1940 – ൽ പ്രസിദ്ധീകരിച്ച, വി.വി. വേലുക്കുട്ടി അരയൻ രചിച്ച ശ്രീ ചൈത്രബുദ്ധൻ അഥവാ ആത്മീയചക്രവർത്തി എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

കൊല്ലം ജില്ലയിലെ ആലപ്പാട്ട് ജനിച്ച പ്രശസ്ത കവിയും സാമൂഹിക പരിഷ്കർത്താവും പത്രപ്രവർത്തകനുമായിരുന്നു വി. വി. വേലുക്കുട്ടി അരയൻ. അധഃകൃത വിഭാഗങ്ങളുടെ ഉന്നമനത്തിനായി ‘സമസ്ത കേരളീയ അരയ മഹാജനയോഗം’ സ്ഥാപിച്ച അദ്ദേഹം, ‘അരയൻ’ മാസികയിലൂടെ സാമൂഹിക അനാചാരങ്ങൾക്കെതിരെ പോരാടി. ‘ശ്രീ ചൈത്രബുദ്ധൻ’ ഉൾപ്പെടെയുള്ള അദ്ദേഹത്തിൻ്റെ രചനകൾ സാമൂഹിക നവോത്ഥാനത്തിനും സമത്വത്തിനും വേണ്ടിയുള്ള ആഹ്വാനങ്ങളായിരുന്നു.
ഭാരതത്തിൽ നിലനിന്നിരുന്ന അയിത്തത്തിനും അസമത്വത്തിനുമെതിരെ ശ്രീബുദ്ധൻ, മഹാവീരൻ, അശോകൻ, ദയാനന്ദ സരസ്വതി, വിവേകാനന്ദൻ, ഗാന്ധിജി തുടങ്ങിയ മഹാത്മാക്കളിലൂടെയും വിവിധ മതങ്ങളിലൂടെയും ഉയർന്നുവന്ന നവോത്ഥാന മുന്നേറ്റങ്ങളുടെ ചരിത്രപശ്ചാത്തലത്തിലാണ് ഈ കൃതി ആരംഭിക്കുന്നത്. തുടർന്ന്, ദുരിതപൂർണ്ണമായ ഈ ജാതിവ്യവസ്ഥ അവസാനിപ്പിക്കാൻ തിരുവിതാംകൂറിൽ അവതരിച്ച ദിവ്യപുരുഷനായി ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ്മ മഹാരാജാവിനെ കവി വർണ്ണിക്കുന്നു. സനാതനധർമ്മ സംരക്ഷണത്തിനും സാമൂഹിക സമത്വത്തിനുമായി ‘ക്ഷേത്രപ്രവേശ കമ്മിറ്റി’ രൂപീകരിക്കുകയും, കൊല്ലവർഷം 1112-ൽ (1936) ചരിത്രപ്രസിദ്ധമായ ‘ക്ഷേത്രപ്രവേശനവിളംബരം’ പുറപ്പെടുവിക്കുകയും ചെയ്ത മഹാരാജാവിൻ്റെ വിപ്ലവകരമായ തീരുമാനത്തെ ഈ കൃതിയിൽ പ്രകീർത്തിക്കുന്നു. നമ്പൂതിരി മുതൽ പുലയൻ വരെയുള്ള സകല ഹൈന്ദവർക്കും ക്ഷേത്രാരാധനാ സ്വാതന്ത്ര്യം നൽകി ജാതിരാക്ഷസനെ നിഗ്രഹിച്ച തിരുവിതാംകൂർ മഹാരാജാവിനെ ‘ശ്രീ ചൈത്രബുദ്ധൻ’ എന്ന് വാഴ്ത്തിക്കൊണ്ടാണ് ഈ കാവ്യം പൂർത്തിയാകുന്നത്.
തിരുവനന്തപുരം ജില്ലയിലെ മലയിൻകീഴ് ശ്രീകൃഷ്ണ വിലാസം ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമായത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.
- പേര്: ശ്രീ ചൈത്രബുദ്ധൻ അഥവാ ആത്മീയചക്രവർത്തി
- രചന: വി.വി. വേലുക്കുട്ടി അരയൻ
- പ്രസിദ്ധീകരണ വർഷം: 1940
- അച്ചടി: ശ്രീരാമവിലാസം പ്രസ്സ്, കൊല്ലം
- താളുകളുടെ എണ്ണം: 96
- സ്കാൻ ലഭ്യമായ ഇടം: കണ്ണി
