1949, 1950, 1951 വർഷങ്ങളില്‍ പ്രസിദ്ധീകരിച്ച സത്യദീപം വാരികയുടെ ലഭ്യമായ 104 ലക്കങ്ങളുടെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

സത്യദീപം വാരികയുടെ ഡിജിറ്റൈസ് ചെയ്ത പതിപ്പുകൾ റിലീസ് ചെയ്തു
നൂറാം വർഷത്തിലേക്ക് കടക്കുന്ന പ്രമുഖ മലയാള വാരികയായ ‘സത്യദീപത്തിൻ്റെ’ ചരിത്രതാളുകൾ ഇനി ഡിജിറ്റലായി വിരൽത്തുമ്പിൽ ലഭ്യമാകും. സത്യദീപത്തിൻ്റെ പഴയകാല പതിപ്പുകൾ പതിപ്പുകളുടെ ഔദ്യോഗിക റിലീസ് 2026 ഓഗസ്റ്റ് 08 ശനിയാഴ്ച രാത്രി 7:10-ന് കലൂർ റിന്യൂവൽ സെൻ്ററിൽ നടന്ന ചടങ്ങിൽ ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ശ്രീ. റോജി എം. ജോൺ നിർവ്വഹിച്ചു.

നൂറ്റാണ്ടുകളുടെ ചരിത്രമുള്ള പതിപ്പുകൾ ആധുനിക സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി ലഭ്യമാക്കുന്നത് വലിയൊരു ദൗത്യമാണെന്ന് മന്ത്രി തൻ്റെ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. ഇതിന് പിന്നിൽ പ്രവർത്തിച്ചവരുടെ തീവ്രശ്രമങ്ങളെയും ‘ഗ്രന്ഥപ്പുര’ നൽകിയ സാങ്കേതിക പിന്തുണയെയും അദ്ദേഹം പ്രത്യേകം അഭിനന്ദിച്ചു. ഈ ഡിജിറ്റൽ ശേഖരം വരുംതലമുറകൾക്കായി ശാശ്വതമായി നിലനിൽക്കുമെന്നും, വിവിധ കാലഘട്ടങ്ങളിലെ സഭയുടെയും സത്യദീപത്തിൻ്റെയും നിലപാടുകൾ കൃത്യമായി മനസ്സിലാക്കാൻ ഇത് സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചരിത്രാന്വേഷികൾക്കും ഗവേഷണ വിദ്യാർത്ഥികൾക്കും ഒരുപോലെ ഉപകാരപ്രദമായ രീതിയിലാണ് ഈ ആർക്കൈവ് സജ്ജമാക്കിയിരിക്കുന്നത്. പദ്ധതിയുടെ ആദ്യഘട്ടമായി സത്യദീപം വാരികയുടെ 1949, 1950, 1951 എന്നീ വർഷങ്ങളിലെ 104 ലക്കങ്ങൾ https://gpura.org/collections/sathyadeepam എന്ന ലിങ്ക് വഴി ഇപ്പോൾ ലഭ്യമാണ്.
സത്യദീപം: ചരിത്രവും പ്രയാണവും
സീറോ മലബാർ സഭയുടെ എറണാകുളം-അങ്കമാലി അതിരൂപതയുടെ ഔദ്യോഗിക വാരപത്രികയായ സത്യദീപം ക്രൈസ്തവ പത്രപ്രവർത്തന രംഗത്ത് വലിയ ചരിത്ര പാരമ്പര്യമുള്ള ഒരു പ്രസിദ്ധീകരണമാണ്. 1927 ജൂലൈ 3-ന് വി. തോമാശ്ലീഹായുടെ ഓർമ്മത്തിരുനാൾ ദിനത്തിലാണ് അന്നത്തെ എറണാകുളം അതിരൂപതാധ്യക്ഷൻ ആർച്ച്ബിഷപ്പ് അഗസ്റ്റിൻ കണ്ടത്തിൽ നൽകിയ കൽപ്പനയിലൂടെ വാരികയുടെ ആദ്യപ്രതി പുറത്തിറങ്ങിയത്. വാരിക ആരംഭിക്കുന്നതിനാവശ്യമായ മൂലധനം കണ്ടെത്തിയത് ഫാ. ജോസഫ് പഞ്ഞിക്കാരൻ ആയിരുന്നു. തൻ്റെ ഉടമസ്ഥതയിലുണ്ടായിരുന്ന ‘സത്യം’, ‘ദീപം’ എന്നീ ബോട്ടുകൾ വിറ്റ് അദ്ദേഹം സമാഹരിച്ച പണം ഉപയോഗിച്ച് തുടങ്ങിയതിനാലാണ് ഈ ബോട്ടുകളുടെ പേരുകൾ സമന്വയിപ്പിച്ച് ‘സത്യദീപം’ എന്ന് പേരിട്ടത്. ഫാ. ജോസഫ് പഞ്ഞിക്കാരനും പണ്ഡിതശ്രേഷ്ഠനായ ഫാ. ജേക്കബ് നടുവത്തുശ്ശേരിയും പ്രഥമ പത്രാധിപന്മാരായി ചുമതലയേറ്റപ്പോൾ, ഫാ. തോമസ് വട്ടോലി ആയിരുന്നു ആദ്യ പബ്ലിഷർ.

ആദ്യകാലങ്ങളിൽ എറണാകുളം ബ്രോഡ്‌വേയിൽ ആർച്ച്ബിഷപ്സ് ഹൗസിനോട് ചേർന്നുള്ള മാർ ലൂയിസ് പ്രസ്സിൽ ‘റോയൽ സൈസിൽ’ നാലു പേജുകളിലായാണ് വാരിക അച്ചടിച്ചിരുന്നത്. പിന്നീട്, ഇന്ത്യയുടെ പ്രഥമ സ്വാതന്ത്ര്യദിനമായ 1947 ഓഗസ്റ്റ് 15-ന് സത്യദീപത്തിൻ്റെ പരിഷ്‌കരിച്ച ടാബ്ലോയിഡ് പതിപ്പ് പുറത്തിറങ്ങി. തുടർന്ന് 1966-ൽ എറണാകുളം നോർത്തിൽ ‘വിയാനി പ്രിന്റിംഗ്സ്’ എന്ന പേരിൽ പുതിയ അച്ചടിശാല സ്ഥാപിക്കുകയും വാരികയുടെ അച്ചടി അവിടേക്ക് മാറ്റുകയും ചെയ്തു. നിലവിൽ ഫാ. മാർട്ടിൻ എടയന്ത്രത്ത് മാനേജിംഗ് ഡയറക്ടറായും ചീഫ് എഡിറ്ററായും പ്രവർത്തിക്കുന്ന സത്യദീപം, കത്തോലിക്കാ സഭയുടെയും സമൂഹത്തിന്റെയും ശക്തമായ ശബ്ദമായി ഇന്നും പ്രസിദ്ധീകരണം തുടരുന്നു.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.
- പേര്: സത്യദീപം
- പ്രസിദ്ധീകരണ വർഷം: 1949, 1950, 1951
- അച്ചടി: മാർ ലൂയിസ് പ്രസ്സ്, എറണാകുളം
- സ്കാനുകൾ ലഭ്യമായ താൾ: കണ്ണി
