1954 – ൽ പ്രസിദ്ധീകരിച്ച, എ. മുഹമ്മദുസാഹിബ് രചിച്ച ഹസ്രത്തു ലുക്മാൻ്റെ നൂറ് ഉപദേശങ്ങൾ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

എ. മുഹമ്മദ് സാഹിബ് എഴുതിയ ഈ പുസ്തകം ഇസ്ലാം മത വിശ്വാസികളുടെ ദൈവിക ഗ്രന്ഥമായ ഖുർആനിൽ പ്രതിപാദിക്കുന്ന ജ്ഞാനിയായ ഹസ്രത്ത് ലുക്മാൻ അദ്ദേഹം തൻ്റെപുത്രന് നൽകിയ മൂല്യവത്തായ നൂറ് ഉപദേശങ്ങളെ ആസ്പദമാക്കിയുള്ളതാണ്. വിശുദ്ധ ഖുർആനിൽ ‘ലുക്മാൻ’ എന്ന പേരിൽ ഒരു അദ്ധ്യായം തന്നെയുള്ളത് അദ്ദേഹത്തിൻ്റെ മഹത്വത്തെ വിളിച്ചോതുന്നു.
ഹസ്രത്ത് ലുക്മാൻ ഒരു പ്രവാചകനായിരുന്നോ എന്ന കാര്യത്തിൽ പണ്ഡിതന്മാർക്കിടയിൽ ഭിന്നാഭിപ്രായമുണ്ടെങ്കിലും, ദൈവം അദ്ദേഹത്തിന് നൽകിയ ‘ഹിക്കുമത്ത്’ (ജ്ഞാനം) അദ്ദേഹത്തിൻ്റെ ഉന്നതപദവിക്ക് തെളിവാണ്. എളിമയുള്ള ജീവിതം നയിച്ചിരുന്ന ലുക്മാൻ, പിൽക്കാലത്ത് തൻ്റെ ജ്ഞാനം കൊണ്ട് ജനങ്ങൾക്കിടയിൽ ആദരണീയനായിത്തീർന്നു. സത്യം പറയുക, വിശ്വസ്തത പാലിക്കുക, അനാവശ്യ കാര്യങ്ങളിൽ ഇടപെടാതിരിക്കുക എന്നീ മൂന്ന് കാര്യങ്ങളാണ് തന്നെ ഈ ഉന്നത നിലയിലെത്തിച്ചതെന്ന് അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു.
ഈ പുസ്തകം പ്രധാനമായും ലുക്മാൻ തൻ്റെ മകന് നൽകിയ ഉപദേശങ്ങളെയാണ് കേന്ദ്രീകരിക്കുന്നത്. അവയിൽ പ്രധാനമായ ചിലത് അല്ലാഹുവിൻ്റെ ഏകത്വത്തിൽ വിശ്വസിക്കണമെന്നും അവനിൽ ആരെയും പങ്കുചേർക്കരുതെന്നും അദ്ദേഹം ആദ്യം തന്നെ ഉപദേശിക്കുന്നു, അഹങ്കാരത്തോടെ ഭൂമിയിലൂടെ നടക്കരുതെന്നും ശബ്ദം താഴ്ത്തി സംസാരിക്കുക എന്നും ഓർമിപ്പിക്കുന്നു. മാതാപിതാക്കളെ ബഹുമാനിക്കാനും അവർക്ക് വേണ്ടി പ്രാർത്ഥിക്കാനുമുള്ള പ്രാധാന്യം അദ്ദേഹം ഊന്നിപ്പറയുന്നു. നന്മ പ്രവർത്തിക്കാനും തിന്മയെ തടയാനും ഉള്ള ആർജ്ജവം ഓരോ മനുഷ്യനും ഉണ്ടായിരിക്കണം എന്നും മകനെ ലുക്മാൻ ഉപദേശിക്കുന്നു.
സാധാരണക്കാർക്ക് എളുപ്പത്തിൽ മനസ്സിലാകുന്ന ലളിതമായ ഭാഷയിലാണ് ഈ ഗ്രന്ഥം രചിക്കപ്പെട്ടിരിക്കുന്നത്. ലുക്മാൻ്റെ നൂറ് ഉപദേശങ്ങൾ ഓരോ മനുഷ്യനും തൻ്റെ ജീവിതത്തിൽ പാലിക്കേണ്ട ധാർമ്മിക മൂല്യങ്ങളെയാണ് പ്രതിനിധീകരിക്കുന്നത്. നന്ദിയുള്ളവനായി ജീവിക്കുക, ക്ഷമ കൈക്കൊള്ളുക തുടങ്ങിയ ഗുണങ്ങൾ ജീവിതവിജയത്തിന് അത്യന്താപേക്ഷിതമാണെന്ന് ഈ പുസ്തകം ബോധ്യപ്പെടുത്തുന്നു.
കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.
- പേര്: ഹസ്രത്തു ലുക്മാൻ്റെ
നൂറ് ഉപദേശങ്ങൾ - പ്രസിദ്ധീകരണ വർഷം: 1954
- അച്ചടി: വിജ്ഞാനപോഷിണി പ്രസ്സ്, കൊല്ലം
- താളുകളുടെ എണ്ണം: 44
- സ്കാൻ ലഭ്യമായ ഇടം: കണ്ണി
