2014-ൽ പി ഗോവിന്ദപ്പിള്ള രചിച്ച കേരള നവോത്ഥാനം – രണ്ടാം സഞ്ചിക – മതാചാര്യർ മതനിഷേധികൾ എന്ന പുസ്തകത്തിൻ്റെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.
Kerala Navodhanam – Mathacharyar Mathanishedhikal
നവോത്ഥാനം എന്ന പേരിൽ കേരളത്തിൽ പത്തൊമ്പതാം നൂറ്റാണ്ട് മുതൽ നടന്നതായി പരികല്പിക്കപ്പെടുന്ന പ്രസ്ഥാനത്തെ മാർക്സിയൻ വീക്ഷണത്തിൽ ലേഖകൻ അവതരിപ്പിക്കുന്ന പുസ്തകസഞ്ചികകളിലെ രണ്ടാമത്തേതാണ് ഇത്. കൂടുതൽ വിവരത്തിന് ഈ പോസ്റ്റ് കാണുക. ശ്രീനാരായണ ഗുരു, വക്കം മൗലവി തുടങ്ങിയ പരിഷ്കർത്താക്കളെ ആചാര്യപർവം എന്ന വിഭാഗത്തിലും, സി വി കുഞ്ഞുരാമൻ, സഹോദരൻ അയ്യപ്പൻ തുടങ്ങിയവരെ യുക്തിവാദപർവം എന്ന വിഭാഗത്തിലുമായി ഈ പുസ്തകം തയ്യാറാക്കിയിരിക്കുന്നു.
1936-ൽ പ്രസിദ്ധീകരിച്ച, കോനാട്ട് മാത്തൻ പരിഭാഷപ്പെടുത്തിയ പുതിയ നിയമം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.
Puthiya Niyamam – Konattu Mathen
പ്രോട്ടസ്റ്റൻ്റ് മിഷണറിമാരായ ബെഞ്ചമിൻ ബെയിലി, ഹെർമൻ ഗുണ്ടർട്ട് എന്നിവരാണ് ആദ്യമായി മലയാളത്തിൽ പുതിയ നിയമം (പിൽക്കാലത്ത് പഴയ നിയമവും) പരിഭാഷപ്പെടുത്തി അച്ചടിച്ച് പ്രചരിപ്പിച്ചത്. അവരുടെ പരിഭാഷകൾ ക്രോഡീകരിച്ച് 1910-ൽ പുറത്തിറക്കിയ സത്യവേദപുസ്തകം ആണ് ഏറ്റവും പ്രചാരത്തിലുള്ളത്. ഇവ എല്ലാം മൂലഭാഷകളായ ഹീബ്രൂ (പഴയ നിയമം), ഗ്രീക്ക് (പുതിയ നിയമം) പാഠങ്ങൾ അധിഷ്ഠിതമായ വിവർത്തനങ്ങളാണ്. അതിൽ നിന്നും വിഭിന്നമായി, സുറിയാനി പാഠഭേദങ്ങളും സുറിയാനി പദങ്ങളും പ്രതിഫലിപ്പിക്കുന്ന വിവർത്തനമാണിത്.
വേദപുസ്തകം അഥവാ ബൈബിളിലെ രണ്ടാം ഭാഗമായ പുതിയ നിയമത്തിൻ്റെ മൂല ഭാഷ ഗ്രീക്കാണ്. ഒന്നാം നൂറ്റാണ്ടിൽ എഴുതപ്പെട്ട പുതിയ നിയമത്തിൻ്റെ ആദ്യ വിവർത്തനങ്ങളിൽ ഒന്നാണ് സുറിയാനി ഭാഷയിലെ പെശീത്ത വിവർത്തനം (അഞ്ചാം നൂറ്റാണ്ട്). യേശു സംസാരിച്ചിരുന്ന അരമായ ഭാഷയുടെ പിൽക്കാലത്തെ പ്രാദേശിക വകഭേദമാണ് സുറിയാനി ഭാഷ.
