1953 – അനന്തപുരവർണ്ണനം

1953-ൽ പ്രസിദ്ധീകരിച്ച അനന്തപുരവർണ്ണനം എന്ന മണിപ്രവാളകൃതിയുടെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

പതിനാലാം നൂറ്റാണ്ടിൻ്റെ ആരംഭത്തിലാണ് ഈ കൃതി രചിക്കപ്പെട്ടതെന്നു കരുതുന്നു. എഴുതിയത് ആരാണെന്ന് വ്യക്തമല്ല. പേരിൽ നിന്നു മനസ്സിലാക്കാവുന്നതുപോലെ തിരുവനന്തപുരം നഗരത്തെക്കുറിച്ചുള്ള വർണ്ണനമാണ് ഇതിൻ്റെ വിഷയം. മലയാളത്തിലെ ആദ്യത്തെ റിയലിസ്റ്റിക് കാവ്യം (യഥാർത്ഥ്യബോധമുള്ള കൃതി) എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഈ കൃതിയിൽ, അന്നത്തെ തിരുവനന്തപുരം നഗരം, ശ്രീ പത്മനാഭസ്വാമി ക്ഷേത്രം, തീർത്ഥങ്ങൾ, അങ്ങാടികൾ, അവിടത്തെ സാമൂഹിക ജീവിതം, ആചാരങ്ങൾ എന്നിവ വർണ്ണിക്കുന്നു. 186 പദ്യങ്ങൾ ആണ് പുസ്തകത്തിൽ ഉള്ളത്. കവിതയുടെ തുടക്കത്തിൽ കവി, വിഷ്ണുവിൻ്റെ ദശാവതാരത്തെ സ്തുതിക്കുകയും പതിയെ പത്മനാഭസ്വാമി ക്ഷേത്ര പരിസരത്തെ തീർത്ഥങ്ങൾ, നടക്കാവ് എന്നിങ്ങനെ വർണ്ണിച്ചുപോവുകയും ചെയ്യുന്നു. വാണിജ്യവസ്തുക്കൾ വിൽക്കുന്ന അങ്ങാടി എന്നത് ഇപ്പോഴത്തെ ചാല മാർക്കറ്റ് ആയിരിക്കാം. തിരുവനന്തപുരം അന്ന് രാജധാനിയായിട്ടില്ല. ശ്രീപദ്‌മനാഭസ്വാമിക്ഷേത്രം, വലിയശാലക്ഷേത്രം, ശ്രീകണ്ഠേശ്വരംക്ഷേത്രം തുടങ്ങിയ ദേവാലയങ്ങളും കാന്തളൂർശാല എന്ന വിദ്യാപീഠവും കൊണ്ടുള്ള മേന്മയാണ് അതിനുണ്ടായിരുന്നത്.

സ്ഥലവർണന എന്ന നിലയ്ക്കു മാത്രമല്ല, ഈ കൃതി അക്കാലത്തെ ഭാഷയുടെയും സാഹിത്യത്തിന്റെയും സ്വഭാവം അറിയാൻ സഹായിക്കുന്ന ഒരു മാതൃക എന്ന നിലയ്ക്കും ശ്രദ്ധാർഹമാണ്. ഇന്ന് പ്രചാരത്തിലില്ലാത്ത പല വാക്കുകളും കവിതയിൽ കാണാം. ഈ കൃതിയുടെ രചയിതാവിനെക്കുറിച്ച് അറിവൊന്നുമില്ലെങ്കിലും മയാശ്രുതം എന്നുംമറ്റും പറയുന്നതിൽനിന്ന് കവി തിരുവനന്തപുരത്തുകാരനല്ലെന്നും ദുസ്സ്, മുസ്രോളിപ്പ്(മൂത്രമൊഴിപ്പ്) മുതലായ വാക്കുകൾ പ്രയോഗിച്ചിരിക്കുന്നതിൽനിന്ന് ഒരു നമ്പൂതിരിയാണെന്നും മനസ്സിലാക്കാം എന്നാണ് കേരള സാഹിത്യചരിത്രത്തിൽ ഉള്ളൂർ അഭിപ്രായപ്പെട്ടിട്ടുള്ളത്.

തിരുവനന്തപുരം മാനുസ്ക്രിപ്റ്റ് ലൈബ്രറി ഭാഷാത്രൈമാസികം പരമ്പരയിൽ പ്രസിദ്ധീകരിച്ചതാണ് ഈ പുസ്തകം

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

  • പേര്: അനന്തപുരവർണ്ണനം
  • പ്രസിദ്ധീകരണ വർഷം: 1953
  • അച്ചടി: കേരളാ പ്രസ്സ്, തിരുവനന്തപുരം
  • താളുകളുടെ എണ്ണം: 42
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

Leave a Reply

Your email address will not be published. Required fields are marked *