1923 – ൽ പ്രസിദ്ധീകരിച്ച, പി.എം. ശങ്കരൻ നമ്പ്യാർരചിച്ച സാഹിത്യലോചനം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

മലയാള സാഹിത്യവിമർശനത്തിൻ്റെയും സാഹിത്യപഠനത്തിൻ്റെയും ചരിത്രത്തിൽ ശ്രദ്ധേയമായ സ്ഥാനമുള്ള ഒരു കൃതിയാണ് സാഹിത്യലോചനം. പാശ്ചാത്യ സാഹിത്യ സിദ്ധാന്തങ്ങളെയും കാവ്യരൂപങ്ങളെയും മലയാളത്തിന് പരിചയപ്പെടുത്തുന്നതിൽ ഈ ഗ്രന്ഥം വലിയ പങ്കുവഹിച്ചു. അക്കാലത്ത് സ്കൂളുകളിലെയും കോളേജുകളിലെയും ഉയർന്ന ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് സാഹിത്യതത്ത്വങ്ങൾ ലളിതമായി മനസ്സിലാക്കാൻ വേണ്ടിയാണ് പ്രധാനമായും ഇത് രചിക്കപ്പെട്ടത്. 1923-ൽ പ്രസിദ്ധീകരിച്ച ഈ കൃതി മലയാളത്തിലെ ആദ്യകാല സാഹിത്യചിന്തയെയും വിമർശനപാരമ്പര്യത്തെയും പഠിക്കുന്നതിന് പ്രസക്തമായ ഒരു ഗ്രന്ഥമാണ്.
കല, സൗന്ദര്യം, കാവ്യം എന്നിവയെ കേവലം ആസ്വാദനത്തിൻ്റെ തലത്തിൽ മാത്രം കാണാതെ, അവയുടെ ഗുണദോഷങ്ങളും സാഹിത്യപരമായ മൂല്യങ്ങളും ഈ കൃതിയിൽ ചർച്ച ചെയ്യപ്പെടുന്നു. മലയാളത്തിലെ സാഹിത്യവിമർശനത്തിൻ്റെ വികാസം, അന്നത്തെ സാഹിത്യാഭിരുചികൾ, സാഹിത്യത്തെ വിലയിരുത്തിയിരുന്ന രീതികൾ എന്നിവയെക്കുറിച്ചുള്ള പഠനങ്ങൾക്ക് ഈ ഗ്രന്ഥം പ്രയോജനപ്പെടും. ഇതിൽ ഉൾക്കൊള്ളിച്ചിട്ടുള്ള കലാലോചനം, സൗന്ദര്യലോചനം എന്നീ അധ്യായങ്ങൾ പാശ്ചാത്യ സാഹിത്യ സംബന്ധിയായ ആശയങ്ങളെയും, പ്രയോജനലോചനം, ആശയലോചനം എന്നീ വിഭാഗങ്ങൾ ഭാരതീയ സാഹിത്യ സംബന്ധിയുമാണ്.
മദ്രാസ് യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.
- പേര്: സാഹിത്യലോചനം
- രചന: P.M. Sankaran Nambiar
- പ്രസിദ്ധീകരണ വർഷം: 1923
- താളുകളുടെ എണ്ണം: 254
- അച്ചടി:Vidyavinodini Press, Trichur
- സ്കാൻ ലഭ്യമായ ഇടം: കണ്ണി