സുറിയാനി പാരമ്പര്യമുള്ള സഭകൾ പിന്തുടരുന്ന പെശീത്ത വിവർത്തനത്തിൽ, ക്രൈസ്തവ സഭകൾ അംഗീകരിച്ചിട്ടുള്ള 27 പുതിയ നിയമ പുസ്തകങ്ങളിൽ ചിലത് തുടക്കത്തിൽ ഉൾപ്പെട്ടിരുന്നില്ല. 2 പത്രോസ്, 2 യോഹന്നാൻ, 3 യോഹന്നാൻ, യൂദാ, വെളിപ്പാട് എന്നീ 5 പുസ്തകങ്ങൾ ഏഴാം നൂറ്റാണ്ടിലാണ് പെശീത്താ വിവർത്തനത്തിൽ ഉൾപ്പെടുത്തിയത്. പെശീത്ത പഴയ നിയമ വിവർത്തനം ഇതിനു മുമ്പേ രണ്ടാം നൂറ്റാണ്ടിൽ പ്രചാരത്തിൽ വന്നിരുന്നു.
യാക്കോബായ സഭയിലെ കോറെപ്പിസ്കോപ്പയായ കോനാട്ട് മാത്തൻ (1860 – 1927) തയ്യാറാക്കിയ പെശീത്തയിൽ നിന്നുള്ള ഈ പുതിയ നിയമ വിവർത്തനത്തിൽ വെളിപ്പാട് പുസ്തകം ഒഴികെയുള്ള 26 പുസ്തകങ്ങൾ ഉൾപ്പെട്ടിട്ടുണ്ട്. ആ പുസ്തകം ഒഴിവാക്കിയതല്ല, വിവർത്തനം പൂർത്തിയാക്കാൻ കഴിയാതിരുന്നതാണെന്ന് അനുമാനിക്കാം. കോനാട്ട് മാത്തൻ്റെ പുത്രൻ കോനാട്ടു അബ്രഹാം കത്തനാർ (പിൽക്കാലത്ത് മല്പാൻ), ഔഗേൻ മാർ തീമോത്തേയോസ് മെത്രാപ്പോലീത്താ, എന്നിവരും മറ്റ് ചില ശിഷ്യരും കോനാട്ട് മാത്തൻ്റെ പരിഭാഷ പരിശോധിച്ച് മെച്ചപ്പെടുത്തി പ്രസിദ്ധീകരിച്ചതാണെന്ന് കാണുന്നു. സംസ്കൃത വിദ്വാൻ എ കെ പത്മനാഭപിള്ളയുടെ സേവനവും വിനിയോഗിച്ചിട്ടുണ്ട്.
2012-ൽ പി ഗോവിന്ദപ്പിള്ള രചിച്ച കേരള നവോത്ഥാനം – നാലാം സഞ്ചിക – മാധ്യമപർവം എന്ന പുസ്തകത്തിൻ്റെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.
Kerala Navodhanam – Madhyama Parvam
നവോത്ഥാനം എന്ന പേരിൽ കേരളത്തിൽ പത്തൊമ്പതാം നൂറ്റാണ്ട് മുതൽ നടന്നതായി പരികല്പിക്കപ്പെടുന്ന പ്രസ്ഥാനത്തെ മാർക്സിയൻ വീക്ഷണത്തിൽ ലേഖകൻ അവതരിപ്പിക്കുന്ന പുസ്തകസഞ്ചികകളിലെ നാലാമത്തേതാണ് ഇത്. കൂടുതൽ വിവരത്തിന് ഈ പോസ്റ്റ് കാണുക. പത്രപ്രവർത്തനമാണ് ഈ സഞ്ചികയിലെ വിഷയം. മാർക്സിയൻ ചിന്തകനായി അറിയപ്പെടുന്ന ലേഖകൻ്റെ ഉദ്ദേശ്യം തന്നെ ഈ വിഷയത്തെ പ്രസ്തുത കാഴ്ചപ്പാടിലൂടെ അവതരിപ്പിക്കുക എന്നതാണ് , നിഷ്പക്ഷ ചരിത്രമെഴുത്തല്ല. ‘കമ്മ്യൂണിസ്റ്റ് പത്രപ്രവർത്തനം’, ‘കേരളത്തിലെ ഇടതുപക്ഷ പത്രപ്രവർത്തനം ദേശാഭിമാനിക്കു മുമ്പ്’, ‘ഇ എം എസ്: മാധ്യമ രംഗത്തെ മഹാമാന്ത്രികൻ’ എന്നിവ ഈ പുസ്തകത്തിലെ അധ്യായങ്ങളിൽ ഉൾപ്പെടുന്നു.
