1975 – ൽ പ്രസിദ്ധീകരിച്ച, ഇന്ദിരയുടെ അടിയന്തിരം എന്ന ലഘുലേഖയുടെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
1975- ഇന്ദിരയുടെ അടിയന്തിരം
1970 കളിൽ ലോകവ്യാപകമായി രാഷ്ട്രീയ -സാമ്പത്തിക -സാംസ്ക്കാരിക -ബൗദ്ധിക രംഗങ്ങളിൽ നടന്ന മാറ്റങ്ങളുടെ ഭാഗമായി ഭാരതത്തിലും അതിൻ്റെ പ്രത്യാഘാതങ്ങളുണ്ടായി. കേരളത്തിൽ അതിന് നേതൃത്വം വഹിച്ചത് കോൺഗ്രസ് പരിവർത്തനവാദികൾ എന്ന സംഘടനയായിരുന്നു. ജയപ്രകാശ് നാരായണൻ്റെ നേതൃത്വത്തിൽ അഴിമതിക്കെതിരെ നടന്ന സോഷ്യലിസ്റ്റ് ആശയക്കാരുടെ പ്രക്ഷോഭം ഇക്കൂട്ടരെ സ്വാധീനിച്ചു. ഇതിനിടയിൽ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ജനാധിപത്യവിരുദ്ധ നടപടികളെ എതിർത്തവരെ ജയിലിലടച്ചതിനെതിരെ ഇവർ നടത്തിയ വിവിധ പ്രക്ഷോഭങ്ങളുടെ ഭാഗമായി ഇറക്കിയ ലഘുലേഖയാണ് “ഇന്ദിരയുടെ അടിയന്തിരം”. പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകിയ പ്രമുഖൻ എസ് .കെ മാധവൻ്റെ ശേഖരത്തിൽ നിന്നും എടുത്ത ഈ ലഘുലേഖ അടിയന്തരാവസ്ഥയുടെ 50-ാം വാർഷികത്തിൽ പുനഃ പ്രസിദ്ധീകരിക്കുന്നു. ഇത് പ്രസിദ്ധീകരിച്ചതിന് പി. രാജൻ,വി.രാമചന്ദ്രൻ,എസ് .കെ മാധവൻ, പി.ടി ദേവസിക്കുട്ടി തുടങ്ങിയവരെ മാസങ്ങളോളം ജയിലിൽ അടച്ചിരുന്നു. പ്രതികരിക്കാനും,പ്രതിഷേധിക്കാനും ഉള്ള അവകാശങ്ങൾ നിഷേധിക്കപ്പെട്ട ദിനങ്ങളുടെ ഓർമകൾക്ക് ഇന്ന് 50 ആണ്ടുകൾ തികയുന്നു.
1975 ജൂൺ 25നാണ് അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.
കേരളത്തിലെ അച്യുതാനന്ദൻ മന്ത്രിസഭയിലെ ഗതാഗത വകുപ്പ് മന്ത്രിയായിരുന്ന ജോസ് തെറ്റയിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി നൽകിയത്.
പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.
- പേര് : ഇന്ദിരയുടെ അടിയന്തിരം
- പ്രസിദ്ധീകരണ വർഷം: 1975
- താളുകളുടെ എണ്ണം: 12
- പ്രസാധകർ : Parivarthanavadikal
- സ്കാൻ ലഭ്യമായ ഇടം: കണ്ണി