1948 ൽ പുറത്തിറങ്ങിയ ശ്രീകുമാരകവിയുടെ രണ്ടു ഭാഷാഗാനങ്ങൾ എന്ന കൃതിയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. കിളിപ്പാട്ട് രൂപത്തിൽ എഴുതിയിട്ടുള്ള സ്വർല്ലോകമാലിക, കുചേലകഥ എന്നീ കവിതകളാണ് ഈ കൃതിയിൽ ഉള്ളത്.
പതിനെട്ടാം നൂറ്റാണ്ടിൻ്റെ അവസാന പകുതിയിൽ കോലത്തുനാട്ടിലെ (ഇപ്പൊഴത്തെ ചിറക്കൽ) അഴിക്കോട് ദേശത്തു ജീവിച്ചിരുന്ന കവിയായിരുന്നു ശ്രീകുമാരകവി എന്ന് ഊഹിക്കപ്പെടുന്നു. നാലു മാലികകളിലായി രചിക്കപ്പെട്ടിട്ടുള്ള സ്വർല്ലോകമാലികയിൽ മനുഷ്യൻ്റെ ചെയ്തികളുടെ അടിസ്ഥാനത്തിൽ ഇഹലോകത്തിലും പരലോകത്തിലും ഉള്ള ജീവിതത്തെ പറ്റിയാണ് കവി പ്രതിപാദിക്കുന്നത്. മഹാഭാരതത്തിലെ 229, 230 അധ്യായങ്ങളെ ആസ്പദമാക്കി രചിച്ച കവിതയാണ് സ്വർല്ലോകമാലിക. കുചേലകഥ കുചേലനു ശ്രീകൃഷ്ണ ഭഗവാനോടുള്ള ഭക്തിയുടെ കവിതാവിഷ്കാരമാണ്.
ചിറക്കൽ കൊട്ടാരത്തിൽ സൂക്ഷിച്ചിട്ടുള്ള താളിയോലയിൽ നിന്നും യൂണിവേഴ്സിറ്റി കോളേജ് സംസ്കൃതാധ്യാപകനായ വി. എ. രാമസ്വാമി ശാസ്ത്രി എഡിറ്റ് ചെയ്തു പ്രസിദ്ധീകരിച്ചതാണ് ഈ പുസ്തകം.
ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)
- പേര്: രണ്ടു ഭാഷാഗാനങ്ങൾ
- രചന: ശ്രീകുമാരകവി
- പ്രസിദ്ധീകരണ വർഷം: 1948
- താളുകളുടെ എണ്ണം: 108
- അച്ചടി: The Alliance Printing Works, Trivandrum
- സ്കാൻ ലഭ്യമായ ഇടം: കണ്ണി