2013-ൽ പ്രസിദ്ധീകരിച്ച പി ജി – സാഹിത്യം സംസ്കാരം ദർശനം എന്ന പുസ്തകത്തിൻ്റെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.
P G – Sahityam Samskaram Darsanam
പി ഗോവിന്ദപ്പിള്ളയുടെ പുസ്തകങ്ങളിൽ പെടാത്ത, മറ്റ് ആനുകാലികങ്ങൾ, സുവനീറുകൾ തുടങ്ങിയവയിൽ പ്രത്യക്ഷപ്പെട്ട ലേഖനങ്ങളിൽ നിന്നും തെരഞ്ഞെടുത്തവയുടെ സമാഹരണമാണ് ഈ പുസ്തകം. മൂന്ന് വിഷയങ്ങളായി തരംതിരിച്ച്, ആകെ 37 ലേഖനങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നു.
1952- ൽ ബി വി ബുക്ക് ഡിപ്പോ പ്രസിദ്ധീകരിച്ച കാറ്റലോഗിൻ്റെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.
മലയാള പുസ്തക പ്രസാധന ചരിത്രത്തിൽ പ്രധാന നാഴികക്കല്ലായിരുന്നു 1903-ൽ കളക്കുന്നത്ത് രാമൻ മേനോൻ സ്ഥാപിച്ച ബി വി ബുക്ക് ഡിപ്പൊ എന്ന പേരിൽ അറിയപ്പെട്ട ഭാഷാഭിവർദ്ധിനി ബുക്ക് ഡിപ്പോ എന്ന സംരംഭം. തിരുവനന്തപുരത്ത് വെച്ച് സുഹൃത്തായ നന്ത്യാർ വീട്ടിൽ പരമേശ്വരൻ പിള്ള എഴുതിയ ഒരു ചെറിയ പുസ്തകം ആണ് മേനോൻ ആദ്യമായി പ്രസിദ്ധപ്പെടുത്തിയത്. അത് ആ വർഷം തന്നെ പാഠപുസ്തകമായി തിരഞ്ഞെടുക്കപ്പെട്ടു. തൊട്ടടുത്ത വർഷങ്ങളിൽ എ ആർ രാജരാജവർമ്മ, കേരളവർമ്മ വലിയ കോയിത്തമ്പുരാൻ എന്നിവരുമായി ചേർന്ന് ഭാഷയും സാഹിത്യവും അഭിവൃദ്ധിപ്പെടുത്തുന്നതിനായി ധാരാളം ഗ്രന്ഥങ്ങൾ പ്രസിദ്ധീകരിച്ചു.
1891-ൽ സി വി രാമൻ പിള്ള തൻ്റെ കൃതിയായ മാർത്താണ്ഡവർമ്മ പ്രസിദ്ധീകരിച്ചെങ്കിലും കാര്യമായ വായനയും വില്പനയും ഉണ്ടായില്ല. 1911-ൽ മാർത്താണ്ഡവർമ്മയുടെ പരിഷ്കരിച്ച പതിപ്പ് ബി വി ബുക്ക് ഇറക്കുകയും വില്പനയുടെ ചരിത്രത്തിൽ റെക്കൊർഡ് സൃഷ്ടിക്കുകയും ചെയ്തു. നൂറ്റാണ്ടിനെ മറികടന്ന കൃതി അങ്ങനെ അന്നു തന്നെ വ്യാപകമായി ചർച്ച ചെയ്യപ്പെട്ടു. കേരള പാണിനീയം, ശബ്ദശോധിനി, മധ്യമവ്യാകരണം, ഭാഷാഭൂഷണം, വൃത്തമഞ്ജരി,സാഹിത്യസാഹ്യം, ഭാഷാ നൈഷധം ചമ്പു, നാരായണീയം, ഉണ്ണുനീലി സന്ദേശം എന്നിങ്ങനെ ഒട്ടനവധി സാഹിത്യ വ്യാകരണ ഗ്രന്ഥങ്ങൾ പ്രസിദ്ധപ്പെടുത്തിയത് ബി വി ബുക്ക് ഡിപ്പൊ ആണ്.
