1927 – പ്രകൃതിചികിത്സാസംഗ്രഹം – കെ. രാമവാര്യർ

1927-ൽ പ്രസിദ്ധീകരിച്ച, കെ.രാമവാര്യർ രചിച്ച പ്രകൃതി ചികിത്സാസംഗ്രഹം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1927 - പ്രകൃതി ചികിത്സാസംഗ്രഹം-കെ.രാമവാര്യർ
1927 – പ്രകൃതി ചികിത്സാസംഗ്രഹം-കെ.രാമവാര്യർ

ഇരുപതാം നൂറ്റാണ്ടിൻ്റെ ആദ്യ ദശകങ്ങളിൽ കേരളത്തിൽ ആധുനിക പ്രകൃതിചികിത്സാ ആശയങ്ങൾ പ്രചരിപ്പിക്കുന്നതിൽ ഈ പുസ്തകം വലിയ പങ്കുവഹിച്ചു. പേര് പോലെ തന്നെ പ്രകൃതിദത്തമായ മാർഗ്ഗങ്ങളിലൂടെ രോഗശാന്തി നേടുന്നതിനെക്കുറിച്ചുള്ള ഒരു സമഗ്രമായ വിവരശേഖരമാണ് ഈ ഗ്രന്ഥം. രാമവാര്യർ തൻ്റെ ദിനചര്യയിൽ നിന്നും അനുഭവങ്ങളിൽ നിന്നും തനിക്കു ലഭിച്ച ഉപദേശങ്ങളിൽ നിന്നും രചിച്ചതാണ് ഈ കൃതി.

ശാസ്ത്രഗ്രന്ഥങ്ങൾ ഗദ്യമായിത്തന്നെ പ്രസിദ്ധപ്പെടുത്തേണ്ടതാണെന്നു ഇതിനകം പലരും ഗ്രന്ഥകർത്തവിനോട് പറഞ്ഞിട്ടുണ്ടെങ്കിലും അദ്ദേഹം  പദ്യരീതിയിലാണ് ഈ പുസ്തകം എഴുതിയിരിക്കുന്നത്. പദ്യമാണെന്നു കേട്ട മാത്രയിൽ തന്നെ പുസ്തകം വേണ്ടെന്നു പറഞ്ഞിട്ടുള്ളവരും ഇല്ലാതില്ല, എന്നാൽ ഇതിലെ പദ്യങ്ങളുടെ ലാളിത്യവും ഭംഗിയും കണ്ടു പ്രകൃതി ചികിത്സാ വിരസന്മാരായ പല രസികന്മാർ കൂടി ഈ രീതിയെ അഭിനന്ദിക്കുകയും പദ്യ രീതിയെ ഭേദപ്പെടുത്തേണ്ടെന്നു അഭിപ്രായപ്പെടുകയും ചെയ്തിട്ടുണ്ടെന്നു മുഖവുരയിൽ പ്രകാശകൻ വാദിക്കുന്നു.

പ്രകൃതി ചികിത്സ അനുഷ്ഠിച്ചാൽ ദേഹം മെലിഞ്ഞു ശരീരംപരവശമാകുമെന്നു ഭയപ്പെടുന്നവർ രാമവാര്യരുടെ ഛായാപടം ഒന്നു കണ്ടാൽ അവരുടെ ഭയം പാടേ നീങ്ങുന്നതാണെന്ന്  അവതാരികയെഴുതിയ മാധവവാര്യർ പറയുന്നു. അദ്ദേഹത്തിൻ്റെ ശരീരം അല്പം മെലിഞ്ഞുവെങ്കിലും നല്ല ആരോഗ്യസ്ഥിതി എത്തിയിരിക്കുന്നുവെന്നും ഇങ്ങനെ നിഷ്കർഷയായി പ്രകൃതി തത്വങ്ങളെ ആദരിക്കുകന്നതിലൂടെ അനവധിരോഗങ്ങൾ പ്രകൃതിചികിത്സകൊണ്ടു സുഖപ്പെടുത്തുവാൻ സാധിക്കുമെന്നും അവതാരകൻ തറപ്പിച്ചു പറയുന്നു. ശ്ലോകങ്ങളിൽ ചികിത്സാതത്വങ്ങളെ ചമൽക്കാരപൂർവ്വം പ്രതിപാദിക്കുന്നത് സാഹിത്യപ്രേമികൾക്ക് രസകരമാണെങ്കിലും, സാമാന്യജനങ്ങൾക്ക് സുഗ്രഹമല്ല. ഇത് പരിഹരിക്കുന്നതിന് വേണ്ടി ഗ്രന്ഥത്തെ വിസ്താരപ്പെടുത്തി ലളിതമായ വ്യാഖ്യാനത്തോടു കൂടിയാണ് ഈ പതിപ്പ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

തിരുവനന്തപുരം ജില്ലയിലെ മലയിൻകീഴ്  ശ്രീകൃഷ്ണ വിലാസം ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമായത്

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

    • പേര്: പ്രകൃതി ചികിത്സാസംഗ്രഹം 
    • രചന:കെ.രാമവാര്യർ
    • പ്രസിദ്ധീകരണ വർഷം: 1927
    • താളുകളുടെ എണ്ണം: 216
    • സ്കാൻ ലഭ്യമായ ഇടം: കണ്ണി

Leave a Reply

Your email address will not be published. Required fields are marked *