ്യ, മദ്ധ്യഏഷ്യ എന്നിവിടങ്ങളിലൂടെ അലക്സാണ്ടർ നടത്തിയ പ്രശസ്തമായ പടയോട്ടങ്ങളെ പുസ്തകത്തിൽ വിവരിക്കുന്നു. ബി.സി 327-മാണ്ടിൽ ലക്ഷത്തിൽല്പരം പടയാളികൾക്കൊപ്പം ഇന്ത്യയിലെത്തിയ അലക്സാണ്ടർ സിന്ധു നദിക്കു ചുറ്റുമുള്ള രാജാക്കന്മാരോട് തനിക്കു കീഴടങ്ങുന്നതാണു നല്ലതെന്ന് അറിയിച്ചു. പഞ്ചാബ് പ്രദേശത്തെ സൈനിക നീക്കങ്ങൾ, അതിനുശേഷമുള്ള സൂസയിലേക്കുള്ള മടക്കയാത്ര, അലക്സാണ്ടറുടെ ജീവിതത്തിലെ ഒടുവിലത്തെ വർഷങ്ങൾ, അലക്സാണ്ടറുടെ സ്വഭാവവിശേഷങ്ങൾ, വ്യക്തിപ്രഭാവം, ചരിത്രത്തിൽ അദ്ദേഹത്തിനുള്ള സ്ഥാനം, അദ്ദേഹത്തിൻ്റെ സാമ്രാജ്യത്വ സംഭാവനകൾ, അദ്ദേഹത്തെക്കുറിച്ച് പ്രചരിച്ചിരുന്ന ഐതിഹ്യങ്ങൾ എന്നിവയാണ് പുസ്തകത്തിൻ്റെ അവസാന ഭാഗത്തുള്ളത്. പുസ്തകം പ്രസിദ്ധീകരിച്ച വർഷം രേഖപ്പെടുത്തിയതായി കാണുന്നില്ല
തിരുവനന്തപുരം ജില്ലയിലെ മലയിൻകീഴ് ശ്രീകൃഷ്ണ വിലാസം ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമായത്
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.
-
- പേര്: മഹച്ചരിതമഞ്ജരി
- രചന: K. Padmanabha Iyer
- അച്ചടി: The Christian Press, Mavelikkara
- സ്കാൻ ലഭ്യമായ ഇടം: കണ്ണി