എത്ര നല്ല ഗ്രന്ഥങ്ങൾ എഴുതിയാലും അന്നത്തെ കാലത്ത് പ്രതിഫലം ലഭിച്ചിരുന്നില്ല. എഴുത്തുകാർക്ക് ആദ്യമായി പ്രതിഫലം നൽകിയത് ബി വി ബുക്ക് ഡിപ്പൊ ആണ്. പ്രസാധന രംഗം വിപുലമായതോടെ കമലാലയം എന്ന പേരിൽ സ്വന്തമായി ഒരു അച്ചുകൂടവും രാമൻ മേനോൻ പ്രവർത്തനമാരംഭിച്ചു. സാഹിത്യ- സാമൂഹ്യ- രാഷ്ട്രീയ രംഗത്തെ വൈവിധ്യമായ വിഷയങ്ങളിൽ വിമർശനാത്മകമായി ഇടപെടുന്നതിനായി 1918-ൽ സമദർശി എന്ന പേരിൽ ഒരു വാരികയും അദ്ദേഹം തുടങ്ങി.
കാറ്റലോഗിലെ ചില പുസ്തകങ്ങളിൽ ഒന്നാം തരം രണ്ടാം തരം എന്ന് കാണാം. ഇങ്ങനെ തരം തിരിച്ചിരിക്കുന്നത് പേജിൻ്റെ ക്വാളിറ്റി അനുസരിച്ചാണോ എന്ന് നിശ്ചയമില്ല
2006-ൽ പി ഗോവിന്ദപ്പിള്ള രചിച്ച മാർ ഗ്രിഗോറിയോസിൻ്റെ മതവും മാർക്സിസവും എന്ന പുസ്തകത്തിൻ്റെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.
Mar Grigoriosinte Mathavum Marxisavum
ആദ്യം ട്രേഡ് യൂണിയൻ പ്രവർത്തകനും പിന്നീട് ഓർതഡോക്സ് സഭയിൽ വൈദികനും ആ സഭയുടെ ഡെൽഹി മെത്രാനും ആയ പൗലൂസ് മാർ ഗ്രിഗോറിയോസിന് (ചുവപ്പ് മെത്രാൻ എന്ന് അറിയപ്പെട്ടിരുന്നു) മാർക്സിസത്തോടുണ്ടായിരുന്ന പ്രകടമായ ആഭിമുഖ്യം പഠനവിധേയമാക്കുന്ന പുസ്തകമാണിത്. മാർക്സിസ്റ്റ് സൈദ്ധാന്തികനായ ഗ്രന്ഥകാരന് അദ്ദേഹവുമായി സുഹൃദ് ബന്ധവും ഉണ്ടായിരുന്നു. പുസ്തകത്തിൻ്റെ ഭാഗം 1-ൽ 7 അധ്യായങ്ങളിലായി ഗ്രിഗോറിയോസിൻ്റെ ജീവചരിത്രം സംഗ്രഹിക്കുന്നു. ഭാഗം 2, 3 എന്നിവയിൽ ക്രൈസ്തവ തിയോളജിയുടെ ആന്തരിക വിഭാഗമായ പൗരസ്ത്യ ഓർതഡോക്സ് ദൈവശാസ്ത്രം ഗ്രന്ഥകാരൻ വിശദമായി ചർച്ചയാക്കുന്നത് (അധ്യായം 8 മുതൽ 22 വരെ) മറ്റ് പുസ്തകങ്ങളെ ആശ്രയിച്ചാണെന്ന് അനുമാനിക്കാം. ഭാഗം 4-ൽ (ശാസ്ത്രം മാർക്സിസം) ഗ്രിഗോറിയോസും മാർക്സിസ്റ്റ് ചിന്തയും തമ്മിൽ ഏറെക്കുറെ യോജിക്കുന്നതായി സ്ഥാപിക്കുന്നു. അവസാന കാലഘട്ടത്തിൽ, മതനിരപേക്ഷത അഭികാമ്യമെന്ന മാർക്സിസ്റ്റ് കാഴ്ചപ്പാടിൽ നിന്നും വ്യത്യസ്തമായി എല്ലാ മതങ്ങളുടെയും നല്ല വശങ്ങൾ ഉൾക്കൊള്ളുന്ന “വിശ്വമാനവികത”ക്കു വേണ്ടി ഗ്രിഗോറിയോസ് വാദിച്ചതിൻ്റെയും, അതിനോട് വിയോജിച്ചുകൊണ്ട് പി ഗോവിന്ദപ്പിള്ള, ഇ എം എസ് എന്നിവർ പ്രതികരിച്ചതിൻ്റെയും സംവാദ അവതരണം അവസാന 5 അധ്യായങ്ങളിൽ ഉൾപ്പെടുത്തിയിരിക്കുന്നു.
