1989 – ൽ മൂന്നാം പതിപ്പായി പ്രസിദ്ധീകരിച്ച, പി.ജെ.തോമസ് രചിച്ച മലയാള സാഹിത്യവും ക്രിസ്ത്യാനികളും എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

പത്തൊമ്പതാം നൂറ്റാണ്ടിൻ്റെ അന്ത്യംവരെ ക്രൈസ്തവർ നടത്തിയ ഭാഷാപരിപോഷണ യത്നങ്ങളാണു “കേരളത്തിലെ ക്രിസ്തീയ സാഹിത്യം’ എന്ന പേരിൽ പി.ജെ. തോമസ് 1935 ൽ ഒന്നാം പതിപ്പായും “മലയാള സാഹിത്യവും ക്രിസ്ത്യാനികളും’ എന്ന പേരിൽ 1961-ൽ രണ്ടാം പതിപ്പായും പ്രസിദ്ധീകരിച്ചിരുന്നത്. കഴിഞ്ഞ കാൽ നൂററാണ്ടിനിടയ്ക്ക് ഡോ.തോമസിൻ്റെ പുസ്തകത്തിലെ ഉള്ളടക്കത്തെക്കുറിച്ചു ലഭിച്ചിട്ടുള്ള പുതിയ അറിവുകളും ഉൾക്കാഴ്ചകളും ഡോ.സ്കറിയ സക്കറിയ “ചർച്ചയും പൂരണവും” എന്ന തൻ്റെ നീണ്ട അനുബന്ധത്തിൽ ഉൾപ്പെടുത്തിയതും കൂടി ചേർത്തുകൊണ്ടാണ് 1989 -ൽ മൂന്നാം പതിപ്പായി പി.ജെ. തോമസിൻ്റെ ഈ പുസ്തകം പുറത്തിറക്കിയിരിക്കുന്നത്.
പി.ജെ. തോമസിനു തൻ്റെ കൃതിയുടെ രചനയിൽ സൂക്ഷ്മമായി പരിശോധിക്കാൻ കഴിയാതെ പോയ, ഉദയംപേരൂർ സൂനഹദോസിൻ്റെ കാനോനകൾ, റോസിൻ്റെ നിയമാവലി, മിലാൻ രേഖകൾ, പത്രങ്ങളുടെ ഏടുകൾ, നിഘണ്ടുക്കൾ, വ്യാകരണഗ്രന്ഥങ്ങൾ, തുടങ്ങി അനേകം ഗ്രന്ഥങ്ങൾ ഇപ്പോൾ അച്ചടിച്ചു വന്നിട്ടുണ്ട്. ഇപ്രകാരം പുതിയ ഉപാദാനങ്ങളുടെ വെളിച്ചത്തിൽ ചർച്ചയ്ക്കും പൂരണത്തിനും പ്രസക്തിയുണ്ടു്. വിട്ടുപോയ പേരുകൾ ചേർക്കുക, അങ്ങിങ്ങു നുഴഞ്ഞു കയറിയിട്ടുള്ള തെറ്റുകൾ തിരുത്തുക, അർഹമായ പ്രാധാന്യം ലഭിച്ചിട്ടില്ലാത്ത വ്യക്തികളെയും കൃതികളെയും വിശദമായി പരിചയപ്പെടുത്തുക, ഭാഷയുടെയും സാഹിത്യത്തിൻ്റെയും വികാസത്തിൽ നിർണായക പങ്കുവഹിച്ച കൃതികളുടെയും പ്രസ്ഥാനങ്ങളുടെയും വ്യക്തികളുടെയും പ്രാധാന്യം തെളിച്ചുകാട്ടുക, ഭാഷാശൈലിയെക്കുറിച്ചുള്ള ചില നിരീക്ഷണങ്ങൾ പുനഃപരിശോധിക്കുക എന്നിവയിൽ പരിമിതപ്പെട്ടു നിൽക്കുന്നതു കൊണ്ടാണു ചർച്ചയും പൂരണവും എന്ന ശീർഷകം ഇതിനു നൽകിയിരിക്കുന്നതു്.
പതിനാറാം നൂറ്റാണ്ടുമുതൽ പാശ്ചാത്യരുമായി കേരളത്തിനുണ്ടായ ഉററ സമ്പർക്കത്തിൻ്റെ സാംസ്കാരികനേട്ടങ്ങൾ ക്രൈസ്തവസമുദായത്തെ മുൻനിറുത്തി പഠിക്കാനാണു അടിസ്ഥാന ഗ്രന്ഥത്തിൽ ഡോ. തോമസ് ഉദ്യമിച്ചിരിക്കുന്നതു്. പോർത്തുഗീസുകാരുടെ കാലം മുതൽ കേരളത്തിലെ മാർത്തോമ്മാ നസ്രാണികളും പുതുതായി ക്രൈസ്തവമതം സ്വീകരിച്ചവരും ശക്തമായ പാശ്ചാത്യസ്വാധീനത്തിനു വിധേയരായി എന്നതുകൊണ്ടും അവരെ മുൻനിറുത്തിയുള്ള പഠനത്തിനു സവിശേഷപ്രസക്തിയുണ്ടു്. മാത്രമല്ല, പാശ്ചാത്യരുടെ സാംസ്കാരിക പ്രവർത്തനത്തിൽ ഏറിയ പങ്കും അവരുടെ ക്രൈസ്തവമിഷണറി പ്രവർത്തനത്തിൻ്റെ ഭാഗമായിരുന്നുതാനും. അതാണു ഈ പുസ്തകത്തിൽ അവലംബിച്ചിരിക്കുന്ന വീക്ഷണകോൺ. പാശ്ചാത്യസമ്പർക്കത്തിലൂടെ കേരളീയൻ്റെ മാനസിക ചക്രവാളങ്ങൾക്കുണ്ടായ വികാസം ഭാഷയിലും സാഹിത്യത്തിലും വ്യക്തമായി പ്രതിഫലിക്കുന്നു, അതു പടിപടിയായും ശാസ്ത്രീയമായും ചിത്രീകരിക്കാനുള്ള ഉദ്യമം മലയാളിയുടെ ലോകവീക്ഷണത്തിനുണ്ടായ വളർച്ച രേഖപ്പെടുത്തുന്നതിൽ കലാശിച്ചു. മലയാളസാഹിത്യവും ക്രിസ്ത്യാനികളും മലയാളത്തിലെ അതിവിശിഷ്ടഗ്രന്ഥങ്ങളിലൊന്നായി ഇന്നും പരിഗണിക്കപ്പെടുന്നു.
കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.
- പേര്: മലയാള സാഹിത്യവും ക്രിസ്ത്യാനികളും
- രചയിതാവ്: പി.ജെ. തോമസ്
- പ്രസിദ്ധീകരണ വർഷം: 1989
- അച്ചടി: D.C. Press , Kottayam
- താളുകളുടെ എണ്ണം: 562
- സ്കാനുകൾ ലഭ്യമായ താൾ: കണ്ണി