1971-ൽ പാലാ ഗോപാലൻ നായർ പ്രസിദ്ധീകരിച്ച രണ്ട് ഭാസനാടകങ്ങൾ എന്ന പുസ്തകത്തിൻ്റെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.
Randu Bhasa Nadakangal
സംസ്കൃത പണ്ഡിതനായ ടി ഗണപതി ശാസ്ത്രി പദ്മനാഭപുരത്ത് നിന്ന് കണ്ടെത്തി 1921-ൽ പ്രസിദ്ധീകരിച്ച 13 ഭാസനാടകങ്ങളിൽ രണ്ട് എണ്ണത്തിൻ്റെ മലയാള വിവർത്തനമാണ് ഈ പുസ്തകത്തിലുള്ളത്. മഹാഭാരത കഥകളിൽ നിന്നുള്ള കർണഭാരം, ദൂതഘടോൽക്കചം എന്നീ രണ്ട് സംസ്കൃത നാടകങ്ങൾ കവിയായ പാലാ ഗോപാലൻ നായർ വിവർത്തനം ചെയ്തതാണിവ. പരിഭാഷകൻ്റെ ആമുഖപഠനവും ഇതിൽ ചേർത്തിരിക്കുന്നു.
2013-ൽ പി ഗോവിന്ദപ്പിള്ള രചിച്ച കേരള നവോത്ഥനംഒരു മാർക്സിസ്റ്റ് വീക്ഷണം – ഒന്നാം സഞ്ചിക എന്ന പുസ്തകത്തിൻ്റെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.
Kerala Navodhanam – Oru Marxist Veekshanam
നവോത്ഥാനം എന്ന പേരിൽ കേരളത്തിൽ പത്തൊമ്പതാം നൂറ്റാണ്ട് മുതൽ നടന്നതായി പരികല്പിക്കപ്പെടുന്ന പ്രസ്ഥാനത്തെ മാർക്സിയൻ വീക്ഷണത്തിൽ ലേഖകൻ അവതരിപ്പിക്കുന്ന പുസ്തകസഞ്ചികകളിലെ ആദ്യത്തേതാണ് ഇത്. സിദ്ധാന്തപർവം, പ്രസ്ഥാനപർവം, മാധ്യമപർവം എന്നീ മൂന്ന് ഭാഗങ്ങളിലായി 23 അധ്യായങ്ങൾ ഉൾപ്പെട്ടിട്ടുണ്ട്. എസ് എൻ ഡി പി, സാധുജന പരിപാലന യോഗം, എൻ എസ് എസ് തുടങ്ങിയ പ്രസ്ഥാനങ്ങളെയും അവയുടെ സ്ഥാപകരെയും, ശ്രീനാരായണ ഗുരു, പൊയ്കയിൽ കുമാരഗുരു ദേവൻ തുടങ്ങിയവരെയും ഈ പുസ്തകത്തിൽ ചർച്ച ചെയ്യുന്നു. ഇതേ പ്രസാധകർ പിന്നീട് പ്രസിദ്ധീകരിച്ച സഞ്ചികകൾക്ക് ഒരു ആമുഖമായി ഇതിനെ കരുതാം. ഒപ്പം, എല്ലാ സാമൂഹ്യശാസ്ത്രജ്ഞരും കേരള നവോത്ഥാനം എന്ന പരികല്പന അംഗീകരിക്കുന്നില്ല എന്നും, കൊളോണിയൽ ആധുനികതയും അതിൻ്റെ പശ്ചാത്തലത്തിൽ ഉയർന്നു വന്ന ജാതി/സാമൂഹ്യ പരിഷ്കരണ പ്രസ്ഥാനങ്ങളുമായി കാണുന്ന അക്കാഡമിക് പണ്ഡിതരും ഉണ്ട് എന്നതും ശ്രദ്ധേയമാണ്.
2004-ൽ പി ഗോവിന്ദപ്പിള്ള രചിച്ച ആഗോളവൽകരണം സംസ്കാരം മാധ്യമം എന്ന പുസ്തകത്തിൻ്റെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.
Agolavalkaranam Samskaram Madhyamam
പാശ്ചാത്യ അക്കാഡമിക് മേഖലയിൽ 1960-കൾ മുതൽ പ്രചാരം നേടിയ കൾച്ചറൽ സ്റ്റഡീസ് എന്ന ചിന്താധാരയെ ആഗോളവത്കരണം എന്ന പ്രതിഭാസവുമായി ചേർത്ത് മാർക്സിയൻ കാഴ്ചപ്പാടിൽ വായിക്കുന്ന ലേഖനങ്ങളുടെ സമാഹരമാണ് ഈ പുസ്തകം. ‘സംസ്കാരവും നാഗരികതയും’ തുടങ്ങി ആകെ 11 അധ്യായങ്ങൾ ഉൾപ്പെട്ടിരിക്കുന്നു.
1960-ൽ പ്രസിദ്ധീകരിച്ച എഴുത്തച്ഛൻ്റെ രത്നങ്ങൾ എന്ന പുസ്തകത്തിൻ്റെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.
എഴുത്തച്ഛൻ്റെ കൃതികളുമായി ആളുകൾക്ക് കൂടുതൽ പരിചയമുണ്ടാകുന്നതിനായി കൊച്ചി ഭാഷാപരിഷ്കരണക്കമ്മിറ്റിക്കാർ, അദ്ദേഹത്തിൻ്റെ കൃതികളിലെ സവിശേഷ സന്ദർഭങ്ങളെ തിരഞ്ഞെടുത്തു സമാഹരിച്ചതാണ് ഈ പുസ്തകം. രാമായണം, മഹാഭാരതം, മഹാഭാഗവതം എന്നീ കിളിപ്പാട്ടുകളിലെ സ്തുതികളും കീർത്തനങ്ങളുമാണ് ആദ്യഭാഗത്തുള്ളത്. എഴുത്തച്ഛൻ്റെ കൃതികളിലെ പ്രധാന ഭാഗങ്ങളെ സാരോക്തികൾ, ലോകോക്തികൾ, ഹാസ്യോക്തികൾ, നീത്യുക്തികൾ എന്നീ വിഭാഗങ്ങളായി തിരിച്ച് കൊടുത്തിരിക്കുന്നു. വിദുരരുടെ ഉപദേശങ്ങളെ മാത്രമായി ‘വിദുരവാക്യ’ത്തിൽ പ്രസ്താവിച്ചിട്ടുണ്ട്. വർണ്ണനയെന്ന ഖണ്ഡത്തെ, സാമാന്യം , വസ്തു, ഭാവം, പ്രകൃതി എന്നീ ഉപവിഭാഗങ്ങളായി തിരിച്ച് പറഞ്ഞിരിക്കുന്നു. വിവരണം, ചിത്രണം, സന്ദേശം, ആഖ്യാനം, വിപ്രകീർണ്ണം എന്നീ ശീർഷകങ്ങളിലാണ് തുടർന്നുള്ള ഭാഗങ്ങൾ.
എഴുത്തച്ഛൻ്റെ കാവ്യലോകത്തിലേക്ക് സാധാരണക്കാരെ ആകർഷിക്കുന്നതിനൊപ്പം കാവ്യപഠിതാക്കൾക്ക് കൂടി ഉപകരിക്കുന്ന തരത്തിൽ എഴുത്തച്ഛൻ കൃതികളുടെ ഭാഷാപരമായ പ്രത്യേകതകൾക്ക് ഊന്നൽ നൽകിക്കൊണ്ടാണ് ഗ്രന്ഥത്തിൻ്റെ രൂപകല്പന.